Thursday 05 November 2020 04:18 PM IST : By സ്വന്തം ലേഖകൻ

എല്ലാവരെയും മൂടുന്ന ഭയത്തിന്റെ മാസ്ക്, എങ്ങും സെമിത്തേരി അന്തരീക്ഷം: അതിരുവിടുന്ന കൊറോണ ഭയത്തേക്കുറിച്ച് ഫാ. ജോസഫ് പുത്തൻപുരയ്ക്കൽ...

frjo

രാവിലെ മൊബൈൽ ബെല്ലടി കേട്ടാണ് മത്തായി ഉണർന്നത്. വിളിക്കുന്നത് അപ്പുറത്തെ വീട്ടിലെ ചാക്കോയാണ്. അറിഞ്ഞോ, നമ്മുടെ അഞ്ചാം വാർഡ് കണ്ടെയ്ൻമെന്റ് സോണാക്കി. മത്തായി ഉറക്കപ്പിച്ചിലാണ്. അതുകൊണ്ടു തന്നെ ഈർഷ്യ തോന്നാതിരുന്നില്ല.

‘‘ഇതു പറയാനാണോ രാവിലെ വിളിച്ചത്. ?’’

അപ്പോൾ മറുതലയ്ക്കൽ നിന്ന് വന്നു മറുപടി. ‘‘അതല്ല, ആ വഴിയല്ലെ വണ്ടിയോടിച്ചു പോകുന്നത്. ഇനി അതുവഴി പോകണ്ട കേട്ടോ. അവിടൊക്കെ ആകെ വൈറസായിരിക്കും’’!!! ’’

ഇതൊരു സങ്കൽപ കഥയല്ല. ഇപ്പോൾ സംഭവിക്കുന്നതാണ്. കാർ ആക്സിഡന്റിൽ പെട്ട് ചോരയിൽക്കുളിച്ച് കിടന്നയാളെ ആശുപത്രിയിലെത്തിക്കാൻ പോലും കൊറോണ പേടി കാരണം ആളുകൾ മടിച്ചത് നിങ്ങളൊക്കെ വായിച്ചു കാണുമല്ലൊ. വിദേശത്തു കിടന്ന് കുടുംബത്തിനു വേണ്ടി ചോര നീരാക്കി അധ്വാനിച്ചയാൾ. നാട്ടിൽ വന്ന് ക്വാറന്റീനിൽ കഴിയുന്നതിനിടെ മരണപ്പെട്ടിട്ട് ദിവസങ്ങൾ കഴിഞ്ഞ് ദുർഗന്ധം പരന്നപ്പോഴാണ് അക്കാര്യം മറ്റുള്ളവർ അറിയുന്നത്.

എന്നാൽ രോഗത്തെ മനസ്സാന്നിധ്യത്തോടെ നേരിടുന്നവരുമുണ്ട്. കോവിഡ് പൊസിറ്റീവായ ഒരു ഡോക്ടർ സമൂഹമാധ്യമങ്ങളിൽ പങ്കുവച്ച കുറിപ്പ് വൈറലായിരുന്നു. ധൈര്യപൂർവം അവർ രോഗത്തെ നേരിടുന്ന അനുഭവം നമുക്കെല്ലാവർക്കും പകർത്താവുന്ന മാതൃകയാകട്ടെ. ദുർബലമാക്കുന്ന ഭയം ഭയം മനുഷ്യരെ അസ്വസ്ഥരാക്കുന്ന ഒരനുഭവമാണ്.

പല വിധത്തിൽ ഭയം നമ്മുടെ ജീവിതത്തെ സ്വാധീനിക്കാം. ചിലരിൽ ഭയം വലിയ ശക്തിയുണ്ടാക്കും. ചിലരിൽ ഭയം ഉള്ള ശക്തി ചോർത്തിക്കളയും. ഇന്നു ഭയത്തിന്റെ ലോകത്താണ് നമ്മൾ ജീവിക്കുന്നത്. കൊറോണ വൈറസ് നാമെല്ലാവരിലും ഭയം ഉൽപാദിപ്പിച്ചിരിക്കുന്നു. ശക്തിയേറിയ ഭയം. നമുക്ക് എല്ലാ കാര്യങ്ങളിലും ഭയമാണ്. കൊറോണ വൈറസ് വാഹകനാണോ ആൾ എന്ന ഭയം. വീട് സന്ദർശിക്കാൻ വയ്യ. ആരോഗ്യമുള്ളയാൾ ഒരു വീട്ടിൽ കയറിച്ചെന്നാൽ അവിടെക്കിടക്കുന്ന പ്രായമുള്ളയാൾക്ക് ഭയം. ചിലർക്ക് പ്രായമായവരെക്കുറിച്ചാണ് ഭയം. എവിടെ നിന്നാണ് വൈറസ് കിട്ടുക എന്നറിയില്ലല്ലൊ. അടുത്തിരിക്കാൻ ഭയം.

സാമൂഹിക അകൽച്ചയും വൈറസ് ബാധയും ഒരുപാടു മനുഷ്യരെ അസ്വസ്ഥരാക്കുന്നു. ഭയം വരുമ്പോൾ പലതും സംഭവിക്കാം. ഒന്നാമതായി ഉള്ളിൽ ഭയമുള്ളയാൾ തന്നോടു തന്നെ അസ്വാസ്ഥ്യം കാണിക്കും. മനസ്സിൽ ഭയമുണ്ടോ, പെരുമാറ്റത്തിൽ ചില മുറിവുകൾ കാണാം. സംസാരത്തിൽ ചില ക്ഷതങ്ങൾ കാണാം. മനസ്സ് എപ്പോഴും അസ്വസ്ഥമായിരിക്കും. മനസ്സിനെ മഥിക്കുന്ന ഭയം മൂലം ഒന്നിലും ശ്രദ്ധിക്കാൻ പറ്റുകയില്ല. ഒന്നിനും കൃത്യമായ ഉത്തരം കൊടുക്കാൻ പറ്റുകയില്ല. താൻ ആയിരിക്കുന്ന പോലെ പെരുമാറാൻ പറ്റുന്നില്ല. ഒരു കവചം വന്നു മൂടുകയാണ്. പുറത്തു മാസ്ക് വച്ച് മുഖം മൂടുന്നതുപോലെ ഭയത്തിന്റെ മാസ്ക് ...എന്റെ സ്വഭാവത്തെ, എന്റെ ഇടപെടലുകളെ, എന്റെ ജീവിതത്തെ, എന്റെ ബന്ധങ്ങളെ മൂടുകയാണ്. ഇതിന്റെ പരിണിത ഫലം എന്താണ്?

എനിക്ക് ഉള്ളിൽ ഭയം ഉണ്ടെങ്കിൽ എന്നോടുതന്നെ അസ്വസ്ഥത ഉണ്ടെങ്കിൽ, ജീവിതത്തിൽ ഒന്നിനോടും താൽപര്യം കാണില്ല. ഒരു കഴുകനെ പോലെ പറക്കാൻ കഴിവുണ്ട്. പക്ഷേ, കോഴിക്കുഞ്ഞിനെ പോലെ ചുരുങ്ങിപ്പോകുന്നു. ഭയത്തിന്റെ പുറന്തോടിൽ ഇരിക്കുമ്പോൾ മനുഷ്യൻ സ്വാർഥനാകുന്നു. ബന്ധവും സ്വന്തവുമൊക്കെ സൗകര്യം പോലെ മറക്കുന്നു. ചിലപ്പോഴൊക്കെ അത് മനുഷ്യത്വത്തെ തന്നെ മരവിപ്പിച്ചു കളയുന്നു.

മാധ്യമങ്ങൾ ഇതു വർധിപ്പിക്കുന്നുമുണ്ട്. കോവിഡ് വ്യാപനത്തിന്റെ നിരക്കും മരണങ്ങളുടെ കണക്കുമെല്ലാം ആവർത്തിച്ചു കേട്ടുകേട്ട് എല്ലായിടത്തും ഒരു മൃത്യഭയം വ്യാപിച്ചിരിക്കുകയാണ്. മരണം പതിയിരിക്കുന്നതു പോലെ. എവിടെ പോയാലും ഒരു സെമിത്തേരി അന്തരീക്ഷമാണ്. വായും മൂക്കും മറച്ചും കൈ കഴുകിയും സാമൂഹിക അകലം പാലിച്ചും രോഗനിയന്ത്രണത്തിനു നമ്മളും ശ്രമിക്കണം. പക്ഷേ, സാമൂഹിക അകലം മനസ്സുകൾ തമ്മിലുള്ള അകലമാകരുത്. ശാരീരിക അകലമാണ് വേണ്ടത്.

ക്വാറന്റീനിൽ ഒരു മുറിയിൽ തനിയെ കഴിയാനാണ് പറയുന്നത്, തനിച്ചാക്കാനല്ല. മനസ്സുകൊണ്ട് ചേർന്നിരിക്കാം ശാരീരികമായി അടുത്തു പെരുമാറാൻ പറ്റണമെന്നില്ല, ഒന്നു ചേർത്തു നിർത്തി തോളിൽ തട്ടാൻ പറ്റണമെന്നില്ല, കരം അമർത്തിപ്പിടിച്ച് കൂടെയുണ്ടെന്ന് ഉറപ്പു നൽകാനാവില്ല. പക്ഷേ, ദിവസവും ഫോൺ വിളിച്ച് സുഖവിവരം തിരക്കാം, ഞങ്ങൾ കൂടെ തന്നെയുണ്ടെന്ന് ഒാർമിപ്പിക്കാം. ഇഷ്ടമുള്ള ആഹാരം പാചകം ചെയ്തു കൊടുത്തുവിടാം. വിഡിയോകോളിലൂടെ പരസ്പരം കാണാം. അടുത്തിരിക്കാൻ ശരീരം കൊണ്ട് തൊട്ടിരിക്കണമെന്നില്ല. മനസ്സുകൊണ്ട് ചേർന്നിരിക്കാം. അയൽപക്കക്കാരോടും ബന്ധുക്കളോടും സുഹൃത്തുക്കളോടും ഇങ്ങനെ ചേർന്നിരിക്കാൻ ശ്രദ്ധിക്കാം.

മുതിർന്നവരെ കരുതാം വൃദ്ധജനങ്ങൾക്കും കൊച്ചുകുട്ടികൾക്കും പുറത്തിറങ്ങാൻ സാഹചര്യമില്ല. പ്രിയപ്പെട്ടവരെയോ ബന്ധുക്കളെയോ കാണാൻ നിർവാഹമില്ല. അതുകൊണ്ട് കുടുംബാംഗങ്ങളെയോ ബന്ധുക്കളെയോ ഒക്കെ ഇടയ്ക്ക് ഫോണിൽ വിളിച്ചു കൊടുക്കുക, വിഡിയോ കോൾ സൗകര്യമുണ്ടെങ്കിൽ അതാകാം. ദിവസവും അൽപനേരം അവരോട് സംസാരിച്ചിരിക്കുക. ഭയമല്ല ജാഗ്രതയാണ് വേണ്ടത് എന്നു സർക്കാരും ആരോഗ്യവിദഗ്ധരും പറയുന്നതു മനസ്സിൽ കുറിച്ചിടാം.

2050ൽ മരിക്കുമെന്നറിയാം. അതിനു 2020ലേ മൂടിപ്പുതച്ച് കിടക്കണമെന്നില്ലല്ലോ. ധൈര്യം സംഭരിക്കുക, ശക്തി സംഭരിക്കുക. സ്വന്തം മതവിശ്വാസമനുസരിച്ചു പ്രാർഥിക്കുക, പൊസിറ്റീവായ, അറിവും ആലോചനയും തരുന്ന പുസ്തകങ്ങൾ വായിക്കുക. വായന കൊണ്ടുഭയത്തെ അതിജീവിക്കുക. സൗഹൃദങ്ങൾ ഫോണിലൂടെ പുതുക്കാൻ ശ്രദ്ധിക്കുക. ഭയം മനുഷ്യത്വത്തിന്റെ അന്തകനാകാതിരിക്കട്ടെ.

Tags:
  • Mental Health
  • Manorama Arogyam