Wednesday 30 September 2020 11:53 AM IST

മാറ്റിവച്ച ഹൃദയത്തിന്റെ വാൽവിൽ അണുബാധ, രണ്ടു തവണ ഹൃദയം മാറ്റിവച്ചു; തിരിച്ചു കിട്ടിയ ജീവിതവുമായി ഗിരീഷ്

Asha Thomas

Senior Sub Editor, Manorama Arogyam

gireesh

ജീവിതത്തിൽ രണ്ടാമതൊരു അവസരം പലർക്കും അങ്ങനെ ലഭിക്കാറില്ല. പക്ഷേ, പാലക്കാട് സ്വദേശിയായ ഗിരീഷിനിത് മൂന്നാം അവസരമാണ്. റീ ട്രാൻസ്പ്ലാന്റേഷൻ അഥവാ മാറ്റിവച്ച ഹൃദയം വീണ്ടും മാറ്റിവയ്ക്കൽ ഇന്ത്യയിലാദ്യമായി നടത്തിയത് ഗിരീഷിലാണ്. ഡയലേറ്റഡ് കാർഡിയോമയോപ്പതി ആയിരുന്നു ഗിരീഷിന്റെ രോഗം. അടിക്കടി അലട്ടുന്ന ചുമയായിട്ടായിരുന്നു തുടക്കമെങ്കിലും പോകപ്പോകെ തുടരെ ആശുപത്രിയിൽ അഡ്മിറ്റാകേണ്ടിവന്നു. 2013 ജൂൺ മൂന്നിനായിരുന്നു ആദ്യത്തെ ഹൃദയം മാറ്റിവയ്ക്കൽ. നേരത്തേയുണ്ടായിരുന്ന ഇടുപ്പെല്ലിന്റെ തകരാർ പരിഹരിക്കാൻ നവംബറിൽ ഇടുപ്പു മാറ്റിവയ്ക്കലും വേണ്ടിവന്നു.

‘‘എല്ലാം കഴിഞ്ഞ് ജീവിതത്തിന്റെ താളം വീണ്ടെടുക്കുമ്പോഴേക്കും അറിഞ്ഞു–മാറ്റിവച്ച ഹൃദയത്തിന്റെ വാൽവിന് അണുബാധയായെന്ന്. ഇനിയുമൊരു ഹൃദയം മാറ്റിവയ്ക്കലാണ് പരിഹാരം. ദുരിതങ്ങളേറെ കടന്നുപോയിട്ടും ജീവിതമെനിക്കു മടുത്തിരുന്നില്ല. അ‍ഞ്ച് സഹോദരങ്ങളാണെനിക്ക്. അവരുടെയും കുടുംബത്തിന്റെയും അകമഴിഞ്ഞ സ്നേഹം ജീവിക്കാൻ പ്രേരിപ്പിച്ചു എന്നും പറയാം. ആ വീണ്ടുമൊരു ഹൃദയത്തിനായുള്ള കാത്തിരിപ്പിനിടയിൽ രണ്ടു തവണ എന്റെ ഹൃദയം നിലച്ചു. പക്ഷേ, അതിനെയെല്ലാം അതിജീവിച്ച് രണ്ടാമത്തെ ഹൃദയം മാറ്റിവയ്ക്കലും നടന്നു. 2014 മാർച്ച്–’’

പതിഞ്ഞ സ്വരത്തിൽ അളന്നുമുറിച്ച വാക്കുകളിൽ തെളിയുന്ന ഒാർമച്ചിത്രങ്ങൾ. ഫോട്ടോയ്ക്കായി ബാൽക്കണിയിലേക്ക് നടന്നപ്പോൾ കണ്ടു, ഇടറാതെ സൂക്ഷിച്ചുവയ്ക്കുന്ന ചുവടുകൾ.

‘‘ഇടുപ്പുമാറ്റിവയ്ക്കലിനെ തുടർന്ന് നടക്കാനിത്തിരി പ്രയാസമുണ്ട്. ’’ ഗിരീഷ് പറയുന്നു ‘‘തുടരെയുണ്ടായ ഹൃയാഘാതങ്ങൾ കാഴ്ചയേയും ബാധിച്ചിട്ടുണ്ട്. ദൂരെക്കാഴ്ചകൾ തിരിച്ചറിയാൻ പ്രയാസമാണ്. തുടർചികിത്സകൾക്കുള്ള സൗകര്യവും മറ്റും പരിഗണിച്ച് കൊച്ചിയിലേക്ക് ട്രാൻസ്ഫർ വാങ്ങി. ഇപ്പോൾ വീട്ടിലിരുന്നാണ് ജോലി ചെയ്യുന്നത്. ഐടി വിദഗ്ധനായ ഗിരീഷ് നേരത്തെ ബാംഗ്ലൂരായിരുന്നു ജോലി ചെയ്തത്.

‘‘ഇടയ്ക്ക് വ്യായാമം ചെയ്യണമെന്നുണ്ടെങ്കിലും സാധിക്കാറില്ല. രാവിലെ ഏഴു മണിക്കിരുന്നാൽ മീറ്റിങ്ങുകളും ക്ലയന്റ് ചർച്ചകളുമായി വൈകുന്നേരം വരെ തിരക്കാണ്. ഇടയ്ക്ക് പാലക്കാടെ വീട്ടിൽ കുടുംബം മുഴുവനും ഒരുമിച്ചുകൂടും. അതല്ലാതെ യാത്രകൾ കുറവാണ്. തിരിച്ചുകിട്ടിയ ജീവിതത്തെ നോക്കി തെല്ലും പരിഭവമില്ലാതെ ഗിരീഷ് ചിരിക്കുന്നു.