Friday 29 December 2023 04:28 PM IST : By സ്വന്തം ലേഖകൻ

മുടികൊഴിച്ചിൽ അലട്ടുന്നുണ്ടോ? കഴിക്കാം ഈ സൂപ്പർ ഫൂഡ്സ്!

hair growth

ഒട്ടുമിക്ക ആളുകളേയും അലട്ടുന്ന പ്രശ്നമാണ് മുടി കൊഴിച്ചിൽ. അതിൽ നിന്നും മോചനംനേടാൻ കഴിക്കാം ഈ സൂപ്പർ ഫൂഡ്സ്.

∙കാരറ്റ്

വിറ്റാമിൻ എയുടെ കലവറയാണ് കാരറ്റ്. മുടി പൊട്ടിപ്പോകുന്നതിന് വലിയ ഒരു കാരണമായി പഠനങ്ങൾ പറയുന്നത് ബീറ്റാ കരോട്ടിന്റെ കുറവാണ്. വിറ്റാമിൻ എ ലഭിക്കാൻ കാരറ്റിനേക്കാൾ നല്ലൊരു സ്രോതസ്സ് വേറെയില്ല. 100 ഗ്രാം കാരറ്റിൽ 16 മില്ലിഗ്രാം വിറ്റാമിൻ എ അടങ്ങിയിരിക്കുന്നു. മാത്രമല്ല മുടിക്ക് ആവശ്യമായ ബയോട്ടിന്‍, വിറ്റാമിൻ ഇ, വിറ്റാമിൻ സി, വിറ്റാമിൻ കെ എന്നിവയും കാരറ്റിൽ അടങ്ങിയിരിക്കുന്നു. കാരറ്റ് സൂപ്പായോ കറികളിൽ ചേർത്തോ ജ്യൂസ് ആയോ സാലഡായോ കഴിക്കുന്നത് മുടി വളരാൻ വളരെ ഗുണം ചെയ്യും.

∙കറിവേപ്പില

കറിവേപ്പിലയിൽ ധാരാളം വിറ്റാമിൻ ബിയും അന്റിഓക്സിഡന്റുകളും ഉണ്ട്. ഇത് രക്തയോട്ടം വർദ്ധിപ്പിക്കുകയും അതു വഴി മുടി വളർച്ച കൂട്ടുകയും ചെയ്യുന്നു. ഒപ്പം ധാരാളം അമിനോ ആസിഡും അടങ്ങിയിരിക്കുന്നതിനാൽ മുടിവളർച്ച മെച്ചപ്പെടുത്തി മുടികൊഴിച്ചിൽ തടയുന്നു. കറിവേപ്പില അങ്ങനെ തന്നെയോ, കറികളിൽ ചേർത്തോ കഴിക്കാം. ഇപ്പോൾ വിപണിയിൽ ലഭ്യമായ കറിവേപ്പില പൊടി കറികളിലും ചോറിലും ചേർത്തു കഴിക്കുന്നതും നല്ലതാണ്.

∙നെല്ലിക്ക

ധാരാളം ആന്റി ഓക്സിഡന്റസ് അടങ്ങിയിരിക്കുന്ന നെല്ലിക്ക എന്നും കഴിക്കുന്നത് മുടി വളർച്ച മെച്ചപ്പെടുത്തുകയും മുടി കൊഴിച്ചിൽ തടയുകയും ചെയ്യും. വിറ്റാമിൻ സി, വിറ്റാമിൻ ബി, അയൺ, എന്നിവയും നെല്ലിക്കയിൽ അടങ്ങിയിരിക്കുന്നു.

∙ബദാം

ബയോട്ടിന്റെ കലവറയാണ് ബദാം. ഇതു മുടിയുടെ ഘടകമായ കെരാറ്റിന്റെ ഉൽപാദനം ത്വരിതപ്പെടുത്തുകയും മുടിയുടെ ആരോഗ്യം മെച്ചപ്പെടുത്തുകയും ചെയ്യുന്നു. വിറ്റാമിൻ ഇയും, ഫാറ്റി ആസിഡുകളും അടങ്ങിയിരിക്കുന്ന ബദാം ദിവസവും ഒരു നേരമെങ്ക‌ിലും കഴിക്കുന്നത് വളരെ നല്ലതാണ്.

Tags:
  • Pachakam