Friday 18 August 2023 02:49 PM IST : By സ്വന്തം ലേഖകൻ

വൈകുന്നേരം പുതിയ പുസ്തകത്തിന്റെ പ്രകാശനം, ഉച്ചയ്ക്ക് ഗഫൂർ പോയി: വേദനയോടെ പ്രിയപ്പെട്ടവർ

gafoor

തങ്ങള്‍ സങ്കൽപ്പിച്ചെഴുതുന്ന കഥകളെയും നോവലുകളെയും തോൽപ്പിക്കുന്നത്ര നാടകീയതകളും അപ്രതീക്ഷിത വഴിത്തിരിവുകളും നിറഞ്ഞതാകും ചിലപ്പോൾ എഴുത്തുകാരുടെ ജീവിതം. സാഹിത്യകാരനും തിരക്കഥാകൃത്തുമായ ഗഫൂർ അറയ്ക്കലിന്റെ ജീവിതത്തിലും അങ്ങനെയൊന്നാണ് വിധി കാത്തുവച്ചത്.

തന്റെ പുതിയ നോവൽ ‘ദി കോയ’ കോഴിക്കോട് കെ.പി. കേശവമേനോൻ ഹാളിൽ വ്യാഴാഴ്ച വൈകുന്നേരം പ്രകാശനം ചെയ്യാനിരിക്കെ ഉച്ചയ്ക്ക് രണ്ടരയോടെ ഗഫൂർ അന്തരിച്ചു. അർബുദ ബാധിതനായി കോഴിക്കോട് സഹകരണ ആശുപത്രിയിൽ ചികിത്സയിലിരിക്കെയാണ് അദ്ദേഹത്തിന്റെ മരണം. 54 വയസ്സായിരുന്നു.

പുസ്തകപ്രകാശനച്ചടങ്ങിന് കാണാമെന്ന് പറഞ്ഞുറപ്പിച്ച സുഹൃത്തുക്കൾ പ്രിയപ്പെട്ടവന്റെ വിയോഗവാർത്ത കേട്ട് വേദനിച്ച നിമിഷം. ദിവസങ്ങൾക്കു മുൻപാണ് രോഗം കടുത്തതോടെ സുഹൃത്തുക്കൾ ചേർന്ന് പുസ്തകപ്രകാശനം വേഗത്തിൽ നടത്താൻ മുന്നിട്ടിറങ്ങുകയായിരുന്നു. പക്ഷേ, അത് കാത്തുനിൽക്കാതെ, ചടങ്ങുതുടങ്ങാൻ മണിക്കൂറുകൾക്ക് മുമ്പ് ഗഫൂർ പോയി.

കഥാകൃത്ത്, കവി, നോവലിസ്റ്റ്, തിരക്കഥാകൃത്ത്, സാംസ്കാരിക പ്രവർത്തകൻ എന്നീ നിലകളിൽ‌ ശ്രദ്ധേയനാണ് ഗഫൂർ അറയ്ക്കൽ. ‘നിദ്ര നഷ്ടപ്പെട്ട സൂര്യൻ’, ‘അമീബ ഇരപിടിക്കുന്നത് എങ്ങനെ?’, എന്നീ കവിതാസമാഹാരങ്ങളും ‘ഒരു ഭൂതത്തിന്റെ ഭാവി ജീവിതം’, ‘അരപ്പിരി ലൂസായ കാറ്റാടിയന്ത്രം’, ‘ഹോർത്തൂസുകളുടെ ചോമി’, ‘രാത്രിഞ്ചരനായ ബ്രാഞ്ച് സെക്രട്ടറി’ എന്നീ നോവലുകളും ‘നക്ഷത്രജ’, ‘മത്സ്യഗന്ധികളുടെ നാട്’ എന്നീ ബാലസാഹിത്യകൃതികളുമാണ് അദ്ദേഹത്തിന്റെ കൃതികൾ. ‘ലുക്കാ ചുപ്പി’ എന്ന സിനിമയുടെ തിരക്കഥയുമെഴുത.

കോഴിക്കോട് ചെറുവണ്ണൂരിൽ ഉസ്സൻ കോയ- പാത്തേയ് ദമ്പതിമാരുടെ മകനായ ഗഫൂർ, ഫാറൂഖ് കോളേജിൽനിന്ന് ബോട്ടണിയിൽ ബിരുദവും ബി.എഡും നേടി. പഠനം കഴിഞ്ഞ് ചേളാരിയിൽ പാരലൽ വിദ്യാഭ്യാസ സ്ഥാപനം നടത്തിയിരുന്നു. ഇതിനിടെ പൊതുപ്രവർത്തനരംഗത്തും സജീവമായി. 2005-ൽ സർഗധാര വായനശാല തുടങ്ങുന്നതിന്‌ മുന്നിട്ടിറങ്ങി. ഏതാനും ദിവസംമുമ്പ് ഓണാഘോഷം നടത്തുന്നതിന്‌ സംഘടിപ്പിച്ച വായനശാലയുടെ യോഗത്തിലും ഗഫൂർ എത്തിയിരുന്നു.

മലപ്പുറം ചേളാരി പൂതേരി വളപ്പിൽ ‘ചെമ്പരത്തി’യിലായിരുന്നു താമസം. ഭാര്യ: ആശ കൃഷ്ണൻ (ഫാറൂഖ് ചന്തക്കടവ് എ.യു.പി. സ്കൂൾ അധ്യാപിക). മക്കൾ: അഭിരാമി (കോഴിക്കോട് സൈബർ പാർക്ക്), ഋതിക് ലാൽ.