Thursday 07 March 2024 04:57 PM IST

‘വാഴ വച്ചാൽ മതിയായിരുന്നു...’: ഇതാ വ്യത്യസ്തമായൊരു വാഴ തോട്ട്’: അതിരുകൾ മായ്ക്കും ഈ ലക്ഷ്മിൻ രേഖ

Rakhy Raz

Sub Editor

lakhsmin-rekha

വനിതാ ദിനത്തിൽ വിജയകരമായ സമൂഹ്യ സംരംഭവുമായി രണ്ടു വനിതകൾ

രണ്ടു പേർ ചുംബിക്കുമ്പോൾ ലോകം മാറും എന്നു കേട്ടിട്ടില്ലേ.. ഇവിടെ രണ്ടു പേർ കൈകോർത്തോപ്പോഴാണ് ലോകം മാറിത്തുടങ്ങിയിരിക്കുന്നത്. ഒന്നു ചേക്കുട്ടിപ്പാവയുടെ സ്രഷ്ടാവും സാമൂഹ്യ സംരംഭകയുമായ ലക്ഷ്മി എൻ മേനോൻ. അടുത്തയാൾ കോർപ്പറേറ്റ് ലോകത്തു നിന്നും ഇറങ്ങി സമൂഹിക സംരംഭകത്വത്തിലേക്ക് ആകൃഷ്ടയായി വന്ന രേഖ നായരും. പുരാണത്തിൽ സീതാദേവിയ്ക്കു ചുറ്റും വരയ്ക്കപ്പെട്ട അതിരിന്റെ പേരാണ് ലക്ഷ്മൺ രേഖ. എന്നാൽ ലക്ഷ്മി എന്നും രേഖയും ചേർന്ന ലക്ഷ്മിൻ രേഖ മനുഷ്യർക്കിടയിലെ അതിരുകൾ മായ്ക്കുകയും പാരമ്പര്യത്തിന്റെ അറിവുകൾ എല്ലാ മനുഷ്യരിലേക്കും എത്തിക്കുകയും ചെയ്യാനാണ് തുടക്കമിട്ടത്.

മാർച്ച് എട്ട് വനിതാ ദിനത്തിൽ അഭിനന്ദനം അർഹിക്കുന്ന ചുവടു വയ്പ്പുമായി ശ്രദ്ധ നേടുകയാണ് ഈ രണ്ടു വനിതകൾ.

കഴിഞ്ഞ ഒരു മാസത്തിനുള്ളിൽ പ്രാവർത്തികമാക്കിയ വ്യത്യസ്തമായ മൂന്നു ആശയങ്ങളും അവ പ്രചരിപ്പിക്കാനായി ചെയ്ത ഇവന്റുമാണ് ലക്ഷ്മിയ്ക്കും രേഖയ്ക്കും സമൂഹത്തിന്റെ പല മേഖലയിൽ നിന്നുള്ളവരുടെ അഭിനന്ദനങ്ങൾ നേടിക്കൊടുത്തത്.

lakshmin-rekha-4

വാഴ തോട്ട്, രസം, റാപ്പ്, എന്നീ മൂന്ന് ഇവന്റുകളാണ് അവയുടെ വ്യത്യസ്തത കൊണ്ട് ശ്രദ്ധിക്കപ്പെട്ടത്. ഇവന്റുകളെക്കുറിച്ച് ലക്ഷ്മിയും രേഖയും തന്നെ പറയട്ടേ..

പരമ്പരാഗതമായ അറിവുകൾ പതിവുകൾ ഇവയ്ക്കെല്ലാം ഒരു നന്മയുണ്ട്.ലോകത്താകമാനം ഇത്തരം പല അറിവുകളുടെയും പതിവുകളുടെയും ഇടമാണ്. എന്നാൽ അവയുടെ പ്രാധാന്യം മനസിലാക്കാനോ ജീവിതത്തിൽ അവ പ്രയോജനപ്പെടുത്താനോ തിരക്കിനിടയിൽ നമ്മൾ ഓർക്കാറില്ല.

ഉദാഹരണത്തിന് നമ്മുടെ നാട്ടിലെ വാഴ എന്ന സസ്യം. വാഴയില്ലാത്തൊരു വീടുണ്ടാകുമോ കേരളത്തിൽ, തെരുവിൽ നിൽക്കുന്ന വീട്ടിൽ പോലും ഒരു വാഴ നട്ടു വളർത്തുക പ്രയാസമല്ല. ‘വാഴ വച്ചാൽ മതിയായിരുന്നു..’ എന്ന പ്രയോഗം തന്നെയുണ്ടായത് വാഴയുടെ ഗുണഫലങ്ങൾ കൊണ്ടാണ്. ഇല മുതൽ വേരുവരെ എല്ലാ ഭാഗവും ഉപയോഗമുള്ള മറ്റൊരു സസ്യമുണ്ടാവില്ല. എന്നാൽ വാഴയുടെ ഗുണങ്ങൾ വേണ്ടത്ര സമൂഹം ഉപയോഗിക്കുന്നുണ്ടോ എന്ന കാര്യം സംശയമാണ്. അതാണ് ‘വാഴ തോട്ട്’ എന്ന പേരിലുള്ള ക്യൂറേറ്റഡ് ഇവന്റിലൂടെ ഞാനും രേഖയും ലക്ഷ്യമിട്ടത്. വാഴയെ എങ്ങനെയൊക്കെ ഉപയോഗിക്കാം എന്നു ഡമോൺസ്ട്രേഷനിലൂടെ കാണിച്ചു കൊടുത്തിരുന്നു. ’’ ലക്ഷ്മി മേനോൻ പറയുന്നു.

ലക്ഷ്മിയെ ഒരു ടിവി പ്രോഗ്രാമിലൂടെ കണ്ടപ്പോഴാണ് ഈ കുട്ടി പണ്ട് ഹോസ്റ്റലിൽ എന്നോടൊപ്പം ഉണ്ടായിരുന്ന ആളല്ലേ എന്ന് ഓർമ വന്നത്. ഉടൻ ലക്ഷ്മിയെ വിളിച്ചു. ഞാൻ താമസിക്കുന്നത് ഗോവയിലാണ്. ഒരു പരിപാടിയുമായി ബന്ധപ്പെട്ട് ലക്ഷ്മി ഗോവയിൽ വന്നപ്പോൾ തമ്മിൽ കണ്ടു. കോർപ്പറേറ്റ് ഫീൽഡിലെ ജോലികൾ വിട്ടു സമൂഹത്തിന് ഗുണകരമായ എന്തെങ്കിലും ചെയ്യണം എന്ന തീരുമാനത്തിലായിരുന്നു ഞാൻ. ഇരുവരുടെയും ചിന്തകളിലെ സാമ്യം വളരെ പെട്ടെന്നു തന്നെ മൂന്നു ആശയങ്ങൾ പ്രാവർത്തികമാക്കുന്നതിലേക്ക് നയിച്ചത്.’’ ജനുവരി ഫെബ്രുവരി മാർച്ച് മാസങ്ങളില്്‍ ഒരു മാസത്തിൽ ഓരോ ഇവന്റ് എന്ന വിധം മൂന്നു പരിപാടികൾ ഞങ്ങൾ നടത്തി. അങ്ങനെ നമ്മുടെ പരിപാടികളുടെ ആദ്യ ഘട്ടം പൂർത്തിയാക്കി. എന്ന് രേഖ നായർ

lakshmim-rekha-2

ഇരുവരും ചേർന്നു നടത്തിയ രണ്ടാമത്തെ ഇവന്റിന്റെ പേര് ‘രസം’ എന്നായിരുന്നു. രസത്തെ പല രീതിയിൽ ആസ്വദിക്കാൻ പറ്റുന്ന വിധത്തിലാണ് ഇവന്റ് അവതരിപ്പിച്ചത്. രസം കുടിക്കാൻ കൊടുത്തു, അതിന്റെ പാചക രീതികളും ഭക്ഷണവും കൊടുത്തു. നവരസ ഭാവങ്ങളടങ്ങിയ കലയായ കഥകളി കൂടി അവതരിപ്പിച്ചു കൊണ്ടാണ് ആ പരിപാടി സമാപിച്ചത്.

വാലന്റൈൻ ദിനത്തിൽ വൈൻ രുചിക്കുന്നതിനു പകരം രസം രുചിപ്പിക്കുക എന്ന വ്യത്യസ്തത സാധ്യമാക്കാനും കഴിഞ്ഞു. ആരോഗ്യം സംരക്ഷിക്കുകയും പ്രതിരോധ ശക്തി കൂട്ടുകയും ചെയ്യുന്ന നമ്മുടെ രസം നിത്യ ജീവിതത്തിന്റെ ഭാഗമാക്കുകയായിരുന്നു ലക്ഷ്യം. രസം ശർക്കര ഉപ്പേരി, കായുപ്പേരി തുടങ്ങിയ കോമ്പിനേഷനൊപ്പമാണ് രുചിക്കാൻ കൊടുത്തത്.

ലോകമെമ്പാടും യാത്ര ചെയ്യുന്നവരാണ് ഇന്നത്തെ മലയാളികൾ. യുവതലമുറ പ്രത്യേകിച്ചും. ഇവർക്ക് ലോകത്ത് പലയിടങ്ങളിലുള്ള ഭക്ഷണത്തെക്കുറിച്ചും സംസ്ക്കാരത്തെക്കുറിച്ചുമെല്ലാം അറിയാം. എന്നാൽ നിത്യ ജീവിതത്തിൽ നമ്മുടേതായ സംസ്ക്കാരവും അടയാളങ്ങളും മായുകയാണ്. അതു തിരിച്ചു നൽകുകയാണ് ഇത്തരം ഇവന്റുകളിലൂടെ ഉദ്ദേശിക്കുന്നത്. പഴയ ആശയങ്ങളെ പുതിയ കാലത്തിന് അംഗീകരിക്കാനും ഇഷ്ടപ്പെടാനും കഴിയുന്ന വിധത്തിൽ റീ ഇന്നൊവേറ്റ് ചെയ്തു റീ ഇമാജിൻ ചെയ്തു അവതരിപ്പിക്കുകയാണ്. അതാണ് ലക്ഷ്മിൻ രേഖയുടെ പ്രത്യേകത.

മൂന്നാമത്തെ ഇവന്റ് ‘റാപ്പ് ’(wrap) ആയിരുന്നു. ‘‘ ജനിക്കുമ്പോൾ നമ്മളെ തുണിയിൽ പൊതിഞ്ഞെടുക്കുകയാണ് ചെയ്യുക. മരിക്കുമ്പോഴും തുണിയിൽ പൊതിഞ്ഞാണ് യാത്രയാക്കുക. ഭരണികൾ നമ്മൾ തുണികൊണ്ടു കെട്ടിയാണ് പൊതിഞ്ഞിരുന്നത്. പച്ചക്കറികൾ തുണിയിൽ പൊതിഞ്ഞാണ് കേടാകാതെ സൂക്ഷിച്ചു വച്ചിരുന്നത്. ചേക്കുട്ടി പൊതിഞ്ഞെടുത്തൊരു പാവക്കട്ടിയാണ്.

lakhsmin-rekha-3 ലക്ഷ്മിൻ രേഖയിലെ കോട്ടൻ ഹാന്റ്ലൂം കളക്ഷൻ

സമൂഹത്തിന് മാറ്റം വരുത്തുകയും നമ്മുടെ ജീവിത ചര്യയുടെ ഭാഗമായിരിക്കുകയും ചെയ്ത തുണി കൊണ്ടുള്ള പല വിധ പൊതിയൽ രീതിികളെ അവിടെപരിചയപ്പെടുത്തിയിരുന്നു.

ഉപയോഗശേഷവും പ്രകൃതിക്ക് യാതൊരു വിധത്തിലുള്ള ദോഷവും ഉണ്ടാക്കാത്ത ഉത്പന്നമായ തുണിയുടെ ഉപയോഗം കൂട്ടുക എന്ന ലക്ഷ്യത്തോടെ ആധുനിക കാലത്തിനും ട്രൻഡിനും ചേരുന്ന വിധത്തിലാണ് അവ അവതരിപ്പിച്ചത്.

അതോടൊപ്പം തന്നെ ലക്ഷ്മിൻ രേഖ എന്ന ബ്രാൻഡ് നെയിമിൽ വസ്ത്രങ്ങളും വിപണിയിലെത്തിച്ചു. വേനൽ പ്രമാണിച്ച് കോട്ടൺ ഹാൻഡ് ലൂം ഫാഷൻ വസ്ത്രങ്ങളുടെ സൺലൂം എന്ന കളക്ഷൻ ലക്ഷ്മിൻ രേഖ അവതരിപ്പിച്ചുട്ടുണ്ട്.

കേരളത്തിന്റെ തനത് അറിവും വിജ്ഞാനവും പാരമ്പര്യമായ ശീലങ്ങളും ബിസിനസിലൂടെ സമൂഹത്തിൽ പ്രയോജനകരമാക്കുക, ചെറുകിട കൈത്തൊഴിലുകാരെയും കരകൗശല പ്രവർത്തകരെയും അവരുടെ പ്രോഡക്റ്റുകളെയും സമൂഹത്തിന് പരിചയപ്പെടുത്തുക, ഏതു വിധത്തിലുമുള്ള അതിർ വരമ്പുകൾ മായ്ച്ചു കൊണ്ട് ഇവയെയെല്ലാം പ്രചരിപ്പക്കുക എന്നതാണ് ഈ മൂന്നു ഇവന്റുകളിലൂടെ ലക്ഷ്യം വച്ചത്.