Monday 16 March 2020 12:22 PM IST : By സ്വന്തം ലേഖകൻ

കൊറോണ വൈറസ് 3 ദിനം വരെ വാതിൽപ്പിടി, സ്വിച് പോലുള്ള പ്രതലങ്ങളിൽ ജീവിക്കും; പുതിയ പഠനത്തിനു പിന്നിലെ സത്യം

corona

കൊറോണയെന്ന അദൃശ്യ ശക്തിക്കെതിരെയുള്ള പോരാട്ടത്തിലാണ് നാട്. പ്രതിരോധവും ജാഗ്രതയും മുതൽക്കൂട്ടാക്കി ഈ മഹാമാരിക്കെതിരെ പോരാടുമ്പോൾ കൈകോർക്കാൻ ലോകം ഒന്നാകെയുണ്ട്. ശരവേഗത്തിൽ പടരുന്ന ഈ വൈറസിനെ തുരത്താൻ ശാസ്ത്രലോകം മുന്നിട്ടിറങ്ങുന്ന വേളയിൽ ഒരു നിർണായക കണ്ടെത്തൽ. കൊറോണ വൈറസ് മൂന്നു ദിവസം വരെ വാതിൽപ്പിടി, ലിഫ്റ്റ് സ്വിച്ച് പോലുള്ള പ്രതലങ്ങളിൽ ജീവിക്കുമെന്നതാണ് പുതിയ പഠനം. ശാസ്ത്രലോകത്ത് ചർച്ചയാകുന്ന പുതിയ പഠനം സംബന്ധിച്ച് വിശദമായി മനോരമ ആരോഗ്യം ഫെയ്സ്ബുക്ക് പേജിൽ പങ്കുവച്ച കുറിപ്പിങ്ങനെ;

ഫെയ്സ്ബുക്ക് കുറിപ്പ് വായിക്കാം;

കൊറോണ വൈറസ് മൂന്നു ദിവസം വരെ വാതിൽപ്പിടി, ലിഫ്റ്റ് സ്വിച് പോലുള്ള പ്രതലങ്ങളിൽ ജീവിക്കും....
************** *********** **************
പുതിയ പഠനത്തിലെ കണ്ടെത്തലുകൾ അറിയാം

കൊറോണ വൈറസ് സംബന്ധിച്ച ഏറ്റവും പുതിയ പഠനം പറയുന്നത്, വാതിൽ പിടികൾ, ലിഫ്റ്റിന്റെ സ്വിച്ച്, മൊബൈൽ ഫോൺ പോലുള്ള പ്ലാസ്റ്റിക് - സ്റ്റീൽ പ്രതലങ്ങളിൽ 3 ദിവസവും കാർഡ്ബോർഡ് പ്രതലത്തിൽ ഒരു ദിവസവും വൈറസ് നശിക്കാതെ നിലനിൽക്കുമെന്നാണ്. എന്നാൽ കോപ്പർ പോലുള്ള ചില പ്രതലങ്ങളിൽ വൈറസിന് അധികം നിലനിൽക്കാനാകില്ലെന്നും ഗവേഷകർ പറയുന്നു. കോപ്പർ പ്രതലങ്ങളിൽ 4 മണിക്കൂർ മാത്രമാണ് വൈറസ് നശിക്കാതിരിക്കുക. അന്തരീക്ഷ ഊഷ്മാവ്, സൂര്യപ്രകാശം, ആർദ്രത ഇവയ്ക്കനുസരിച്ചും വൈറസിന്റെ അതിജീവന ശേഷിയിൽ വ്യത്യാസം വരും.


കൊറോണ രോഗത്തിനിടയാക്കുന്ന നോവൽ കൊറോണ വൈറസിൻ മേൽ ഇത്തരത്തിൽ നടത്തിയ ആദ്യ പഠനമാണിത്. യു എസിലെ മൊണ്ടാനയിലെ റോക്കി മൗണ്ടൻ ലബോറട്ടറിയിലെ ഗവേഷകരാണ് നോവൽ കൊറോണ വൈറസിൽ വിവിധ പരീക്ഷണങ്ങൾ നടത്തി ഈ കണ്ടെത്തൽ നടത്തിയത്.
ഇതുവരെ വൈറസ് എത്രസമയം പ്രതലങ്ങളിൽ ജീവിക്കും എന്നതിന് വ്യക്തമായ ഉത്തരം ഇല്ലായിരുന്നു. വൈറസ്, ഏതാനും മണിക്കൂറുകൾ മുതൽ ദിവസങ്ങൾ വരെ പ്രതലങ്ങളിൽ നിലനിൽക്കുമെന്നാണ് ലോകാരോഗ്യ സംഘടന ഉൾപ്പെടെയുള്ള ആരോഗ്യ ഗവേഷണ വിദഗ്ധർ ഇതുവരെ പറഞ്ഞിരുന്നത്.


പ്രതലങ്ങൾ അണുവിമുക്തമാക്കേണ്ടതിന്റെ ആവശ്യകതയാണ് ഈ പഠനം ചൂണ്ടിക്കാണിക്കുന്നത്. ഇടയ്ക്കിടെ കൈ കഴുകുന്നത് പോലെ ബ്‌ളീച്ചോ, ആൽക്കഹോൾ അടങ്ങിയ സാനിറ്ററി വൈപ്സൊ കൊണ്ട് പ്രതലങ്ങളും വൃത്തിയാക്കണം.