Monday 11 December 2023 03:23 PM IST : By Deepthi Philips

പഴുത്ത ഏത്തപ്പഴം കൊണ്ട് ആവിയിൽ വേവിച്ച പലഹാരം!

banananan snackk

പഴുത്ത ഏത്തപ്പഴം കൊണ്ട് ആവിയിൽ വേവിച്ച പലഹാരം. വാഴയിലയിൽ വച്ച് ആവിയിൽ പാകം ചെയ്യുന്നതിന്റെ മണവും സ്വാദും ഈ വിഭവത്തിന്റെ രുചി കൂട്ടുന്നു. ഭക്ഷണത്തിലെ വിഷാംശത്തെ വലിച്ചെടുക്കാനും അണുക്കളെ നശിപ്പിക്കാനും വാഴയിലയ്ക്കു കഴിയും.

ചേരുവകൾ

•അരിപ്പൊടി - 1 കപ്പ്

•നേന്ത്രപ്പഴം - 4

•തേങ്ങ ചിരകിയത് - 1 കപ്പ്

•ശർക്കര - 1/2 കപ്പ്

•വെള്ളം - 1/4 കപ്പ്

•ഏലയ്ക്കപൊടി - 1/2 ടീസ്പൂൺ

•ചുക്കുപൊടി - 1/2 ടീസ്പൂൺ

•നെയ്യ് - 2 ടേബിൾസ്പൂൺ

•അണ്ടിപ്പരിപ്പ് - 1 ടീസ്പൂൺ

•ഉപ്പ് - ഒരു നുള്ള്

തയാറാക്കുന്ന വിധം

•ഏത്തപ്പഴം ആവിയിൽ വേവിച്ചു നല്ല മയത്തിൽ ഉടച്ചെടുക്കുക. ഇതിലേക്ക് ഒരു കപ്പ് അരിപ്പൊടിയും ഉപ്പും കൂടി ചേർത്ത് ഒന്ന് കൂടെ നന്നായി കുഴച്ചെടുക്കുക.

•ശർക്കര 1/4 കപ്പ് വെള്ളം ചേർത്ത് ഉരുക്കി അരിച്ചു വയ്ക്കുക.

•ഒരു ഫ്രൈയിങ് പാനിൽ നെയ്യ് ചേർത്തു അണ്ടിപ്പരിപ്പ് വഴറ്റിയെടുക്കുക. ഇതിലേക്ക് തേങ്ങ ചിരവിയതും, ശർക്കര ഉരുക്കിയതും ചേർത്തു വെള്ളം വറ്റിച്ചെടുക്കുക. ഏലയ്ക്കാപ്പൊടി, ചുക്കുപൊടി എന്നിവ കൂടെ ഇതിലേക്ക് ഇട്ട് ഇളക്കികൊടുക്കുക. തീ ഓഫ് ചെയ്യാം.

•ഇനി ഒരു വാഴയിലയിൽ കുഴച്ചു വെച്ച മാവ് പരത്തിയെടുക്കുക. ശേഷം അതിന്റെ മുകളിൽ തയാറാക്കിയ ഫില്ലിംഗ് വെച്ചതിനു ശേഷം വീണ്ടും ഒരു ലെയർ കൂടി വാഴയിലയിൽ പരത്തി ഇതിന്റെ മുകളിൽ വെച്ച് ആവിയിൽ 10 മിനിറ്റ് വേവിച്ചെടുക്കാം. രുചികരമായ പലഹാരം തയാർ.

Tags:
  • Vegetarian Recipes
  • Easy Recipes
  • Pachakam
  • Snacks