Tuesday 02 January 2024 02:59 PM IST : By സ്വന്തം ലേഖകൻ

‘രാജേഷേ... ഞാൻ ഇനി ഉണ്ടാവുമോ എന്നറിയില്ല, അത് കാണാൻ എനിക്ക് പറ്റുമോ’: സാംസൺ ജെ കൊളാടിയെ അനുസ്മരിച്ച് രാജേഷ് ചാലോട്

samson

അന്തരിച്ച കവി സാംസൺ ജെ കൊളാടിയെ അനുസ്മരിച്ച് പ്രശസ്ത ബുക്ക് ഡിസൈനർ രാജേഷ് ചാലോട്. പുസ്തക രൂപകൽപ്പനയുമായി ബന്ധപ്പെട്ട് തങ്ങൾക്കിടയിലുണ്ടായിരുന്ന സൗഹൃദത്തിന്റെ പശ്ചാത്തലത്തിലാണ് രാജേഷിന്റെ കുറിപ്പ്.

‘രാജേഷേ... ഞാൻ ഇനി ഉണ്ടാവുമോ എന്നു അറിയില്ല’ എന്നാണ് സാംസൺ ജെ കോളാടിയുടെ എല്ലാ മെസ്സേജുകളിലും ആവർത്തിച്ചു വരുന്ന ഒരു വാചകം. അതിനു പിന്നാലെ ഏതെങ്കിലും പുസ്തകത്തെ കുറിച്ചുള്ള ഒരു പദ്ധതിയും ഉണ്ടാവും. ആശുപത്രികിടക്കയിൽ നിന്ന്, രോഗം കുറഞ്ഞു വരുന്ന വഴിക്ക് ഒക്കെ ആ മെസ്സേജുകൾ വന്നു. ഒടുവിലത്തേത് കവർ ഡിസൈൻ ചെയ്യാൻ തന്ന ഒരു പുസ്തകം ഈ മാസം അവസാനം പ്രകാശനം ചെയ്യാൻ കഴിയുമോ എന്നു ചോദിച്ചിട്ടായിരുന്നു. ‘അത് കാണാൻ എനിക്ക് പറ്റുമോ രാജേഷേ’ എന്ന വാചകം പതിവുപോലെ ഉണ്ടായിരുന്നു. കഴിഞ്ഞ ഒന്ന് രണ്ടു വർഷമായി അത് കേൾക്കുന്നതു കൊണ്ട് എനിക്കതിൽ പുതുമ തോന്നിയില്ല. രോഗം വരുമ്പോൾ മനുഷ്യരെ ബാധിക്കുന്ന ഒരു മാനസികാവസ്ഥ അതാണല്ലോ. പക്ഷേ, ഇത്തവണ ആ പേടി ശരിയായി. ഇന്നലെ അദ്ദേഹം അന്തരിച്ചു

രോഗവുമായുള്ള യുദ്ധത്തിൽ വാക്കിനോടുള്ള സ്‌നേഹം കൊണ്ട് ജീവിച്ചിരുന്ന ഒരാൾ ആയിരുന്നു അദ്ദേഹം. ഇനി എത്ര കാലം ഉണ്ടെന്ന ചിന്ത എഴുത്തിനോടുള്ള അഭിനിവേശമായി. ഏതാണ്ട് ഒരു വർഷം മുൻപാണ് ഒരു വലിയ കവിതസമാഹാരം അദ്ദേഹം പ്രസിദ്ധീകരിച്ചത്. ധാരാളം എഴുതുന്ന കവികൾക്ക് പോലും അങ്ങനെ ഒന്ന് പെട്ടെന്ന് സാധിക്കില്ല.

ഒരു മുതിർന്ന സുഹൃത്തായി കൂടെ നിന്ന, നല്ല വാക്കുകൾക്കും സ്‌നേഹത്തിനും ഒരു പിശുക്കും കാണിക്കാത്ത അദ്ദേഹത്തിന് ആദരാഞ്ജലി. കവിതയിൽ ആ ഓർമ്മകൾ നിറയട്ടെ...’.– രാജേഷ് ചാലോട് ഫെയ്സ്ബുക്കിൽ കുറിച്ചു.