Thursday 07 March 2024 04:36 PM IST

ബ്യൂട്ടീഷ്യൻ, വിധവ, കൈക്കുഞ്ഞ്... കാരണങ്ങൾ നിരത്തി വാടകവീടു പോലും കിട്ടാത്ത അവസ്ഥ: വേദനകളെ തോൽപിച്ച ഫെസ്സി

Shyama

Sub Editor

fessy-motty-14

മൂവാറ്റുപുഴ കെഎസ്ആർടിസി സ്റ്റാൻഡിൽചെന്നു ഫെസ്സി മോട്ടിയുടെ ബ്യൂട്ടിപാർലറിലേക്കുള്ള വഴി ചോദിച്ചാൽ അഭിമാനപൂർവമുള്ള ചിരിയുമായി ആരും വഴി പറഞ്ഞു തരും. എന്നാൽ കുറച്ചു വർഷങ്ങൾ മുൻപ് ഇതായിരുന്നില്ല കഥ. നാടും വീടും ജോലിയും ഉപേക്ഷിച്ച് ഇരുപത്തിയേഴാം വയസ്സി ൽ ഫെസ്സിക്ക് ഇവിടം വിട്ടു പോകേണ്ടി വന്നു. ഭർത്താവുമരിച്ച ശേഷം നാലരവയസ്സുള്ള മകനുമായി ഒരു സ്ത്രീ അവരുടെ ജീവിതം തിരികെ പിടിക്കാനുള്ള യാത്ര അവിടെ തുടങ്ങുകയായിരുന്നു.

പഞ്ചഗുസ്തിയിലേക്കു വന്ന വഴി

‘‘2016ൽ പ്രവാസ ജീവിതം കഴിഞ്ഞു നാട്ടിലേക്കു തിരികെ വന്നു. ആ വര്‍ഷം ഡിസംബറിൽ ആദ്യ ജില്ലാ മത്സരത്തിനു പോയി. ഷോട്ട്പുട്ട്, ജാവലിൻ, ഹാമർ ത്രോ എ ന്നിവയില്‍ വിജയിച്ചു. പിന്നീടു സംസ്ഥാനതല മത്സരത്തിനു പോകാൻ പെരുമ്പാവൂർ ആശ്രമം സ്കൂളിലെ അധ്യാപകനും പരിശീലകനുമായ ബിജു കെ.എം–ന്റെ ശിക്ഷണത്തിൽ ഒരുക്കങ്ങള്‍ തുടങ്ങി. രാജ്യാന്തര തലത്തിൽ പഞ്ചഗുസ്തി റഫറി കൂടിയാണ് അദ്ദേഹം. സംസ്ഥാനതലത്തില്‍ ഒരു മെഡല്‍ മാത്രമായിരുന്നു ലക്ഷ്യം. അതു പാഴായില്ല. ഒന്നാം സ്ഥാനത്തു തന്നെ വിജയം. അതിന്‍റെ ആഹ്ലാദം പറഞ്ഞറിയിക്കാനാവില്ല. പക്ഷേ, ദേശീയ തലത്തിൽ വിജയിച്ചില്ല. പിന്നെ, കോവിഡ് കാലമായി. എല്ലാവരും വീടുകളിലേക്ക് ഒതുങ്ങി.

ആനിക്കാട് സെന്റ് ആന്റണീസ് എൽപി സ്കൂളിലാണ് ഞാൻ പഠിച്ചത്. രണ്ടാം ക്ലാസ് മുതൽ കായികരംഗത്ത് ചാംപ്യനായിരുന്നു. പിന്നീട് സെന്റ് സെബാസ്റ്റ്യൻസ് ഹൈസ്കൂളിൽ. അവിടെയും പത്തു വരെ സ്പോർട്സ് ചാംപ്യനായി. ആലുവ സെന്റ് സേവ്യഴ്സിൽ സ്പോർട്സ് ക്വോട്ടയിലാണു പ്രീഡിഗ്രിക്ക് അഡ്മിഷൻ കിട്ടുന്നത്. പക്ഷേ, പിന്നീടു പഠനത്തില്‍ വേണ്ടത്ര ശ്രദ്ധിക്കാനായില്ല. എൻടിടിസി എന്നൊരു കോഴ്സിനു ചേര്‍ന്നെങ്കിലും അതും ബുദ്ധിമുട്ടായി തോന്നി. കൂട്ടുകാരികൾക്കൊപ്പം പുരികം ത്രെഡ് ചെയ്യാൻ പോയതാണ് ജീവിതത്തിലെ ഒരു വഴിത്തിരിവ്. ഒന്നു രണ്ടു തവണ പോയപ്പോഴേക്കും ബ്യൂട്ടിപാര്‍ലറിലെ കാര്യങ്ങളൊക്കെ ഇഷ്ടപ്പെടാൻ തുടങ്ങി. 1990ലാണു സൗന്ദര്യരംഗത്തേക്കിറങ്ങുന്നത്.

fessy-motty-14 ഫെസ്സി മോട്ടിയും കോച്ച് ബിജുവും

തകിടം മറിയലും കര കയറലും

അതിനിടയില്‍ ജീവിതത്തിലേക്കൊരു പ്രണയവും കടന്നു വന്നു. യൂത്ത്കോണ്‍ഗ്രസ് േനതാവായിരുന്ന പി.പി. മോട്ടിയായിരുന്നു കക്ഷി. ഞങ്ങൾ തമ്മിൽ 16 വയസ്സിന്റെ വ്യത്യാസമുള്ളതാന്നും പ്രണയത്തെ ബാധിച്ചില്ല. 1992ലായിരുന്നു കല്യാണം. അടുത്ത വര്‍ഷം മകനുണ്ടായി. അവനു നാലര വയസ്സുള്ളപ്പോഴാണ് മോട്ടി ചേട്ടൻ, എന്റെ കുഞ്ചൂസ് മഞ്ഞപ്പിത്തം കൂടി മരിക്കുന്നത്.

എനിക്കന്ന് 27 വയസ്സേയുള്ളൂ. ആ പ്രായത്തിലൊരു വിധവയ്ക്ക് കുഞ്ഞുമായി ഒറ്റയ്ക്കു ജീവിക്കാനാകുന്ന സാഹചര്യമായിരുന്നില്ല. സ്വന്തമായി വീടില്ല, നാട്ടിലേക്കും പോകാന്‍ പറ്റില്ല. എങ്ങനെയും വൈറ്റിലയിൽ തന്നെ പിടിച്ചു നിൽക്കാൻ നോക്കി.

അക്കാലത്ത് പൊന്നുരുന്നിയിൽ എനിക്കൊരു പാർലറുണ്ടായിരുന്നു. ബ്യൂട്ടിഷൻ, വിധവ, കൈക്കുഞ്ഞ്... തുടങ്ങി കാരണങ്ങള്‍ പലതു പറഞ്ഞു വാടകവീട് പോലും കിട്ടാത്ത അവസ്ഥ. മോട്ടിച്ചേട്ടനെക്കുറിച്ചുള്ള ഒാര്‍മകള്‍ മനസ്സിനെ വല്ലാതെ ഉലച്ചു. സ്വന്തം സഹോദരനൊപ്പം പുറത്തു പോയാലും പറയും ‘ദേ... ഭർത്താവ് മരിച്ച് ഇത്ര ദിവസമായില്ല, അതിനു മുൻപു വേറൊരുത്തന്റെ കൂടെ പോകുന്നു.’

പതിയെ പാര്‍ലറില്‍ പോകാന്‍ കൂടി മടിയായി. വാടക കൊടുക്കാന്‍ പോലും കാശില്ല. എല്ലാ ദുരിതവും കുമിഞ്ഞു കൂടി ജീവിതം അവസാനിപ്പിക്കാമെന്നു തീരുമാനിച്ചു. അതൊന്നും നല്ല ചിന്തയായിരുന്നില്ല എന്ന് ഇന്നറിയാം.

അക്കാലത്തു പല തവണ ആത്മഹത്യാശ്രമം നടത്തി. എന്തോ ഭാഗ്യത്തിനു രക്ഷപ്പെട്ടു. എന്റെ സഹോദരി അബുദാബിയില്‍ ആണു േജാലി നോക്കുന്നത്. അവള്‍ വന്നപ്പോള്‍ എന്നെ ചികിത്സിച്ചിരുന്ന ഡോക്ടർ പറഞ്ഞു, ഒറ്റയ്ക്കിങ്ങനെ നിർത്തേണ്ട, ഇവിെട നിന്നൊന്നു മാറി നില്‍ക്കുന്നതാണു നല്ലതെന്ന്. അങ്ങനെ അവളോടൊപ്പം അബുദാബിയിലേക്കു പോയി.

ഒരു അറബിക് പാർലറിലാണ് ആദ്യം ജോലി കിട്ടിയത്. മലയാളികളോടും ശ്രീലങ്കക്കാരോടുമൊക്കെ അന്നു വലിയ പക്ഷഭേദമാണവർക്ക്. പിന്നീടു ദുബായിൽ സ്ഥിതി മെച്ചമാണെന്നറിഞ്ഞ് അവിടെ ചെന്നപ്പോൾ അവിചാരിതമായി ഒരു ചെറിയ തയ്യൽകട കിട്ടി. ടെയ്‌ലറിങ് ലൈസൻസുമെടുത്തു.

തയ്യൽകടയുടെ തൊട്ടടുത്തൊരു ബ്യൂട്ടി പാർലർ ഉ ണ്ടായിരുന്നു. അവർക്കു ബുദ്ധിമുട്ടാകുമോ എന്നോർത്തു ഞാ ൻ പാർലർ തുടങ്ങിയിരുന്നില്ല. ഉച്ചയ്ക്കു രണ്ടു മുതൽ അ ഞ്ചു വരെ ആ പാർലര്‍ തുറക്കില്ല. ഈ സമയത്തും ധാരാളം പേര്‍ വന്നു നിരാശരായി മടങ്ങും. ഒരു ദിവസം ഉച്ച കഴിഞ്ഞ് അവിടെ വന്ന നഴ്സിന്റെ ഐബ്രോസ് ഞാനങ്ങു ധൈര്യപൂർവം ഏറ്റെടുത്തു ചെയ്തു. നഴ്സിങ് മിനിസ്ട്രിയിലായിരുന്നു അവര്‍ക്കു ജോലി. എന്റെ അവസ്ഥ ചോദിച്ചറിയുകയും പലരോടും പറയുകയും െചയ്തു. അങ്ങനെ എന്നും ഉച്ചയ്ക്കു രണ്ടു മുതൽ അഞ്ചു മണി വരെ ഞാൻ ബ്യൂട്ടീഷൻ ജോലി ചെയ്യാൻ തുടങ്ങി.

fessy-2

പിന്നീടു നാട്ടിൽ വന്നു കടയുടെ ആധാരം പണയം വച്ചുകിട്ടിയ പണവും സഹോദരി തന്ന കാശും ഒക്കെച്ചേർത്തുചെറിയൊരു പാർലർ തുടങ്ങി. പിന്നെ, തിരിഞ്ഞു നോക്കേണ്ടി വന്നിട്ടില്ല. ദുബായിൽ തന്നെ പതിനൊന്നു പാര്‍ലറുകള്‍ തുടങ്ങി. വിെഎപികള്‍ അവിെട കസ്റ്റമേഴ്സായി വന്നിരുന്നു. അതിൽ ഏഴു പാർലറുകൾ വിറ്റാണ് നാട്ടിലേക്കു മടങ്ങിയത്. ഇന്നിപ്പോ ജീവിതത്തിനു ലക്ഷ്യങ്ങളുണ്ട്. പല ആളുകളെ സഹായിക്കുന്നുണ്ട്. മകൻ അൻവിൻ മോട്ടി, ദുബായിൽ ബാങ്കിൽ ജോലി ചെയ്യുന്നു.

മടങ്ങി വരവും പുതിയ ചുവടും

നാട്ടിലെത്തി നിർമല കോളേജിനടുത്ത് ഒരു പാർലര്‍ തുടങ്ങി. വിദേശത്തു രാത്രി 12 മണി വരെയാണ് പാർലർ പ്രവർത്തിച്ചിരുന്നത്. ഇവിടെ െെവകിട്ട് ആറു മണിയാകുമ്പോഴേ അടയ്ക്കും. പിന്നീടു വീട്ടിൽ വന്ന് ഒറ്റയ്ക്കിരിക്കുന്നതു മാനസികമായി തളർത്തി. അങ്ങനെ വീണ്ടും അബുദാബിയിൽ പോയി പാർലർ തുടങ്ങി.

പക്ഷേ, ദുബായിലെ പോലെ ബിസിനസ് ഇല്ലായിരുന്നു അബുദാബിയില്‍. ചെലവും കൂടുതൽ. ആ സമയത്തു മകനൊരു അപകടത്തിൽ പെട്ടു. രണ്ടു ദിവസം അവിടെ ജയിലിലും കിടക്കേണ്ടി വന്നു. മൂന്നാം ദിവസം ഇറങ്ങിയെങ്കിലും പിന്നീടവിടെ നിൽക്കാൻ തോന്നിയില്ല. നാട്ടിലേക്കു മടങ്ങി ‘ഫെസ്സീ ബ്യൂട്ടി വേൾഡ്’ തുടങ്ങി. അതു ക്ലിക് ആയി. സത്യം പറഞ്ഞാൽ ഒഴിവു സമയത്തെ ഏകാന്തതയെ നേരിടാൻ വേണ്ടി കൂടിയാണ് ഓരോ കാര്യങ്ങൾ ചെയ്യുന്നത്. കായികവിനോദങ്ങളിലേക്കും ശ്രദ്ധിക്കുന്നത്. അതിലും വിജയിക്കാൻ കഴിയുന്നതിൽ സന്തോഷം.

കസഖ്സ്ഥാനിലെ മത്സരത്തിൽ 46 രാജ്യങ്ങളിലുള്ളവ ർ പങ്കെടുത്തിരുന്നു. ഇന്ത്യയെ പ്രതിനിധീകരിച്ച് 31 പേരും. അതിൽ തന്നെ കേരളത്തിൽ നിന്ന് 18 പേർ. അക്കൂട്ടത്തിൽ സ്വർണം നേടിയ ഏകയാൾ ഞാനാണ്. പുറത്തുള്ളവരൊക്കെ വർഷങ്ങളോളം പഞ്ചഗുസ്തിയിൽ മാത്രം ശ്രദ്ധിച്ചു പരിശീലനം നേടി വരുന്നവരാണ്. അവരുടെ ഡയറ്റും ജീവിതരീതിയും പോലും അതിനനുസരിച്ചു ചിട്ടപ്പെടുത്തിയിരിക്കും. ടെക്നിക്കുകൾ സ്വായത്തമാക്കുന്നതിലും വേഗത്തിലുമാണ് നമ്മുടെ മികവ്. ശക്തിയിൽ അവരാണു മുന്നിൽ. ഫൈനലിൽ എനിക്കൊപ്പം മത്സരിച്ചത് 113 കിലോ ശരീര ഭാരമുള്ള കസഖ്സ്ഥാൻകാരിയാണ്. 85 കിലോയാണ് എന്റെ ഭാരം. അടുത്ത ഏഷ്യൻ മീറ്റിൽ പങ്കെടുക്കാനുള്ള തയാറെടുപ്പിലാണ് ഇപ്പോൾ.

താൽപര്യമാണു മുന്നോട്ടു നയിക്കുന്നത്

പഞ്ചഗുസ്തിക്കിറങ്ങാൻ ജിമ്മിലെ പരിശീലനവും വെയ്റ്റ് ട്രെയിനിങ്ങും വേണം. ഒപ്പം ഫ്ലെക്സിബിലിറ്റി കൂട്ടാനുള്ള നീന്തൽ പോലുള്ള കായികാധ്വാനവും സ്റ്റാമിനയ്ക്കും സഹിഷ്ണുതയ്ക്കുമുള്ള ഗ്രൗണ്ട് വർക്കൗട്ടും. കേരളത്തിൽ നിന്ന് ആദ്യമായി അഞ്ച് വനിതാ പഞ്ചഗുസ്തി റഫറിമാരെ തിരഞ്ഞെടുത്തതില്‍ ഒരാള്‍ ഞാനാണ്.

നമ്മുടെ നാട്ടിൽ മത്സരത്തിനിറങ്ങാനുള്ള സാമ്പത്തിക ഗ്രാന്റുകൾ ആവശ്യത്തിനു കിട്ടുന്നില്ല എന്നതാണ് ഒരു പ്രശ്നം. പഞ്ചഗുസ്തിക്ക് കേരള സ്പോർട്സ് കൗൺസിലിന്റെ അംഗീകാരമുണ്ടെങ്കിലും ഇന്ത്യൻ ഒളിംപിക് അസോസിയേഷന്റെ അംഗീകാരം ഇതേവരെ കിട്ടിയിട്ടില്ല. നിലവിൽ സ്വന്തം പണം മുടക്കിയാണു പരിശീലനത്തിലേര്‍പ്പെടുന്നതും മത്സരങ്ങള്‍ക്കു പോകുന്നതും.

ഈ തിരക്കിനിടയില്‍ ബ്യൂട്ടി പാര്‍ലറിന്‍റെ കാര്യത്തിലും യാതൊരു വിട്ടുവീഴ്ചയും ചെയ്യില്ല. എനിക്കിതു പണത്തിനു വേണ്ടി മാത്രം ചെയ്യുന്ന േജാലിയല്ല. പൂർണമായ അർപ്പണത്തോെടയാണു ചെയ്യുന്നത്. നിലവിൽ കേരളത്തിൽ ആറു പാർലറുകളും ഒരു ബ്യൂട്ടി കോളജുമുണ്ട്. ബാക്കി സമയം ശരണാലയങ്ങളിൽ പോയി സഹായസഹകരണങ്ങൾ ചെയ്യും. മകന്റെ വിവാഹം കൂടി കഴിഞ്ഞ് ഒരു ശരണാലയം തുടങ്ങണമെന്നാണു മോഹം.

കായികരംഗത്തേയ്ക്കു വരാനാഗ്രഹിക്കുന്ന പെൺകുട്ടികളോട് ഒന്നേ പറയാനുള്ളൂ. കായിക വിനോദങ്ങളിലേർപ്പെടുന്നതു തീർച്ചയായും മാനസിക – ശാരീരിക കരുത്ത് പകരും. അതേപോലെ വിധവകളും ഒറ്റയ്ക്കായി പോകുന്ന സ്ത്രീകളും ഒക്കെ കായിക മേഖലയിലോ മറ്റെന്തെങ്കിലും കലകളിലോ ശ്രദ്ധിക്കണം. അല്ലെങ്കിൽ നമ്മൾക്കുള്ളിലെ സ്ട്രെസ് മറ്റൊരാളിലേക്കു പകരാന്‍ സാധ്യതയേറെയാണ്. അർപ്പണബോധം വേണ്ട പ്രവൃത്തി വഴി മനസ്സ് നിങ്ങളുടെ കൈപ്പിടിയിൽ വരും. പ്രതിസന്ധികളുടെ ഏതു കടലിലേക്കു വലിച്ചെറിഞ്ഞാലും നീന്തിക്കയറിവരും.’’\


ശ്യാമ

ഫോട്ടോ: സുനിൽ ആലുവ