Saturday 04 May 2024 10:49 AM IST : By സ്വന്തം ലേഖകൻ

ഉപാധികളില്ലാതെ നിങ്ങൾക്ക് പ്രണയിക്കാൻ കഴിയുമോ? അനശ്വര പ്രണയത്തിന് കാവ്യഭാഷ്യം ചമച്ച് ശബരി രാജേന്ദ്രൻ

sabari-rajendran

അനശ്വര പ്രണയത്തിന് കാവ്യഭാഷ്യം ചമച്ച് യുവ എഴുത്തുകാരി ശബരി രാജേന്ദ്രൻ. ഇംഗ്ലീഷിലും മലയാളത്തിലും ശബരി രാജേന്ദ്രൻ എഴുതിയ മനോഹരമായ രണ്ട് കവിതാ പുസ്തകങ്ങൾ സാഹിത്യലോകത്തും ശ്രദ്ധനേടുകയാണ്. മാജിക് ഇങ്ക് ആൻഡ് ക്വിൽ (Magic Ink & Quill), പെർപെച്വൽ ലൗ ഓഫ് ക്വിൽ പെൻസ് (Perpetual love of Quill Pens) എന്നിങ്ങനെ ഇംഗ്ലീഷിലും മലയാളത്തിലും എഴുതിയ കവിത പുസ്തകങ്ങൾ തിരുവനന്തപുരത്തു നടന്ന ചടങ്ങിലാണ് പ്രകാശിതമായത്. എഴുത്തുകാരനും ഐഎഎസ് ഉദ്യോഗസ്ഥനുമായ പ്രശാന്ത് നായർ എഴുത്തുകാരൻ ആദ്യ പതിപ്പ് ഡോ. രാധാകൃഷ്ണൻ നായർക്ക് നൽകി പ്രകാശനം ചെയ്തു.

വെറും നേരമ്പോക്കോ കാൽപനികമോ അല്ല പ്രണയമെന്ന് ശബരി തന്റെ കാവ്യശകലങ്ങളിലൂടെ വരച്ചിടുന്നു. ഭൂമിയിൽ ശാശ്വതമായി യാതൊന്നും തന്നെയില്ല എന്ന യാഥാർത്ഥ്യ ബോധം ഉൾക്കൊള്ളുമ്പോഴും ഉപാധികളില്ലാതെ സ്നേഹിക്കാൻ കഴിയണമെന്ന് ശബരിയുടെ കവിതകൾ പറയാതെ പറയുന്നു. ഇന്നലയുടെ അനുഭവങ്ങൾ ഇന്നിന്റെ പ്രതീക്ഷയും, നാളെയുടെ യാഥാർത്ഥ്യവും ആയി തീരുമെന്ന് ഈ കവിതകളിൽ നിന്നും നമുക്ക് വായിച്ചറിയാൻ കഴിയും.

‘ഓർമകളുടെ പാരമ്യത്തിൽ നീ മാത്രം ആകുമ്പോൾ എന്നെ ഞാൻ അക്ഷരങ്ങളിലേക്ക് പകർത്താൻ ശ്രമിക്കും, പക്ഷേ എഴുതപ്പെടുന്ന വരികൾ പലപ്പോഴും നമ്മളെ പോലെ അപൂർണ്ണമാണ്. പരസ്പരം വായിക്കാതെ, എന്നെ എഴുതാൻ നീയും, നിന്നെ എഴുതാൻ ഞാനും, നിരന്തരം ശ്രമിച്ചുകൊണ്ടിരുന്നു നിയന്ത്രണങ്ങളില്ലാതെ സമാനതകൾ ഏതുമില്ലാതെ നമ്മൾ എഴുതുകമാത്രമായിരുന്നു.’– കവിത പരിചയപ്പെടുത്തി എഴുത്തുകാരിയുടെ വാക്കുകൾ.

തന്റെ ഹൃദയംതൊടുന്ന കാവ്യശകലങ്ങൾ പരിചയപ്പടുത്തി ശബരി ഇൻസ്റ്റഗ്രാം പേജിൽ പങ്കുവച്ച പോസ്റ്റുകളും ഇതിനോടകം യുവ ഹൃദയങ്ങൾ ഏറ്റെടുത്തു കഴിഞ്ഞു.