Thursday 07 March 2024 10:49 AM IST

‘ഇനി വരാൻ പോകുന്നത് ‘സ്റ്റെമ്മിന്റെ’ കാലം, പെൺകുട്ടികൾക്ക് വലിയ സാധ്യത: ചന്ദ്രയാനിലെ പെൺകരുത്ത്: അതുലാ ദേവി പറയുന്നു

V R Jyothish

Chief Sub Editor

athula-devi

മനുഷ്യൻ ചന്ദ്രനിലിറങ്ങിയതു 1969 ജൂലൈ 20–ാം തീയതിയാണ്. പിന്നെയും ഇരുപത്തിയാറു ദിവസം കഴിഞ്ഞ് ഓഗസ്റ്റ് 15–നാണ് ഇന്ത്യൻ സ്പേസ് റിസർച് ഓർഗനൈസേഷൻ രൂപീകരിക്കുന്നത്. ആദ്യത്തെ ഉ പഗ്രഹം സോവിയറ്റ് യൂണിയനിൽ നിന്നു വിക്ഷേപിക്കുന്നതു പിന്നെയും ആറു വർഷം കഴിഞ്ഞാണ്. ഇപ്പോഴിതാ അൻപത്തിനാലു വർഷങ്ങൾക്കിപ്പുറം ചന്ദ്രയാൻ മൂന്നിന്റെ വിജയവുമായി ഇന്ത്യൻ ബഹിരാകാശഗവേഷണംമ ലോകത്തിന്റെ നെറുകയിലെത്തിയിരിക്കുന്നു.

ചന്ദ്രയാൻ ദൗത്യത്തിന്റെ വിജയത്തിനുശേഷം ബെംഗളൂരു ഇസ്റോ ആസ്ഥാനത്തെത്തിയ പ്രധാനമന്ത്രി നരേന്ദ്ര മോദി അപൂർവമായൊരു ഗ്രൂപ് ഫോട്ടോയിൽ പങ്കാളിയായി. ചന്ദ്രയാൻ ദൗത്യത്തിനു പിന്നിൽ പ്രവർത്തിച്ച നൂറുകണക്കിനു വനിതാ ശാസ്ത്രജ്ഞരോടൊപ്പമാണു പ്രധാനമന്ത്രി ഫോട്ടോെയടുത്തത്. ഇത് ‘നാരീശക്തി’ എന്നു വിശേഷിപ്പിച്ച പ്രധാനമന്ത്രി 2047–വരെയുള്ള ഇസ്റോയുടെ പദ്ധതികളെക്കുറിച്ച് ആലോചിക്കുന്നതിന് ശാസ്ത്രജ്ഞരെ ക്ഷണിച്ചു. ഭാവിയിൽ പെൺകുട്ടികൾക്ക് ശാസ്ത്ര സാങ്കേതിക മേഖലയിലുള്ള വലിയ സാധ്യതകൾ അദ്ദേഹം ചൂണ്ടിക്കാട്ടി.

ചന്ദ്രയാന്റെ വിജയത്തിനുവേണ്ടി പ്രവർത്തിച്ച നൂറുകണക്കിനു വനിത ശാസ്ത്രജ്ഞരിൽ നിന്ന് ഏതാനും മലയാളികളെ പരിചയപ്പെടുത്തുകയാണ്ഈ വനിത ദിനത്തിൽ  മൂന്നു പതിറ്റാണ്ടിലേറെയായി ഇവർ ഇസ്റോയുടെ ഭാഗമാണ്. രാഷ്ട്രപുനർനിർമാണത്തിൽ പങ്കാളികളാണ്. യുവതലമുറയെ പ്രത്യേകിച്ചും പെൺകുട്ടികളെ ഏറെ പ്രചോദിപ്പിക്കുന്നതാണ് ഇവരുടെ ജീവിതവും വാക്കുകളും.

അതുലാ ദേവി എസ്.-ഏവിയോണിക്സ് എൻറ്റിറ്റി ഡെപ്യൂട്ടി ഡയറക്ടർ

തിരുവനന്തപുരത്ത് ജഗതിയിലുള്ള ഈശ്വരവിലാസം റോഡിൽ, അടുത്തകാലം വരെ വാർത്തകളിലൊന്നുമില്ലാതിരുന്ന ഒരു വീട്ടിലേക്ക് ചന്ദ്രയാൻ മൂന്നിന്റെ വിജയത്തിനുശേഷം ആൾക്കാർ ആരാധനയോടെ നോക്കുന്നു. നടുവത്ത് എന്നാണ് ആ വീടിന്റെ പേര്.

സർക്കാർ സർവീസിൽ എൻജിനീയറായിരുന്നു നടു വത്ത് വീട്ടിൽ കെ. നരേന്ദ്രനാഥ്. ഭാര്യ സതിേദവി. മകൾ അതുലാ ദേവി എന്ന സയന്റിസ്റ്റാണ് ചന്ദ്രയാന്റെ വിജയത്തിനുശേഷം ഈ വീടിനെ ശ്രദ്ധാകേന്ദ്രമാക്കിയത്. തിരുവനന്തപുരത്ത് വിക്രം സാരാഭായ് സ്പേസ് സെന്ററിൽ ഏവിയോണിക്സ് എൻറ്റിറ്റി ഡെപ്യൂട്ടി ഡയറക്ടറായി ജോലിചെയ്യുന്ന അതുലാ ദേവി ചന്ദ്രയാൻ ദൗത്യങ്ങളിൽ സുപ്രധാന സ്ഥാനമാണ് വഹിച്ചത്. ലോഞ്ച് വെഹിക്കിളിന്റെ ഇലക്ട്രോണിക്സ് സിസ്റ്റത്തെ നിയന്ത്രിക്കുന്നത് ഈ വിഭാഗമാണ്. ഏകദേശം നാലു പതിറ്റാണ്ടായി കർമമേഖലയിൽ വിജയങ്ങളും പരാജയങ്ങളും ഒരുപാടു കണ്ടു സീനിയർ സയന്റിസ്റ്റായ അതുലാ ദേവി.

അച്ഛന്റെ ജോലിയുടെ ഭാഗമായി വിവിധയിടങ്ങളിലായിരുന്നു അതുലയുടെ വിദ്യാഭ്യാസം. തിരുവല്ല എംജിഎം പബ്ലിക് സ്കൂളിൽ നിന്ന് ഉയർന്ന മാർക്കോടെ പത്താംക്ലാസ് പാസായി. തിരുവനന്തപുരം വിമൻസ് കോളജിൽ നിന്ന് സയൻസ് ഗ്രൂപ്പിൽ പ്രീഡിഗ്രി. തിരുവനന്തപുരം എ ൻജിനീയറിങ് കോളജിൽ നിന്ന് ബിരുദാനന്തര ബിരുദം നേടിയ ശേഷമാണ് അതുലാ ദേവി ഐഎസ്ആർഒയിൽ എത്തുന്നത്. അടുത്ത വർഷം സർവീസിൽ നിന്നു വിരമിക്കുമ്പോൾ നീണ്ട 37 വർഷത്തെ സേവനം പൂർത്തിയാകും.

ഏവിയേഷൻ ഇലക്ട്രോണിക്സാണ് അതുലാ ദേവിയുടെ മേഖല. ഉപഗ്രഹങ്ങളെ ഭ്രമണപഥത്തിൽ എത്തിക്കുന്ന റോക്കറ്റുകളുടെ സങ്കീർണമായ നിയന്ത്രണസംവിധാനം ഉണ്ടാക്കുകയാണ് ഈ വിഭാഗത്തിൽ. ഏകദേശം മുന്നൂറോളം പേർ അതുലാദേവിയുടെ മേൽനോട്ടത്തിൽ ജോലി ചെയ്യുന്നു.

‘‘ഓരോ മിഷൻ കഴിയുമ്പോഴും രാജ്യത്തു നിന്നു കിട്ടുന്ന സ്നേഹവും ആദരവുമില്ലേ, അതാണു ഞങ്ങൾക്കു കിട്ടുന്ന ഉയർന്ന പ്രതിഫലം.’’ പുതിയ തലമുറ പ്രത്യേകിച്ചും പെൺകുട്ടികൾ ഈ രംഗത്തേക്കു വരണമെന്നാണ് അതുലാേദവിയുടെ അഭിപ്രായം.

‘‘ഇനി വരാൻ പോകുന്നത് സ്റ്റെം (സയൻസ്–ടെക്നോളജി–എൻജിനീയറിങ്– മാത്‌സ്) സബ്ജക്ടുകളുടെ കാലമാണ്. പെൺകുട്ടികളെ സംബന്ധിച്ച് വലിയ സാധ്യതയാണു മുന്നിൽ. മാത്രമല്ല ഇത്രയും സുരക്ഷിതവും സുന്ദരവുമായ തൊഴിൽ അന്തരീക്ഷമാണു ഐഎസ്ആർഒയുടെ സ്ഥാപനങ്ങളിലുള്ളത്. ഈ വിഷയത്തോടു താൽപര്യമുള്ള കുട്ടികൾ തീർച്ചയായും ഈ രംഗത്തു വരണം.’’ അതുലാദേവി പറയുന്നു.

കെൽട്രോണിൽ എൻജിനീയറിങ് വിഭാഗത്തിൽ നിന്നു വിരമിച്ച പ്രദീപാണു ഭർത്താവ്. രണ്ടു പെൺമക്കൾ. നിഖി ലയും നന്ദിതയും. രണ്ടുപേരും എൻജിനീയർമാരാണെങ്കിലും മറ്റു പൊതുമേഖലാ സ്ഥാപനങ്ങളിലാണ് ഇവർ ജോ ലി ചെയ്യുന്നത്.

പ്രധാനപ്പെട്ട മറ്റൊരു ദൗത്യത്തിലാണ് അതുലാ ദേവി ഇപ്പോൾ. ഒരു ഇന്ത്യാക്കാരനെ ഇന്ത്യൻ സാങ്കേതികവിദ്യയുെട പിൻബലത്തോടെ ബഹിരാകാശത്ത് എത്തിക്കുന്ന ഗഗൻയാൻ പദ്ധതിയുടെ അമരക്കാരിൽ ഒരാളാണ് അതുലാദേവി. ലോകത്ത് അപൂർവം രാജ്യങ്ങൾക്കു മാത്രം സ്വന്തമായുള്ള ആ അപൂർവനേട്ടം കൊയ്യാനുള്ള തയാറെടുപ്പിലാണ് നമ്മുടെ രാജ്യവും.

‘‘ബിടെക് കഴിഞ്ഞതിനുശേഷം അച്ഛൻ നിർബന്ധിച്ചിട്ടാണ് ഞാൻ ഉപരിപഠനത്തിനുപോകുന്നതും ഇസ്റോയിൽ എത്തുന്നതും. മൂന്നാം ചന്ദ്രയാൻ ദൗത്യത്തിന്റെ വിജയം കഴിഞ്ഞ് മൂന്നാം ദിവസമാണ് അച്ഛൻ മരിക്കുന്നത്. മരിക്കുമ്പോൾ അച്ഛനു തൊണ്ണൂറു വയസ്സുണ്ടായിരുന്നു. ഞാൻ ചന്ദ്രയാൻ ദൗത്യത്തിന്റെ ഭാഗമായതിൽ അച്ഛൻ ഏറെ സന്തോഷിച്ചിരുന്നു.’’ സന്തോഷത്തിനിടയിലും ആ ശാസ്ത്രപ്രതിഭയുടെ കണ്ണു നിറയുന്നു.

ഫോട്ടോ: അരുൺ സോൾ
സാങ്കേതികസഹായം : ഹരികൃഷ്ണൻ ആർ.
(ഗ്രൂപ് ഡയറക്ടർ ടെക്നോളജി ട്രാൻസ്ഫർ
ആൻഡ് ഡോക്യുമെന്റേഷൻ ഗ്രൂപ്, വിഎസ്‌എസ്‌സി)