Saturday 23 December 2023 04:21 PM IST : By സ്വന്തം ലേഖകൻ

‘മഴ മറയ്ക്കുള്ളിൽ വർഷം മുഴുവൻ നന്നായി വളരും’; കേരളത്തിലും പോഷകഗുണമുള്ള കാപ്സിക്കം നട്ടുവളർത്താം

capsicam9965

തണുപ്പാണ് അനുയോജ്യമെങ്കിലും കേരളത്തിലെ കാലാവസ്ഥയിലും കാപ്സിക്കം വളരും. ജനുവരി, ഫെബ്രുവരി, സെപ്റ്റംബർ, ഒക്ടോബർ മാസങ്ങളിലാണ് നല്ല വിളവു ലഭിക്കുക. മഴ മറയ്ക്കുള്ളിൽ വർഷം മുഴുവൻ നന്നായി വളരും. 

∙ വിത്തുകൾ ട്രൈക്കോഡെർമ സമ്പുഷ്ട മിശ്രിതത്തിൽ പാകിയ ശേഷം ഇലകൾ കൊണ്ടു പുതയിടണം. തൈ കിളി ർത്ത ശേഷം ഇലകൾ മാറ്റണം. പറിച്ചു നടേണ്ടതിന്റെ തലേന്ന് സ്യൂഡോമോണാസ് ചേർത്ത വെള്ളം െകാണ്ടു നനയ്ക്കുക. സൂര്യപ്രകാശം ലഭിക്കുന്ന, നല്ല നീർവാർച്ചയും വളക്കൂറുമുള്ള മണ്ണാണ് അനുയോജ്യം. വെള്ളക്കെട്ട് പാടില്ല.

∙ നിലം കിളച്ചൊരുക്കി ചതുരശ്രഅടിക്ക് അഞ്ചു കിലോ ട്രൈക്കോഡെർമ സമ്പുഷ്ട ചാണകവും 200 ഗ്രാം വേപ്പിൻ പിണ്ണാക്കും ചേർക്കണം. മൂന്നു–നാലു ദിവസത്തിനു ശേഷം ഒരു മാസം പ്രായമുള്ള തൈകൾ പറിച്ചു 60 സെ.മീ. അകലത്തിൽ നടണം. ഒരു ലീറ്റർ വെള്ളത്തിൽ 20 ഗ്രാം സ്യൂഡോമോണാസ് ചേർത്തു തളിക്കുക. നാല് – അഞ്ചു ദിവസം തണൽ നൽകണം. വളരുമ്പോൾ താങ്ങു നൽകുക. 

∙ രണ്ടാഴ്ചയിലൊരിക്കൽ പുളിപ്പിച്ച വളങ്ങൾ പത്തിരട്ടി വെള്ളം േചർത്തു നൽകാം. മാസത്തിലൊരിക്കൽ വേപ്പിൻപിണ്ണാക്ക്, ചാണകം, മണ്ണിര കംപോസ്റ്റ്  ഇവ നൽകാം. കീട രോഗബാധ അകറ്റാൻ വേപ്പിൻകുരുസത്ത്, ബ്യൂവേറിയ, വെർട്ടിസീലിയം മുതലായവ തളിക്കുക. ഇലകളും തണ്ടുകളും സൂക്ഷ്മമായി നിരീക്ഷിച്ചു കീടങ്ങളുണ്ടെങ്കിൽ നശിപ്പിക്കണം.  കുമ്മായം ചെടിയിൽ തൂവിയാൽ കീടശല്യം കുറയും. പാകമായ കാപ്സിക്കം ചെടിയിൽ നിന്നു പറിച്ചെടുത്തില്ലെങ്കിൽ വിളവു കുറയും. 

കടപ്പാട്: റോസ്മേരി ജോയ്സ്, മുൻ ഡെപ്യൂട്ടി ഡയറക്ടർ, കൃഷി വകുപ്പ്, എറണാകുളം

Tags:
  • Vanitha Veedu