Friday 23 December 2022 04:06 PM IST : By Vanitha Pachakam

ഒരു ഈസി കേക്ക് റെസിപ്പി; സിട്രസ് മിൽക്ക് കേക്ക്!

milk cake

സിട്രസ് മിൽക്ക് കേക്ക്

1. മൈദ - രണ്ടേ കാൽ കപ്പ്

ബേക്കിങ് പൗഡർ - മുക്കാൽ ചെറിയ സ്പൂൺ

സോഡ ബൈ കാർബണേറ്റ് - കാൽ ചെറിയ സ്പൂൺ

2. വെണ്ണ - ഒന്നരക്കപ്പ്

3. പൊടിച്ച പഞ്ചസാര അരിച്ചെടുത്തത് - രണ്ടു കപ്പ്

4. മുട്ടമഞ്ഞ - മൂന്ന്

5. നാരങ്ങാത്തൊലി ചുരണ്ടിയത് - അര ചെറിയ സ്പൂൺ

നാരങ്ങാനീര് - നാലു ചെറിയ സ്പൂൺ

6. ഇളംചൂടുപാൽ - അരക്കപ്പ്

7. മുട്ടവെള്ള - നാല്

8. വനില എസ്സൻസ് - അര ചെറിയ സ്പൂൺ

9. പഞ്ചസാര പൊടിച്ചത് - നാലു ചെറിയ സ്പൂൺ

വെണ്ണ - രണ്ടു ചെറിയ സ്പൂൺ

കൊക്കോ പൗഡർ - രണ്ടു ചെറിയ സ്പൂൺ

ഐസിങ്ങിന്

10. പഞ്ചസാര - അരക്കപ്പ്

വെള്ളം - ഒരു കപ്പ്

11. ഐസിങ് ഷുഗർ - 300 ഗ്രാം

12. വെണ്ണ - ആറു ചെറിയ സ്പൂൺ

13. പാൽപ്പൊടി - ഒരു കപ്പ്

വനില എസ്സൻസ് - അര ചെറിയ സ്പൂൺ

14. ബേക്കിങ് പൗഡർ - രണ്ടു നുള്ള്

പാകം ചെയ്യുന്ന വിധം

∙ ഒന്നാമത്തെ ചേരുവ യോജിപ്പിച്ച് ഇടഞ്ഞെടുക്കുക.

∙ വെണ്ണ മയപ്പെടുത്തി പഞ്ചസാര ചേർത്തു നന്നായി അടിച്ചു യോജിപ്പിക്കണം.

∙ ഇതിലേക്കു മുട്ടമഞ്ഞ ചേർത്തു നന്നായി അടിച്ചു യോജിപ്പിച്ച ശേഷം നാരങ്ങാത്തൊലിയും നാരങ്ങാനീരും ചേർത്തു യോജിപ്പിക്കുക.

∙ ഇതിലേക്ക് മൈദയും പാലും അൽപാൽപം വീതം ഇടവിട്ടു ചേർത്തു യോജിപ്പിക്കണം.

∙ മുട്ടവെള്ള നന്നായി അടിച്ചു പതപ്പിച്ച ശേഷം വനില എസ്സൻസ് ചേർത്ത് അടിക്കുക. ഇതു പതയടങ്ങും മുൻപു തന്നെ മൈദ മിശ്രിതത്തിൽ ചേർത്തു യോജിപ്പിക്കുക.

∙ ഇത് 4000Fൽ ചൂടാക്കിയിട്ടിരിക്കുന്ന അവ്നിൽ വച്ച് പത്തു മിനിറ്റ് ബേക്ക് ചെയ്യുക. പിന്നീട് ചൂട് 3500F ആയി കുറച്ച് 35 മിനിറ്റ് ബേക്ക് ചെയ്യണം. കേക്ക് അധികം വെന്തു പോകരുത്.

∙ ചൂടാറിയ ശേഷം കേക്ക് വട്ടത്തിൽ രണ്ടായി മുറിച്ച് ഒരു കഷണത്തിൽ ഒൻപതാമത്തെ ചേരുവ യോജിപ്പിച്ചതു പുരട്ടി, അടുത്ത കഷണം കൊണ്ട് ഒട്ടിക്കുക.

∙ പഞ്ചസാരയും വെള്ളവും യോജിപ്പിച്ചു ചെറുതീയിൽ വച്ച് ഉരുക്കുക. ഇതിലേക്ക് ഐസിങ് ഷുഗർ ചേർത്തു കട്ട കെട്ടാതെ ഇളക്കണം.

∙ പാനി ഒട്ടുന്ന പരുവമാകുമ്പോൾ വാങ്ങി വെണ്ണ ചേർത്ത് അടിച്ചു പതപ്പിക്കുക.

∙ ഇതിൽ പാൽപ്പൊടിയും എസ്സൻസും ചേർത്ത് അടിച്ച ശേഷം ബേക്കിങ് പൗഡർ ചേർത്തടിക്കണം.

∙ ഐസിങ് ഉറയ്ക്കുന്നതിനു മുൻപ് ചെറുചൂടോടെ കേക്കിനു മുകളിൽ നിരപ്പായി ഒഴിക്കുക. സ്പൂൺ കൊണ്ടും മറ്റും മിനുസപ്പെടുത്തരുത്. വശത്തെ വിടവുകൾ കാണുന്നുണ്ടെങ്കിൽ ഐസിങ് കത്തി കൊണ്ട് എടുത്തു വിടവു മൂടണം. ചോക്‌ലെറ്റ് ഐസിങ്ങും പല നിറങ്ങൾ ചേർത്ത ഐസിങ്ങും കൊണ്ട് ഭംഗിയാക്കാം.