Wednesday 17 April 2024 02:42 PM IST

തല തിരിഞ്ഞ് രണ്ട് പുറംചട്ടകൾ, ‘ആവേശം’ ഡിസൈനറുടെ ആശയം: ഉണ്ണി ആർ. പറയുന്നു

V.G. Nakul

Sub- Editor

unni-r-1

വായിക്കുക എന്നതിനപ്പുറം കാണാനും സൂക്ഷിക്കാനുമുള്ള ഒരു കലാവസ്തു കൂടിയാണ് പുസ്തകങ്ങൾ. മനോഹരമായ പുറംചട്ട, ലിപി വിന്യാസം, ചിത്രീകരണം, വലുപ്പം, നിർമിതി എന്നിങ്ങനെ എന്തു പരീക്ഷണത്തിനുമുള്ള സാധ്യതകൾ ഓരോ പുസ്തകവും കരുതി വയ്ക്കുന്നുണ്ടെങ്കിലും നിർഭാഗ്യവശാൽ‌ മലയാളത്തിലെ മുഖ്യധാരാപ്രസാധകർ പലപ്പോഴും അത്തരം നീക്കങ്ങളിൽ അത്ര തൽപരരല്ല. അതേ സമയം സമാന്തര പ്രസാധകരിൽ പലരും അതിശയിപ്പിക്കുന്ന പുതുമകള്‍ പ്രസാധനത്തിൽ സാധ്യമാക്കുന്നുമുണ്ട്.

എന്നാൽ മനോരമ ബുക്സ് പ്രസിദ്ധീകരിച്ച പ്രമുഖ കഥാകൃത്ത് ഉണ്ണി ആറിന്റെ പുതിയ കഥാസമാഹാരം പുസ്തകനിർമിതിയുടെ സൗന്ദര്യ സങ്കൽപ്പങ്ങളിലാണ് പ്രധാനമായും ഊന്നുന്നത്.

സമീപകാലത്ത് മലയാള സാഹിത്യത്തിലുണ്ടായ രണ്ട് മികച്ച ചെറുകഥകളാണ് ഉണ്ണിയുടെ ‘മലമുകളിൽ രണ്ടു പേരും’ ‘ഗംഭീരവിക്രമ’യും. ഈ രണ്ട് കഥകൾ ചേർത്താണ് മനോരമ ബുക്സ് പുസ്തകം പുറത്തിറക്കിയിരിക്കുന്നത്. സാധാരണ വലുപ്പത്തിൽ നിന്നു താഴേക്കു വന്ന്, ഒരു പോസ്റ്റ് കാർഡിനേക്കാൾ അൽപ്പം കൂടി വലുപ്പത്തിൽ, രണ്ട് വശത്തു നിന്നും തുറക്കാവുന്ന തരത്തിൽ, രണ്ട് പുറംചട്ടകളോടെയാണ് പുസ്തകത്തിന്റെ നിർമാണം.

പുതിയ പുസ്തകത്തിൽ ഇത്തരമൊരു വ്യത്യസ്ത പരീക്ഷിച്ചതിന്റെ വിശേഷങ്ങൾ ഉണ്ണി ആർ. ‘വനിത ഓൺലൈനോട്’ പറയുന്നു –

‘‘പുസ്തകത്തിന്റെ അച്ചടി, ഗെറ്റപ്പ് എന്നിവയെക്കുറിച്ചുള്ള അഭിപ്രായമറിയിക്കണമെന്ന് പ്രോഗ്രസ് പബ്ലിഷേഴ്സിന്റെ എല്ലാ പുസ്തകങ്ങളുടേയും ഒടുവിൽ ചേർത്തിരുന്നു. വെറുതെ ഒന്നു മറിച്ച് നോക്കാനെങ്കിലും വായനക്കാരെ ക്ഷണിക്കും വിധം ഭംഗിയുള്ളതായിരുന്നു ആ പുസ്തകങ്ങൾ. പിൽക്കാലത്ത് കെട്ടിലും മട്ടിലും പുതുമ ചേർക്കാൻ ശ്രമിച്ച പ്രസാധക സംരംഭം മൾബറിയായിരുന്നു. ഷെൽവിയുടെ (മൾബറിയുടെ ഉടമ) പുസ്തകങ്ങൾ എല്ലാം വ്യത്യസ്തമായിരുന്നു. മൾബറിയുടെ തലക്കെട്ടുകൾ പോലെ ശ്രദ്ധേയമായി അവരുടെ കവറുകൾ. ഏതൊരു ഉൽപ്പന്നവും ഉപഭോക്താവിലേക്കെത്തുവാൻ ആകർഷകത്വമെന്ന ഗുണം കൂടി വേണമെന്ന് ഷെൽവിക്ക് നിശ്ചയമുണ്ടായിരുന്നു. പുസ്തകങ്ങളുടെ പുറംമോടിയിൽ മൾബറി നടത്തിയ പലതരം പരീക്ഷണങ്ങൾ അന്നത്തെ പ്രധാന പ്രസാധകരുടെ അച്ചടിയെക്കുറിച്ചുള്ള പരമ്പരാഗത ചിന്തയെ പ്രകോപിപ്പിക്കുകയും അത് അവരെ പുതിയ വഴികളിലേക്ക് നടത്തുവാനുള്ള ഊർജ്ജവുമായി മാറി’’. – ഉണ്ണി പറയുന്നു.

ഗംഭീര വിക്രമ’, ‘മലമുകളിൽ രണ്ടുപേർ’ എന്നീ കഥകൾ ചേർത്ത് ഇങ്ങനെയൊരു പുസ്തകം തയാറാക്കാനുള്ള തീരുമാനം ?

രണ്ട് കഥകൾ മാത്രം ഉൾപ്പെടുത്തി പുതിയൊരു പരീക്ഷണത്തിന് സാധ്യതയുണ്ടോ എന്ന ചിന്തയിൽ നിന്നാണ് ‘ഗംഭീര വിക്രമ’, ‘മലമുകളിൽ രണ്ടുപേർ’ എന്ന കഥകൾ മനോരമ ബുക്സ് പ്രസിദ്ധീകരിക്കുവാൻ തയ്യാറായത്. ഈ കഥകളെ സാധാരണ പുസ്തക വലിപ്പത്തിൽ നിർമിക്കുവാൻ കഴിയില്ല. അപ്പോൾ എന്ത് ചെയ്യാം എന്ന് ആലോചിച്ചപ്പോൾ വലിപ്പം ചെറുതാക്കാം എന്ന തീരുമാനത്തിൽ എത്തി. കഥകൾക്ക് കെ.പി.മുരളീധരൻ ചിത്രങ്ങൾ വരയ്ക്കും. കവർ ആര് ചെയ്യും എന്നായി അടുത്ത ചിന്ത. ‘ആവേശം’ എന്ന സിനിമാ ടൈറ്റിൽ ചെയ്ത അഭിലാഷിനെ ഓർമ വന്നു. അഭിലാഷിനെ അറിയുന്നത് സുഹൃത്തായ പ്രദീപ് എം നായർ വഴിയാണ്. പ്രദീപ് വഴി അഭിലാഷുമായി സംസാരിച്ചു. രണ്ട് കവറുകൾ മുന്നിലും പിന്നിലും വേണമെന്ന് പറഞ്ഞു. അഭിലാഷാണ് തല തിരിഞ്ഞ് കവർ ചെയ്യാമെന്ന ആശയം പറഞ്ഞത്. അതായത് പുസ്തകത്തിന് രണ്ട് മുഖങ്ങൾ! എങ്ങനെയും അത് വെക്കാം. പ്രധാന കഥ എന്ന രീതിയല്ല. രണ്ടിനും തുല്യ പ്രാധാന്യം. ഇത് അപൂർവ്വമായി മാത്രം ചെയ്യാവുന്ന ഒരു സാധ്യതകൂടിയായതുകൊണ്ട് ഈ അവസരം അനുകൂലമായി എടുക്കുവാൻ മനോരമ ബുക്സിന് സന്തോഷം മാത്രമാണ് ഉണ്ടായിരുന്നത്.

unni-r-2

പ്രധാധകരുടെ പിന്തുണയും ഇത്തരം പരീക്ഷണങ്ങൾക്ക് പ്രധാനമല്ലേ ?

ഒരു പ്രസാധന സംരഭം തങ്ങളുടെ പുസ്തകം മികച്ചതാക്കുന്നതിൽ കാണിക്കുന്ന ശ്രദ്ധ അതിന്റെ എഴുത്തുകാരിലുണ്ടാക്കുന്ന ആനന്ദം ചെറുതായിരിക്കില്ല.പുസ്തകം അത്ര മികവോടെയാണ് മനോരമ ബുക്സ് പ്രസിദ്ധീകരിച്ചത്. എഴുത്ത് ജീവിതത്തിൽ തീർച്ചയായും ഈ പുസ്തകത്തിനായി മനോരമ ബുക്സ് ചിലവിട്ട സമയവും അതിനായി എടുത്ത ഗുണകരമായ തീരുമാനങ്ങൾക്കും നന്ദി. പുസ്തക പ്രസാധനമെന്നാൽ സർഗപ്രവൃത്തികൂടിയാവുന്ന അപൂർവ്വത ഇവിടെ അനുഭവിക്കാനായി. എഴുത്തുകാർ ആദരിക്കപ്പെടുന്നത് ഇങ്ങനെ കൂടിയാണ്.ഗെറ്റപ്പിലേയും അച്ചടിയിലേയും ആ പഴയ സോവിയറ്റ് യൂണിയൻ ചോദ്യം ഇവിടെ വായനക്കാരെ ബഹുമാനിച്ചുകൊണ്ട് പൂർണതയിലെത്തുന്നു.