Tuesday 09 January 2024 12:50 PM IST

സ്വന്തം നഗ്നശരീരം കാഴ്ചവസ്തുവാക്കേണ്ടി വന്നവൾ, 27 വയസ് വരെ മാത്രം ഈ ഭൂമിയിൽ ജീവിച്ച സാട്ട്ജി ബ്രാറ്റ്മാന്‍: ‘അടിമക്കപ്പലി’ലെ ജീവിതം

V.G. Nakul

Sub- Editor

abhinash-thundumannil

‘സാട്ട്ജി ബ്രാറ്റ്മാന്‍’!

ഇതൊരു പേരല്ല, ചരിത്രത്തിലെ സമാനതകളില്ലാത്ത അവമതിപ്പിന്റെ മനുഷ്യാടയാളമാണ്... കൗതുകവസ്തുവായി മാറേണ്ടി വന്ന ഒരു സ്ത്രീയുടെ വേദനയും നീറ്റലുമാണ്...

യൂറോപ്പിലെ പ്രദര്‍ശനശാലകളില്‍ തന്റെ നഗ്നശരീരം പ്രദര്‍ശിപ്പിക്കാന്‍ നിര്‍ബന്ധിതയായ, ആഫ്രിക്കയിലെ ഖോയ് ഖോയ് വംശജയായ സാട്ട്ജി ബ്രാറ്റ്മാന്‍ എന്ന അടിമസ്ത്രീയെ വെറുമൊരു മൃഗവും ഭോഗവസ്തുവുമായാണ് നാഗരികസമൂഹം കണ്ടത്. പരിഷ്‌കൃത ലോകത്തിന്റെ വികലമായ ഭാവനകള്‍ക്കും വെറുപ്പിനും ആസക്തികള്‍ക്കും വിധേയയായ സാട്ട്ജിയുടെ സമാനതകളില്ലാത്ത ജീവിതം ‘അടിമക്കപ്പൽ’ എന്ന നോവലിലൂടെ മലയാള സാഹിത്യത്തിൽ പകർത്തിയിരിക്കുകയാണ് യുവ എഴുത്തുകാരിൽ ശ്രദ്ധേയനായ അഭിനാഷ് തുണ്ടുമണ്ണില്‍. സാട്ട്ജിയുടെ ഉള്ളുപൊള്ളിക്കുന്ന ജീവിതകഥ നിരവധി ഗവേഷണങ്ങള്‍ക്കും പഠനങ്ങള്‍ക്കും ശേഷമാണ് ‘അടിമക്കപ്പൽ’ലിലൂടെ അഭിനാഷ് എഴുതിപ്പൂർത്തിയാക്കിയിരിക്കുന്നത്. സാഹിത്യ പ്രവർത്തക സഹകരണ സംഘമാണ് പ്രസാധനം.

27 വയസ് മാത്രം ഈ ഭൂമിയിൽ ജീവിച്ച് സമാനതകളില്ലാത്ത ക്രൂരതകളേറ്റുവാങ്ങി ഇവിടെ നിന്നും കടന്നു പോയ സാട്ട്ജി ബ്രാറ്റ്മാന്റെ ജീവിതം ഉള്ള് നീറിയല്ലാതെ വായിച്ചു തീർക്കാനാകില്ല. മഹാകവി വെണ്ണിക്കുളം ഗോപാലക്കുറുപ്പ്‌ സ്മാരക പുരസ്കാരം നേടിയ ‘അടിമക്കപ്പലി’ന്റെ രചനാവഴികളെക്കുറിച്ച് അഭിനാഷ് തുണ്ടുമണ്ണില്‍ സംസാരിക്കുന്നു, ‘വനിത ഓൺലൈനിൽ’.

സാട്ട്ജി ബ്രാറ്റ്മാന്റെ കഥ നോവലാക്കാമെന്ന ആലോചനയിലേക്ക് എത്തപ്പെട്ട സാഹചര്യം എന്തായിരുന്നു?

വളരെ നാളുകളായി മനസില്‍ കിടന്ന ഒരു ആശമാണ് സാട്ട്ജിയെക്കുറിച്ചുള്ള നോവല്‍. ചില വര്‍ഷങ്ങള്‍ക്ക് മുമ്പേ എഴുതാമായിരുന്നെങ്കിലും അന്നെല്ലാം ആത്മീയ പുസ്തകങ്ങളുടെ രചനയില്‍ ആയിരുന്നു. ആത്മീയ രചനകള്‍ പൂര്‍ണ്ണമായും നിര്‍ത്തിയതിനു ശേഷമാണ് സാട്ട്ജിയിലേക്ക് കടക്കുന്നത്. സാട്ട്ജി മലയാള സാഹിത്യത്തില്‍ നാളിതുവരെയും എത്തിയിട്ടില്ല എന്നും ഏതെങ്കിലും ഒരു ഭൂപ്രകൃതിയുടെയോ ഭാഷയുടെയോ സീമകള്‍ ക്കുള്ളില്‍ നില്‍ക്കേതല്ല സാട്ട്ജി ഉയര്‍ത്തുന്ന രാഷ്ട്രീയം എന്നും ഉത്തമ ബോധ്യം ഉണ്ടായിരുന്നു. സാട്ട്ജിയെയും സാട്ട്ജിയുടെ ശരീരം ഉയര്‍ത്തുന്ന രാഷ്ട്രീയത്തെയും നോവലാക്കി, കേരളത്തിലെ വായനക്കൂട്ടത്തിലൂടെ ചില ചോദ്യങ്ങളുയർത്തി ഉത്തരം പരതുവാന്‍ പ്രേരിപ്പിക്കേണ്ടത് വര്‍ത്തമാനകാലത്തിന്റെ ആവശ്യമാണെന്ന ബോധ്യമാണ് നോവലിലേക്കെത്തുവാനുണ്ടായ സാഹചര്യം.

ചെറുതല്ലാത്ത അന്വേഷണങ്ങളും ഗവേഷണങ്ങളും വേണ്ടിവന്നിട്ടുണ്ടാകുമല്ലോ. എത്ര കാലത്തെ ശ്രമം ഇതിനു പിന്നിലുണ്ട് ?

തീര്‍ച്ചയായും. വലിയ അന്വേഷണങ്ങളും ഗവേഷണങ്ങളും അടിമക്കപ്പലിന് ആവശ്യമായി വന്നിരുന്നു. നാലര വര്‍ഷം കൊണ്ടാണ് നോവല്‍ പൂര്‍ത്തിയാക്കിയത്.

ഒരു യഥാര്‍ത്ഥ വ്യക്തിയെ കേന്ദ്രകഥാപാത്രമാക്കി നോവലെഴുതുമ്പോൾ കൂടുതല്‍ ശ്രദ്ധവേണം. അതിനായുള്ള തയാറെടുപ്പുകള്‍ എങ്ങനെയായിരുന്നു ?

ഹിസ്റ്റോറിക്കല്‍ ഫിക്ഷന്‍ എഴുതുമ്പോള്‍ സ്ഥലകാലം പരസ്പരം യോജിക്കണം. തെറ്റായ പരാമര്‍ശം സ്യഷ്ടിയുടെ മേന്മ കെടുത്തിക്കളയും. നോവല്‍ ആരംഭിക്കുന്നത് 1795ല്‍ ഡച്ചുകാര്‍ ഖോയ് ഖോയ് വംശജരെ ആക്രമിച്ച് അടിമകളാക്കുന്നതിലൂടെയാണ്. ആ കാലഘട്ടത്തില്‍ ഗ്യാംറ്റൂസ് നദിയുടെ തീരദേശ വാസികള്‍ ആരൊക്കെ ആയിരുന്നെന്നും അവരുടെ രീതികളും ഭാഷയും എന്തായിരുന്നെന്നുമുള്ള പഠനത്തിലേക്കു കടന്നു. അഞ്ച് രീതിയിലുള്ള ക്ലിക്ക് ശബ്ദത്തിലൂടെയാണ് അവര്‍ ആശയവിനിമയം നടത്തുന്നത്. ക്ലിക്ക് ഭാഷാ പ്രയോഗം എങ്ങനെ എന്നായി അടുത്ത പഠനം. ഖോയ് ഖോയ്, സാന്‍, ബാണ്ടു തുടങ്ങിയ വംശജരുടെ ദൈവസങ്കൽപങ്ങള്‍, ആചാര രീതികള്‍, കാഴ്ച്ചപ്പാടുകള്‍ തുടങ്ങിയവ ആ കാലത്തില്‍ എങ്ങനെയായിരുന്നെന്നുമുള്ള ഗവേഷണങ്ങള്‍ നടത്തി.

abhinash-thundumannil-2

മറ്റൊരു സംസ്ക്കാരമാണ്, ജീവിതസാഹചര്യങ്ങളും ഭൂപ്രകൃതിയുമാണ് അടിമക്കപ്പലിന്റെ പശ്ചാത്തലം. അതിനായി ഭാഷയും സങ്കൽപങ്ങളും പരുവപ്പെടുത്തിയതെങ്ങനെ ?

ഇരുന്നൂറില്‍ പരം വര്‍ഷങ്ങള്‍ പിന്നിലേക്ക് സഞ്ചരിക്കണമായിരുന്നു. ഏകദേശം ആറായിരം കിലോമീറ്ററുകള്‍ അപ്പുറമുള്ള ഒരു ദേശസംസ്ക്കാരത്തെ ഉള്‍ക്കൊള്ളണമായിരുന്നു. തുടക്കത്തില്‍ അതൊരു വെല്ലുവിളിയായിരുന്നെങ്കിലും നോവലിനായുള്ള ഗവേഷണകാലം ഞാനറിയാതെ എന്നെത്തന്നെ ആ കാലത്തു ജീവിക്കുന്ന മനുഷ്യനാക്കി മാറ്റി എന്നു പറയുന്നതില്‍ തെറ്റില്ല.

ഒരു കാലത്ത് അടിമകളാക്കപ്പെട്ട മനുഷ്യരുടെ തലയോട്ടിയും ചങ്ങലക്കെട്ടുകളും ശിക്ഷ നല്‍കുവാന്‍ ഉപയോഗിച്ച ആയുധങ്ങളും എല്ലാം സൂക്ഷിച്ചിരിക്കുന്ന മ്യൂസിയം സന്ദര്‍ശിക്കുകയും അവരിലൊരാളായി തീരാൻ മനസുകൊണ്ടു ശ്രമിക്കുകയും ചെയ്തിരുന്നു. പല രാത്രികളിലും അടിമകളുടെ നിലവിളി കേട്ട് ഞാന്‍ എഴുന്നേറ്റിട്ടുണ്ട്. അവര്‍ അനുഭവിച്ചിരുന്ന വേദനയും അനീതിയും അസ്വാതന്ത്ര്യവുമെല്ലാം ഒരു ചലച്ചിത്രം കണക്കെ സ്വപ്നം കാണാറുണ്ടായിരുന്നു. ആ കാലത്ത് ഞാന്‍ കടുത്ത മാനസിക സമ്മര്‍ദ്ദത്തെയും നിരാശാബോധത്തെയും നേരിട്ടിട്ടുണ്ട്. അങ്ങനെ അടിമക്കപ്പലില്‍ നാലര വര്‍ഷം ജീവിച്ച എനിക്ക് അനുഭവങ്ങള്‍ പകര്‍ത്തുവാന്‍ ഭാഷയെ പ്രത്യേകമായി പരുവപ്പെടുത്തേണ്ടതായി വന്നില്ല.

അടിമക്കപ്പലിന്റെ രചനാവഴിയിലെ മറക്കാനാകാത്ത ഒരനുഭവം?

പല അനുഭവങ്ങളും ഉണ്ടായിട്ടുണ്ട്. അതില്‍ ഒന്ന്, ചില ഇന്ത്യന്‍ അടിമകളെ ആഫ്രിക്കയിലെ കേപ്പില്‍ വിറ്റതുമായി ബന്ധപ്പെട്ട അന്വേഷണമാണ്. ബംഗാള്‍ പ്രവശ്യ, കോറമാന്റല്‍ തീരം, തിരുകൊച്ചി മലബാര്‍ മേഘലയില്‍ നിന്നും വാങ്ങിയ അടിമകള്‍ കേപ്പില്‍ എത്തിയിട്ട് അവരവിടെ എങ്ങനെ അതിജീവിച്ചു എന്നത് വലിയ ആലോചനയായിരുന്നു. അതില്‍ ചില മലയാളികളുടെ പേരുവിവരങ്ങള്‍ ലഭിച്ചു. ആ വിവരങ്ങള്‍ കേപ്പിലെ അടിമ മ്യൂസിയത്തില്‍ അന്വേഷിച്ചെങ്കിലും അവര്‍ക്കെന്ത് സംഭവിച്ചെന്നോ അവരുടെ തലമുറയെ കുറിച്ചോവുള്ള വിവരങ്ങൾ ലഭ്യമായില്ല. അന്ന് മലയാളക്കരയില്‍ നിന്ന് അടിമകളായി വില്‍ക്കപ്പെട്ട ഇരുപത്തിയൊന്ന് പേരെ ഞാന്‍ ഇപ്പോഴും ഓര്‍ക്കാറുണ്ട്. അതൊരു നോവാണ്, നൊമ്പരമാണ്. അതാണ് നോവലായി പരിണമിക്കുന്നത്.