Thursday 05 July 2018 02:51 PM IST : By സ്വന്തം ലേഖകൻ

ബേക്കറിയിൽ നിന്നു കിട്ടുന്ന അതേ രുചിയിൽ എഗ്ഗ് പഫ്‌സ് വീട്ടിലുണ്ടാകാം

Egg-Puffs-6

വൈകുന്നേരത്തെ ചൂടു ചായയ്‌ക്കൊപ്പം എഗ്ഗ് പഫ്‌സ് മികച്ച കോമ്പിനേഷനാണ്. ബേക്കറിയിൽ നിന്ന് വാങ്ങിക്കുന്ന ഈ വിഭവം അതേ രുചിയിൽ തന്നെ വീട്ടിലും തയാറാക്കാം. ബേക്ക് ചെയ്തെടുക്കാൻ ഓവൻ ആവശ്യമാണ്. ആവശ്യമായ ചേരുവകളും തയാറാക്കുന്ന വിധവും താഴെ നൽകിയിരിക്കുന്നു.

ചേരുവകൾ

മുട്ട -2
സവാള -1
പഫ് പേസ്ട്രി ഷീറ്റ്സ്
ജിഞ്ചര്‍/ഗാര്‍ലിക് പേസ്റ്റ്  -1/2 ടീസ്പൂണ്‍
എഗ്ഗ് മസാല -1/2 ടീസ്പൂണ്‍
കുരുമുളക് പൊടി -1/4 ടീസ്പൂണ്‍
ഗരം മസാല -1/4 ടീസ്പൂണ്‍
ഉപ്പ്, എണ്ണ -പാകത്തിന്

തയാറാക്കുന്ന വിധം

പഫ് പേസ്ട്രി ഷീറ്റ് 1/2 മണിക്കൂര്‍ മുന്‍പ് ഫ്രിഡ്ജില്‍ നിന്നെടുത്ത് പുറത്ത് വയ്ക്കുക. മുട്ട പുഴുങ്ങി ഓരോന്നും നീളത്തില്‍ മുറിയ്ക്കുക. ഒരു പാനില്‍ കുറച്ച് എണ്ണ ഒഴിച്ച് അതിലേയ്ക്ക് സവാളയോടൊപ്പം ഉപ്പും ചേര്‍ത്ത് ഇളം ബ്രൌണ്‍ നിറമാകുന്നത് വരെ വഴറ്റുക. അതിലേയ്ക്ക് ജിഞ്ചര്‍/ഗാര്‍ലിക് പേസ്റ്റ് ചേര്‍ത്ത് വീണ്ടും വഴറ്റുക. അതിനുശേഷം എഗ്ഗ് മസാല, ഗരം മസാലപ്പൊടി, കുരുമുളക് പൊടി എന്നിവ ചേര്‍ത്ത് ഇളക്കി വാങ്ങുക. മസാലക്കൂട്ടില്‍ ചെറുതായി പുഴുങ്ങി അരിഞ്ഞ കാരറ്റ്, ബീന്‍സ്, ഗ്രീന്‍ പീസ് എന്നിവയും ചേര്‍ക്കാവുന്നതാണ്. പഫ് പേസ്ട്രി ഷീറ്റ് ഒരോന്നും ചതുരത്തില്‍ മുറിച്ച് അതിനുള്ളില്‍ തണുത്ത മസാല വച്ചശേഷം മുറിച്ച മുട്ട അതിനുമുകളില്‍ വച്ച് മടക്കുക. പഫ്സിന് കൂടുതല്‍ നിറം കിട്ടുന്നതിനായി വേണമെങ്കില്‍ ഒരു മുട്ടയുടെ മഞ്ഞ അടിച്ച് തയാറാക്കി വച്ച പഫ്സിന്റെ മുകളില്‍ ബ്രഷ് ചെയ്യാവുന്നതാണ്. ഇങ്ങനെ തയാറാക്കി വച്ച പഫ്സ് പ്രീഹീറ്റ് ചെയ്ത ഓവനില്‍ 180- 200 ഡിഗ്രിയില്‍ 10 മുതല്‍ 20 മിനിട്ട് വരെ ബേക്ക് ചെയ്തെടുത്താല്‍ എഗ്ഗ് പഫ്സ് റെഡി.