Tuesday 17 October 2023 11:17 AM IST

‘ആദ്യം എഴുതിയത് ചാച്ചൻ കത്തിച്ചു കളഞ്ഞു...അവാർഡ് കിട്ടിയതോടെ ‌ഭാവി അടഞ്ഞു...’: മലയാളിയെ വായിപ്പിച്ച 40 വർഷങ്ങൾ: ജോയ്സിയുടെ എഴുത്തും ജീവിതവും

V.G. Nakul

Sub- Editor

joicee

ഗബ്രിയേൽ ഗാർസിയ മാർക്വിസിന് അരക്കാറ്റക്ക എങ്ങനെയാണോ അതാണ് ജോയ്സിക്ക് തീക്കോയി. അരക്കാറ്റക്കയിലെ വീട്ടിൽ മുത്തച്ഛന്റെ കഥകൾ കേട്ടാണ് മാർക്വേസിലെ കഥയെഴുത്തുകാരൻ പരുവപ്പെട്ടതെങ്കിൽ, ചൊവ്വാറ്റുകുന്നേലെ മാണിച്ചേട്ടനെന്ന വല്യപ്പനിൽ നിന്നാണ് ജോയ്സിയുടെ ഓർമകൾ തുടങ്ങുന്നത്. മഴ ഒളിച്ചും തെളിഞ്ഞും കളിച്ച ഒരു പകലില്‍ ജനിച്ചു വളർന്ന വീട്ടിലേക്കും ഓർമകളുറങ്ങുന്ന ഗ്രാമത്തിലേക്കും ജോയ്സി ഒരു യാത്ര തീരുമാനിച്ചു.

കോട്ടയം ജില്ലയിൽ, ഈരാറ്റുപേട്ടയ്ക്കടുത്ത് തീക്കോയി. കിഴക്കൻ മലനിരകളെ പൊതിഞ്ഞുപിടിക്കുന്ന നേർത്ത മഞ്ഞിന്റെ തിരശീല പുതച്ച അടിവാരഗ്രാമം. നനഞ്ഞ പച്ചത്തഴപ്പുകൾക്കിടയിൽ 125 വർഷത്തെ പഴക്കത്തോടെ തലയുയർത്തി നിൽക്കുന്ന ചൊവ്വാറ്റുകുന്നേല്‍ തറവാടിന്റെ മുറ്റത്തേക്ക് ഒതുക്കുകല്ലുകൾ കയറിച്ചെല്ലുമ്പോൾ ഇരമ്പിയെത്തിയ ഓർമകളെ വകഞ്ഞു പിടിക്കാനെന്നോണം അദ്ദേഹം മെല്ലെ കൈകളുയർത്തി, ശേഷം ആ പഴയ അഞ്ച് വയസ്സുകാരനായി....

‘‘ഞാൻ ജനിച്ചത് ഈ വീട്ടിലാണ്. അതിനും വർഷങ്ങൾക്ക് മുമ്പ്, എന്റെ ചാച്ചന്റെ അപ്പൻ പണികഴിപ്പിച്ചതാണ്. ഇപ്പോൾ ഏകദേശം 125 വർഷത്തെ പഴക്കമുണ്ടാകും. ഞങ്ങള്‍ വിറ്റിട്ട് 25 കൊല്ലത്തിലധികം കഴിഞ്ഞു. വരാന്തയിലെ മേൽക്കൂരയിൽ ഒരു തകര ഷീറ്റ് അധികമായി കയറി എന്നല്ലാതെ, വാങ്ങിയവർ ഇപ്പോഴും വലിയ മാറ്റങ്ങളൊന്നും വരുത്തിയിട്ടില്ല.

കൂടുതലും ഓലപ്പുരകളായിരുന്ന അക്കാലത്ത് ഈ നാട്ടിലെ ഓടിട്ട വലിയ വീടുകളിലൊന്നായിരുന്നു ചൊവ്വാറ്റുകുന്നേല്‍ തറവാട്’’. – ഓർമകളുടെ വരാന്തയിലിരുന്ന് ജോയ്സി പറഞ്ഞു തുടങ്ങി.

‘‘വല്യപ്പച്ചന്‍ കാർക്കശ്യക്കാരനായിരുന്നു. മാണി എന്നാണ് പേര്. നാട്ടിലെ ഒരു പ്രമാണി. നാഡീ ചികിത്സയും തിരുമ്മും ഒക്കെ അറിയുന്ന ആളായിരുന്നു. അതിനൊന്നും പ്രതിഫലം വാങ്ങില്ല. ധാരാളം കൃഷിഭൂമിയുണ്ടായിരുന്നു. വല്യപ്പച്ചനു പതിമൂന്നു മക്കളായിരുന്നു. അതില്‍ രണ്ടുപേര്‍ മരിച്ചു പോയി. ബാക്കിയുള്ളവരില്‍ അഞ്ച് പെണ്‍മക്കളെ വിവാഹം കഴിപ്പിച്ചയച്ചു.

എനിക്ക് രണ്ടര വയസ്സ് മുതലുള്ള ഓർമകളാണ് ഇവിടെ. അവധിക്കാലമായാൽ എല്ലാവരും വരും. വീട് നിറയെ ആൾക്കാരുണ്ടാകും. എന്നാൽ ആരും വല്യപ്പച്ചന്റെ മുന്നില്‍ ചെല്ലില്ല. മക്കൾക്കും മരുമക്കൾക്കും കൊച്ചുമക്കൾക്കുമൊക്കെ വലിയ പേടിയാണ്. ഇഷ്ടപ്പെടാത്ത വല്ലതും കണ്ടാൽ ഒരു വിളിയുണ്ട്. അത് കേട്ടാൽ എല്ലാവരും സ്ഥലം വിടും. വൈകുന്നേരം പ്രാർഥനയ്ക്ക് വരാന്തയിൽ വല്യപ്പച്ചന്‍ മുട്ടുകുത്തി നിൽക്കും. ആരെങ്കിലും വരാനുണ്ടോ ഉറക്കം തൂങ്ങുന്നുണ്ടോ എന്നൊക്കെ ശ്രദ്ധിക്കും. ഒരു ചൂരലുമുണ്ടാകും കൈയിൽ. ബാക്കിയെല്ലാവരും ഒപ്പം നിരന്നിരിക്കും. വല്യ പ്രാർഥനയാണ്. മണിക്കൂറുകൾ നീളും. വണക്കമാസത്തിൽ രണ്ട് ലുത്തിനിയയുണ്ടാകും. അരഭിത്തിയിലാണ് ഭക്ഷണം കഴിക്കാനിരിക്കുന്നത്. കളിയും ബഹളവുമൊക്കെയായി ആകെ രസമായിരുന്നു.

ഇവിടെ താമസിക്കുമ്പോൾ കാര്യമായ വായനയുണ്ടായിരുന്നില്ല. പുസ്തകങ്ങള്‍ കിട്ടാൻ ബുദ്ധിമുട്ടായിരുന്നു. വല്യപ്പച്ചന്റെ കണ്ണിൽ പെട്ടാൽ അടി ഉറപ്പാ. ഒരിക്കൽ എന്റ പേരപ്പന്റെ മകൻ വായനശാലയിൽ കയറി പുസ്തകം എടുത്ത് തിരിച്ചു വന്നപ്പോൾ, ‘നീ എന്നാടാ കമ്യൂണിസ്റ്റുകാരനായേ’ എന്നു ചോദിച്ച് അടി കൊടുത്തു. മറ്റൊരിക്കൽ മറ്റൊരു പേരപ്പന്റെ മകൻ പുസ്തകവുമായി വന്നപ്പോൾ പിടിച്ച്, അപ്പോൾ തന്നെ തിരികെ കൊണ്ടു കൊടുപ്പിച്ചു. എന്നിട്ടും എനിക്ക് വായനയിൽ ഹരം കയറിയത് എങ്ങനെ എന്നറിയില്ല. മൂന്നാം ക്ലാസ് മുതലൊക്കെ ഞാൻ ഒഴുക്കോടെ മലയാളം വായിക്കാൻ തുടങ്ങിയിരുന്നു. വീട്ടില്‍ ഞാനാണ് ബൈബിൾ വായിച്ചിരുന്നത്. ഒരു പ്രേത്യേക ടോണിൽ ആസ്വദിച്ചാണ് എന്റെ വായന.

ഞങ്ങൾ ആദ്യം തറവാട്ടിലായിരുന്നു താമസം. പിന്നീട്, ചാത്തപ്പുഴയിലെ‍, ചാച്ചന്റെ മൂത്ത സഹോദരന്‍ ദേവസ്യ താമസിച്ചിരുന്ന ഓലപ്പുരയിലേക്കു മാറി. അവർ തറവാട്ടിലേക്കും വന്നു. എനിക്ക് അപ്പോൾ അഞ്ച് വയസ്സാണ്. ഞാൻ ആറാം ക്ലാസിൽ പഠിക്കുമ്പോഴാണ് ഞങ്ങൾ ഇടുക്കിയിലെ പുളിങ്കട്ടയിലേക്ക് പോയത്.

വല്യപ്പച്ചന്‍ പുളിങ്കട്ടയില്‍ കുറച്ചു സ്ഥലം വാങ്ങി ഓടിട്ട ഒരു വീട് വച്ചിരുന്നു. അങ്ങനെ അങ്ങോട്ടു മാറി. പിന്നീടുള്ള ജീവിതം അവിടെയായിരുന്നുവെങ്കിലും എന്റെ ബാല്യകാല അനുഭവങ്ങൾ തീക്കോയിയിലും ചൊവ്വാറ്റുകുന്നേല്‍ വീട്ടിലുമൊക്കെയാണ് വേരിറക്കിക്കിടക്കുന്നത്’’.

ഒളിച്ചോട്ടവും സിനിമ എന്ന ലഹരിയും

അക്കാലത്ത് പുളിങ്കട്ടയിലേക്ക് വാഹന സൗകര്യങ്ങൾ കുറവാണ്. ഇവിടെ നിന്ന് ചക്കയും തേങ്ങയുമൊക്കെ ചുമന്ന് ഞങ്ങൾ പി.ടി ബസില്‍ കയറി വാഗമണ്ണിൽ ഇറങ്ങും, അവിടെ നിന്ന് പന്ത്രണ്ട് കിലോമീറ്റർ നടക്കും. അവിടെ ഏലവും കാപ്പിയുമായിരുന്നു കൃഷി. സാമ്പത്തികമായി വലിയ ക്ലേശമുണ്ടായിരുന്ന കാലമാണ്. പത്താം ക്ലാസ് വരെ അവിടെ ചീന്തലാർ ഹൈസ്കൂളിലാണ് പഠിച്ചത്. പുളിങ്കട്ടയില്‍ നിന്ന്, രണ്ട് എസ്റ്റേറ്റ് കടന്ന്, ആറു കിലോമീറ്റര്‍ നടന്ന് പോണം. അതിനു ശേഷം ലാബ് ടെക്നീഷ്യന്‍ കോഴ്സ് പഠിക്കാൻ കായംകുളത്തേക്ക് പോയി. അത് കഴിഞ്ഞ് വീട്ടിൽ തിരികെ വന്ന ശേഷം ഞാൻ ഒളിച്ചോടി.‌‌ കുമളി, തേക്കടി, എറണാകുളം, ചേര്‍ത്തല, ആലപ്പുഴ എന്നിവിടങ്ങളിൽ അലഞ്ഞു. ഹോട്ടലുകളിലും വീടുകളിലുമൊക്കെ പണിയെടുത്തു. സിനിമയായിരുന്നു ലഹരി, ഭ്രാന്ത് പോലെ... അക്കാലത്ത് പുസ്തകങ്ങൾ വായിച്ചിരുന്നില്ല. പത്രവും വാരികകളും കൃത്യമായി വാങ്ങി വായിക്കും. രണ്ടു വര്‍ഷം കഴിഞ്ഞ് ആലപ്പുഴയില്‍ നിന്നാ എന്നെ വീട്ടിലേക്കു കൊണ്ടു വരുന്നത്.

ചാച്ചൻ സ്കറിയയ്ക്കും അമ്മച്ചി അച്ചാമ്മയ്ക്കും ഞങ്ങൾ 5മക്കളായിരുന്നു. ഇരുപതു വയസ്സിൽ ഞാൻ തിരിച്ചെത്തുമ്പോൾ, വീട്ടിലെ അവസ്ഥ പരിതാപകരമായിരുന്നു. ഞാന്‍ മുരിക്കാശ്ശേരിയില്‍ ചെന്ന് അമ്മാച്ചന്റെ വീട്ടിലും പിന്നീട് മൂന്നുമാസത്തോളം കുമളിയിലെ നാല്‍പതേക്കറോളം സ്ഥലത്തും പണിയെടുത്തു. കിട്ടിയ പൈസ വീട്ടിൽ കൊടുത്തു. അനിയന്‍ സണ്ണിയും എട്ടാം ക്ലാസില്‍ പഠിപ്പ് നിര്‍ത്തി പശുപ്പാറ തേയിലത്തോട്ടത്തില്‍ പണിക്കു പോയി. എനിക്ക് താഴെ ലിസി, സണ്ണി, ലില്ലി, ബാബു എന്നിവരാണ്. വയ്യാത്തതുകൊണ്ടു ലിസി പഠിത്തം നിർത്തി. ലില്ലിയും ബാബുവും പഠിക്കുകയാണ്. ഞാനും സണ്ണിയും പണിയെടുത്ത് കുടുംബം പോറ്റി. കഷ്ടി പത്ത് രൂപ കൊണ്ടാണ് വീട്ടു ചെലവ്. 1981 വരെ ഓരോരോ ജോലികൾ ചെയ്ത് പുളിങ്കട്ടയില്‍ ജീവിച്ചു. അതിനിടെ ഞങ്ങള്‍ ആദ്യത്തെ വീട് വിറ്റ് വേറൊരു വീട്ടിലേക്ക് മാറി. ചാച്ചന്‍ തീക്കോയിയിലേക്ക് മടങ്ങി അരയേക്കര്‍ സ്ഥലത്ത് വീട് കെട്ടി താമസമാക്കി. ഇപ്പോൾ പുളിങ്കട്ടയിൽ അവശേഷിക്കുന്നത് അനിയന്റെ പേരിലുള്ള ഒരു കട മാത്രമാണ്.

കുഞ്ഞേട്ടൻ എഴുതിയ കഥ

എന്റെ ഓർമയിൽ ഞാൻ ആദ്യം വായിച്ച സാഹിത്യ കൃതി മുട്ടത്തു വർക്കിയുടെ ‘നാത്തൂൻ’ എന്ന നോവലാണ്. ചാത്തപ്പുഴയിൽ താമസിക്കുമ്പോഴാണ്, അഞ്ചാം ക്ലാസിലോ മറ്റോ പഠിക്കുമ്പോൾ. ദീപിക വാരാന്ത്യപ്പതിപ്പിലാണ് അത് വന്നത്. അമ്മയും അയലത്തുള്ളവരുമൊക്കെ സംസാരിക്കുന്നത് കേട്ടാണ് ഞാൻ അതിലേക്ക് എത്തുന്നത്. എന്നാൽ അതെന്നെ അത്ര ആകർഷിച്ചില്ല. മലയാള മനോരമയിൽ വന്ന കാനം ഇ.ജെയുടെ ‘ചന്ദനത്തിരി’ മുതലാണ് വായനയിൽ ഹരം കയറിയത്. പിന്നീട് സ്കൂൾ ലൈബ്രറിയിൽ നിന്നൊക്കെ ഇവരുടെ നോവലുകളും അപസർപ്പക കഥകളും തിരഞ്ഞ് പിടിച്ച് വായിക്കാൻ തുടങ്ങി. ‘ചെമന്ന കൈപ്പത്തി’ വായിക്കുന്നതും അക്കാലത്താണ്. ആരോ തന്നതാണ്. വായിച്ചിട്ട് തിരിച്ചു കൊടുത്തു.

എന്റെ ചാച്ചന് വായനയും എഴുത്തും കളികളുമൊന്നും ഇഷ്ടമല്ലായിരുന്നു. ഞങ്ങൾ കളിക്കുന്നത് കണ്ടാൽ പന്തൊക്ക എടുത്ത് കണ്ടിച്ചു കളയും.

ഞാൻ ആദ്യം എഴുതിയ കഥ ചാച്ചൻ കത്തിച്ചു കളഞ്ഞിട്ടുണ്ട്. പുളിങ്കട്ടയിൽ താമസിക്കുമ്പോഴാണ്. പതിനെട്ട് വയസ്സാണ് അപ്പോൾ. നാലഞ്ച് കടലാസിൽ ഞാൻ ഒരു കഥയെഴുതി വച്ചു. ഇതൊരു പുസ്തകം ആക്കാനുള്ളതുണ്ടെന്നായിരുന്നു എന്റെ വിചാരം. എന്തോ തപ്പിച്ചെന്നപ്പോൾ ചാച്ചനത് കിട്ടി. ‘ഇതെന്തുവാടാ എഴുതിവച്ചേക്കുന്നേ...’ എന്ന് അനിയനോട് ചോദിച്ചു. ‘കുഞ്ഞേട്ടൻ കഥയെഴുതിയതാ’ എന്ന് അവൻ. ‘അവന് വേറെ ഒരു തൊഴിലും കണ്ടില്ല’ എന്നു പറഞ്ഞ് എടുത്തു കൊണ്ടു പോയി അടുപ്പിലിട്ടു. സാഹിത്യം വായിക്കില്ലെങ്കിലും ചാച്ചൻ ന്യൂസ് പേപ്പർ അരിച്ചു പെറുക്കി വായിക്കും. ജനറൽ നോളജോക്കെ നന്നായി അറിയാമായിരുന്നു.

ഉപ്പുതറ ലൈബ്രറിയും ക്ലാസിക്കുകളും

ഉപ്പുതറ ലൈബ്രറിയിൽ പോയി പുസ്തകം എടുക്കാൻ തുടങ്ങിയതോടെയാണ് വായന ഹരമായത്. 12 കിലോമീറ്റർ നടന്നു പോണം അവിടേക്ക്. ആദ്യം രണ്ട് പുസ്തകമാണ് കിട്ടിയിരുന്നത്. പിന്നീട് ലൈബ്രേറിയനുമായി ചങ്ങാത്തമായപ്പോൾ നാല് പുസ്തകം കിട്ടിത്തുടങ്ങി. നാല് പുസ്തകം നാല് ദിവസത്തേക്കേ ഉള്ളൂ. ഒറ്റയിരുപ്പിൽ വായിച്ചു തീരും. അത്രയും ഭ്രാന്തമായ വായനയായിരുന്നു. മുട്ടത്ത് വര്‍ക്കി, കാനം ഇ.ജെ, കോട്ടയം പുഷ്പനാഥ്, മായാദാസൻ, നീലകണ്ഠൻ പരമാര എന്നിവരുടെയൊക്കെ നോവലുൾ തീർന്നപ്പോഴാണ് ജെയിംസ് ഹാഡ്ലി ചേസ്, അഗത ക്രിസ്റ്റി തുടങ്ങിയവരുടെ നോവലുകളിലേക്ക് തിരിഞ്ഞത്. അതും കഴിഞ്ഞപ്പോൾ അത്തരം രചനകളോട് ചെറിയ മടുപ്പായി. ശേഷം യാത്രാവിവരണങ്ങളിലായി കമ്പം. അതും തീർന്നു. അങ്ങനെയാണ് ‘യുദ്ധവും സമാധാനവും’ വായിക്കുന്നത്. മുൻപ് പലവട്ടം എടുത്തു നോക്കി, ‘ഇതിലൊന്നും ഒരു ആകാംക്ഷയില്ലല്ലോ’ എന്നു തോന്നി തിരികെ വച്ചതാണ്. ഒടുവിൽ മറ്റൊന്നും വായിക്കാനില്ലാത്ത ഘട്ടത്തിലാണ് വീണ്ടും അതിലേക്ക് എത്തിയത്. വായിച്ച് വായിച്ച് വന്നപ്പോഴാണ് ഇതിന്റെ സൗന്ദര്യവും ആഴവുമൊക്കെ മനസ്സിലാകുന്നത്. ഇത്രകാലം വായിച്ചതല്ല, ഇതാണ് സംഭവം എന്നു തിരിച്ചറിഞ്ഞതോടെ അന്ന കരിനീന, ഡോണ്‍ ശാന്തമായൊഴുകുന്നു, കുറ്റവും ശിക്ഷയും, പാവങ്ങള്‍, മൊബിഡിക്ക്, ക്രോധത്തിന്റെ മുന്തിരിപ്പഴങ്ങള്‍, കിഴവനും കടലും, മണി മുഴങ്ങുന്നത് ആര്‍ക്ക് വേണ്ടി തുടങ്ങി ക്ലാസിക്കുകൾ തിരഞ്ഞ് പിടിച്ച് വായിക്കാൻ തുടങ്ങി. ഉപ്പുതറ ലൈബ്രറിയിലെ പുസ്തകങ്ങളൊക്കെ വായിച്ചു തീർന്നതോടെ അമ്മാച്ചന്റെ നാടായ മുരിക്കാശ്ശേരിയിലെ പഞ്ചായത്ത് ലൈബ്രറിയിൽ അംഗത്വം എടുത്തു. ‘പുസ്തകപ്പുഴു’ എന്നായിരുന്നു അക്കാലത്ത് എന്റെ പേര്. എവിടെ ഒരു കടലാസ്സ് കഷ്ണം കണ്ടാലും എടുത്ത് വായിച്ചിരുന്നു.

കൊല്ലത്ത് പി.സ്റ്റാൻലിയുടെ സിതാര പ്രസിൽ പ്രൂഫ് റീഡറായി ജോലി ചെയ്യുന്ന കാലത്താണ് ‘അവകാശികൾ’ഒക്കെ വായിക്കുന്നത്. സ്റ്റാൻലിച്ചായന് ഒരു ഹോം ലൈബ്രറിയുണ്ടായിരുന്നു. ഗംഭീര പുസ്തകങ്ങളാണ് എല്ലാം. നാല് വാല്യമുള്ള അവകാശികൾ, ഭക്ഷണം കഴിക്കാതെ, ചായയും വെള്ളവും മാത്രം കുടിച്ച്, ഉറങ്ങാതെ, നാല് ദിവസം കൊണ്ടാണ് ഞാൻ വായിച്ചത്. പിന്നീട് രണ്ട് ദിവസം സുഖമായി കിടന്നുറങ്ങി. ‘മഴ തോരും മുമ്പേ’ എന്ന ഒരു വലിയ നോവൽ ഞാനും എഴുതിയിട്ടുണ്ട്. അഞ്ച് വർഷമാണ് അത് ഖണ്ഡശ പ്രസിദ്ധീകരിച്ചത്. യാതൊരു തട്ടും തടവുമില്ലാതെ, ഞാൻ ഏറെ ആസ്വദിച്ച് എഴുതിയ നോവലാണ്. എഴുതേണ്ട ദിവസത്തിന് കാത്തിരിക്കും. എല്ലാം മനസ്സിലുണ്ട്. തുടങ്ങിയാൽ തീരുമ്പോഴാണ് സമാധാനമാകുക.

തട്ടിക്കൂട്ടല്ല നോവലെഴുത്ത്

ഒരു വ്യാഴാഴ്ചയോ വെള്ളിയാഴ്ചയോ ഒക്കെ ആകുമ്പോൾ ഇവൻ തട്ടിക്കൂട്ടിക്കൊടുക്കുന്നതല്ലേ ഇതെന്നാണ് പരലുടെയും വിചാരം. ഗഹനമായ ചിന്തയോ ആലോചനയോ ഒന്നും വേണ്ടല്ലോ. തുടക്കത്തിൽ എനിക്കും തോന്നിയിരുന്നു, നമ്മൾ വേറെ പല കാര്യങ്ങളുമായി നടക്കുന്നു, സമയമാകുമ്പോൾ എഴുതിക്കൊടുക്കുകയല്ലേ എന്ന്. പക്ഷേ, ഒരു നോവൽ അഞ്ച് വർഷം കൊണ്ടാണ് തീരുന്നതെങ്കില്‍ ആ അഞ്ച് വർ‌ഷത്തെ മനനം അതിന് പിന്നിലുണ്ട്. നടക്കുമ്പോൾ, കഴിക്കുമ്പോൾ, എവിടെയെങ്കിലും പോയി കാത്തിരിക്കേണ്ടി വരുമ്പോഴൊക്കെ ഇതാണ് ചിന്തിക്കുക.

ഞാൻ ഏറ്റവും നന്നായി ഭാഷ ഉപയോഗിച്ചിരിക്കുന്നത് ‘മഴ തോരും മുമ്പേ’ യിലാണ്. കോമള പദങ്ങൾ മാത്രമല്ല അതിൽ. അത് വായിച്ചവർ അയച്ച പത്ത് രണ്ടായിരം കത്ത് എന്റെ കൈവശമുണ്ട്. അതിന്റെ ഓരോ ലക്കവും കണ്ണ് നനയാതെ വായിച്ചു തീർന്നിട്ടില്ലെന്ന് പലരും പറഞ്ഞു. അവരുടെ കണ്ണുകൾ നനഞ്ഞ പോലെ, എഴുതുമ്പോൾ എന്റെ കണ്ണുകളും നനഞ്ഞൊഴുകിയിട്ടുണ്ട്. മുറിയിൽ കയറി, വാതിലും ജനലുമൊക്കെ കുറ്റിയിട്ടാണ് എഴുതിയിരുന്നത്. ആര് വന്ന് വിളിച്ചാലും തുറക്കില്ല. സന്തോഷത്താൽ കരഞ്ഞ്, ആനന്ദിച്ചാണ് ഓരോ അധ്യായവും തീർത്തത്.

joicee-3

‘മഴ തോരും മുമ്പേ’ വായിച്ച് മാനസാന്തരമുണ്ടായവരുണ്ട്. ഒരു പട്ടാളക്കാരന്‍ ഫോണിൽ സംസാരിച്ചിരുന്നു.

‘എന്റെ അച്ഛനമ്മമാരെ സംരക്ഷിക്കേണ്ടത് അവരുടെ വിഹിതം കൂടി അവകാശപ്പെട്ട ഇളയ സഹോദരന്റെ ചുമതലയാണെന്നു കരുതി, വല്ലപ്പോഴും മാത്രം, അതും വെറും കൈയോടെയാണ് ഞാൻ തറവാട്ടിലേയ്ക്ക് പോയിരുന്നത്. സാറിന്റെ നോവൽ വായിച്ച ശേഷം ഞാൻ എല്ലാ ആഴ്ചയും പോയി എന്റെ അച്ഛനെയും അമ്മയെയും കാണുന്നു, അവർക്ക് വേണ്ടതെല്ലാം വാങ്ങിക്കൊടുക്കുന്നു’ എന്നാണ് അയാൾ പറഞ്ഞത്.

പലരും എന്റെ നോവലുകൾ വായിച്ച്, ഇത് എന്റെ കഥയാണെന്ന് പറഞ്ഞിട്ടുണ്ട്. ‘വനിത’യിൽ ‘സ്ത്രീപദം’ വന്നപ്പോൾ മുംബൈയിൽ നിന്നൊരു സ്ത്രീ വിളിച്ചു. ‘ഇത് എന്റെ കഥയാണ്, കേസ് കൊടുക്കും’ എന്നു പറഞ്ഞു.

എഴുത്തിന്റെ നാൽപത് വർഷം

എഴുത്ത് തുടങ്ങിയിട്ട് നാൽപ്പത് വർഷം കഴിഞ്ഞു. ഇതിനകം എഴുപത്തിയഞ്ച് നോവലുകളോളം എഴുതി. വർഷത്തിൽ ശരാശരി രണ്ടോ മൂന്നോ നോവലുകളാണ് എഴുതിയിട്ടുള്ളത്. പലരുടെയും വിശ്വാസം ഞാൻ രണ്ട് കൈയും രണ്ട് കാലും ഉപയോഗിച്ച് ഇരുപത്തിനാല് മണിക്കൂറും എഴുതുകയാണെന്നാ. എന്റെ പല നോവലുകളിലും തീക്കോയി പശ്ചാത്തലമായി വന്നിട്ടുണ്ട്. ‘ഓമനത്തിങ്കൾ പക്ഷി’യിൽ, മറ്റൊരു പേരിൽ ചൊവ്വാറ്റുകുന്നേൽ തറവാട് വന്നിട്ടുണ്ട്. വീടും ചുറ്റുപാടുമൊക്കെ ഇതു തന്നെ. ഇപ്പോഴും പേനയും പേപ്പറും ഉപയോഗിച്ചാണ് എഴുത്ത്. ഫസ്റ്റ് ഡ്രാഫ്റ്റ് ആണ് പ്രസിദ്ധീകരണത്തിനു നൽകുക. രണ്ടാമത് വായിച്ചാൽ കൊടുക്കാൻ തോന്നില്ല. പല വിജോയിപ്പുകളും തോന്നും.

ഖസാക്കിന്റെ ഇതിഹാസം’ എന്ന ഇഷ്ടം

വായിച്ചവയിൽ, എനിക്ക് ഏറെയിഷ്ടമുള്ള നോവൽ ‘ഖസാക്കിന്റെ ഇതിഹാസ’മാണ്. എത്ര വായിച്ചാലും മടുക്കില്ല. സക്കറിയയും വൈക്കം മുഹമ്മദ് ബഷീറുമാണ് പ്രിയപ്പെട്ട എഴുത്തുകാർ. സക്കറിയയുടെ ‘പ്രൈസ് ദ ലോഡ്’ മൂന്നോ നാലോ തവണ വായിച്ചിട്ടുണ്ട്. ആഫ്രിക്കന്‍ യാത്രാവിവരണം എത്ര മനോഹരമാണ്.

അങ്ങനെ ‘ജോയ്സി’ ആയി

1983ൽ, എനിക്ക് കുങ്കുമം അവാർഡ് കിട്ടിയ നോവലാണ് ‘വിലാപങ്ങളുടെ താഴ്‌വര’. ‘ശവങ്ങൾ ഇഴയുന്ന താഴ്‌വര’ എന്നാണ് ആദ്യം നൽകിയ പേര്. ഒരു ഹൊറർ നോവലിന്റെ പ്രതീതിയുണ്ടാകും എന്നു തോന്നിയപ്പോൾ, ‘കുങ്കുമം’ എഡിറ്ററായിരുന്ന എൻ. വി കൃഷ്ണവാരിയർ സാർ പറഞ്ഞിട്ട് മാറ്റിയതാണ്. അതിനൊപ്പമാണ് എന്റെ പേരും ജോയ്സി എന്നായത്.

നോവൽ മത്സരത്തിന് ‘വിലാപങ്ങളുടെ താഴ്‌വര’ കുങ്കുമം ഓഫീസിൽ കൊണ്ടുക്കൊടുത്തതും രസകരമായ കഥയാണ്. നോവലിന്റെ മൂന്ന് പകർപ്പെടുത്ത്, അതുമായി ഞാൻ കൊല്ലത്ത് കുങ്കുമം ഓഫീസിൽ എത്തി. ഒരു മഴക്കാലത്താണ്. എസ്.രാമകൃഷ്ണന്‍ എന്ന എഡിറ്ററുടെ അടുത്താണ് ചെന്നത്. കാര്യം തിരക്കിയപ്പോൾ നോവൽ മത്സരത്തിന് കൃതിയുമായി വന്നതാണെന്ന് പറഞ്ഞു. എന്നെ ആപാദചൂഡം ഒന്നു നോക്കിയ ശേഷം ഒരു മൂലയിലേക്ക് വിരൽ ചൂണ്ടി അവിടെ ഇട്ടേക്കാൻ പറഞ്ഞു. ചോർന്നൊലിച്ച് ആകെ വൃത്തികേടാണ് അവിടെ. കുറേ കടലാസുകെട്ടുകളുമുണ്ട്. അവയുടെ വശത്തായി ഞാനും നോവൽ വച്ചു. പിന്നീട് പത്രത്തിലാണ് നോവലിന് അവാർഡ് കിട്ടിയ കാര്യം അറിഞ്ഞത്.

കുങ്കുമം നോവല്‍ അവാർഡ് പ്രഖ്യാപിച്ചപ്പോൾ സി.എസ് ജോയി എന്ന എന്റെ പേര് എസ്.ജോയി എന്നാണ് പത്രത്തിൽ വന്നത്. അത് ചോദിച്ചപ്പോൾ, നോവൽ പ്രസിദ്ധീകരിക്കുമ്പോൾ എന്ത് പേരിട്ടാലും അതായിരിക്കും നിങ്ങളുടെ മൈൽ സ്റ്റോൺ. പിന്നെയത് മാറ്റാനൊക്കില്ല. അതിനാൽ പേര് എന്ത് വേണമെന്ന് നിങ്ങൾ ആലോചിച്ച്, കണ്ട് പിടിച്ച് വരാൻ കൃഷ്ണവാരിയർ സാർ പറഞ്ഞു. അതിനു ശേഷം ഒരു വൈകുന്നേരം തീക്കോയിയിലെ ഒരു പീടികയുടെ മുന്നിലുള്ള അങ്ങാടിപ്പെട്ടിയിൽ സുഹൃത്തുക്കളുമായി സംസാരിച്ചിരിക്കുമ്പോൾ,‘നീ ഇതു വരെ പേരിട്ടില്ലേ’ എന്ന് എന്റെ പേരപ്പന്റെ മോൻ കുര്യാച്ചൻ ചോദിച്ചു. ‘എസ്.ജോയി എന്ന പേരൊക്കെ എങ്ങനെ ശരിയാകുമെടാ, ചൊവ്വാറ്റുകുന്നേൽ എന്ന വീട്ട് പേര് വന്നില്ലെങ്കില്‍ എന്ത് കാര്യം’ എന്നായി കക്ഷി. ‘ജോയ് ചൊവ്വാറ്റുകുന്നേൽ എന്നൊക്കെയിട്ടാല്‍ എങ്ങനെ ശരിയാകാൻ, ഒരു ഗാംഭീര്യമില്ല. സി.എസ് ജോയി എന്നിട്ടാലോ എന്ന് ചിന്തിക്കുന്നു’ എന്നു ഞാൻ...‘എന്തായാലും നീ ആ ജേസി ജൂനിയർ ഒരിക്കലും ഇട്ടേക്കല്ലേ’ എന്നു പറഞ്ഞിട്ട്, ‘എന്നാ പിന്നെ നീ ‘ജോയ് സി’ എന്നിടടാ’ എന്നായി കക്ഷി. ജോയ് ചൊവ്വാറ്റുകുന്നേലിന്റെ ചുരുക്കപ്പേരാണത്. കേട്ടപ്പോൾ എനിക്കും തോന്നി, സംഗതി കൊള്ളാം. അങ്ങനെ ഉറപ്പിച്ചു, ‘ജോയ്സി’ മതി. കുര്യാച്ചൻ അടുത്തിടെയാണ് മരിച്ചത്.

അക്കാലത്ത് ഞാൻ ‘മുത്തശ്ശി’യിൽ കുട്ടികൾക്കുള്ള നോവലും ‘കേരള ശബ്ദ’ത്തിൽ ലേഖന പരമ്പരയുമൊക്കെ ജെ.സി ജൂനിയർ എന്ന പേരിൽ എഴുതിയിരുന്നു. ജീവിക്കാൻ ക്ലേശിക്കുന്ന കാലം. അമ്പത് രൂപയാണ് പ്രതിഫലം. അതും കൃത്യമായി കിട്ടില്ല.

ആ ജെ.സി ജൂനിയറാണ് സി.എസ് ജോയ് എന്നത് ‘കുങ്കുമം’ ടീമിൽ ചിലർക്ക് രസിച്ചില്ല. അക്കാലത്ത്, ആഴ്ചയിലൊരിക്കൽ കിളികൊല്ലൂരിൽ നിന്ന് സൈക്കിൾ ചവുട്ടി വിയർത്തൊലിച്ച് തേവള്ളിയിലെ ‘കേരള ശബ്ദം’ ഓഫീസിലും ‘മുത്തശ്ശി’ ഓഫിസിലും കയറിയിറങ്ങി മാറ്റർ നൽകി, കോംപ്ലിമെന്ററി കോപ്പിയും വാങ്ങി തിരിച്ചു പോകുന്ന ജെ.സി ജൂനിയർ എന്ന തൂലികാനാമമുള്ള പയ്യനാണ് അവാർഡ് കിട്ടിയ നോവൽ എഴുതിയ എസ് ജോയി എന്നത് അവർക്ക് അവിശ്വസനീയമായിരുന്നു. അര്‍ഹിക്കാത്ത സ്ഥാനം കിട്ടിയ ഒരാളോടുള്ള പെരുമാറ്റമായിരുന്നു എന്നോട്.

കൃഷ്ണവാരിയർ സാർ ‘കുങ്കുമം’ വിട്ട ശേഷമാണ് നോവൽ പ്രസിദ്ധീകരിച്ച് തുടങ്ങിയത്. വലിയ അവഗണനയാണ് നേരിട്ടത്. മറ്റ് നോവലുകളും കഥകളുമൊക്കെ പ്രാധാന്യത്തോടെ വന്നപ്പോൾ, എന്റെ നോവൽ ഒതുക്കിക്കളഞ്ഞു. പല അധ്യായവും ഒഴിവാക്കി, കൃത്യമായി പ്രൂഫ് നോക്കിയില്ല. പല ലക്കങ്ങളിലും പ്രൂഫ് റീഡിങ് തീരെയില്ലാതെ, വാരികയുടെ അവസാന പേജുകളിലൊക്കെയാണ് ആ നോവൽ അച്ചടിച്ചു വന്നത്. ചില ലക്കങ്ങളിൽ നോവൽ ഉൾപ്പെടുത്തിയിരുന്നില്ല. രണ്ടാം സമ്മാനം ലഭിച്ച ‘ദെവ്ളി’ക്ക് വലിയ പ്രാധാന്യവും കിട്ടി. പ്രതിഷേധമെന്നോണം അതിന്റെ കോപ്പികൾ വാങ്ങി സൂക്ഷിക്കുന്നത് ഞാൻ നിർത്തി. ആ നോവൽ പുസ്തക രൂപത്തിൽ പ്രസിദ്ധപ്പെടുത്താനും താൽപര്യപ്പെട്ടില്ല. ‘വിലാപങ്ങളുടെ താഴ്‌വര’യുടെ കൈയെഴുത്തുപ്രതിയും ഇപ്പോൾ എന്റെ കൈവശം ഇല്ല.

അവാർഡ് കിട്ടിയതോടെ എന്റെ ഭാവി അടഞ്ഞു പോകുകയാണുണ്ടായത് എന്ന് ഞാൻ പറഞ്ഞിട്ടുണ്ട്. ആ തരം എഴുത്തിൽ എനിക്ക് വലിയ ഭാവിയില്ലായിരുന്നു. അതിന്റെ വിഷമത്തിൽ ഇരിക്കുമ്പോഴാണ് ‘ജനനി ക്രൈ’മിന്റെ എഡിറ്ററായിരുന്ന ആറൻമുള വിജയകുമാറിന്റെ വിളി വരുന്നത്. ‘തനിക്ക് രക്ഷപ്പെടണമെന്നുണ്ടെങ്കിൽ കോട്ടയത്തിന് വാ’ എന്നാണ് വിജയകുമാർ പറഞ്ഞത്. അതാണു നല്ലതെന്ന് എനിക്കും തോന്നി. ഞാന്‍ കോട്ടയത്തേക്കു പോന്നു.

വരുമാനത്തിന് ഗോസ്റ്റ് റൈറ്റിങ്

കോട്ടയത്തേക്കുള്ള മാറ്റം ആദ്യം വലിയ നിരാശയാണ് തന്നത്. വാരികകൾ ധാരാളം. അവയിലെല്ലാം പ്രമുഖർ‌ എഴുതിക്കൊണ്ടിരിക്കുന്നു. ഒരു നിര എഴുത്തുകാരുടെ നോവലുകൾ തീരുമ്പോൾ അടുത്തനിര എഴുത്തുകാർ റെഡി. എനിക്ക് ഏതെങ്കിലുമൊരു വാരികയിൽ ഒരു ചെറുകഥ എഴുതാനുള്ള പഴുതു പോലും കിട്ടിയില്ല. 1984ല്‍, തോമസ് ടി അമ്പാട്ടിനു ഡിറ്റക്ടീവ് നോവല്‍ എഴുതി വിറ്റാണ് ഒരു വര്‍ഷം ഞാന്‍ ജീവിച്ചത്. നോവലിസ്റ്റ് ബാറ്റണ്‍ ബോസിനൊപ്പമായിരുന്നു താമസം.

ജീവിതം വഴിമുട്ടിയപ്പോഴാണ് ഗോസ്റ്റ് റൈറ്റിംഗ് തുടങ്ങിയത്. ‘ജനനി വാരിക’ ഏറ്റെടുത്ത് പ്രസിദ്ധീകരണ രംഗത്തേക്ക് കടന്ന തോമസ് ടി അമ്പാട്ടിന് നോവൽ എഴുതാൻ സമയമില്ലാത്തതിനാൽ, ആവശ്യക്കാരെ മടക്കി അയയ്ക്കുകയായിരുന്നു. അവരെ നിരാശപ്പെടുത്തേണ്ട, തോമസിന് പകരം ആ പേരിൽ ഞാനെഴുതാം, പ്രതിഫലം പകുതി വീതം പകുത്തെടുക്കാം എന്നു ഞാൻ പറഞ്ഞപ്പോൾ തോമസ് വഴങ്ങി. അങ്ങനെ നാലു നോവലുകൾ എഴുതിയെന്നാണ് ഓർമ്മ. ചെമ്പിൽ ജോണ്‍ സുഖമില്ലാതെ കിടപ്പിലായപ്പോൾ, അദ്ദേഹത്തിനു വേണ്ടി കുറച്ച് അദ്ധ്യായങ്ങൾ എഴുതിയിട്ടുണ്ട്. ‘ജനനി’ വാരികയിൽ ജോലി ചെയ്താണ് കോട്ടയത്ത് പിടിച്ചു നിന്നത്.

ആ സമയത്താണ് ‘കണ്ണീരാറ്റിലെ തോണി’ മംഗളം അവാർഡ് നേടിയത്. ‘മനയ്ക്കലെ തത്ത’ എന്ന നോവലിന് മനോരാജ്യം അവാര്‍ഡും ലഭിച്ചു. ‘മോഹപ്പക്ഷികള്‍’ മനോരമ പ്രസിദ്ധീകരിച്ചു. കേരളത്തില്‍ മൂന്ന് മുന്‍നിര പ്രസിദ്ധീകരണങ്ങളില്‍ ഒരേസമയം എഴുതുന്ന ആദ്യത്തെ നോവലിസ്റ്റ് ആയി ഞാൻ. ‘മനോരമ’യിൽ ഞാൻ കൊടുത്ത അഞ്ച് നോവലും തിരിച്ചു വന്ന ശേഷം ആറാമത്തെ നോവലാണ് പ്രസിദ്ധീകരിച്ചത്. സത്യം പറഞ്ഞാൽ, അഞ്ചാമത്തെ നോവൽ പേര് മാറ്റി പുതിയത് എന്നു പറഞ്ഞു കൊടുത്തതാണ്. അക്കാലത്ത് മനോരമയിൽ, മുട്ടത്ത് വർക്കി, കാനം ഇ.ജെ, വേളൂർ പി.കെ രാമചന്ദ്രൻ, തോമസ് ടി അമ്പാട്ട് തുടങ്ങി വളരെക്കുറച്ച് നോവലിസ്റ്റുകളേ എഴുതാറുള്ളൂ. ഇവർ ഊഴം വച്ച് എഴുതുകയാണ്. അതിനിടെ എനിക്കൊന്നും ഇടം ഉണ്ടായിരുന്നില്ല. ‘മനയ്ക്കലെ തത്ത’ കുമാരിയ്ക്ക് വേണ്ടി പറഞ്ഞെഴുതിച്ചതാണ്. ആറ് മാസം വച്ചിട്ട്, പ്രസിദ്ധീകരണ യോഗ്യമല്ല എന്നു പറഞ്ഞ് അവർ തിരികെത്തന്നു. പിന്നീടാണത് മനോരാജ്യം അവാര്‍ഡിന് അയച്ചത്.

joicee-2

ആകെ നാല് പേര്, ഒരാൾ

ജെ.സി ജൂനിയർ, ജോസി വാഗമറ്റം, സി.വി നിർമല എന്നിങ്ങനെ എന്റെ മൂന്ന് തൂലികാ നാമങ്ങളും ഞാൻ കണ്ടെത്തിയവയാണ്.

ഞാൻ എഴുതിയ ഒരു ഡിറ്റക്ടീവ് നോവല്‍ വായിച്ച്, അത് ‘മനശബ്ദ’ത്തില്‍ പ്രസിദ്ധീകരിക്കാം എന്ന് തോമസ് ടി അമ്പാട്ട് പറഞ്ഞു. പരസ്യമൊക്കെ വന്നു തുടങ്ങിയെങ്കിലും അതു നടന്നില്ല. പിന്നീട് ‘മാമാങ്ക’ത്തിലെ അപ്പുക്കുട്ടന്‍ പറഞ്ഞു, എന്റെയും തോമസ് ടി അമ്പാട്ടിന്റെയും പേരിൽ അത് പ്രസിദ്ധീകരിക്കാം എന്ന്. അപ്പോഴാണ് ജോയ് ചൊവ്വാറ്റുകുന്നേല്‍ എന്ന പേര് ചുരുക്കി ജെ.സി എന്നാക്കിയത്. പക്ഷേ, ആ പേരിന് ജെ.സി കുറ്റിക്കാടിന്റെ പേരിനോട് സാമ്യമുള്ളതിനാൽ പേര് മാറ്റണം എന്നായി. എന്നാല്‍ ജെ.സി ജൂനിയര്‍ എന്നാക്കിക്കോളാന്‍ ഞാന്‍ പറഞ്ഞു. തോമസ് ടി അമ്പാട്ട് ആന്‍ഡ് ജെ.സി ജൂനിയര്‍ എന്ന പേരിലാണ് ആ നോവല്‍ പ്രസിദ്ധീകരിച്ചത്.

ജോസി വാഗമണ്‍ എന്ന പേരിൽ ഒരു നോവൽ കൊടുത്ത ശേഷം, നാട്ടിലൂടെ പോയപ്പോഴാണ്, ചൊവ്വാറ്റുകുന്നേൽ തറവാട് ഇരിക്കുന്ന വാകമറ്റം എന്ന കരപ്പേര് മതി പേരിനൊപ്പം എന്നു തീരുമാനിച്ചതും വാകമറ്റത്തിലെ ‘ക’ മാറ്റി വാഗമണ്ണിന്റെ ‘ഗ’ കയറ്റി ജോസി വാഗമറ്റം ആക്കിയതും. സി.വി രാമൻപിള്ളയോടുള്ള ആരാധനയാണ് നിർമലയ്ക്ക് ആ ഇനിഷ്യൽ കൊടുക്കാനുള്ള കാരണം. സി.വി നിർമല, സി.വി ഗായത്രി എന്നിങ്ങനെ രണ്ട് മൂന്ന് പേരുകൾ പറഞ്ഞു നോക്കിയ ശേഷമാണ് സി.വി നിർമലയിൽ ഉറച്ചത്.

സി.വി നിർമല എന്ന പേരിൽ, സ്ത്രീകഥാപാത്രത്തിന് പ്രാധാന്യമുള്ള നോവലുകൾ എഴുതാൻ എന്നെ പ്രേരിപ്പിച്ചത് ‘മനോരമ’യിലെ ജോജി സാറാണ്. തുടക്കത്തിൽ എനിക്ക് താൽപര്യമുണ്ടായിരുന്നില്ല. ഒരു ദിവസം അദ്ദേഹം ഒരു കഥ പറഞ്ഞ് പാതിയിൽ നിർത്തി. ബാക്കി എന്താണെന്ന് ഞാൻ ചോദിച്ചപ്പോൾ, ‘ബാക്കി ഇല്ല. അത് നിങ്ങൾ എഴുതി ഉണ്ടാക്കണം’ എന്നായിരുന്നു മറുപടി. ആ ആവേശത്തിലാണ് ‘സ്ത്രീധനം’ എന്ന നോവൽ എഴുതിയത്. ഞാൻ പിന്നീട് തുറന്നു പറയും വരെ സി.വി നിർമല പെണ്ണാണെന്നായിരുന്നു വായനക്കാരുടെ വിശ്വാസം. ‘മഴ തോരും മുമ്പേ’ എഴുതുന്ന കാലത്ത് എറണാകുളത്ത് നിന്ന് ഒരാളുടെ കത്ത് വരുമായിരുന്നു. ‘മേഡം, മേഡത്തിന്റെ എഴുത്ത് വായിക്കുമ്പോൾ എനിക്ക് രോമാഞ്ചാം വരും’ എന്നൊക്കെയാണ് കക്ഷിയുടെ തട്ട്. അത് കഴിഞ്ഞ്, ‘മഞ്ഞുരുകും കാലം’ തുടങ്ങും മുമ്പ് വന്ന അഭിമുഖത്തിലാണ് സി.വി നിർമല ഞാനാണെന്ന് വെളിപ്പെടുത്തിയത്. അതിനു ശേഷം വന്ന പുള്ളിയുടെ കത്ത് ഒരു മുട്ടൻ തെറിയോടെയാണ് തുടങ്ങിയത്. അങ്ങനെ എത്രയെത്ര രസകരമായ അനുഭവങ്ങൾ.

ഓരോ പേരിൽ എഴുതുമ്പോഴും അതാത് മാനസിക നിലകളിലേക്ക് അറിയാതെ എത്തും. സി.വി നിർമല എഴുതും പോലെയല്ല ജെസി ജൂനിയർ. അതല്ല ജോസി വാഗമറ്റം.

ഇപ്പോഴും പ്രസിദ്ധീകരിക്കാത്ത ‘സ്വപ്നം മയങ്ങുന്ന തീരം’

പതിനെട്ട് വയസ്സ് വരെ എഴുത്ത് എന്റെ ചിന്തയിലുണ്ടായിരുന്നില്ല. വോളിബോൾ ആയിരുന്നു ഹരം. അതിൽ ഒരു മിന്നുന്ന താരമാകുക എന്നതായിരുന്നു മോഹം.

ഇരുപത്തി രണ്ട് വയസ്സ് മുതലാണ് എഴുത്ത് ഗൗരവമായ ഒരാഗ്രഹമായി മനസ്സിൽ ഉറച്ചത്. അതിനു പ്രചോദനം തോമസ് ടി അമ്പാട്ടാണ്. തോമസിന്റെ നാടും പുളിയങ്കട്ടയാണ്. അയൽക്കാരായിരുന്ന ഞങ്ങൾ ഒന്നിച്ചാണ് പള്ളിയുടെ കിണറു പണിക്കും പറമ്പ് കിളയ്ക്കാനുമൊക്കെ പോയിരുന്നത്. വലിയ കൂട്ടായിരുന്നു. അങ്ങനെയിരിക്കെ മനോരമ പത്രത്തിൽ ഒരു പരസ്യം കണ്ടു – ‘ഉടൻ പ്രസിദ്ധീകരണം ആരംഭിക്കുന്നു – തോമസ് ടി അമ്പാട്ടിന്റെ എസ്റ്റേറ്റിലെ യക്ഷി’. തോമസ് എട്ടാം ക്ലാസ് വരെയേ പഠിച്ചിട്ടുള്ളൂ. തോമസിന് എഴുതാമെങ്കിൽ എനിക്കെഴുതരുതോ എന്നായി ചിന്ത. ഞാൻ അതിലും വായനയുള്ള ആളല്ലേ. ആ ആവേശത്തിലാണ് ‘സ്വപ്നം മയങ്ങുന്ന തീരം’ എന്ന നോവല്‍ എഴുതിയത്. അത് ഇപ്പോഴും പ്രസിദ്ധീകരിച്ചിട്ടില്ല. ഭയങ്കര ഫാന്റസിയായിരുന്നു എന്ന് പിൽക്കാലത്ത് തോന്നിയിട്ടുണ്ട്.

കൂട്ടുകാരുടേയും നാട്ടുകാരുടേയും പരിഹാസം ഭയന്ന് ഒളിച്ചു വച്ചാണ് ആദ്യകാലങ്ങളിൽ എഴുതിയിരുന്നത്. കഥകൾ പ്രസിദ്ധീകരണങ്ങൾക്ക് അയയ്ക്കുകയും മുറപോലെ തിരിച്ചു വരികയും ചെയ്തു തുടങ്ങിയപ്പോൾ കൂട്ടുകാരും നാട്ടുകാരും അറിഞ്ഞു. ഞാൻ പരിഹാസപാത്രമായി. അതെല്ലാം വർഷങ്ങളോളം നീണ്ടു.

ആദ്യകാലത്തെ നോവലുകളെല്ലാം ഒറ്റയിരുപ്പിൽ എഴുതിയവയാണ്. ‘കാവൽമാടം’ മുതലാണ് ആഴ്ച തോറും എഴുതുന്ന രീതി തുടങ്ങിയത്. സമയക്കുറവായിരുന്നു ആ മാറ്റത്തിന്റെ കാരണം. ഇതുവരെ എഴുതിയവയിൽ, ‘സമദൂരം’, ‘ഋതുശാന്തി’ (പൊരുത്തം എന്ന പേരിലാണ് പുസ്തകമായത്) എന്നിവയാണ് എനിക്ക് ഏറെ പ്രിയപ്പെട്ട നോവലുകൾ.

തീക്കോയിയിലെ കുട്ടിക്കാലം

ആറാം ക്ലാസിലെ ഓണപ്പരീക്ഷ വരെയാണ് തീക്കോയി സ്കൂളിൽ പഠിച്ചത്. കൂട്ടുകാർക്കും പേരപ്പൻമാരുടെ മക്കൾക്കുമൊപ്പം സ്കൂളിലേക്ക് പോയിരുന്ന യാത്രകളാണ് ഇപ്പോഴും മനസ്സിൽ തങ്ങി നിൽക്കുന്നത്. ഞാൻ അത്ര മിടുക്കനായ ഒരു വിദ്യാർഥിയായിരുന്നില്ല. പലപ്പോഴും മനോരാജ്യങ്ങളില്‍ മുഴുകിയായിരുന്നു ജീവിതം. സങ്കൽപ ലോകത്താണ് മിക്കപ്പോഴും. ഒരു ഉറക്കം തൂങ്ങി. കളിക്കളത്തിലാണ് ഉഷാറായിരുന്നത്. നോവലുകളൊക്കെ എഴുതിയ ശേഷവും ആ ജോയിയാണ് ഈ ജോയ്സി എന്ന് ഇവിടെ പലർക്കും അറിയുമായിരുന്നില്ല. എന്റെ പള്ളിയിലെ പേരായ ഇമ്മാനുവേൽ ആണ് കൂട്ടുകാർക്കൊക്കെ പരിചയം. എന്നെ കൊച്ചുജോയി എന്നാണ് എല്ലാവരും വിളിച്ചിരുന്നത്. എന്റെ ഔദ്യോഗിക പേര് ഇമ്മാനുവേൽ എന്നാണ്. സർട്ടിഫിക്കറ്റിലും പാസ്പോർട്ടിലുമൊക്കെ ഇമ്മാനുവേൽ ആണ്. പള്ളയിലും ഞാൻ സജീവമായിരുന്നില്ല. ഏറ്റവും പിന്നിൽ ചെന്നിരിക്കും. അതേ പോലെ വേദിയിൽ സംസാരിക്കുന്നത് എനിക്ക് ചിന്തിക്കാനാകില്ല. വല്ല നിവൃത്തിയുമുണ്ടെങ്കില്‍ ഒഴിവാക്കും. വേറെ ഒരു പരിപാടി ഉണ്ടെന്ന് പറഞ്ഞ് മുങ്ങും.

തൃപ്തി നൽകിയ ഏക സിനിമ

എന്റെ നോവലുകള്‍ സിനിമയാക്കിയതിൽ എനിക്ക് ‘സ്ത്രീധനം’ മാത്രമാണ് അൽപ്പമെങ്കിലും തൃപ്തി നൽകിയത്. രണ്ട് സിനിമകൾ കണ്ടിട്ടില്ല. ഒരു സിനിമ ആദ്യത്തെ പതിനഞ്ച് മിനിറ്റ് കഴിഞ്ഞപ്പോൾ ഇറങ്ങിപ്പോന്നു. ‘പാളയം’ മോഹൻലാൽ നായകനായി ഭദ്രൻ ചെയ്യേണ്ടിയിരുന്ന പടമാണ്. ‘പാളയ’ത്തിലെ ലോറിക്കാരൻ നോബിൾ വലിയ ഹിറ്റായ കഥാപാത്രമാണ്. നാല് ഭാഗമാണ് ‘പാളയം’. ‘വലയം’, ‘ലോറിത്തെരുവ്’, ‘ലയം’ എന്നീ തുടർഭാഗങ്ങളൊക്കെ എഡിറ്റർമാർ നിർബന്ധിച്ച് എഴുതിച്ചതാണ്. അഞ്ചാം ഭാഗം ‘രക്ഷകൻ’ എന്ന പേരിൽ ഒരു വലിയ ക്യാൻവാസില്‍ എഴുതാൻ തീരുമാനിച്ചതാണ്. നടന്നില്ല.

സിനിമയോ സീരിയലോ

സിനിമ സംവിധാനം മനസ്സിലുണ്ടായിരുന്നു. എന്റെ അലംഭാവം കാരണം നടക്കാത്തതാണ്. അതിനു വേണ്ടി മിനക്കെട്ടിറങ്ങിയാൽ അനായാസം നടക്കേണ്ട കാര്യമാണ്.

സീരിയൽ ആകെ ഏഴെണ്ണമാണ് എഴുതിയത്. ‘ഓമനത്തിങ്കൾ പക്ഷി’ സംവിധാനവും ചെയ്തു. നോവലിനെ അപേക്ഷിച്ച്, സീരിയല്‍ വളരെ എളുപ്പമാണ്. ഡയലോഗ്സ് മാത്രം എഴുതിപ്പോയാൽ മതി. നോവൽ അങ്ങനെയല്ല, അതിന്റെ ഭാഷ, പശ്ചാത്തലം, കഥാപാത്രങ്ങളുടെ മനോവിചാരങ്ങൾ ഒക്കെ ശ്രദ്ധിക്കണം.

നോവിന്റെ നിമിഷങ്ങൾ

കരഞ്ഞു തളർന്ന സാഹചര്യങ്ങൾ, ഒറ്റപ്പെട്ട സന്ദർഭങ്ങൾ, വേദനിച്ച നിമിഷങ്ങളൊക്കെ ജീവിത്തിൽ ധാരാളമുണ്ട്.

ആറ് വർഷം മുമ്പ്, ഇരുപത്തിനാലാമത്തെ വയസ്സിൽ എന്റെ മോൻ ബാലു ബെംഗളുരുവിൽ നടന്ന ഒരു ബൈക്കപകടത്തിൽ മരണപ്പെട്ടു. അതെനിക്ക് താങ്ങാനാകാത്ത ഷോക്ക് ആയി. എന്നെ തളർത്തിയ മറ്റൊരു മരണം അനിയൻ സണ്ണിയുടെതാണ്. ഞാൻ കൊല്ലത്ത് പോയി എഴുത്തും വായനയുമായി കഴിയുന്ന കാലത്ത് വീട് നോക്കിയിരുന്നതും എളേതുങ്ങളെ പഠിപ്പിച്ചതും വളർത്തിയതുമൊക്കെ അവനാണ്. എന്നെക്കാൾ അഞ്ച് വയസ്സ് കുറവാണ്. പതിനാല് വയസ്സ് മുതൽ പണിക്കു പോകാൻ തുടങ്ങിയതാ. പതിനെട്ട് വയസ്സായപ്പോൾ സകല ഉത്തരവാദിത്വവും സ്വയം ഏറ്റെടുത്ത്, എന്നെ എന്റെ ഇഷ്ടങ്ങൾക്കൊപ്പം ജീവിക്കാൻ വിട്ടു. അതാണ് എന്റെ എഴുത്തുജീവിതത്തെ മുന്നോട്ടു നയിച്ചത്. അവന് ഞാൻ എഴുതുന്നതും പ്രശസ്തി നേടുന്നതുമൊക്കെ വലിയ അഭിമാനമായിരുന്നു. രണ്ട് വർഷം മുമ്പ് അവൻ പോയി. കഷ്ടപ്പാടുകള്‍ തീർന്ന്, ഉത്തരവാദിത്വങ്ങൾ പൂർത്തിയാക്കി ഇനി ഒന്നു വിശ്രമിക്കാം എന്ന ഘട്ടത്തിലാണ് അവനെ മരണം കൊണ്ടുപോയത്.

കുടുംബം

നാല് മക്കളാണ് എനിക്ക്. മനു, ബാലു, മീനു, സാനു.