Wednesday 27 November 2019 06:09 PM IST

മൂന്നര കിലോമീറ്റർ നീളം, 150 അടി താഴ്ച; രണ്ടു വർഷം മുമ്പുള്ള ബെലൂം ഗുഹാദൃശ്യങ്ങൾ

Baiju Govind

Sub Editor Manorama Traveller

_C3R9388 Photo : Harikrishnan

ഇന്ത്യയിലെ ഏറ്റവും നീളമേറിയ ഗുഹ മേഘാലയയിലാണ്. നീളത്തിൽ രണ്ടാം സ്ഥാനത്തു നിൽക്കുന്ന ഗുഹാ സമുച്ഛയം ആന്ധ്രപ്രദേശിൽ. മൂവായിരത്തിലധികം കിലോമീറ്റർ അകലെയുള്ള മേഘാലയയിൽ പോയി ഭൂമിക്കടിയിലൂടെ സഞ്ചരിച്ചിട്ടുള്ള  മലയാളികൾ അനവധി. അതേസമയം, മലയാളക്കരയിൽ നിന്ന് ഒരു രാത്രിയും അരപ്പകലും സഞ്ചരിച്ചാൽ എത്തിച്ചേരാവുന്ന ബെലൂം ഗുഹ എന്ന നിഗൂഢതയെക്കുറിച്ച് മലയാളികൾക്ക് ഇപ്പോഴും അറിവില്ല. അടച്ചിട്ട എടിഎമ്മുകളെ സാക്ഷിയാക്കി കഴിഞ്ഞയാഴ്ച ആന്ധ്രപ്രദേശിലെ തടിപത്രിയിൽ പോയപ്പോഴാണ് ഇക്കാര്യം മനസ്സിലായത്. കടപ്പക്കല്ലുകളുടെ പേരിൽ പ്രശസ്തി നേടിയ റായലസീമയിലാണ് തടിപത്രി. ചോളവും ഉഴുന്നും ചുവന്നുള്ളിയും വിളയുന്ന പാടങ്ങളാണ് തടിപത്രിയുടെ സൗന്ദര്യം. ഈ കൃഷിടിയിടങ്ങൾക്കപ്പുറത്ത് കുന്നിൻ ചെരിവിലെ മണ്ണിനടിയിൽ മൂന്നര കിലോമീറ്റർ നീളത്തിൽ വിശാലമായി നീണ്ടു കിടക്കുന്നു ബെലൂം ഗുഹ. 2017 ഫ്രെബ്രുവരി ലക്കം മനോരമ ട്രാവലറിലൂടെയാണ് ഈ വിസ്മയക്കാഴ്ചയെ വായനക്കാർ ആദ്യമായി അടുത്തറിഞ്ഞത്.

റായലസീമയിലെ തടിപത്രി

_C3R9526

ഉച്ചയ്ക്ക് പന്ത്രണ്ടിനു കോട്ടയത്തു നിന്നു പുറപ്പെട്ട ജയന്തി എക്സ്പ്രസ് പിറ്റേന്നു രാവിലെ എട്ടു മണിക്ക് തടിപത്രിയിലെത്തി. ആന്ധ്രയുടെ മലയോരത്ത് ജനുവരിയുടെ പ്രഭാതം മഞ്ഞു പെയ്ത് പുക മൂടി നിൽക്കുകയായിരുന്നു. ഒരൗൺസ് നിറയുന്ന കപ്പിൽ ചൂടോടെയൊരു മസാലച്ചായ കുടിച്ച ശേഷം ഓട്ടോറിക്ഷ വിളിച്ച് അന്നപൂർണയിലേക്കു നീങ്ങി. തടിപത്രിയിൽ താമസിക്കാൻ ഇടം തേടിയപ്പോൾ ഗൂഗിൾ നിർദേശിച്ച വിലാസമാണ് അന്ന പൂർണ ലോഡ്ജ്. മുപ്പതു വർഷമായി തടിപത്രിയിൽ പ്രവർത്തിക്കുന്ന ലോഡ്ജ് മുറിയുടെ അലങ്കാരങ്ങൾ കണ്ടാൽ അൻപത് വർഷത്തെ പാരമ്പര്യമുണ്ടെന്നു തോന്നും.

_C3R9325

പത്തു മണിക്ക് ഗുഹാമുഖം തുറക്കുമ്പോഴേക്കും ബെലൂമിൽ എത്താമെന്ന ലക്ഷ്യത്തോടെ ടാക്സി വിളിച്ചു. തടിപത്രിയിൽ ജനിച്ചു വളർന്ന ശ്രീനിവാസലു എന്ന  സമയനിഷ്ഠക്കാരനാണു ഡ്രൈവർ. പട്ടണത്തിലെ ഒരു ചായക്കടയുടെ മുന്നിൽ പ്രഭാത ഭക്ഷണം കഴിക്കാൻ അദ്ദേഹം വണ്ടി നിർത്തി. പത്രക്കടലാസിൽ വാഴയില വിരിച്ച് നെയ് ദോശയും ഉഴുന്നു വടയും ചട്നിയും വിളമ്പി. സ്വാദിഷ്ടമായ പലഹാരം കഴിച്ചുകൊണ്ടിരിക്കെ ശ്രീനിവാസലു റായലസീമയുടെ പ്രാദേശിക വിശേഷങ്ങൾ പറഞ്ഞു. പരിത്തല രവി, മടലച്ചെരു സൂരി എന്നിങ്ങനെ രണ്ട് ഫ്യൂഡൽ മാടമ്പികളായിരുന്നു വർത്തമാനത്തിനു വിഷയം. ആജീവനാന്തം വൈരാഗ്യം വച്ചു പുലർത്തി തമ്മിൽത്തല്ലി അവസാനിച്ചവരാണ് രവിയും സൂരിയും. പതിറ്റാണ്ടുകളോളം ഗുണ്ടകളെ ഉപയോഗിച്ചും ഒറ്റയ്ക്കൊറ്റയ്ക്ക് ഏറ്റുമുട്ടിയും രണ്ടു പേരും തെരുവിൽ വീണു മരിച്ചു. രക്തചരിത്ര എന്ന സിനിമ ഇവരുടെ കഥയാണ്.

_C3R9351

റായലസീമയിലെ കൊലപാതക പരമ്പരയുടെ ക്രൂരതകൾ കേട്ട് ദോശ കഴിച്ചു തീർത്തു.  

‘‘തടിപത്രിയിൽ നിന്നു ബെലൂമിലേക്ക് മുപ്പത്തഞ്ചു കിലോമീറ്റർ. ബെലൂം കേവ്സ് ഈസ് ഫേമസ്’’ ശ്രീനിവാസലു വിഷയം മാറ്റി.

ടൗൺ കഴിഞ്ഞാൽ അടുത്ത കവല സജ്ജലദിന്നെയാണ്. കുറച്ചു ചായക്കടകളും പലചരക്കു കടയുമുള്ള സ്ഥലം. അവിടം പിന്നിട്ടാൽ കടപ്പക്കല്ലുകൾ കൂട്ടിയിട്ട പാടങ്ങൾക്കു നടുവിലൂടെയാണ് റോഡ്. കുണ്ടും കുഴിയുമില്ലാത്ത വൃത്തിയുള്ള, വിശാലമായ ഹൈവേ. അങ്കിവീഥിപ്പള്ളി താണ്ടി കന്നകാദ്രിപ്പള്ളി എത്തിയപ്പോൾ മല നിര കണ്ടു തുടങ്ങി. വിൻഡ് മിൽ പ്രവർത്തിപ്പിക്കാനുള്ള പടുകൂറ്റൻ കാറ്റാടികളുടെ നിരയാണ് മലമുകളിലെ കാഴ്ച. എൽ ആൻഡ് ടി സിമന്റ് ഫാക്ടറിയുടെ മുന്നിലൂടെ ഇട്ടിക്കല, കൊള്ളിമിഗുണ്ട്‌ല എന്നീ പ്രദേശങ്ങൾ പിന്നീട്ട് ബെലൂമിന്റെ കവാടത്തിലെത്തിയപ്പോൾ സമയം 10.30.  

_C3R9524

പാർക്കിങ് ഏരിയയുടെ വലതുഭാഗത്ത് മലഞ്ചെരുവിൽ വലിയൊരു ബുദ്ധ പ്രതിമ സ്ഥാപിച്ചിട്ടുണ്ട്. വെള്ള നിറം തേച്ച് ഭംഗിയായി പരിപാലിച്ചിട്ടുള്ള പ്രതിമയുടെ മുൻഭാഗം വിശാലമായ പറമ്പാണ്. കണ്ണെത്താ ദൂരത്തോളം ചെമ്മണ്ണും ചെങ്കല്ലും പരന്നു കിടക്കുന്നു.

‘‘ബെലൂം ഗുഹയെ ടൂറിസം കേന്ദ്രമാക്കി മാറ്റിയ ശേഷമാണ് ബുദ്ധന്റെ ശിൽപ്പം സ്ഥാപിച്ചത്. വൈകുന്നേരങ്ങളിൽ ബുദ്ധപ്രതിമയ്ക്കു മുന്നിൽ സന്ദർശകർ നിറയും’’ എല്ലാ ദിവസവും ബെലൂമിൽ വന്നുപോകാറുള്ള ശ്രീനിവാസലു തെലുങ്കിൽ തമിഴ് കലർത്തി പറഞ്ഞു.

ഇരുൾ നിറഞ്ഞ പാതാള വഴികൾ

_C3R9520

ബെലൂം ഗുഹയിൽ കയറാനെത്തിയവർക്കൊപ്പം ടിക്കറ്റ് കൗണ്ടറിനു മുന്നിൽ ക്യൂ നിന്നു. ഗുഹാമുഖത്തേക്കുള്ള ഗോവണിയുടെ സമീപത്തായി ബച്ചം ചലപതി റെഡ്ഡി എന്ന മുൻ പൊലീസ് ഓഫിസറുടെ അർധകായ പ്രതിമ സ്ഥാപിച്ചിട്ടുണ്ട്. ബെലൂം കേവ്സിന്റെ സ്ഥാപകനാണ് റെഡ്ഡി. ഒരു പൊലീസുകാരനാണ് ബെലൂം ഗുഹ കണ്ടെത്തിയതെന്ന് വായിച്ചറിഞ്ഞപ്പോൾ വ ലിയ കൗതുകം തോന്നി. ടിക്കറ്റ് കൗണ്ടറിലിരിക്കുന്ന ‘തൊമ്മുടു’വിനോട് അ തിന്റെ അണിയറക്കഥ  ചോദിച്ചു. അനിയൻ എന്ന പദത്തിന്റെ തെലുങ്കു വാക്കാണ് തൊമ്മുടു.

_C3R9412

‘‘റോബർട്ട് ബ്രൂസ് ഫൂട് എന്ന യൂറോപ്യൻ സർവെയറാണ് ബെലൂം ഗ്രാമത്തിനടിയിൽ ഗുഹയുണ്ടെന്നു കണ്ടെത്തിയത്. അക്കാലത്ത് ഗുഹയ്ക്കുള്ളിൽ ഓക്സിജന്റെ അളവ് കുറവായിരുന്നു. ഭൂമിക്കടിയിലൂടെ വെള്ളമൊഴുകി ഗുഹ രൂപപ്പെട്ടകാര്യം 1884ൽ അദ്ദേഹം പുറം ലോകത്തെ അറിയിച്ചു. നൂറു വർഷങ്ങൾക്കു ശേഷം ജർമനിയിൽ നിന്നുള്ള ഒരു സംഘം ഗവേഷകർ ബെലൂമിലെ ഗുഹകളുടെ ഉള്ളറകളിലേക്ക് ഇറങ്ങിച്ചെന്നു. ബെലൂം ഗുഹ മൂന്നര കിലോമീറ്റർ നീളത്തിൽ പരന്നു കിടക്കുന്നുണ്ടെന്ന് അവർ കണ്ടെത്തി. 1988ൽ ആന്ധ്രപ്രദേശ് ടൂറിസം വകുപ്പ് ഗുഹ സഞ്ചാര യോഗ്യമാക്കി. ’’ ടിക്കറ്റുകൾ കീറി നൽകുന്നതിനിടെ ജോലിക്കാരൻ പറഞ്ഞു.

_C3R9406

‘‘ഓക്സിജൻ ഇല്ലാത്ത ഗുഹയിലേക്കാണോ ഇറങ്ങിച്ചെല്ലുന്നത് ?’’ ബെലൂമിന്റെ ചരിത്രം കേട്ട് യാത്രികരിലൊരാളുടെ മുഖത്തു ഭയം നിറഞ്ഞു.

‘‘ഗുഹയുടെ ഉൾഭാഗത്ത് മൂന്നര കിലോമീറ്റർ ദൂരം വൃത്തിയാക്കി വിളക്കു തെളിച്ചു വച്ചിട്ടുണ്ട്. ഇതിനിടയിൽ വലത്തോട്ടും ഇടത്തോട്ടുമായി ചെറിയ ഗുഹാമുഖങ്ങൾ കാണാം. അവിടെ അപായ സൂചനകൾ സ്ഥാപിച്ചിട്ടുണ്ട്. മുന്നറിയിപ്പ് അവഗണിച്ച് സാഹസം കാണിക്കാനായി ഇരുൾ മൂടിയ ഗുഹകളിലേക്ക് കയറരുത്. അവിടെ ഓക്സിജന്റെ അളവു കുറവാണ്. ശ്വസിക്കാൻ പറ്റാത്ത ഇടമായതുകൊണ്ടാണ് പ്രവേശനം നിരോധിച്ചിട്ടുള്ളത്.’’ ജോലിക്കാരൻ കാര്യങ്ങൾ വ്യക്തമാക്കി.

_C3R9489

കർണൂലിൽ നിന്നുള്ള ഒരു സംഘത്തിനൊപ്പം ഗുഹാ കവാടത്തിലേക്കു നീങ്ങി.  കിണറിന്റെ രൂപമുള്ള കുഴിയാണ് ഗുഹാമുഖം. ഇരുമ്പു ഗോവണിയിലൂടെയാണ് ഇറങ്ങിച്ചെല്ലുന്നത്. വട്ടത്തിൽ വെട്ടിയെടുത്ത പൂമുഖം പോലെയൊരു സ്ഥലത്ത് ഗോവണിപ്പടികൾ അവസാനിക്കുന്നു. അവിടം കടപ്പക്കല്ലിട്ട് മിനുസപ്പെടുത്തിയിട്ടുണ്ട്. ഗുഹയുടെ ആദ്യ ഭാഗമായ സിംഹദ്വാരത്തിലേക്കു പ്രവേശിക്കുന്നത് ഇവിടെ നിന്നാണ്.

_C3R9515

ഗുഹാമണ്ഡപം

സൂര്യ പ്രകാശത്തിൽ നിന്ന് പൊടുന്നനെ ഇരുട്ടിലേക്കിറങ്ങി. നിയോൺ ബൾബുകളുടെ വെളിച്ചത്തിൽ മൺപാതയിലൂടെ മുന്നോട്ടു നടന്നു. കൈവരികൾ കെട്ടിയ ഇരുമ്പുപാലത്തിലൂടെ മറുകരയെത്തിയപ്പോൾ പഴകിയ ചെമ്മണ്ണിന്റെ ഗന്ധം. ലോറിക്ക് കടന്നു പോകാവുന്നത്രയും വലിയ സ്ഥലമാണു സിംഹദ്വാരം. വീതിയുള്ള നടപ്പാതയുടെ ഇരുവശത്തും മണ്ണും ചെങ്കല്ലും കുമിഞ്ഞു കൂടിക്കിടക്കുന്നു. പതുക്കെ സംസാരിച്ചിട്ടും ആളുകളുടെ ശബ്ദം ഗുഹാതലങ്ങളിൽ തട്ടി പ്രതിധ്വനിച്ചു.

_C3R9439

കഷ്ടിച്ച് അമ്പതു മീറ്റർ മുന്നോട്ടു പോയപ്പോൾ ഹാലജൻ ബൾബിന്റെ തെളിഞ്ഞ വെളിച്ചമുള്ള വിശാലമായൊരു സ്ഥലത്ത് എത്തിച്ചേർന്നു. രാമ സുബ്ബ റെഡ്ഡി ഹാൾ എന്നാണ് ഈ ഗുഹാതലത്തിന്റെ പേര്. ഇവിടെ നിന്നു നാലു ഭാഗങ്ങളിലേക്ക് ഗുഹകൾ വഴി പിരിയുന്നു. ഇതിലൊന്നിൽ കൃത്രിമ ജലധാര ഒരുക്കിയിട്ടുണ്ട്. മേൽക്കൂരയോളം പൊങ്ങിയ ശേഷം നിലം പതിക്കുന്ന വെള്ളത്തിന്റെ ശബ്ദം മുഴങ്ങിക്കേൾക്കാം. ജലധാരയുടെ സമീപത്തു നിന്നു പടികൾ നീളുന്നത് പടിഞ്ഞാറു ഭാഗത്തുള്ള തുരങ്കത്തിലേക്കാണ്. കിഴക്കോട്ടുള്ള വഴിയുടെ പേര് ‘മണ്ഡപം’.

‘‘പാതാള ഗംഗയിലെത്താൻ മണ്ഡപത്തിലൂടെ നടക്കണം.’’ തെലുങ്കരിലൊരാൾ അറിവു പങ്കുവച്ചു. അഭിപ്രായ വ്യത്യാസങ്ങളില്ലാതെ എല്ലാവരും മണ്ഡപത്തിന്റെ പടവുകളിറങ്ങി.  ഗുഹാദ്വാരത്തിൽ നിന്ന് ഏകദേശം അര കിലോമീറ്റർ പിന്നിട്ട ശേഷമാണ് മണ്ഡപം.

മണ്ഡപം എന്നാണു പേരെങ്കിലും ആ ഗുഹയ്ക്ക് മണ്ഡപത്തിന്റെ യാതൊരു രൂപവുമില്ല. ഇരുളടഞ്ഞ, വളഞ്ഞു പുളഞ്ഞ ദ്വാരം.  ചുമരിനും നിലത്തിനും മേൽക്കൂരയ്ക്കും ഒരേ നിറം. മണ്ണും ചെളിയും വായുവിൽ കലർന്ന് പരിചിതമല്ലാത്ത മണം. ഇരുട്ടിന്റെ നിശബ്ദതയിൽ ചെറു പ്രാണികൾ ഇരമ്പി നീങ്ങി. ആകെപ്പാടെയൊരു യക്ഷിപ്പടത്തിന്റെ ക്ലൈമാക്സ് പോലെ. പേടി തോന്നിയിട്ടാണോ  ധൈര്യം കാണിക്കാനാണോ എന്നു  മനസ്സിലായില്ല, കൂട്ടത്തിൽ ചിലർ കൂവി വിളിച്ചു.

ഇരുവശത്തും പാറക്കെട്ടുകളിൽ വൈദ്യുത വിളക്കുകൾ സ്ഥാപിച്ചിട്ടുണ്ട്. അവയുടെ പ്രകാശം കലർന്ന് ഗുഹയുടെ നിറം ചുവപ്പാണോ മഞ്ഞയാണോ എന്നു മനസ്സിലാക്കാൻ കഴിഞ്ഞില്ല. ഒരാൾക്ക് കഷ്ടിച്ച് കടന്നു പോകാവുന്ന വിധം പാറയെ പിളർന്നുണ്ടാക്കിയ വിടവ് താണ്ടിയപ്പോൾ നിയോൺ വെളിച്ചം നിറഞ്ഞു. ഭൂമിയുടെ മുകളിൽ നിന്നു ശുദ്ധവായു വലിച്ചെടുത്ത് ഗുഹയിലേക്കു തള്ളുന്ന പൈപ്പ് മുന്നിൽ തെളിഞ്ഞു. സീലിങ് ഫാനിന്റെ വേഗതയിൽ കാറ്റിറങ്ങുന്ന പൈപ്പിനു ചുവട്ടിൽ വട്ടം കൂടി നിന്ന് സഞ്ചാരികൾ ഉഷ്ണമകറ്റി.

കോടിലിംഗലു

_C3R9417

ഗുഹയ്ക്കുള്ളിലൂടെ ഒരു കിലോമീറ്റർ നടക്കുന്നതും റോഡിലൂടെ പത്തു കിലോമീറ്റർ നടക്കുന്നതും ചൂടിന്റെ കാര്യത്തിൽ ഒരേപോലെയാണ്. അടുപ്പത്തു പുഴുങ്ങാനിട്ട പോലെ ശരീരം വിയർത്തു കുളിച്ചു. എങ്കിലും, ഗുഹ സന്ദർശിക്കാനെത്തിയവർ ആകാംക്ഷയോടെ മുന്നോട്ടു നീങ്ങി. കറന്റ് പോയാൽ എന്താകും അവസ്ഥ ? മുകളിൽ നിന്നു വായു എത്തിക്കുന്ന പൈപ്പുകളുടെ പ്രവർത്തനം നിലച്ചാൽ എന്തു ചെയ്യും? അപകടമുണ്ടായാൽ ആളുകളെ എങ്ങനെ ഗുഹയുടെ പുറത്ത് എത്തിക്കും? പലരും ആശങ്ക പ്രകടിപ്പിച്ചു.

‘‘ബെലൂം ഗുഹയിൽ ഇതുവരെ അപകടങ്ങളൊന്നും സംഭവിച്ചിട്ടില്ല. ഗുഹയുടെ ഓരോ കൈവഴികളിലും സിസിടിവി സ്ഥാപിച്ചിട്ടുണ്ട്. രക്ഷാ പ്രവർത്തനത്തിന് സന്നദ്ധരായി ഒരു സംഘം ഗുഹയ്ക്കു പുറത്ത് കാവൽ നിൽക്കുന്നുണ്ട്. വൈദ്യുതി വിളക്കുകൾ അണഞ്ഞാൽ പരക്കം പായരുത്. എല്ലാവരും വട്ടം ചേർന്ന് എയർ ഷാഫ്റ്റുകൾക്കു കീഴെ നിൽക്കുക.’’ സഹായത്തിനെത്തിയ ആൾ എല്ലാവരും കേൾക്കാനായി ഉറക്കെ പറഞ്ഞു.

ആശങ്ക മാറി. നടത്തം തുടർന്നു. കോടിലിംഗത്തിനരികിലേക്കുള്ള പാതയിലെത്തി. അവിടെ പകൽ പോലെ വെളിച്ചം വിതറുന്ന വിളക്കുകൾ സ്ഥാപിച്ചിട്ടുണ്ട്. ഗുഹാഭിത്തികളുടെ ഡിസൈനിലെ സവിശേഷത വ്യക്തമാവാനാണ് വലിയ വിളക്കുകൾ സ്ഥാപിച്ചിട്ടുള്ളത്.

‘‘ഭൂമിക്കടിയിൽ ഒഴുകിയിരുന്ന നദിയാണ് ബെലൂം. കൃഷ്ണ നദിയുടെ കൈവരിയാണ് ബെലൂമെന്നു ഭൂമിശാസ്ത്ര വിദഗ്ധരുടെ അഭിപ്രായം. വെള്ളം നിറഞ്ഞൊഴുകിയ സമയത്ത് രൂപപ്പെട്ട തടങ്ങളാണ് ബെലൂമിന്റെ ഭിത്തിയും മേൽക്കൂരയും. കുത്തൊഴുക്കിന്റെ ശക്തിയിൽ ഗുഹയുടെ ഒരു ഭാഗത്തെ മണ്ണ് കോടിലിംഗത്തിന്റെ രൂപം പ്രാപിച്ചു. നിവർത്തിയ കുട പോലെ മനോഹരമാണ് മേൽക്കൂര.’’ സന്ദർശകർക്കൊപ്പമുള്ള വഴികാട്ടി ആ സ്ഥലത്തിന്റെ പ്രത്യേകത വിവരിച്ചു.

കോടിലിംഗം  കണ്ട ശേഷം  മായാമന്ദിരത്തിൽ എത്തണമെങ്കിൽ തിരിച്ചു നടക്കണം.  അടുക്കിയിട്ട മൺകട്ടകൾ ചേർത്തു വച്ചുണ്ടാക്കിയ ശിൽപ്പം പോലെ സുന്ദരമാണ് മായാമന്ദിരം. മേൽക്കൂരയിൽ പലതരം രൂപങ്ങൾ തൂങ്ങി നിൽക്കുന്നുണ്ട്. മണ്ണിനടിയിൽ വെള്ളമൊഴുകി സൃഷ്ടിക്കപ്പെട്ട ഈ സ്ഥലത്തിന്റെ വിസ്താരം അദ്ഭുതകരം.

ഇത്രയും ദൂരം നടന്നതിനിടെ ഏറ്റവും സാഹസികമായി തോന്നിയത് കോടിലിംഗത്തിലേക്കു കയറിച്ചെല്ലുന്ന വഴിയാണ്. ഇടുങ്ങിയ പാതയുടെ അറ്റത്ത് ഒരാൾക്ക് ഞെരുങ്ങി നടക്കാൻ മാത്രം വീതിയുള്ള ഇരുമ്പു പാലം. ചുമലും കാലുകളും കഷ്ടിച്ച് കടത്തിക്കൊണ്ടുപോകാൻ സ്ഥലമുള്ള ഇടുങ്ങിയ പിരിയൻ ഗോവണി കയറി വേണം മുകളിലെത്താൻ. കോടിലിംഗേശനെ കാണാനുള്ള യാത്ര കാഠിന്യമേറിയതാവട്ടെ എന്ന് ആന്ധ്ര ടൂറിസം വകുപ്പ് തീരുമാനിച്ചതായിരിക്കാം.

പാതാളഗംഗ

_C3R9462

മഹാഭാരത യുദ്ധത്തിൽ അമ്പേറ്റു ശരശയ്യയിൽ കിടന്ന ഭീഷ്മർ അർജുനനോട് കുടിക്കാൻ ശുദ്ധ ജലം ചോദിച്ചു. മണ്ണിലേക്ക് അമ്പെയ്ത് അർജുനൻ പാതാളത്തിൽ നിന്നു ഗംഗാജലം ഭൂമിയിലേക്കൊഴുക്കി. പുരാതന കഥയിലെ ഗംഗയെ പുറത്തെത്തിക്കാൻ കുന്തീപുത്രനായ അർജുനൻ എത്ര അടി താഴേക്കാണ് അമ്പെയ്തതെന്ന് അറിയില്ല. അർജുന കഥയിലെ പാതാളഗംഗ നേരിൽ കണ്ടവരുണ്ടോ എന്ന കാര്യവും വ്യക്തമല്ല. എന്നാൽ, പാതാള ഗംഗ എന്നു പേരുള്ള തടാകം ഭൂപ്രതലത്തിൽ നിന്നു നൂറ്റമ്പതടി താഴ്ചയിൽ നിറഞ്ഞു നിൽക്കുന്നുണ്ട്. ബെലൂം ഗുഹയുടെ ഏറ്റവും അടിത്തട്ടിലാണ് തെളിനീരു നിറഞ്ഞ ആ ജലാശയം.

കോടിലിംഗലുവിലേക്കു തിരിയുന്ന സ്ഥലത്ത് ഗുഹാഭിത്തിയിൽ പാതാള ഗംഗയിലേക്കുള്ള ചൂണ്ടു പലക കാണാം. ഇടുങ്ങിയതാണു വഴി. പാറ തുരുന്നുണ്ടാക്കിയ നാലര അടി ഉയരമുള്ള ഗുഹ. ഇവിടം കടന്നാൽ കഷ്ടിച്ച് നടു ഉയർത്തി നിൽക്കാവുന്ന ചെറിയൊരു തളം. അവിടെ നിന്നാൽ പാതാള ഗംഗ കാണാം. കൈക്കുടന്നയിൽ വെള്ളമെടുത്ത് പാതാള ഗംഗയെ സ്പർശിച്ച സന്തോഷവുമായി തിരിച്ചിറങ്ങി. വിശുദ്ധജലമെന്ന് എവിടെയും എഴുതി വച്ചിട്ടില്ലെങ്കിലും വെള്ളത്തിൽ തൊട്ടവരുടെയെല്ലാം മുഖത്ത് അവ്യക്തമായൊരു നിർവൃതി...

എത്രയും വേഗം നാട്ടിലെത്തി ബെലൂമിന്റെ വിശേഷങ്ങൾ എല്ലാവരോടും പറയാനുള്ള ആകാംക്ഷയോടെ ഗുഹാവഴികളിലൂടെ തിരിച്ചു നടന്നു. അങ്ങോട്ടു പോകുമ്പോൾ കുറേ ദൂരമുണ്ടെന്നു തോന്നിയെങ്കിലും മടക്ക യാത്രയിൽ ദൂരം കുറഞ്ഞ പോലെ. നൂറ്റാണ്ടുകൾക്കു മുൻപ് ഭൂമിക്കടിയിൽ നിറഞ്ഞൊഴുകിയ കൃഷ്ണാനദിയുടെ അവശിഷ്ടങ്ങൾക്കു കാലക്രമത്തിലുണ്ടായ മാറ്റം ലോകാദ്ഭുതം പോലെ അതിശയകരം. ആലിന്റെ ഇലയുടെ ആകൃതിയിലും പവിഴപ്പുറ്റുകളുടെ രൂപത്തിലും ഉറച്ചു നിൽക്കുന്നു മൺതിട്ടകൾ പ്രപഞ്ചത്തിലെ മഹാദ്ഭുതങ്ങൾ തന്നെ. എന്നെന്നും കണ്ടാസ്വദിക്കാനായി അവയെല്ലാം ക്യാമറയിൽ പകർത്തി.

ഗുഹയിൽ നിന്നു പുറത്തിറങ്ങിയപ്പോൾ സായാഹ്ന സൂര്യൻ പടിഞ്ഞാറേ മാനം ചുവപ്പിച്ചു തുടങ്ങിയിരുന്നു. ബെലൂം ഗ്രാമത്തിനു മുകളിലൂടെ തടിപത്രിയിലേക്ക് കാർ നീങ്ങി. വണ്ടി കടന്നു പോകുന്ന റോഡിനടിയിൽ, നൂറ്റമ്പതടി താഴ്ചയിൽ കൈവഴികൾ പിരിഞ്ഞ് വിസ്തൃതമായി കിടക്കുകയാണ് അതിപുരാതന ഗുഹാനദി. യൂറോപ്പിൽ നിന്ന് ആന്ധ്രയിലെ കർണൂലിലെത്തി ബെലൂം ഗുഹ കണ്ടെത്തിയ യൂറോപ്യനായ റോബർട്ട് ബ്രൂസേ, നന്ദി. ഇതുപോലൊരു അദ്ഭുതക്കാഴ്ച  സമ്മാനിച്ചതിന് ഒരായിരം നന്ദി. 

ബെലൂം ഗുഹ

ആന്ധ്രപ്രദേശിലെ കർണൂൽ ജില്ലയിലാണ് ബെലൂം ഗുഹ. മൂന്നര കിലോമീറ്റർ നീളം. ഭൂമിക്കടിയിലൂടെ നദി ഒഴുകിയുണ്ടായ തുരങ്കമാണ് ഗുഹയായി മാറിയത്. ആന്ധ്രപ്രദേശ് ടൂറിസം വകുപ്പും പുരാവസ്തു വിഭാഗവും ചേർന്നാണ് ബെലൂം ഗുഹയെ വിനോദ സഞ്ചാര കേന്ദ്രമാക്കി മാറ്റിയത്. സന്ദർശന സമയം : രാവിലെ 10 മുതൽ വൈകിട്ട് 5.30 വരെ. പ്രവേശനത്തിനു ടിക്കറ്റ് നിർബന്ധം, ഗൈഡിന്റെ സഹായം തേടുക.

ശ്രദ്ധിക്കേണ്ട കാര്യങ്ങൾ : ബാഗ്, കവർ തുടങ്ങിയ സാധനങ്ങൾ ക്ലോക്ക് റൂമിൽ ഏൽപ്പിച്ച ശേഷം ഗുഹയിൽ പ്രവേശിക്കുക. ഭക്ഷണ സാധനങ്ങൾ ഗുഹയ്ക്കുള്ളിലേക്ക് കൊണ്ടുപോകരുത്. ഗുഹാഭിത്തികളിലെ സ്വാഭാവിക രൂപങ്ങൾക്കു കേടുപാടു വരുത്തരുത്. പുകവലി, മദ്യം എന്നിവ നിരോധിച്ചിരിക്കുന്നു. സംഘം ചേർന്നു നടക്കുക. ഗുഹാഭിത്തികളിൽ തലയിടിച്ച് മുറിവുണ്ടാകാതിരിക്കാൻ ശ്രദ്ധിക്കുക. വൈദ്യുതി വിച്ഛേദിക്കപ്പെട്ടാൽ സംഘം ചേർന്ന് എയർ ഷാഫ്റ്റിനു താഴെ ഒരുമിച്ചു നിൽക്കുക.

റെയിൽവേ സ്റ്റേഷൻ: തടിപത്രി (ആന്ധ്രപ്രദേശ്, കർണൂൽ ജില്ല). രാവിലെ 6.40ന് കന്യാകുമാരിയിൽ നിന്നു പുറപ്പെടുന്ന കന്യാകുമാരി – മുംബൈ (ജയന്തി) എക്സ്പ്രസ് പിറ്റേന്നു രാവിലെ 8 മണിക്ക് തടിപത്രിയിൽ എത്തിച്ചേരും. (അര പകൽ, ഒരു രാത്രി യാത്ര)

തടിപത്രി – ബെലൂം : സജ്ജലദിന്ന, ബുഗ്ഗ, അങ്കിവീഥിപ്പള്ളി, കന്നഗാദ്രിപ്പള്ളി, ഇട്ടിക്കാല, കൊള്ളിമിഗുണ്ട്‌ല (35 കിലോ മീറ്റർ)

താമസം: തടിപത്രിയിൽ ലോഡ്ജുകളുണ്ട്. ഫോൺ ചെയ്ത് മുറി ബുക്ക് ചെയ്യുക. നോട്ട് അസാധുവാക്കലിനെ തുടർന്ന് തടിപത്രിയിലെ എല്ലാ എടിഎമ്മുകളും അടച്ചിട്ടിരിക്കുകയാണ്. സ്ഥാപനങ്ങളിൽ ക്രെഡിറ്റ്, ഡെബിറ്റ് കാർഡുകൾ സ്വീകാര്യമല്ല. മുറി വാടക, ടാക്സി, ഭക്ഷണം എന്നിവയ്ക്കുള്ള പണം കറൻസിയായി പോക്കറ്റിൽ കരുതുക.

ഭക്ഷണം: ബെലൂം ഗുഹയുടെ സമീപത്ത് സ്നാക്സ് പാർലർ മാത്രമേയുള്ളൂ. തടിപത്രിയിൽ നിന്ന് ഭക്ഷണം വാങ്ങി ബാഗിൽ കരുതുക. മുപ്പത്തഞ്ചു രൂപയ്ക്ക് നാല് ഇഡ്ഡലിയും ചട്നിയും ചായയും കിട്ടും. ഉച്ചയൂൺ 40 രൂപ. മീൻ, ഇറച്ചി വിഭവങ്ങൾക്കു വില കൂടുതലാണ്. റസ്റ്ററന്റുകളിൽ ബീഫ് ചോദിക്കരുത്.

Tags:
  • Manorama Traveller
  • Travel India