Thursday 02 May 2024 03:23 PM IST

ഈ പുഷ്പനാഥ് കോട്ടയം പുഷ്പനാഥിന്റെ ആരാണ് ? പേരിൽ ഒരു ‘കൗതുകബന്ധം’

V.G. Nakul

Sub- Editor

pushpanath

കോട്ടയത്ത് എത്ര മത്തായിമാരുണ്ട്’ എന്നു ചോദിക്കും പോലെ, ‘കോട്ടയത്ത് എത്ര പുഷ്പനാഥുമാരുണ്ട്’ എന്നു ചോദിക്കാനാകില്ലല്ലോ...കോട്ടയത്ത് ഒരു പുഷ്പനാഥല്ലേയുള്ളൂ...ഒരേയൊരു കോട്ടയം പുഷ്പനാഥ്!’

കൃത്യം ഒരു വർഷം മുമ്പ്, 2023 മേയ് 3 ന്, കോട്ടയം പുഷ്പനാഥുമായി ബന്ധപ്പെട്ട വ്യക്തിപരമായ ഒരു അനുഭവം പങ്കുവച്ച് ‘വനിത ഓൺലൈനിൽ’ ഈ ലേഖകൻ എഴുതിയ കുറിപ്പ് ഇങ്ങനെയാണ് അവസാനിക്കുന്നത്. അൽപ്പം നാടകീയതയോടെ അങ്ങനെയൊരു എൻഡ് പഞ്ച് എഴുതുമ്പോൾ ദിവസങ്ങൾക്കുള്ളില്‍ ആ വിശ്വാസം തിരുത്തപ്പെടുമെന്ന് സ്വപ്നത്തിൽ പോലും ചിന്തിച്ചില്ല. പക്ഷേ, അങ്ങനെ സംഭവിച്ചു!

കോട്ടയം, ചുങ്കം ജംക്ഷനിൽ മൺപാത്രങ്ങൾ വിൽക്കുന്ന ഒരു പഴയ കടയുണ്ട് – ‘പോട്ട് ഹൗസ്’. ഇടയ്ക്ക് അവിടെ കയറിയപ്പോൾ, അതിന്റെ ഉടമയുമായി ചില കുശലങ്ങൾ പറഞ്ഞു. മാന്യനും യോഗ്യനുമായ ഒരു മധ്യവയസ്കൻ. പിരിയുമ്പോൾ അദ്ദേഹത്തോടു ചോദിച്ചു –

എന്താ പേര് ?

പുഷ്പനാഥ്!

ഞെട്ടി. എന്തെന്നാൽ, സാക്ഷാൽ കോട്ടയം പുഷ്പനാഥിന്റെ നാടാണ് ചുങ്കം. അവിടെ അദ്ദേഹമല്ലാതെ, ഇതാ മറ്റൊരു പുഷ്പനാഥ്!

കക്ഷി തമാശ പറഞ്ഞതാണോ ?

ഉറപ്പിക്കാൻ വീണ്ടും ചോദിച്ചു.

‘അതേ, പുഷ്പനാഥ്. എനിക്കും എന്റെ അമ്മാവനും ഒരേ പേരാണ്’.

ഞെട്ടൽ റിപ്പീറ്റ്!

അമ്മാവൻ എന്നു പറയുമ്പോൾ... കോട്ടയം പുഷ്പ... ?

സംശയം തുളുമ്പുന്ന എന്റെ ചോദ്യം പൂർത്തിയാകും മുമ്പേ മറുപടി വന്നു –

അതേ, കോട്ടയം പുഷ്പനാഥിന്റെ പെങ്ങള്‍ ബേബിയുടെ മകനാണ് ഞാൻ. പുഷ്പനാഥ് വലിയമാലി എന്നാണ് മൊത്തം പേര്.

ആ നിമിഷം ‘കോട്ടയത്ത് ഒരു പുഷ്പനാഥല്ലേയുള്ളൂ...ഒരേയൊരു കോട്ടയം പുഷ്പനാഥ്!’ എന്ന വാചകം തിരുത്തപ്പെട്ടു. കോട്ടയത്ത് മറ്റൊരു പുഷ്പനാഥ് കൂടിയുണ്ട്, കോട്ടയം പുഷ്പനാഥിന്റെ അനന്തരവൻ –പുഷ്പനാഥ് വലിയമാലി!

pushpanath_660

കോട്ടയം പുഷ്പനാഥിന്റെ ഏകസഹോദരി ബേബിയുടെ മകനായ പുഷ്പനാഥ് വലിയമാലി കേരള സർക്കാരിന്റെ ജോ.സെക്രട്ടറിയായി വിരമിച്ച ആളാണ്.

‘‘എനിക്ക് അമ്മാവന്റെ പേരാണ്. പക്ഷേ, അത് ആരുടെ താൽപര്യമായിരുന്നുവെന്നൊന്നും അറിയില്ല. ഞാനത് തിരക്കിയിട്ടുമില്ല. ഞാനും അമ്മാവനും സുഹ‍ൃത്തുക്കളെപ്പോലെയായിരുന്നു. എന്റെ ചെറുപ്പത്തിലൊക്കെ അദ്ദേഹം വളരെയേറെ പ്രശസ്തനാണ്. തുടർച്ചയായി എഴുതുന്ന കാലം. പത്തും പതിനൊന്നും നോവലുകളാണ് ഒരേ സമയം പ്രസിദ്ധീകരിച്ചു വരുന്നത്. ആദ്യമൊക്കെ വാരികകളുടെ ഓഫിസുകളിലേക്ക് ഓരോ ലക്കത്തെയും മാറ്ററുകളുമായി പോയിരുന്നത് ഞാനാണ്. പിന്നീട് അവരൊക്കെ വീട്ടിൽ വന്നു വാങ്ങിക്കൊണ്ടു പോകാൻ തുടങ്ങി. എൺപതുകളിൽ ജനപ്രിയ വാരികളുടെ അന്ത്യന്താപേക്ഷിത ഘടകമായിരുന്നു പുഷ്പനാഥിന്റെ നോവൽ. അതില്ലാതെ ഒരു ലക്കം ഇറക്കുകയെന്നത് ചിന്തിക്കാനാകില്ല.

അമ്മാവൻ ഇടയ്ക്ക് ‘പുഷ്പനാഥ്’ വാരിക തുടങ്ങിയപ്പോഴും ബുക് ക്ലബ് ആരംഭിച്ചപ്പോഴുമൊക്കെ ഒരു സഹായിയായി ഞാനും ഒപ്പം നിന്നു. ഇപ്പോൾ പുഷ്പനാഥ് ഫൗണ്ടേഷന്റെ പ്രവർത്തനങ്ങളുണ്ട്. അദ്ദേഹത്തിന്റെ മകളുടെ മകൻ റയാൻ ആണ് പുഷ്പനാഥ് പബ്ലിക്കേഷന്റെ നേതൃത്വം’’. – പുഷ്പനാഥ് വലിയമാലി പറയുന്നു.

കേരള സർക്കാരിൽ ജോ.സെക്രട്ടറിയായി വിരമിച്ച ആള്‍ മൺപാത്രങ്ങൾ വിൽക്കുന്ന ഒരു പഴയ കട ഇപ്പോഴും നടത്തിക്കൊണ്ടു പോകുന്നതെന്തിനെന്ന് ചിന്തിക്കാൻ വരട്ടേ. 200 വർഷത്തെ പഴക്കമുണ്ട് പോട്ട് ഹൗസിന്. പുഷ്പനാഥ് മലിയമാലിയുടെ അപ്പന്റെ അപ്പനാണ് ഈ കട തുടങ്ങിയത്.

‘‘അക്കാലത്ത് അറുപതിൽ കൂടുതൽ തൊഴിലാളികളുണ്ടായിരുന്നു ഇവിടെ. സ്റ്റീൽ പാത്രങ്ങളും മറ്റും പ്രചരിച്ച് തുടങ്ങിയിട്ടില്ലാത്ത കാലമാണ്. മൺപാത്രങ്ങൾക്ക് ആവശ്യക്കാരേറെയായിരുന്നു. എന്റെ അപ്പൻ തമ്പി ഇതേറ്റെടുത്തപ്പോൾ ഹോൾസെയിൽ രീതിയിലേക്കു കൂടി മാറി. അപ്പോഴും കട നിർത്തിയില്ല. ആ ഒരു പിന്തുടർച്ച ഞാനും മുന്നോട്ടു കൊണ്ടു പോകുന്നുവെന്നേയുള്ളൂ. മാത്രമല്ല, ആരോഗ്യകരമായ ഒരു ഭക്ഷണ സംസ്കാരത്തിന് മൺപാത്രങ്ങൾ വഹിക്കുന്ന പങ്ക് കൂടി പരിഗണിക്കുമ്പോൾ നിർത്താൻ‌ തോന്നുന്നില്ല’’.– പുഷ്പനാഥ് പറഞ്ഞു.

കോട്ടയം പുഷ്പനാഥിന്റെ അഞ്ചാം ഓർമദിനമാണ് ഇന്ന്. 2019 മേയ് 2 ന്, 80 വയസ്സിലായിരുന്നു അദ്ദേഹത്തിന്റെ മരണം. പ്രശസ്ത വൈൽഡ് ലൈഫ് ഫോട്ടോഗ്രഫർ കൂടിയായ മകൻ സലിം പുഷ്പനാഥ് അന്തരിച്ച് ഒരു മാസം തികയും മുൻപായിരുന്നു പുഷ്പനാഥിന്റെയും വിയോഗം.

നൂറിലേറെ ഡിറ്റക്ടീവ്, മാന്ത്രിക നോവലുകൾ രചിച്ച, മലയാള സാഹിത്യത്തിലെ ജനപ്രിയ ക്രൈം നോവലിസ്റ്റുകളിലെ കുലപതിയായിരുന്ന കോട്ടയം പുഷ്പനാഥിന് അർഹിക്കുന്ന ആദരം മലയാള സാഹിത്യം നൽകിയിട്ടുണ്ടോ എന്ന ചോദ്യം എപ്പോഴുമെന്ന പോലെ ഇപ്പോഴും പ്രസക്തം. പ്രശസ്ത നോവലിസ്റ്റ് ജിജി ചിലമ്പിൽ തയാറാക്കിയ, ‘കോട്ടയം പുഷ്പനാഥ് – അപസർപ്പക നോവലുകളുടെ ആചാര്യൻ’ എന്ന പുസ്തകം മാത്രമാണ് ഇത്രകാലത്തിനിടെ അദ്ദേഹത്തെ അടയാളപ്പെടുത്തുന്നതായി അക്ഷരലോകത്തുണ്ടായിട്ടുള്ളത്. ചെറുമകൻ റയാൻ പുഷ്പനാഥിന്റെ നേതൃത്വത്തിൽ, അദ്ദേഹത്തിന്റെ നോവലുകൾ ‘കോട്ടയം പുഷ്പനാഥ് പബ്ലിക്കേഷൻസ്’ വീണ്ടും വിപണിയിലെത്തിച്ചു തുടങ്ങിയതിനാൽ പുതിയ വായനക്കാരും ആ കൃതികളെ അറിയുന്നു.