Tuesday 30 April 2024 04:34 PM IST

‘ഭൂമിയിലെ ഏതാണ്ട് തൊണ്ണൂറു ശതമാനം കഥകളും പറഞ്ഞു കഴിഞ്ഞു’: തന്റെ നോവൽ സങ്കൽപ്പങ്ങളെക്കുറിച്ച് വി.ജയദേവ്

V.G. Nakul

Sub- Editor

v-jayadev-1

മലയാളത്തിലെ ജനകീയ ആഖ്യാന ശൈലികൾക്കു പുറത്താണ് വി.ജയദേവിന്റെ നോവലുകളും കഥകളും. ഫിക്ഷന്റെ സ്വാതന്ത്ര്യം അതിന്റെ പരമാവധിയിൽ ഉപയോഗിക്കണമെന്ന വാശിയാണ് അദ്ദേഹത്തിന്റെ ഓരോ കൃതിയിലും തെളിഞ്ഞു നിൽക്കുന്നത്. നിയതമായ രൂപത്തിലോ, കഥാഘടനയിലോ, ആദിമദ്യാന്തപ്പൊരുത്തത്തിലോ അല്ല, ഭാഷയെ ഭാവനയിലെ ഒരു ഉപകരണമാക്കി മെരുക്കിയെടുക്കുകയെന്ന സൗന്ദര്യസങ്കൽപ്പത്തിലാണ് ജയദേവിന്റെ രചനകൾ വേരിറക്കി നിൽക്കുന്നത്.

സമീപകാലത്ത് പ്രസിദ്ധീകരിക്കപ്പെട്ട ‘സ്തുതിയായിരിക്കട്ടെ’ എന്ന ജയദേവിന്റെ നോവൽ മലയാളത്തിലെ വേറിട്ട അവതരണ ശ്രമങ്ങളുടെ മികച്ച ഉദാഹരണമാണ്. വായനയുടെ ഉരുക്കുപാളങ്ങളിലൂടെയുള്ള യാത്രയാണ് ഈ നോവൽ സമ്മാനിക്കുന്നത്. ആ സഞ്ചാരം തൃപ്തികരമായ ഒരു പര്യവസാനത്തിലേക്കാണ് എത്തിച്ചേരുകയെന്നതും ഉറപ്പ്. പുതിയതൊന്ന് രുചിച്ചതിന്റെ സന്തോഷം ‘സ്തുതിയായിരിക്കട്ടെ’ വായനക്കാർക്ക് നൽകും.

‘സ്തുതിയായിരിക്കട്ടെ’യുടെ പശ്ചാത്തലത്തിൽ വി.ജയദേവ് തന്റെ നോവൽ സങ്കൽപ്പങ്ങളെക്കുറിച്ച് ‘വനിത ഓൺലൈനിൽ’ സംസാരിക്കുന്നു.

പരമ്പരാഗതമായ ആഖ്യാന, ഭാവനാ സങ്കേതങ്ങളെ ഒട്ടൊക്കെ കീഴ്മേൽ മറിക്കുന്നുണ്ട് താങ്കളുടെ നോവലുകൾ. വായനക്കാരുടെ കറണ്ട് ടേസ്റ്റ് മനസ്സിലാക്കിയുള്ള രചനകളല്ല ഒന്നും. പുതിയ ഒന്നിലേക്ക് അവരെ ക്ഷണിക്കും പോലെയാണ് എഴുതുന്നത്. എന്താണിങ്ങനെ ?

എനിക്കു പറയേണ്ടുന്ന കാര്യങ്ങളാണ് ഒരു നോവലെഴുത്തുകാരൻ എന്ന നിലയിൽ എന്നെ സംബന്ധിച്ചിടത്തോളം എന്റെ കുഴമണ്ണ്. അതിനെ പല തരത്തിൽ പറയുകയാണു ഞാൻ ഓരോ നോവലിലും ചെയ്യുന്നത്. നാളിതുവരെയായി എഴുതിയ പതിനഞ്ചു നോവലുകളിൽ ഒന്നും മറ്റൊന്നിനെ അനുകരിക്കുന്നുമില്ല. പറയാനുള്ള പതിനയ്യായിരം കാര്യങ്ങളാണ് ഈ പതിനഞ്ചിൽ പറഞ്ഞുവയ്ക്കാൻ ശ്രമിച്ചിരിക്കുന്നത്. അതിൽ പൂ൪ണമായി വിജയിച്ചു എന്നു ഞാൻ വിചാരിക്കുന്നില്ല. അതാണു പതിനാറാമത്തേയും പതിനേഴാമത്തേയും അതിനു പിന്നാലെയും വരാനിരിക്കുന്ന നോവലുകൾ എഴുതാനുള്ള ഊ൪ജം.

നാൽപ്പതോളം വ൪ഷം മുമ്പ് ആദ്യമായി എഴുതി പ്രസിദ്ധീകരിച്ച ‘ഭൂമിയോളം ചെറുതായ കാര്യങ്ങൾ’ എന്ന നോവലെഴുതുമ്പോൾ അന്നത്തെ കറണ്ട് ടേസ്റ്റ് കനമുള്ള കണ്ടന്റ ് ആയിരുന്നു. ഖസാക്കിന്റെ ഇതിഹാസം, ആൾക്കൂട്ടം തുടങ്ങിയ നോവലുകളുടെ ദശകം തൊട്ടുമുന്നിൽ. പിന്നീട് സേതു, എംടി, മുകുന്ദൻ തുടങ്ങിയവ൪ മുന്നോട്ടുവച്ച ഡീപ് കണ്ടന്റുകൾ. ടെക്സ്റ്റ് ബുക്ക് തത്വശാസ്ത്രങ്ങളുടെ അടിയൊഴുക്കുകൾ. അന്ന് അതിന്റെ താഴത്തെ കട്ടയിലെ സാഹിത്യം ജനകീയ എഴുത്തുകളായി മാറി. ഷാലോ കണ്ടന്റ ്. ഈ രണ്ടു ധാരകളാണ് അന്നത്തെ ട്രെൻഡ്. ഇതിൽ നിന്നുള്ള ഒരു വേറിടലായിരുന്നു ‘ഭൂമിയോളം ചെറുതായ കാര്യങ്ങൾ’.

അന്നും എനിക്കു പറയാനുള്ളതു തന്നെയായിരുന്നു എന്റെ ട്രെൻഡ്. ആരെയും ജീവിപ്പിച്ചു നിർത്തുന്ന ഒരു ശത്രുവുണ്ടെന്നും ആ ശത്രുവിനെ എക്കാലവും നിലനി൪ത്തുക മാത്രമാണ് ഒരാളുടെ അതിജീവനമെന്നും പറയാനായിരുന്നു അതിൽ ശ്രമിച്ചത്. അതിന്റെ വൺലൈൻ അതാണ്. അത് അന്നത്തെ വായനാ അഭിരുചിയേയും ശീലത്തെയും പിൻപറ്റിയായിരുന്നില്ല. അതു പിന്നെ അങ്ങനെ തുടരുകയും ചെയ്തു. എല്ലാ സാഹിത്യ സ്കൂളിലും പഠിച്ചു വേറിട്ട സാഹിത്യം എഴുതാം. അല്ലെങ്കിൽ ഒരു സ്കൂളിന്റെ രീതിയും പിൻപറ്റാതെ വേറിട്ടെഴുതിനിൽക്കാം. രണ്ടാമത്തെ രീതിയായിരുന്നു എന്റെ. ഇപ്പോഴും അതുതന്നെയാണ്.

v-jayadev-3

എങ്ങനെയാണു വേറിട്ടു നിൽക്കുക എന്നതു താത്വികമായി നിലപാടെടുക്കുകയല്ല ഞാൻ ചെയ്തത്. എനിക്കു ധാരാളം കഥകൾ പറയാനുണ്ട്. എന്നാൽ, ആ കഥകൾ മാത്രമല്ല എനിക്കു പറയാനുള്ളത് എന്ന ധാ൪ഷ്ട്യമാണു ഞാൻ തിരഞ്ഞെടുത്തത്. നോവൽ എനിക്കു ഏതെങ്കിലും ഒരു കഥയോ അല്ലെങ്കിൽ ഒന്നിലേറെ കഥയോ ആദ്യമധ്യാന്തമായി പറഞ്ഞു തീ൪ക്കാനുള്ള മാധ്യമമല്ല. മറിച്ച്, എന്റെ നോവൽ ഘടന അതിന്റെ എല്ലിൻകൂടു മാത്രമാണ്. ബാക്കിയുള്ളതെല്ലാം അതിൽ നിറക്കാനാണ് എനിക്കു താൽപ്പര്യം. അപ്പോൾ എനിക്ക് ഒരിക്കലും വായനാസമൂഹത്തിന്റെ അഭിരുചിക്ക് അനുസരിച്ച് എഴുതാൻ പറ്റില്ല. മറിച്ച്, അവരെ എന്റെ നോവൽ വഴിയിലേക്കു കൂട്ടിക്കൊണ്ടുവരാനാണ് എന്റെ ശ്രമം.

അതിനായി എനിക്കു പറയാനുള്ള കഥകളെ എന്റേതായ അൽഗോരിതം അനുസരിച്ചാണ് അവ൪ക്കു മുന്നിലേക്ക് എത്തിക്കുന്നത്. അതിനെ ഒന്നു കൂടി ക൪ക്കശമാക്കാൻ സാധിക്കില്ലായിരുന്നു. കാരണം, മേതിൽ തൊട്ടപ്പുറത്ത് എല്ലാ പരിമിതികളും പരിധികളും ലംഘിച്ച് നിൽപ്പുണ്ട്. മേതിൽ സ്കൂളിലേക്കു വീണുപോവാതിരിക്കാൻ ഞാൻ ശ്രദ്ധിക്കേണ്ടിയിരുന്നു.

ഈ പതിനഞ്ചു നോവലുകളിലൂടെ പതിവു ട്രെൻഡ് വായനക്കാരായ പലരെയും വഴിതെറ്റിക്കാൻ സാധിച്ചിട്ടുണ്ട് എന്നു തന്നെയാണ് എന്റെ തോന്നൽ. നോവൽ ഒരു കാഴ്ചബംഗ്ലാവല്ല. വെട്ടിയൊതുക്കി രൂപകൽപ്പന ചെയ്ത പൂന്തോട്ടവുമല്ല. ഓരോ തിരിവിലും ഒരേ പോലെയും പലേ പോലെയും തോന്നിപ്പിച്ചു വായനക്കാരനെ വഴിതെറ്റിക്കുന്ന ഒരു കാടാണ് എനിക്കു നോവൽ. അങ്ങനെ ഒന്ന് നോവലിന്റെ ഡിഎൻഎയിൽ ഇല്ല. പാശ്ചാത്യ സാഹിത്യത്തിൽ ഷഫിൾ നോവലൊക്കെയുണ്ട്. സമീപകാലത്തു മുറാകാമിയൊക്കെ അങ്ങനെ ചെയ്യുന്നുണ്ട്. വഴിവിട്ട കഥ പറച്ചിലുകൾ.

എന്തെങ്കിലും ഒരു കഥാതന്തുവിനെ പിൻപറ്റിയല്ല എന്റെ എഴുത്ത്. കഥാതന്തുവിനു കാലത്തിൽ സംഭവിക്കുന്ന പരിണാമങ്ങൾ അതുകൊണ്ടു തന്നെ എന്നെ ബാധിക്കുന്നില്ല. കാലത്തെ അല്ലെങ്കിൽ ടൈമിനെ കൈകാര്യം ചെയ്യുക എന്നതാണ് ഏതൊരു എഴുത്തുകാരന്റെയും വെല്ലുവിളി. ലീനിയ൪ ആയ നരേഷൻ ആണു നോവൽ അഥവാ ആഖ്യായികയുടെ ജനിതക ഘടന. എന്നാൽ, അതിനെ അട്ടിമറിച്ച്, ഒരേ കാലത്തിൽ മുന്നോട്ടും പിന്നോട്ടും പോകാൻ തക്ക രീതിയിൽ കഥ ആലോചിക്കുന്നതു സാഹസികമാണ്. യോസയും ഒക്കെ അങ്ങനെ പരീക്ഷിച്ചിട്ടുണ്ട്. ജീവിച്ചിരിക്കുന്നവരായും മരിച്ചവരായും ഒരേ സമയത്തു തന്നെ സംസാരിക്കുന്നതടക്കം.

എന്നാൽ, ഞാൻ ശ്രമിച്ചതു കാലത്തെ തന്നെ ഫിക്ഷനൈസ് ചെയ്യുക എന്നതിന്റെ സാധ്യതയായിരുന്നു. എല്ലാവരും ഫിക്ഷനിൽ ജീവിക്കുമ്പോൾ കാലത്തിനും അത് ഒരു സാധ്യതയാണ്. എന്റെ പല കഥാപാത്രങ്ങളും, ഉദാഹരണത്തിന്, പലകാലപ്രവേശം സാധ്യമാക്കിയവരാണ്. ഏറ്റവും അവസാനം ഇറങ്ങിയ നോവലിലെയും (സ്തുതിയായിരിക്കട്ടെ) അതിനു മുന്നത്തെ അവളാൻഷെ, ചോരപ്പേര് തുടങ്ങിയവയിലും ഇങ്ങനെ കഥാപാത്രങ്ങളെ കണ്ടുമുട്ടാവുന്നതാണ്. ഓരോ സമയത്തെ സാഹിത്യവായനാ ട്രെൻഡിന് അനുസരിച്ച് ഇവരെയൊക്കെ എഴുതാതിരിക്കാൻ എനിക്കു സാധിക്കില്ലായിരുന്നു. കാലത്തെ ഫിക്ഷൻവത്ക്കരിക്കുന്നതു കഥ പറയുന്നതിനെയും ഫിക്ഷനാക്കുന്നു. ഓരോ പുതിയ വായനക്കാരനെയും ഞാൻ എന്റെ വഴിയിലേക്കു വലിച്ചെടുക്കുകയാണ്. അവരെ അതുവരെ കാണാത്ത അനുഭവങ്ങളിലേക്ക് വലിച്ചെറിയാനും അവിടെ ഉപേക്ഷിക്കാനും.

സമീപകാലത്ത് പ്രസിദ്ധീകരിച്ച താങ്കളുടെ രണ്ട് നോവലുകൾ, ഭൂമിവിലാസവും സ്തുതിയായിരിക്കട്ടെയും, അത്ര അനായാസം വായിച്ചു പോകാവുന്ന പരുവത്തിലുള്ളവയല്ല. ശ്രമപ്പെട്ട് ഉള്ളിലേക്കു കയറാൻ ശ്രമിക്കുന്ന ഒരാളെ അത് കീഴ്പ്പെടുത്തുകയും ചെയ്യും. അത്രത്തോളം വായനക്കാർ മിനക്കെടേണ്ടതുണ്ടോ എന്ന ചോദ്യം ചിലർ ഉന്നയിക്കുന്നു ?

വായനക്കാരെ ഒരിക്കലും ബുദ്ധിമുട്ടിക്കരുതെന്നാണ് എന്റെയും ആറാം പ്രമാണം. ഭൂമിവിലാസവും സ്തുതിയായിരിക്കട്ടെയും അത്ര അനായാസം വായിച്ചുപോകാവുന്ന നോവലുകൾ അല്ല. എന്നാൽ, ഒരു കഥ പറച്ചിലുകാരൻ എന്ന നിലയിൽ വായനക്കാരെ പരിഗണിച്ചുകൊണ്ടാണു ഞാൻ കഥ പറയുന്നത്. കഥ പറയേണ്ടതും. അതിന്റെ എല്ലാ വിശ്വസനീയതയോടെ. എന്നാൽ, ഒരു ബെഡ് ടൈം സ്റ്റോറിയല്ല ഞാൻ പറയുന്നത് എന്നതാണ് എന്റെ ഉറപ്പ്. ഒറ്റയിരുപ്പിനു വായിച്ചു തീ൪ക്കാവുന്ന നോവലാണ് എന്റേത് എന്നു പറഞ്ഞല്ല അവ വായനക്കാരുടെ മുന്നിൽ വയ്ക്കുന്നത്. അതു ഫിക്ഷനാണ് എന്നു പറഞ്ഞുകൊണ്ടാണ്.

ഭൂമിയിലെ ഏതാണ്ട് തൊണ്ണൂറു ശതമാനം കഥകളും പറഞ്ഞുകഴിഞ്ഞു എന്നാണു ഞാൻ വിശ്വസിക്കുന്നത്. അതുകൊണ്ടു തന്നെ, പുതിയ കഥ എന്നു പറയുന്നതും ഊരും പേരിലും വരുന്ന മാറ്റങ്ങളായേ മിക്കവാറും അനുഭവപ്പെടുന്നുള്ളൂ. ഉദാഹരണത്തിന്, എഴുപതുകളിലെ പ്രണയം തന്നെ ഏറ്റവും പുതിയ പ്രണയ കഥയിലും എഴുതപ്പെടുന്നുള്ളൂ എന്നു കാണാൻ വിഷമമില്ല. ഏറ്റവും പുതിയ തലമുറയുടെ പ്രണയസങ്കൽപ്പങ്ങൾ ഒട്ടേറെക്കുറെ കാൽപ്പനികപ്രണയം തന്നെ എന്നതു കൊണ്ടാണിത്. അതു പ്രണയത്തിന്റെ ഒരു രാസക്കൂട്ടാണ്. അതിൽ വലിയ മാറ്റം പ്രതീക്ഷിക്കാൻ സാധിക്കില്ല. പ്രണയം പരസ്പരം അകലാനുള്ള പാസ്പോ൪ട്ടാണ് എന്നൊന്നും കാൽപ്പനിക പ്രണയത്തിൽ വിശ്വസിക്കുന്നില്ല. അപ്പോൾ നവോത്തരാധുനിക കാലത്തെ പ്രണയം എഴുതാൻ പോകുന്നതു അടുത്ത നൂറ്റാണ്ടിലാകും. അപ്പോഴേക്കും പ്രണയം പിന്നെയും മാറിയിട്ടുണ്ടാകും. എന്നാൽ, എഴുത്തിൽ അതു കാലത്തിന് അനുസരിച്ച് മാറുന്നില്ല.

ഭൂമിയിലെ ഏതാണ്ട് തൊണ്ണൂറു ശതമാനം കഥകളും പറഞ്ഞുകഴിഞ്ഞു എന്നു വരുമ്പോൾ പുതിയ ജീവിതപരിസരങ്ങളിലേക്കു നോക്കേണ്ടിയിരിക്കുന്നു എന്നത് ഒരു ബാധ്യതയാവുന്നു. ഞാൻ ഫിക്ഷനിൽ ശ്രമിക്കുന്നത് അതാണ്. മറ്റാരും പറയാത്ത ഒന്നു വായനക്കാരോടു പറയുക. അപ്പോൾ, കാണാത്തതു കാണുമ്പോൾ, കേൾക്കാത്തതു കേൾക്കുമ്പോൾ അങ്കലാപ്പ് ഉണ്ടാവാം. വായന മിനക്കെട്ടുചെയ്യേണ്ടുന്ന പണിയാണല്ലോ എന്നു സംശയിക്കാം. അങ്ങനെ അത്തരം നോവലുകളെ ബ്രാൻഡ് ചെയ്യാം. എന്നാൽ, പുതിയ ജീവിതപരിസരങ്ങൾ മാറിയിരിക്കുന്നു. അല്ലെങ്കിൽ നാളെ മാറാനിരിക്കുന്നു. അപ്പോൾ സംഭവിക്കുന്നത് ഇങ്ങനെയാവും. എന്നൊക്കെ ഒരു ഫിക്ഷൻ ദ൪ശനത്തിലൂടെ പറയാനാണു ഈ നോവലുകൾ ശ്രമിക്കുന്നുണ്ടായിരിക്കുക യഥാ൪ത്ഥത്തിൽ. എന്നാൽ, ഒറ്റയിരിപ്പിൽ വായിച്ചുതീ൪ക്കാവുന്നവയും അല്ലാത്തവയും തമ്മിൽ വലിയ വ്യത്യാസമുണ്ട്.

v-jayadev-4

‌ഞാൻ എന്റെ നോവലുകളെ പറ്റിയുള്ള ഇത്തരം നിരീക്ഷണങ്ങളെ എതി൪ക്കുകയോ അംഗീകരിക്കുകയോ ചെയ്യുന്നില്ല. ഓരോ ദിവസവും ഒരു പുതിയ വായനക്കാരൻ എന്നിലേക്കു നടന്നെത്തും എന്നു തന്നെയാണു പ്രതീക്ഷിക്കുന്നത്. ആ പുതിയ വായനക്കാരനു വേണ്ടിയാവാം ചിലപ്പോൾ ഈ നാൽപ്പതു കൊല്ലവും ഞാൻ കഥ പറയാൻ ശ്രമിക്കുന്നുണ്ടായിരിക്കുക. നാട്ടുനടപ്പിനനുസരിച്ചല്ല എന്റെ കഥ പറച്ചിൽ. ഒരു നാട്ടുവഴക്കം ഞാനുണ്ടാക്കുകയായിരിക്കും, ചിലപ്പോൾ, എന്നാൽ, അത്തരം ഒരു അവകാശവാദത്തിലും ഞാനെന്നെ അഴിച്ചുകെട്ടുന്നില്ല. എന്താണോ അതാണ് എന്റെ ഫിക്ഷൻ.

കഥയോ, നോവലോ, നോവെല്ലയോ ആകട്ടേ, അതിലെല്ലാം താങ്കൾ ശ്രമിക്കുന്നത് കവിത സൃഷ്ടിക്കാനാണ്. എന്റെ തോന്നൽ ശരിയെങ്കിൽ, എന്താണങ്ങനെ ?

എന്റെ ഒരു രീതി ഞാൻ നേരത്തേ സൂചിപ്പിച്ചല്ലോ. ക്രിയേറ്റിവിറ്റി എനിക്കല്ല എന്റെ എഴുത്തിനാണ് എന്നു വിചാരിക്കാനാണ് എനിക്ക് ഇഷ്ടം. എഴുത്തിന്റെ ദു൪ന്നടപ്പുകളാണ് ക്രിയേറ്റിവിറ്റി എന്നു ഞാൻ വിശ്വസിക്കുന്നു. എന്റെ ബോധത്തിൽ, വിചാരത്തിൽ പല കല൪പ്പുകളും ചേ൪പ്പുകളും ഉണ്ട്. എനിക്കു പറയാനുള്ളതു കഥയോ കവിതയോ നോവലോ എന്നു കൃത്യമായി പറയാൻ എനിക്കറിയില്ല. എല്ലാം ചേ൪ന്നും പരന്നും കിടക്കുന്നുണ്ട് എന്നു മാത്രമറിയാം. അതിൽ ഭൂമിയും കടലും ആകാശവും ഒക്കെയുണ്ട്. ഇവയും കഥാപാത്രങ്ങളായുണ്ട്. ‘സിന്ദാബാദ് ’ എന്ന നോവലിൽ ഒരു കഥാപാത്രം ആകാശത്ത് ഒളിച്ചുതാമസിക്കുന്നു പോലുമുണ്ട്.

ഒരു പൊളിറ്റിക്കൽ പാൻഡമിക് അവസ്ഥയിൽ, ഒരു ഫാഷിസ്റ്റ് സ്വേച്ഛാധിപതിയുടെ രാജ്യത്തു പൗരന്മാ൪ മുഴുവൻ വീടിന്റെ അകത്തളങ്ങളിൽ സ്റ്റേറ്റിനാൽ അടച്ചിടപ്പെട്ട സാഹചര്യത്തിലാണ് ഇത്. അടച്ചുപൂട്ടപ്പെട്ട സ്വാതന്ത്ര്യത്തിനകത്തു ജീവിക്കുമ്പോൾ കഥാപാത്രങ്ങളുടെ മുന്നിലുള്ള ഒരു സാധ്യതയായാണ് അത് എഴുതിനി൪മിച്ചത്. അങ്ങനെയല്ലാതെ ആ കഥ അല്ലെങ്കിൽ കഥകൾ പറയാൻ കഴിയില്ലായിരുന്നു. ഭൂമിവിലാസവും സ്തുതിയായിരിക്കട്ടെയും സിന്ദാബാദും ഒക്കെ നന്നായി വായിക്കപ്പെട്ടുപോകുന്ന സാഹചര്യമാണുള്ളത്.

കവിതയാണു വ്യക്തിപരമായ ഏറ്റവും വലിയ സ്വാതന്ത്ര്യമായി ഞാൻ വിചാരിക്കുന്നത്. ഭൂമിയിൽ അവശേഷിക്കുന്ന അവസാനത്തെ മനുഷ്യൻ എഴുതുന്നതു കവിതയായിരിക്കും എന്നു പറഞ്ഞതുപോലെ. കവിതയ്ക്കു പുറംവായനക്കാ൪ ആവശ്യമില്ലാത്തതുകൊണ്ടും അതു കവിയുടെ മുദ്രാവാക്യം പോലും ആകുന്നതു കൊണ്ടുമാണിത്. കഥ പറച്ചിലിൽ എന്നും ഏതു ഭാഷയിലും കവിതയുടെ ഒരു മുഴക്കമുണ്ടായിരുന്നു. അതിന്റെ താളം, ഊന്നൽ എന്നിവയിൽ. പറച്ചിൽ പിന്നിട്ട് എഴുത്തായി വരുമ്പോൾ ആ താളമല്ല. മറിച്ച് കവിതയുടെ ഒരു ഭാഷ കൊണ്ടുവരാനുള്ള പരിശ്രമം തന്നെയാണ്.

പല കല൪പ്പ് എന്നു നേരത്തേ സൂചിപ്പിച്ചിരുന്നതു പോലെ, ഞാൻ കവിത തന്നെ കഥയായും നോവലായും തിരിച്ചും ഒക്കെയായി മാറിയിട്ടുണ്ടാവാം. ഉണ്ട്. ഓരോ പരിശ്രമത്തിലും വേറിട്ടു നിൽക്കാൻ ശ്രമിക്കാറുണ്ട്. പല കല൪പ്പുകളിൽ അവ പലതായി പിരിഞ്ഞും ചേ൪ന്നും പോകാറുമുണ്ട്.

v-jayadev-2

നോവലിന്റെ ആഖ്യാനത്തിൽ മലയാളത്തിൽ മുൻഗാമികളില്ലാത്ത എഴുത്തുകാരനാണ് താങ്കൾ, ഈ ശൈലി എങ്ങനെയാണ് നിർമിച്ചെടുത്തത് ?

ഞാനെന്നെ എഴുത്തിനിരുത്തുമ്പോൾ എനിക്കു മുന്നിൽ എനിക്കു പറയാനുള്ളതു മാത്രമാണ്. ഒരു മുൻഗാമി എഴുത്തുകാരന്റെ രീതി പിന്തുടരേണ്ട ഒരു ആവശ്യവും എനിക്കു വരുന്നില്ല. അവരെപ്പറ്റി എനിക്കു എന്തെങ്കിലും കൺസേൺ തോന്നേണ്ട ആവശ്യവുമില്ല. എഴുത്തുനി൪മിതിയിൽ അവരുടെ പണിരീതി ഞാൻ മനസിലാക്കിയിട്ടുണ്ടെങ്കിലും. ഞാൻ അവരിൽ നിന്നു വേറിട്ടു നിൽക്കുകയാണ് എന്നാണ് എന്റെ വിശ്വാസം. എനിക്കു പിന്നേയും പരിഭ്രമം തോന്നേണ്ടത്, എനിക്കു പിന്നാലെ വരുന്ന എഴുത്തുതലമുറയോടാണ്. അവ൪ പറയാൻ പോകുന്നത് എന്തിനെക്കുറിച്ചായിരിക്കും എന്നൊരു ആകാംക്ഷ. അവ൪ എങ്ങനെയാണു പറയാൻ ശ്രമിക്കുന്നുണ്ടായിരിക്കുക എന്നൊരു ഉന്മാദം. കാരണം എഴുത്ത് എനിക്കും ഉന്മാദം തന്നെയാണ്. അത് ചെയ്തു തീ൪ക്കേണ്ട ഒരു തച്ചുപണിയല്ല.

ഭൂമിയോളം ചെറുതായ കാര്യങ്ങൾ എഴുതിയ കാലത്ത് അന്നത്തെ ഭാഷയുടെ ചെടിപ്പും ആവ൪ത്തനവും ഒഴിവാക്കാൻ പറ്റിയ ഒന്നായിരിക്കണം എന്നുണ്ടായിരുന്നു. ഞാനാണെങ്കിൽ മലയാളം ഭാഷ ഗൗരവമായി പഠിച്ചത് ഒരു വ൪ഷം മാത്രമാണ്. ഏട്ടിൽ പഠിച്ചതൊക്കെയും മറ്റു പലതും. അതുകൊണ്ടു തന്നെ എന്റെ വിചാരങ്ങളുടെ ആകാശം വലുതായിരുന്നു. എന്തും വിചാരിക്കാമായിരുന്നു. എനിക്കറിയാവുന്ന ഭാഷ പരിമിതമാണ് എന്നെനിക്കറിയാം. ശാസ്ത്രത്തിനാണെങ്കിൽ ഭാഷയ്ക്കു വ്യവഹാരത്തിനപ്പുറം ലാവണ്യസിദ്ധാന്തമൊന്നുമില്ല.

ആ൪ത്തവവിരാമം വന്നൊരു ഭാഷയ്ക്കൊന്നും പറ്റില്ല എന്റെ വഴിവിട്ട വിചാരങ്ങളെ എഴുതാൻ എന്നു തോന്നി. ഭൂമിയോളം ചെറുതായ കാര്യങ്ങൾ എന്ന തലക്കെട്ടു വച്ച് എങ്ങനെ വഴിയേ നടക്കുന്ന കാര്യങ്ങൾ എഴുതാനാവും. എന്റെ വിചാരങ്ങളുടെ അളവിൽ മുറിച്ചെടുത്ത ഭാഷയാണ് ഇപ്പോഴും എന്റെ. അസാധ്യമായ, അസാധാരണമായ, അചിന്ത്യമായ കാഴ്ചകളെ എഴുതാൻ രൂപപ്പെടുത്തിയെടുത്തത്. അതിന്റെ കൈയടക്കം കൊണ്ട് എനിക്കു സാധാരണതയിലല്ലാത്ത പലതും പറയാൻ സാധിക്കുന്നുണ്ട് എന്നാണ് എന്റെ വിചാരം.

സാധാരണ വായനക്കാ൪ക്ക് എന്നാൽ ഈ ഭാഷയിൽ അപരിചിതത്വം തോന്നേണ്ട കാര്യമില്ല എന്നാണ് എനിക്കു കിട്ടുന്ന ഫീഡ്ബായ്ക്കുകൾ. ഒരു പിടിത്തം തോന്നുമ്പോഴും മറ്റേതോ ഒരു അയച്ചിൽ അതിൽ സാധ്യമാകുന്നുണ്ട് എന്ന്.

സ്തുതിയായിരിക്കട്ടെയുടെ രചനാ പശ്ചാത്തലം അറിയണമെന്നുണ്ട് ?

ഒരേ സമയം പല ആളായി ജീവിക്കുന്ന ഒരാൾ എന്നിൽ കുറെക്കാലമായി കയറിക്കൂടിയ ഒരു സാധ്യതയാണ്. ഫിസിക്സിന്റെ നിയമങ്ങൾ ഉള്ള ഭൗതികലോകത്ത് ഇതു സാധ്യമല്ലായിരിക്കാം. എന്നാൽ, വിചാരത്തിൽ യുക്തി ഇല്ല. സാധ്യതകൾ മാത്രമാണ് ഉള്ളത്. ഇങ്ങനെ പല ആളുകളിൽ ജീവിക്കുന്ന ഒരാൾ - ഞാൻ തന്നെ - എന്ന സാധ്യത ഞാൻ പല നോവലുകളിൽ എഴുതിനോക്കിയിട്ടുണ്ട്. ‘മായാബന്ധ൪’ നോവലിൽ പല ആളുകളുടെ ഓ൪മയിൽ ഞാനെങ്ങനെയായിരിക്കും ജീവിച്ചിട്ടുണ്ടായിരിക്കുക എന്ന സാധ്യതയുടെ അന്വേഷണമായിരുന്നു. ഞാനറിയുന്ന ഞാനാണോ യാഥാ൪ഥ ഞാൻ അതോ ഞാൻ ഒന്നിച്ചു ജീവിച്ചിരുന്നവരുടെ ഓ൪മയിൽ ജീവിച്ചിരുന്ന ഞാനാണോ യഥാ൪ഥ ഞാൻ തുടങ്ങിയ ആലോചനകളായിരുന്നു. റിവേഴ്സ് ഓട്ടബയോഗ്രഫി അഥവാ പ്രത്യാത്മകഥ എന്ന സങ്കേതത്തിലാണ് ആ അന്വേഷണം പോയത്.

എന്നെക്കുറിച്ചുള്ള ഓ൪മകൾ അറിയിക്കുക എന്നു ലോകത്തോട് അഭ്യ൪ത്ഥിക്കുന്ന ഒരാളാണ് അതിലെ കഥാപാത്രം. പലരിൽ നിന്നും പല കാലത്തായി കിട്ടിയ കുറിപ്പുകളിൽ അയാൾ പോലും അറിയാത്ത അയാളെ കഥാപാത്രം തിരിച്ചറിയുകയാണ്. അയാൾക്കു പോലും ഓ൪മയില്ല അത്തരത്തിലുള്ള ഒരു അയാളെപ്പറ്റി.

എന്നാൽ, മായാബന്ധറിലും തീ൪ന്നില്ല ആ ഒരു അന്വേഷണം. സ്തുതിയായിരിക്കട്ടെ എന്ന നോവലിൽ പലരായി ഒരേ സമയം ജീവിക്കുന്ന സത്യനാരായണനെന്ന കഥാപാത്രത്തിലേക്ക് അത് എത്തിനിന്നു. സത്യനാരായണൻ മറ്റുള്ളവരേയും അയാളുടെ പേരു തന്നെ വിളിച്ചാണ് അഭിസംബോധന ചെയ്യുന്നത് എന്ന ഒറ്റ വാചകം എഴുതിക്കഴിഞ്ഞപ്പോഴാണു ശരിക്കും സ്തുതിയായിരിക്കട്ടെ എന്ന നോവൽ എഴുത്ത് ആരംഭിച്ചത് എന്നു പറയാം. പലരായിരിക്കുന്ന ഒരാൾ എന്ന കാലങ്ങളായുള്ള വിചാരത്തിന്റെ സിംഗുലാരിറ്റിപ്പൂട്ട് തുറന്നത് അങ്ങനെ.

ഇതിൽ പുറപ്പെട്ടുപോവുന്ന സത്യനാരായണ നോവലിൽ മുഴുവൻ യാത്രയിലാണ്. അയാൾ പോകുന്നത് ഏതെങ്കിലും ദേശത്തേക്കോ കാലത്തിലേക്കോ അല്ല. മറിച്ച്, അയാളിലേക്കു തന്നെയാണ്. അയാൾ പുറപ്പെട്ടുപോയിട്ടും അയാളായി ജീവിക്കുന്ന മറ്റു കഥാപാത്രങ്ങളിലൂടെ ഒരു കഥ പറയുകയാണ്, സ്തുതിയായിരിക്കട്ടെ. ഒരു പക്ഷെ, നോവലിലേക്കു പോകുന്ന ഞാൻ തന്നെയായിരിക്കാം അയാൾ.

സ്തുതിയായിരിക്കട്ടെ നോവലോടെ ഒരാൾ / പലയാൾ സാധ്യത അവസാനിച്ചുവോ എന്നറിയില്ല. എന്റെ സ്വന്തമായ വിചാരങ്ങളിലേക്കു നുഴഞ്ഞുകയറി അയാൾ പുതിയൊരു വിചാരം അവിടെ നി൪മിച്ചുകൂടെന്നില്ല. അങ്ങനെയൊക്കെയാണു സ്തുതിയായിക്കട്ടെയിൽ സ്ഥലകാലസ്വപ്നങ്ങൾ അട്ടിമറിക്കപ്പെടുന്നത്.