Wednesday 05 April 2023 12:02 PM IST : By സ്വന്തം ലേഖകൻ

തറവാട് മാതൃകയിൽ അകത്തളം, ഒപ്പം അരമതിലും തിണ്ണയും: ഫ്ലാറ്റിലെ 18–ാം നിലയിൽ ഒരുക്കിയ അദ്ഭുതം

arun 1

ഇരുന്നു വർത്തമാനം പറയാൻ അരമതിലും തിണ്ണയും. കാറ്റുകൊണ്ടൊന്നു മയങ്ങാൻ ആട്ടുകട്ടിൽ. കണ്ണിനിമ്പം പകരാൻ തടി കൊണ്ടുള്ള തൂണുകളും മച്ചുമെല്ലാം. നാട്ടിൻപുറത്തെ പഴയ തറവാടിലെയല്ല, ചെന്നൈ കോയംപേടിലെ അപ്പാർട്മെന്റിന്റെ പതിനെട്ടാം നിലയിലുള്ള ഫ്ലാറ്റിലെ കാഴ്ചകളാണിത്. എച്ച്ഡിഎഫ്സി ബാങ്ക് സൗത്ത് ഇന്ത്യ സോണൽ ഹെഡ് അരുൺ രാമദോസാണ് വീട്ടുടമ. ഔദ്യോഗികാവശ്യങ്ങൾക്കായി കുറേക്കാലം കേരളത്തിൽ താമസിച്ചിട്ടുണ്ട് അരുൺ. അപ്പോൾ മനസ്സിൽ കയറിക്കൂടിയതാണ് കേരളത്തിലെ തറവാട് വീടുകൾ.

arun 2

ചെന്നൈയിൽ പുതിയ ഫ്ലാറ്റ് വാങ്ങിയപ്പോൾ അതിന്റെ ഇന്റീരിയർ തനി കേരളീയ ശൈലിയിൽ മതിയെന്ന് അരുണും കുടുംബവും തീരുമാനിച്ചു. തൃശൂർ എഫ്എക്സ്ത്രീ ഡിസൈൻസിലെ ആർക്കിടെക്ട് അർച്ചന മേനോനെ ചുമതല ഏൽപ്പിക്കുകയും ചെയ്തു.

arun 3

വെട്ടുകല്ലും തടിയും പതിച്ച ചുമരുകൾ, തടിയുടെ മച്ച്, പഴയ ഡിസൈനിലുള്ള ഫർണിച്ചർ... തുടങ്ങിയവയൊക്കെയായിരുന്നു അരുണിന്റെയും കുടുംബത്തിന്റെയും ആവശ്യങ്ങൾ. ഇതെല്ലാം ഉൾപ്പെടുത്താം എന്ന് അർച്ചന ഏറ്റു. പക്ഷേ, പഴയ വീടുകളുടെ മാതൃകയിൽ തിണ്ണയും അരമതിലും വേണമെന്ന ആവശ്യം മാത്രം അൽപം കുഴപ്പംപിടിച്ചതായിരുന്നു. പണിതീർന്ന ഫ്ലാറ്റിൽ തിണ്ണയും അരമതിലും ഏർപ്പെടുത്തുന്നതെങ്ങനെ?

arun 4

ഒടുവിൽ ലിവിങ് സ്പേസിൽ അരമതിൽ കെട്ടി രണ്ടായി തിരിച്ച് തിണ്ണ നിർമിച്ചെടുത്തു. അരമതിലിന്റെ ഇരിക്കുന്ന ഭാഗത്ത് തടിപ്പലക പിടിപ്പിക്കുകയും രണ്ടുവശത്തും തടിയുടെ തൂൺ നൽകുകയും ചെയ്തതോടെ തിണ്ണയ്ക്ക് നാടൻ ചേലു കൈവന്നു.

arun 7

ഫ്ലാറ്റിലേക്ക് പ്രവേശിക്കുന്ന ഫോയറിന്റെയും ലിവിങ് സ്പേസിന്റെയും ചുമരുകളും തനിനാടൻ ലുക്കിലാണ്. ചെങ്കല്ലിന്റെ പാളികളും തടിയും പതിപ്പിച്ചാണ് ചുമര് മനോഹരമാക്കിയത്. പഴയ വീടുകളുടെ മച്ചിന്റെ മാതൃകയിൽ ചുമരിൽ തടി പതിപ്പിച്ചു. തടികൊണ്ടുള്ളതാണ് ഫർണിച്ചറെല്ലാം. ലിവിങ് സ്പേസിലെ ആട്ടുകട്ടിലടക്കം മുഴുവൻ ഫർണിച്ചറും പ്രത്യേകം ഡിസൈൻ ചെയ്ത് പണിയിപ്പിച്ചെടുക്കുകയായിരുന്നു.

arun 6

പഴയ രീതിയിൽ തടികൊണ്ടുള്ളതാണ് വാതിലും ജനലുകളുമെല്ലാം. വാതിൽപ്പിടി പോലും സസൂക്ഷ്മം തിരഞ്ഞടുത്തതാണെന്ന് ആർക്കിടെക്ട് അർച്ചന പറയുന്നു. ഭംഗിക്കായി ഇടയ്ക്ക് കിളിവാതിലുകളും നൽകി.

arun 5

2100 ചതുരശ്രയടിയുള്ള ഫ്ലാറ്റിൽ നാല് കിടപ്പുമുറികളാണുള്ളത്. കോംപാക്ട് പൂജാ സ്പേസ് അടക്കമുള്ള സൗകര്യങ്ങളും ആർക്കിടെക്ട് ടീം ക്രമീകരിച്ചു നൽകിയതിന്റെ സന്തോഷത്തിലാണ് വീട്ടുകാർ.

arun 8

വേനൽച്ചൂടിലും ഈ ഫ്ലാറ്റിലേക്കെത്തുമ്പോൾ മനസ്സൊന്ന് തണുക്കും. നാട്ടിൻപുറത്തെ തറവാട്ടിലേക്കെത്തിയ പോലെ സന്തോഷം തോന്നും.

Tags:
  • Architecture