Tuesday 01 December 2020 04:12 PM IST

സ്വീഡനിലെ ആവിക്കുളി, സ്പെയിനിലെ ഉരുളക്കിഴങ്ങ്, റഷ്യക്കാരുടെ മുഖത്തടി: സൗന്ദര്യം കൂട്ടാൻ ഇതരദേശങ്ങളിൽ നിന്നുള്ള പൊടിക്കൈകൾ....

Santhosh Sisupal

Senior Sub Editor

foreign4786238

ഗ്രീക്ക്–റോമൻ കാലത്തെ ഏറ്റവും വലിയ സൗന്ദര്യ ദേവത വീനസ് ആയിരുന്നു. ചരിത്രത്തിലെ ഏറ്റവും സുന്ദരി ഈജിപ്തിലെ ക്ലിയോപാട്ര ആണ്. ഗ്രീസിൽ സൗന്ദര്യത്തിന്റെ ഇതിഹാസരൂപമായി അപ്പോളോദേവനെയാണ് കണ്ടിരുന്നത്. ഇങ്ങനെ ഓരോ ദേശത്തും സൗന്ദര്യത്തിനു ചില പ്രതിരൂപങ്ങളുണ്ട്. അവരുടെയൊക്കെ സൗന്ദര്യ രഹസ്യങ്ങൾ അന്വേഷിക്കുന്നവരുമുണ്ട്. സൗന്ദര്യദേവതയായ വീനസിന്റെ മുടിയഴകിന്റെ രഹസ്യം ഒലിവ് എണ്ണയും മുഖകാന്തിയുടെ രഹസ്യം തണുത്തവെള്ളത്തിൽ മുഖം കഴുകുന്നതും ആണെന്ന് റോമൻ പൗരാണിക ശാസ്ത്രങ്ങൾ പറയുന്നു.

മുഖത്ത് അടിക്കുന്ന റഷ്യ

മുഖസൗന്ദര്യത്തിനുള്ള റഷ്യക്കാരുടെ പൊടിക്കൈ കേട്ടാൽ വിശ്വസിക്കാൻ തോന്നില്ല. മെയ്ക്കപ് ചെയ്യുന്നതിനു മുൻപ് കവിളിലും നെറ്റിയിലും മുഖത്തു മറ്റു ഭാഗങ്ങളിലും അവർ മൃദുവായി അടിക്കും. ഇത് ചർമത്തിലേക്കുള്ള രക്തയോട്ടം കൂട്ടുകയും മുഖചർമം തുടുത്തു നിൽക്കുകയും ചെയ്യുമത്രേ.

∙ മനോഹരമായ മുടിയഴകിനായി റഷ്യക്കാർ പ്രത്യേകമായ ഒരു ലേപനം തയാറാക്കാറുണ്ട്. മുട്ട, മയൊണൈസ്, ബിയർ അല്ലെങ്കിൽ വൈൻ എന്നിവ യോജിപ്പിച്ചുള്ള മാസ്ക് മുടിയിൽ തേച്ചു പിടിപ്പിച്ചു കഴുകിക്കളയുന്നു. ഇതു മുടിക്കു തിളക്കവും മാർദവവും ബലവും നൽകുന്നു.

സ്വീഡനിലെ ആവിക്കുളി

സ്വീഡൻ സുന്ദരിമാരുടെ അഴകിന്റെ പ്രധാന രഹസ്യം ആവിക്കുളിയാണ്. വെള്ളം കുടിച്ച ശേഷം ഷവറിൽ കുളിച്ചു കഴിഞ്ഞ് ശരീരം ശുചിയായ ശേഷമാണ് ആവിക്കുളിക്കുള്ള മുറിയിലേക്കു കടക്കുന്നത്. നീരാവിയിൽ ശരീരം വിയർക്കുന്നതോടെ ചർമത്തിൽ അടിഞ്ഞുകൂടിയ എല്ലാ മാലിന്യങ്ങളും പുറന്തള്ളപ്പെടും.

∙ അവിക്കുളിക്കു തുല്യമായി സ്വീഡൻ ജനത ചെയ്യുന്ന ഒരു പൊടിക്കൈ ഉണ്ട്. ഒലിവ് ഓയിൽ, യൂക്കാലിയെണ്ണ, ഇന്തുപ്പ് എന്നിവ ചേർത്ത മിശ്രിതം ശരീരമാസകലം തേച്ചു കുളിച്ചാലും ആവിക്കുളി പോലെ ചർമം ശുദ്ധമാകും.

സ്പെയിനിലെ ഉരുളക്കിഴങ്ങ്

കാളപ്പോരിന്റെ നാടായ സ്പെയിൻ സുന്ദരികളുടേയും നാടാണ്. കണ്ണിനു ചുറ്റുമായി ഉണ്ടാകുന്ന കറുപ്പാണ് സ്പെയിൻ സുന്ദരികളെ അലട്ടുന്ന പ്രധാന ചർമ പ്രശ്നം. ∙കണ്ണിനു ചുറ്റുമുള്ള കറുപ്പു മാറ്റാൻ ഉരുളക്കിഴങ്ങ് വട്ടത്തിൽ അരിഞ്ഞ് ഓരോപാളി വീതം കൺതടങ്ങളും പോളകളും മൂടും വിധം സാവധാനം അമർത്തിവയ്ക്കുന്നു. 10–15 മിനിറ്റ് കഴിഞ്ഞ് ശേഷം എടുത്തുമാറ്റുന്നു. പെട്ടെന്നു തന്നെ കറുപ്പ് കുറയുമെന്നാണ് അവരുടെ വിശ്വാസം.