Wednesday 07 February 2018 02:09 PM IST : By സ്വന്തം ലേഖകൻ

നൽകിയിട്ടുളളതിൽ വച്ച് ഏറ്റവും കുറഞ്ഞ നിരക്കുമായി എയർടെൽ; പത്ത് രൂപയ്‌ക്ക് ഒരു ജിബി

airtel

ടെലികോം രംഗത്തെ മത്സരം കടുക്കുകയാണ്. ജിയോ വെൽകം ഓഫറുകളുടെ പരിധി കുറച്ചപ്പോൾ കടുത്ത മത്സരത്തിന് തലക്കെട്ടും മുറുക്കി ഇറങ്ങിയിരിക്കുകയാണ് എയർടെൽ. ഒരു ജിബിയ്‌ക്ക് പത്ത് രൂപ നിരക്കിൽ എയർടെൽ പുതിയ 3ജി/4ജി ഡാറ്റ പ്ളാനുകൾ പ്രഖ്യാപിച്ചിരിക്കുകയാണ്. എയർടെൽ നൽകിയിട്ടുളളതിൽ വച്ച് ഏറ്റവും നിരക്ക് കുറഞ്ഞ ഓഫറാണിത്. പുതിയ ഓഫർ പ്രകാരം 145 രൂപയ്‌ക്ക് റീചാർജ് ചെയ്‌താൽ 14 ജിബി 3ജി/4ജി ഡാറ്റ ലഭിക്കും.

പ്രതിമാസം 30 ജിബി ഉപയോഗിക്കാൻ കഴിയുന്നില്ലെങ്കിൽ ഡാറ്റ നൽകുന്ന ചെറിയ പായ്‌ക്കുകളും എയർടെൽ അവതരിപ്പിക്കുന്നുണ്ട്. അൺലിമിറ്റഡ് എയർടെൽ ടു എയർടെൽ കോളും പുതിയ പ്ലാൻ നൽകുന്നുണ്ട്. എല്ലാ നെറ്റ്‌വർക്കുകളിലേക്കും അൺലിമിറ്റഡ് കോൾ ഓഫർ വേണമെന്നുളളവർക്ക് 349 രൂപയുടെ പായ്‌ക്കും എയർടെൽ അവതരിപ്പിച്ചിട്ടുണ്ട്. ഈ ഓഫർ അവതരിപ്പിച്ചതിന് ശേഷം എയർടെല്ലിന് പുതിയ വരിക്കാർ കൂടിയതായും വാർത്തയുണ്ട്.

303 രൂപക്ക് 30 ജിബി ഡാറ്റയാണ് ഇപ്പോൾ ജിയോ നൽകുന്നത്. ഈ ഓഫർ പ്രകാരം കോളുകളും മെസേജുകളും പരിപൂർണ സൗജന്യമാണ്. ഈ വർഷം ഏപ്രിൽ ഒന്നു മുതലാണ് ജിയോയുടെ പുതിയ താരിഫ് പ്ലാൻ പ്രാബല്യത്തിൽ വരിക. ജിയോ വരിക്കാർക്ക് ഇന്ത്യയ്‌ക്ക് അകത്ത് എല്ലാ വോയ്‌സ് കോളുകളും സൗജന്യമായി തുടരും. 2017 മാർച്ച് 31 വരെയായിരുന്നു നേരത്തെ സൗജന്യ ഓഫർ പ്രഖ്യാപിച്ചിരുന്നത്. ജിയോയുടെ പ്രൈം വരിക്കാരാകാനുളള കാലാവധി മാർച്ച് ഒന്നു മുതൽ മാർച്ച് 31 വരെ നീട്ടിയിട്ടുണ്ട്. നിലവിൽ ജിയോ വരിക്കാരായിട്ടുളളവർക്കും പുതിയതായി മാർച്ച് 31വരെ വരിക്കാരാകുന്നവർക്കും 4 ജി സേവനം ലഭ്യമാകാൻ 99 രൂപയ്‌ക്ക് ഒരു വർഷത്തേക്കുളള പ്ലാൻ സബ്‌സ്ക്രൈബ് ചെയ്യേണ്ടതുണ്ട്.