Tuesday 02 January 2024 02:28 PM IST

‘സ്വയംഭാഗം’‌ നേരിട്ട വിമർശനങ്ങൾ അതിന്റെ തലക്കെട്ടുണ്ടാക്കിയ പൊല്ലാപ്പാണ്... : ഉണ്ണി ആർ പറയുന്നു

V.G. Nakul

Sub- Editor

unni-r-1

മനുഷ്യരാണ് ഉണ്ണി ആറിന്റെ കഥകളുടെ കേന്ദ്രം. മനുഷ്യരുടെ വൈകാരിക ലോകവും അതിലെ സങ്കീർണതകളുമാണ് ഉണ്ണിയിലെ കഥാകൃത്തിനെ പ്രചോദിപ്പിക്കുന്നത്.

പ്രണയമായും രതിയായും ഭ്രാന്തായും നിരാശയായും പകയായും ഉൻമാദമായും പ്രതീക്ഷയായും മനുഷ്യർ ഉണ്ണിയുടെ കഥകളിൽ പാർപ്പുറപ്പിക്കുന്നു. ആദ്യ സമാഹാരമായ ‘ഒഴിവുദിവസത്തെ കളി’ മുതൽ പുതിയ പുസ്തകമായ ‘തിരുവിളയാടൽ’ വരെയെത്തുമ്പോഴും ആ ചോദന കുറയുന്നില്ലെന്നതാണ് ഉണ്ണിയെ മനുഷ്യരുടെ കഥയെഴുത്തുകാരനാക്കുന്നത്.

സമീപകാലത്ത് മലയാളസാഹിത്യത്തിൽ ഏറെ ചർച്ചയായ ‘അഭിജ്ഞാനം’, ‘നടപ്പൻനിഴൽ’, ‘ചിന്താഭൂതം’, ‘നാമിങ്ങറിയുവതല്പം’, ‘സ്വയംഭാഗം’, ‘തിരുവിളയാടൽ’, ‘പുസ്തകം’, ‘പൂക്കൾ’, ‘മറ’ എന്നിങ്ങനെ ഒമ്പത് കഥകളാണ് ‘തിരുവിളയാടൽ’ എന്ന സമാഹാരത്തിലുള്ളത്. ചരിത്രവും സങ്കൽപ്പവും ഇഴചേർന്നു നിൽക്കുന്നവയാണ് ഇതിൽ മിക്കതും : കവിതയോടടുക്കുന്ന ശൈലിയിൽ, അലങ്കാരങ്ങളുടെ അമിതഭാരങ്ങളില്ലാത്ത ആഖ്യാനങ്ങളായി വികസിക്കുന്ന രചനകൾ... നിപുണനായ ഒരു കഥപറച്ചിലുകാരന്റെ വിരുതാണ് ഇവയിലോരോന്നിലും ഉണ്ണി എടുത്തു പ്രയോഗിക്കുന്നത്. മുഷിച്ചിലോ, തടസ്സങ്ങളോ ഇല്ലാതെ വായിച്ചു പോകാം, ഓരോന്നും...

തിരുവിളയാടൽ’ പശ്ചാത്തലമാക്കി, ഉണ്ണി ആർ സംസാരിക്കുന്നു – ‘വനിത ഓൺലൈനിൽ’ –

തിരുവിളയാടൽ’. പുസ്തകത്തിന്റെ പേരായി സ്വീകരിച്ചിരിക്കുന്ന കഥയിൽ നിന്നു സംസാരിച്ചു തുടങ്ങാം എന്നു കരുതുന്നു, ഈ കഥയിലും ശ്രീനാരായണഗുരുവാണ് മുഖ്യസാന്നിധ്യം. താങ്കളുടെ കഥകളിൽ മുമ്പും ഗുരുവിന്റെ സാന്നിധ്യമുണ്ടായിട്ടുണ്ട്. എഴുത്തുവഴിയിൽ ആ ദർശനം ഒപ്പം കൂട്ടിയതിന്റെ പശ്ചാത്തലം എങ്ങനെയാണ് ?

ഗുരുവിന്റെ ഭാര്യയായിരുന്ന കാളിയമ്മയെക്കുറിച്ചുള്ള കഥയായിരുന്നു ‘കാളിനാടകം’. ചരിത്രത്തിലെ കാളിയമ്മയുടെ അഭാവമായിരുന്നു ആ ചിന്തയിലേക്ക് എത്തുവാൻ പ്രേരണയായത്. പിന്നീട് ‘ഒരു ഭയങ്കര കാമുകൻ’ എന്ന കഥയിലെല്ലാം ഗുരു വരുന്നുണ്ട്. ഗുരുവിലേക്ക് എത്തിയാൽ ലോകത്തെ മനസ്സിലാക്കുവാനും ഇടപഴകുവാനും എളുപ്പമാണ്. ഗുരുവിൽ ശരി തെറ്റുകൾ എന്ന ബൈനറി ഇല്ല. എല്ലാവരേയും സ്വീകരിക്കും. അവരോട് സംസാരിക്കും. അവർ പറയുന്നത് ശ്രദ്ധാപൂർവ്വം കേൾക്കും. സി.വി കുഞ്ഞിരാമൻ, സഹോദരനയ്യപ്പൻ, കുറ്റിപ്പുഴ കൃഷ്ണപിള്ള ഇവർ മൂവരും ഗുരുവിനോട് അടുപ്പം സൂക്ഷിക്കുകയും താന്താങ്ങളുടെ ചിന്തകൾക്കനുസൃതമായി മുന്നോട്ട് പോവുകയും ചെയ്തവരാണ്. ഇത് ഗുരുവിലെ ജനാധിപത്യ ബോധത്തെ വ്യക്തമാക്കുന്ന സംഗതിയാണ്. ഗുരു - സാഗരം എന്ന് വിളിക്കാവുന്ന വ്യക്തിവിശേഷം അദ്ദേഹത്തിലുണ്ടായിരുന്നു. പണ്ഡിതരോടും പാമരരോടും സംസാരിക്കാനാവുന്ന ഭാഷ കൈമുതലായി ഉണ്ടായിരുന്നു. ഡോ.പൽപ്പുവിനെപ്പോലെ വിദേശ അനുഭവം ആർജിച്ച ഒരാളെ കേൾക്കുവാനും അതിനനുസൃതമായി സാമൂഹ്യമാറ്റത്തിനായി തീരുമാനങ്ങൾ എടുക്കുകയും ചെയ്ത വ്യക്തി കൂടിയാണ് അദ്ദേഹം. ഭേദമില്ലായ്മ എന്ന ചിന്തയോളം വലുതായി മറ്റൊന്നുമില്ലല്ലോ ? ‘ആത്മോപദേശശതകം’ അത്രയൊന്നും എളുപ്പത്തിൽ വഴങ്ങില്ല വായനയ്ക്ക്. അതിന് സഹായകരമായത് ജി.ബാലകൃഷ്ണൻ നായർ സാറിന്റെ വ്യാഖ്യാനമാണ്. ഗുരുവിനെ ഇത്രയും ഗംഭീരമായി വ്യാഖ്യാനിച്ചിട്ടുള്ള അധികം പേരില്ല. ഇല്ലന്ന് തന്നെ പറയാം. അദ്ദേഹത്തെ കണ്ടിട്ടുണ്ട്. സൗമ്യൻ. ശാന്തൻ. നിർമ്മമൻ. കോവിഡ് കാലത്ത് ഗുരുവിനെ വായിക്കുമ്പോൾ സഹചാരിയായിരുന്നത് ബാലകൃഷ്ണൻ നായർ സാർ ആയിരുന്നു. ഏതോ ഒരു നേരത്ത് ഈ കഥ ഉള്ളിൽ വന്നു. ഈ രണ്ട് ഗുരുക്കന്മാരുടെയും കടാക്ഷം എന്ന് മാത്രമേ പറയാനാവൂ.

ചരിത്രം പലപ്പോഴും താങ്കൾ എടുത്തുപയോഗിക്കാറുണ്ട്. അതിലേക്ക് സങ്കൽപ്പത്തെ കൃത്യമായി ചേർത്തുവച്ചാണ് അവതരിപ്പിക്കാറ്. ‘അഭിഞ്ജാനം’ എന്ന കഥ അത്തരത്തിലാണ് രൂപപ്പെടുത്തിയിരിക്കുന്നത്. സമീപകാലത്ത് ഏറെ ചർച്ചയായ ഒരു കഥയുമാണത്. അതിന്റെ ചിന്താ പശ്ചാത്തലം എന്താണ് ?

സി.ആർ.ഓമനക്കുട്ടൻ സാറിന്റെ പുസ്തകത്തിൽ നിന്നാണ് നല്ലമുട്ടം എന്ന പൊലീസ് ഉദ്യോഗസ്ഥൻ കാളിദാസകൃതികൾ പരിഭാഷപ്പെടുത്തിയിട്ടുണ്ട് എന്ന വിവരം അറിയുന്നത്. ഒരു പൊലീസ് ഉദ്യോഗസ്ഥൻ അതും ക്രൂരനായ ഉദ്യോഗസ്ഥൻ കാളിദാസനെ പരിഭാഷപ്പെടുത്തുക ? ഈ ചിന്തയാണ് ആ കഥയുടെ മൂലാധാരം. നല്ലമുട്ടത്തെക്കുറിച്ചുള്ള വിവരങ്ങൾക്കായി സാറിനെ വിളിച്ചുവെങ്കിലും ഓർമയൊന്നും ഇല്ലടാ എന്ന് പറഞ്ഞു. പിറ്റേന്ന് അദ്ദേഹം മരിക്കുകയും ചെയ്തു. സാർ ആ കഥ വായിക്കാതെ പോയതിൽ ഏറെ വിഷമം തോന്നി. ചരിത്രത്തെ ഫിക്ഷനിലേക്ക് ചേർക്കുമ്പോൾ ശ്രദ്ധിക്കേണ്ട ചില മാനദണ്ഡങ്ങൾ ഉണ്ടന്ന് വിചാരിക്കുന്നു. ചരിത്രത്തെ വളച്ചൊടിക്കുന്ന കാലത്ത് ആ ശ്രദ്ധ നല്ലതാണെന്ന് തോന്നുന്നു.

unni-r-2

കുടമാളൂർ എന്ന ജൻമദേശം താങ്കളുടെ കഥകളില്‍ തുടർച്ചയായി വരുന്ന ഒരു ഭൂപ്രകൃതിയാണ്. ഈ പുസ്തരത്തിലും അതുണ്ടല്ലോ, ‘നാമിങ്ങറിയുവതൽപ്പം’ എന്ന കഥയിൽ. ഉടൽ അവിടെയില്ലെങ്കിലും കഥാകാരന്റെ സർഗാത്മക ബോധം ഇപ്പോഴും അവിടെയാണോ ?

പരിചിതമായ ഒരു ദേശം എന്ന നിലയിലാണ് കുടമാളൂർ കഥകളിൽ ആവർത്തിക്കപ്പെടുന്നത്. ആ സ്ഥലത്തിന്റെ ടോപോഗ്രഫി അറിയുന്ന ഒരാൾക്ക് കഥയിൽ അത് അതു പോലെയല്ല എന്ന് മനസിലാവും.

സ്വയംഭാഗം’ എന്ന കഥ വാരികയിൽ വന്ന കാലത്ത് ചില വിമർശനങ്ങൾ വന്നു. യഥാർഥ അർഥത്തിൽ അതിന്റെ വായനയുണ്ടായില്ലെന്നാണോ ?

ആ കഥയുടെ തലക്കെട്ടു തന്നെ പലരും തെറ്റായിട്ടാണ് വായിച്ചത്. കഥയെക്കുറിച്ചുള്ള വിമർശനങ്ങൾ എല്ലാം തന്നെ അതിന്റെ തലക്കെട്ടുണ്ടാക്കിയ പൊല്ലാപ്പാണ്. ആ കഥ വായിക്കുന്നവരിൽ ചിലരിലെങ്കിലും തുടക്കം മുതലേ അവരിൽ ഈ തലക്കെട്ട് ഉണ്ടാക്കിയ അസ്വസ്ഥത ബാധിച്ചിട്ടുണ്ടാവാം. അപ്പോൾ അവർ (അതായത് ഈ സമൂഹം) മറച്ച് വെയ്ക്കാൻ ശ്രമിക്കുന്ന അരുതാത്താതെന്തോ ഇവിടെ പരസ്യമാക്കപ്പെടുന്നു. ഈ പരസ്യമാക്കലിനെ അവർ ഭയപ്പെടുന്നു. മനുഷ്യർക്കിടയിലെ സ്വാഭാവികമായ ഒരു ലൈംഗിക സാധ്യത എങ്ങനെ സ്റ്റിഗ്മറ്റൈസ് ചെയ്യപ്പെടുന്നു എന്നതാണ് അതിശയിപ്പിച്ചത്. അത് മാറുമെന്ന് പ്രതീക്ഷിക്കാം.

ചെറിയ കഥകൾ, ‘പുസ്തകം’, ‘പൂക്കൾ’ എന്നിവ, കവിതയോട് ചേർന്നു നിൽക്കുന്ന, അല്ലെങ്കിൽ സാഹിത്യം കേന്ദ്രപ്രമേയമാകുന്നവയാണ്. ബോദ്‍‌ലേർ, അല്ലെങ്കിൽ അദ്ദേഹത്തിന്റെ രചനകൾ ഒരു കഥാപാത്രം പോലെ വരുന്നുണ്ട്. മുൻപ് നിക്കനോർ പാർറയും ബോലാനോയുമൊക്കെ താങ്കളുടെ കുഞ്ഞുകഥകളിൽ ഇത്തരത്തിൽ വന്നിട്ടുണ്ട് ?

എഴുത്തുകാർ കേന്ദ്ര കഥാപാത്രമാവുന്ന ഒരു പരമ്പര എഴുതുന്നതിന്റെ ഭാഗമായാണ് ഈ കഥകൾ എഴുതപ്പെട്ടത്. അതിന് ഒരു നിശ്ചയ കാലയളവ് ഒന്നും തീരുമാനിച്ചിട്ടില്ല. വൈലോപ്പിള്ളി, ഹെമിംഗ്‌ വേ എന്നിവരെക്കുറിച്ചൊക്കെയുള്ള കഥകൾ ആ പരമ്പരയുടെ ഭാഗമായാണ് എഴുതിയത്.