Saturday 08 April 2023 02:46 PM IST : By ശ്യാമ

‘തീനാളങ്ങൾ വെള്ളത്തിനു മേലെ ആടിയുലയുന്ന പോലെ...’; കോയി മത്സ്യക്കുളം നിർമിക്കും മുൻപ് അറിയാം ഇക്കാര്യങ്ങള്‍

swimmm8864ghuuy

തീനാളങ്ങൾ  വെള്ളത്തിനു മേലെ ആടിയുലയുന്ന  പോലെ മാന്ത്രികമായ കാഴ്ച. എത്ര നേരം വേണമെങ്കിലും അതിലേക്കു നോക്കി ശാന്തമായി ഇരിക്കാം. അതാണ് കോയി മത്സ്യക്കുളത്തിന്റെ പ്രത്യേകത.

പണ്ടു വലിയ ഹോട്ടലുകളിലും വിദേശസന്ദർശനത്തിനിടയിലും മാത്രം കണ്ടിരുന്ന കോയി മത്സ്യക്കുളങ്ങൾ ന മ്മുടെ വീട്ടുമുറ്റത്തേക്കും എത്തി. വലുതും ചെറുതുമായ ഇടങ്ങളിൽ കോയി മത്സ്യക്കുളങ്ങൾ നിർമിക്കാൻ കഴിയും. ഉള്ള സ്ഥലത്ത് ഇടം കണ്ടെത്തി മത്സ്യക്കുളം തയാറാക്കുകയും ചെയ്യാം. മത്സ്യക്കുളങ്ങൾ വീട്ടിലൊരുക്കുമ്പോഴും പലർക്കും അതിന്റെ  സാങ്കേതിക വശങ്ങളെക്കുറിച്ചു ശരിയായ ധാരണ ഉണ്ടാകണമെന്നില്ല. കോയി മത്സ്യങ്ങളെ വ ളർത്തുമ്പോഴും അവയ്ക്കുള്ള കുളങ്ങൾ നിർമിക്കുമ്പോഴും അവയുടെ തീറ്റയിലും മറ്റും ശ്രദ്ധിക്കേണ്ട ചില കാര്യങ്ങള്‍ അറിഞ്ഞു വയ്ക്കാം.

തിടുക്കത്തിലാകേണ്ട തുടക്കം

വീടുവയ്ക്കുമ്പോൾ തന്നെ ജലാശയങ്ങൾ നിർമിക്കാൻ പ ദ്ധതിയുണ്ടെങ്കിൽ ആർക്കിടെക്റ്റിനോടു പറഞ്ഞ് അതനുസരിച്ചു മുന്നോട്ടു പോകാം. വീട്ടിനകത്തു വേണോ പുറത്തു വേണോ എന്നൊക്കെ അനുസരിച്ചു കുളം നിർമിക്കുന്നതിനുള്ള അസംസ്കൃത വസ്തുക്കളിലും നിര്‍മാണ രീതിയിലും വ്യത്യാസം വരും.

കുളം കെട്ടിയും ടാർപോളിൻ ഉപയോഗിച്ചും കോയി ഫിഷിനെ വളർത്താനുള്ള ജലാശയങ്ങൾ നിർമിക്കാറുണ്ട്. കുളമാണ് നിർമിക്കുന്നതെങ്കിൽ കുറഞ്ഞത് അഞ്ചടി വീതിയും അഞ്ചടി നീളവും ഒരു മീറ്റർ ആഴവുമുള്ളതാണ് ഉത്തമം. ഇതിലേക്കു തിരഞ്ഞെടുക്കുന്ന കോയി മത്സ്യ ഇനങ്ങളുടെ വളർച്ചാനിരക്കനുസരിച്ചു ചില മാറ്റങ്ങൾ വരാം.

ചില മത്സ്യയിനങ്ങൾ ഒരു മീറ്ററോളം വലുപ്പത്തിൽ വ ളരാറുണ്ട്. അതുകൊണ്ടു കൂടിയാണ് ജലാശയം നിർമിക്കാ ൻ പദ്ധതിയിടുന്നതെങ്കിൽ സ്ഥാനം വീടു പണിക്കു മുൻപേ തീരുമാനിക്കണമെന്നു പറയുന്നത്.

ഉദാഹരണത്തിനു റൂഫ്–ടോപ് മത്സ്യക്കുളം പണിയാനാണ് ആഗ്രഹമെങ്കിൽ അതനുസരിച്ച് ചുവരുകളും തൂണുകളും ശക്തിപ്പെടുത്തേണ്ടതുണ്ട്. 5000–10000 ലീറ്റർ ജലം വരെ താങ്ങാനുള്ള തരത്തിൽ വേണം സജ്ജീകരണം ചെയ്യാൻ. മുൻകൂട്ടിയറിഞ്ഞാൽ വെള്ളം ശുചീകരിക്കുന്ന പ്രക്രിയയ്ക്കൊപ്പം തന്നെ അതൊരു കാസ്കെയ്ഡ് (വെള്ളച്ചാട്ടം) പോലെ ആക്കിയെടുക്കാനും സാധിക്കും.  ശ്രദ്ധിക്കേണ്ട മറ്റൊരു കാര്യം  ജലാശയത്തിന്റെ വലുപ്പത്തിനനുസരിച്ച് മീനുകളുടെ വളർച്ചയും കൂടും എന്നതാണ്.

ഇതല്ലാതെ ചെറിയ രീതിയിൽ‌ ജലാശയം ചെയ്യാനും നിലവിലെ വീട്ടിലോ സ്ഥലപരിമിതിയുള്ളിടത്തോ ഒക്കെ പുതുതായി കോയി ജലാശയങ്ങൾ ഒരുക്കാനും വഴിയുണ്ട്്. അതിനായി ലോഹക്കൊളുത്തുള്ള ടാർപോളിൻ വാങ്ങാൻ കിട്ടും. വീട്ടിന്റെ മുറ്റത്തോ മറ്റോ കുറച്ച് പൊക്കമുള്ളിടത്തു വേണം ഇത്തരം ടാർപോളിൻ കുളങ്ങൾ നിർമിക്കാൻ. മഴ പെയ്താലും വെള്ളം അകത്തുകയറി മത്സ്യം ഒലിച്ചു പോകാതിരിക്കാൻ പൊക്കമുള്ള ഇടങ്ങൾ സഹായിക്കും. അതിന്റെ മുകളിൽ ലോഹ ഫ്രെയിമിട്ട് മെഷ്, ബേർഡ് നെറ്റ് ഇവ യിട്ട് സുരക്ഷിതമാക്കാം. മീനുകളെ പാമ്പോ, വളർത്തു മൃഗങ്ങളോ ആക്രമിക്കുന്നതും തടയാം.

വീടിനകത്താണെങ്കിൽ ഇതിന്റെ ആവശ്യമില്ല. പകരം റെയിലിങ് ചെയ്തു കൊടുക്കണം. കുട്ടികളും മറ്റും കുളത്തിലേക്കു തെന്നി വീണ് അപകടമുണ്ടാകാതിരിക്കാനാണിത്. ടെറസിൽ പുതിയതായി കോയി പോണ്ട് പണിയുന്നത് ഒഴിവാക്കാം. ലീക്കിങ് സാധ്യത കൂടുതലാണ്.

IMG-20230130-WA0012

ചെലവുണ്ട്, ശ്രദ്ധയും വേണം

സാധാരണ മത്സ്യക്കുളം ചെയ്യും പോലെയല്ല, കോയി മാത്സ്യക്കുളത്തിന്റെ നിർമാണം. ചെലവു കൂടുതലുണ്ട്. 65 വ്യത്യസ്ത തരം കോയി മത്സ്യങ്ങൾ ലോകമെമ്പാടുമുണ്ട്. 100 രൂപ തൊട്ട് 25 ലക്ഷവും കോടികളും വരെ വില വരുന്ന കോയി മത്സ്യങ്ങൾ സുലഭം. ഇന്ത്യയിൽ 17 തരം കോയി മ ത്സ്യങ്ങൾ ലഭ്യമാണ്. മറ്റ് ഇനങ്ങളെ ഇറക്കുമതി ചെയ്ത് വളർത്തുന്നവരുമുണ്ട്.

5000–10000 ലീറ്റർ വെള്ളമുള്ള കുളത്തിന്റെ ഫിൽറ്ററിങ് ചെയ്യാൻ 50000 രൂപയ്ക്കടുത്ത് ആദ്യചെലവു വരും. പിന്നെ, ചെറിയ അറ്റകുറ്റപ്പണി മാത്രമേ വരൂ. മാസം തോറും വെള്ളത്തിന്റെ ഫിൽറ്റർ പരിപാലനം നിർബന്ധമായി ചെയ്തിരിക്കണം. കഴിവതും വെള്ളം മുഴുവനായി മാറ്റാതിരിക്കുക, മുകൾ ഭാഗത്തു നിന്നു മാത്രം മാറ്റുന്നതാണു നല്ലത്. ഇതല്ലാതെ വെള്ളം ശുചീകരിക്കാൻ ചേംബർ സിസ്റ്റവും ഉപയോഗിക്കാം. ലാവ റോക്, ചിപ്പി, ജാപ്പനീസ് ബ്രഷ്, സ്പോഞ്ച് തുടങ്ങി പല പ്രതലങ്ങളിലൂടെ വെള്ളം കടത്തിവിട്ട് ശുചീകരണം നടക്കുന്ന രീതിയാണിത്. ഇതു നിർമിക്കാ ൻ പണം മുടക്കുണ്ടെങ്കിലും ദീർഘകാലാടിസ്ഥാനത്തിൽ ലാഭമാണ്.

500 ലീറ്റർ വെള്ളം കൊള്ളുന്നതു മുതൽ മെറ്റൽ സ്റ്റാൻഡോടു കൂടിയ ടാർപോളിൻ റെഡിമെയ്ഡ് ടാങ്കുകൾ ലഭ്യമാണ്. പക്ഷേ, ഇതിൽ മീനിന്റെ വളർച്ച വളരെ കുറവായിരിക്കും. അവയ്ക്കു സ്വതന്ത്രമായി നീന്താനും മറ്റും ബുദ്ധിമുട്ടുമാണ്.  

വീട്ടിൽ പ്രകൃതിദത്തമായ കുളമുള്ളവർക്കും അതിൽ കോയി മത്സ്യങ്ങളെ വളർത്താം. അതാകുമ്പോൾ വെള്ളം ശുദ്ധീകരിക്കേണ്ട ഫിൽറ്റർ ആവശ്യമില്ല. മാത്രമല്ല, മീനു കളുടെ വളർച്ച 16 ശതമാനത്തോളം കൂടുതലായിരിക്കും. തീറ്റയും കുറവു മതി.

പരിചരണം മുടക്കരുത്

കോയി മത്സ്യങ്ങൾക്കുള്ള ഭക്ഷണം പ്രത്യേകം ലഭ്യമാണ്. ഒരു കിലോ ഭാരമുള്ള മീനിനു മൂന്നു നേരം കൊണ്ടു 30 ഗ്രാം ഭക്ഷണം കൊടുക്കാം. ഒരുമിച്ചു കൊടുത്താൽ കൂടുതലായ ഭക്ഷണം താഴേക്ക് അടിഞ്ഞു പാഴായി പോകാനിടയാകും. കോയി മത്സ്യങ്ങളെ വളർത്തുന്ന ജലാശയത്തിൽ മറ്റ് ജലസസ്യങ്ങൾ എല്ലാം വളരണമെന്നില്ല.

കോയി മത്സ്യങ്ങളിൽ ഒരു തരം പേൻ ശല്യമുണ്ടാകാറുണ്ട്. അതു വന്നാൽ പേൻ മാറ്റിയ ശേഷം ഉടൻ അതേ കുളത്തിൽ തന്നെ ഇടരുത്. കുളം മുഴുവൻ വ്യത്തിയാക്കിയശേഷം മാത്രമേ അതേ കുളത്തിൽ മീനുകളെ ഇടാവൂ. കോയി മത്സ്യക്കുളം നിർമിക്കുന്ന വിദഗ്ധര്‍ മീനുകളുടെ പരിപാലനവും, കുളം എങ്ങനെ വൃത്തിയാക്കണം എന്നും മറ്റും കൃത്യമായി പഠിപ്പിച്ചു തരാറുണ്ട്. ഇത്തരം കാര്യങ്ങൾ സ്വയം ചെയ്യാൻ ബുദ്ധിമുട്ടുള്ളവർക്ക് കോയി പരിപാലന വിദഗ്ധരെ വിളിച്ചും കുളം പരിപാലിക്കാം.

വിവരങ്ങൾക്കു കടപ്പാട്: ശ്രീകുമാർ ബി.ആർ, ലാൻഡ്സ്കേപ് ഡിസൈനർ, www.perfectagriindia.com

1754772620
Tags:
  • Vanitha Veedu