Wednesday 05 July 2023 11:06 AM IST : By സ്വന്തം ലേഖകൻ

ഓട്ടോ സവാരിക്കിടെ ജയകുമാർ കാണുന്ന ചെറിയ വീടുകളെല്ലാം ശ്രദ്ധിക്കും; അങ്ങനെയൊരു യാത്ര വഴികാട്ടിയത് 10 ലക്ഷത്തിന്റെ പത്തരമാറ്റ് വീടിലേക്ക്

jaya 1

ഒരു രൂപ പോലും പാഴാക്കാതെ വീടു പണിയുക! ജയകുമാറിനെയും കുടുംബത്തെയും സംബന്ധിച്ച് ഇതൊരു ‘ആലങ്കാരിക പ്രയോഗ’മായിരുന്നില്ല; അത്യാവശ്യവും ജീവിതയാഥാർഥ്യവുമായിരുന്നു. കോട്ടയം നെടുങ്കുന്നത്ത് ഓട്ടോ ഡ്രൈവറായ ജയകുമാർ മിച്ചംപിടിക്കുന്ന ചെറിയ തുക സ്വരുക്കൂട്ടി വയ്ക്കാൻ തുടങ്ങിയിട്ട് കുറച്ചു വർഷങ്ങളായി. പണത്തിന്റെ മൂല്യത്തെയും നിർമാണച്ചെലവിനെപ്പറ്റിയും ‘നല്ല’ ധാരണയുണ്ടായിരുന്നതിനാൽ കുറഞ്ഞ ചെലവിൽ വീട് നിർമിക്കുന്നതിനെപ്പറ്റിയുള്ള അന്വേഷണവും സമാന്തരമായി നടന്നു. സവാരി പോകുന്നതിനിയിൽ കണ്ണിൽപ്പെടുന്ന ചെറിയ വീടുകളെല്ലാം ശ്രദ്ധിക്കും. കഴിയുന്നിടത്തെല്ലാം ഇറങ്ങി വിവരങ്ങൾ തിരക്കും. അങ്ങനെയാണ് നെടുങ്കുന്നത്ത് പുതിയതായി പണിത വീട് കാണുന്നതും അതു നിർമിച്ച കോസ്റ്റ്ഫോർഡിനെ ബന്ധപ്പെടുന്നതും.

jaya 2 സ്റ്റെബിലൈസ്ഡ് മൺകട്ട കൊണ്ടുള്ള ചുമര്

നിലവിൽ താമസിച്ചിരുന്ന ആസ്ബറ്റോസ് ഷീറ്റ് മേഞ്ഞ വീട് ചോർന്നൊലിക്കുന്ന സ്ഥിതിയിലായിരുന്നതിനാൽ എത്രയും പെട്ടെന്ന് പുതിയൊരു വീട് വേണം എന്ന ആവശ്യവുമായാണ് ജയകുമാർ കേസ്റ്റ്ഫോർഡിന്റെ കോട്ടയത്തെ ഓഫിസിലെത്തുന്നത്.

എൻജിനീയർ ബിജു പി. ജോണിന്റെ നേതൃത്വത്തിൽ വൈകാതെ തന്നെ സ്ഥലം സന്ദർശിച്ചു. നിലവിലെ വീടിന്റെ കുഴപ്പമില്ലാത്ത ഭാഗങ്ങൾ നിലനിർത്തണം എന്നൊരു ആഗ്രഹം ജയകുമാറിനുണ്ടായിരുന്നു.

jaya 3 സ്വീകരണമുറിയും സ്റ്റെയർകെയ്സും

ചെറിയ ഹാൾ, അടുക്കള, രണ്ട് കിടപ്പുമുറി എന്നിവയാണ് വീട്ടിലുണ്ടായിരുന്നത്. ആദ്യം തന്നെ ഇതിന്റെ മേൽക്കൂര മുഴുവനായി ഇറക്കി. അതിനുശേഷം ചുമരിന്റെ ഉറപ്പ് പരിശോധിച്ചു. രണ്ട് കിടപ്പുമുറി, അടുക്കള എന്നിവയ്ക്കു മാത്രമേ അത്യാവശ്യം ഉറപ്പുണ്ടായിരുന്നുള്ളൂ. ഈ ഭാഗം നിലനിർത്തി വീടുപണിയാൻ കോസ്റ്റ്ഫോർഡ് ടീമിനും സന്തോഷമായിരുന്നു. ലിന്റലിന് മുകളിലേക്ക് പുതിയ കട്ട കെട്ടി ഇവിടം പരിഷ്കരിച്ചു. കേടുവന്ന വാതിലും ജനലും മാറ്റി. തറയിൽ സിമന്റ് ഓക്സൈഡ് പൂശി. ഒരു കിടപ്പുമുറി ഊണുമുറിയായി മാറ്റിയെടുത്തു. അടുക്കളയുടെ തറയിൽ പുതിയ ടൈൽ ഒട്ടിച്ചു. പുതിയ കൗണ്ടർടോപ്പും ഷെൽഫുകളും നൽകി. പുതിയതു പണിയുന്നതിന്റെ പകുതിയിൽ താഴെ ചെലവിൽ മൂന്ന് മുറികൾ പൂർത്തിയായി.

jaya 4 ഊണുമുറിക്ക് മുകളിലുള്ള മൾട്ടിപർപ്പസ് റൂം

ചെറിയൊരു സിറ്റ്ഔട്ട്, ലിവിങ്, അറ്റാച്ഡ് ബാത്റൂമുള്ള കിടപ്പുമുറി, മൾട്ടി പർപ്പസ് റൂം, കോമൺ ബാത്റൂം എന്നിവയാണ് പുതിയതായി കൂട്ടിച്ചേർത്തത്. ഇതിൽ ബാത്റൂം ഒഴികെ മറ്റു മുറികളുടെയൊന്നും മേൽക്കൂര കോൺക്രീറ്റ് ചെയ്തില്ല; ട്രസ്സ് പിടിപ്പിച്ച് പഴയ ഓടുമേഞ്ഞു. ഓട് കഴുകി വൃത്തിയാക്കി വീടിനുള്ളിൽ വരുന്ന ഭാഗം മാത്രം പെയിന്റടിച്ചു.

ഒരു കിടപ്പുമുറിയിൽ നിന്നുകൂടി നേരിട്ട് പ്രവേശിക്കാവുന്ന രീതിയിലാണ് കോമൺ‌ ബാത്റൂമിന്റെ ഡിസൈൻ.

സ്റ്റെബിലൈസ്‍ഡ് മൺകട്ടകൊണ്ടാണ് പുതിയ ഭിത്തികളെല്ലാം നിർമിച്ചത്. പ്ലാസ്റ്റർ ചെയ്യാതെ തന്നെ നല്ല ഫിനിഷ് ലഭിക്കുമെന്നതാണ് ഈ കട്ടയുടെ മെച്ചം. 12 x 8 x 6 ഇഞ്ച് കട്ടയാണ് ഉപയോഗിച്ചത്. 40 രൂപയാണ് ഒന്നിന്റെ വില.

ഊണുമുറിക്ക് മുകളിലുള്ള ‘മൾട്ടി പർപ്പസ് റൂം’ ആണ് വീടിന്റെ ശ്രദ്ധാകേന്ദ്രം. കോൺക്രീറ്റിന്റെ ഭാരം താങ്ങാൻ ചുമരിന് ശേഷിയില്ലാത്തതിനാൽ മച്ച് പോലെ തട്ടടിച്ചാണ് ഇവിടം നിർമിച്ചത്. രണ്ടാംനിലയുടെ അത്ര ഉയരവും നൽകിയില്ല. ഉത്തരമായി തെങ്ങിൻതടിയും തട്ടിന് ആഞ്ഞിലിയുടെ പലകകളുമാണ് ഉപയോഗിച്ചത്. ഭിത്തിക്ക് ഫൈബർ സിമന്റ് ബോർഡ് ഉപയോഗിച്ചു. മുൻഭാഗവും സിമന്റ് ബോർഡ് ഉപയോഗിച്ച് മറച്ച് വാതിലും നൽകിയാൽ ഇവിടം കിടപ്പുമുറിയാക്കി മാറ്റാം.

ജിഐ പൈപ്പും തടിപ്പലകയും ഉപയോഗിച്ചുള്ള ലളിതമായ സ്റ്റെയർ പണം മാത്രമല്ല, സ്ഥലവും ലാഭിച്ചു. ഇതിനടിയിലുള്ള സ്ഥലത്താണ് ടിവിയുടെ സ്ഥാനം.

കഴിയുന്നത്ര നിർമാണസാമഗ്രികൾ ശേഖരിച്ചു വയ്ക്കുക എന്നാണ് കോസ്റ്റ്ഫോർഡ് ജയകുമാറിനു നൽകിയ ആദ്യ നിർദേശം. പഴയ വാതിൽ, ജനൽ, ഓട് എന്നിവയെല്ലാം വീട്ടുകാർ ശേഖരിച്ചു. പഴയ വീടിന്റെ കട്ടയും തടിയുമെല്ലാം പരമാവധി പുനരുപയോഗിച്ചു. പൊട്ടിയ കട്ട പോലും കളഞ്ഞില്ല; അതുകൊണ്ട് മതിലു കെട്ടി.

jaya 5 ജയകുമാറും കുടുംബവും

നിർമാണവസ്തുക്കൾ റെഡിയായിരുന്നതിനാൽ നാലു മാസത്തിനുള്ളിൽ വീടുപണി പൂർത്തിയായി. മിക്ക ദിവസങ്ങളിലും വീട്ടുകാരനും പണിക്കാർക്കൊപ്പം സഹായിയായി കൂടി. 950 ചതുരശ്രയടിയാണ് വീടിന്റെ ആകെ വിസ്തീർണം. ചെലവിന്റെ കടിഞ്ഞാൻ കയ്യിലുണ്ടായിരുന്നതിനാൽ ബജറ്റ് 10 ലക്ഷം കടന്നില്ല.

Area: 950 sqft Owner: ജയകുമാർ & രാജശ്രീ Location: നെടുങ്കുന്നം, കോട്ടയം Design: കോസ്റ്റ്ഫോർഡ്, കോട്ടയം Email: design.costfordktym@gmail.com

ചിത്രങ്ങൾ: ഹരികൃഷ്ണൻ

Tags:
  • Budget Homes
  • Architecture