Friday 29 September 2023 12:53 PM IST

‘ഉപേക്ഷിക്കുമ്പോഴും ഉപദ്രവിക്കുമ്പോഴും മനുഷ്യരെ പോലെ അവരും സങ്കടപ്പെടുന്നുണ്ട്’; അരുമ മൃഗങ്ങളെ വളർത്തുക എന്നത് ഉത്തരവാദിത്തം കൂടിയാണ്

Rakhy Raz

Sub Editor

shutterstock_1049221427

ഓഫിസിൽ നിന്നും തിരികെയെത്തുന്നതും കാത്തിരിക്കുന്ന, ദൂരെ നിന്ന് കാണുമ്പോഴേ ഓടി വരുന്ന നായ്ക്കുട്ടി, ഉരുമ്മാനും മടിയിൽ കയറിയിരിക്കാനും ഇഷ്ടമുള്ള പൂച്ചക്കുട്ടി, കലപില കൂട്ടുന്ന കിളികൾ... ഇങ്ങനെ അരുമ മൃഗങ്ങൾ വീട്ടിലുണ്ടെങ്കിൽ മനസ്സിന്റെ എല്ലാ ഭാരവും കാറ്റിലഴിഞ്ഞ് പാറിപ്പോകുന്നതു കാണാം.

വിദേശ രാജ്യങ്ങളിലെപ്പോലെ നമ്മുടെ നാട്ടിലും ഒാമനമൃഗങ്ങളെ വളർത്തലും അവയ്ക്കു നൽകുന്ന മുന്തിയ പരിചരണവുമെല്ലാം വ്യാപകമാകുകയാണ്. ചിലർ വിലയേറിയ മൃഗങ്ങളെ സ്വന്തമാക്കുമ്പോൾ ചിലർ നാട്ടുമൃഗങ്ങളെയാണ് ഓമനയാക്കുക. വീട്ടിൽ തുള്ളിക്കളിക്കുന്ന ഒരു കുഞ്ഞ് തരുന്ന അതേ സന്തോഷം ഓമനമൃഗങ്ങൾ നൽകുന്നുണ്ട്.

അരുമയായി വളർത്തുന്ന മൃഗങ്ങളിൽ ഒന്നാം സ്ഥാനം നായയ്ക്കാണ്. രണ്ടാം സ്ഥാനം പൂച്ചയ്ക്കും. ഇതു കൂടാതെ പക്ഷികൾ, മീനുകൾ, മുയൽ, ഗിനി പിഗ് എന്നിവയും ഓമനമൃഗങ്ങളുടെ പട്ടികയിൽ മുൻപന്തിയിലുണ്ട്.  

Doggie Darlings

കാവൽ എന്നതിനെക്കാൾ കൂട്ട് എന്ന നിലയിലാണ് നമ്മളിന്ന് നായയെ വാങ്ങുന്നത്. ഏതെങ്കിലും ഇനം നായ എന്ന പതിവ് വിട്ട് പ്രത്യേക ജനുസ്സുകളെ സ്വന്തമാക്കുന്ന രീതിയിലേക്ക് നായ് വളർത്തൽ മാറിക്കഴിഞ്ഞു.  

വളർത്തു നായ്ക്കളിൽ വിവിധ സ്വഭാവങ്ങളോട് കൂടിയ പലയിനം ബ്രീഡുകളുണ്ട്. അതിനാൽ തന്നെ നായ്ക്കുട്ടികളെ വാങ്ങുമ്പോൾ നമ്മുടെ താൽപര്യത്തിനനുസരിച്ചുള്ള ബ്രീഡ് വാങ്ങാൻ ശ്രദ്ധിക്കണം. ചെറുപ്പക്കാർക്ക് ലാബ്രഡോർ റിട്രീവർ, ഐറിഷ് സെറ്റർ, ഇംഗ്ലിഷ് സ്പ്രിങ്ങർ സ്പാനിയൽ തുടങ്ങിയ സ്പോർട്ടി ബ്രീഡ് വാങ്ങാം.

കുട്ടികൾക്ക് വേണ്ടിയാണെങ്കിൽ ബീഗിൾ, ഷിറ്റ്സു, ല സ അപ്സോ പോലുള്ള വലുപ്പം കുറഞ്ഞ ടോയ് ബ്രീഡ്സ് ആണ് നല്ലത്. നിത്യജീവിതവുമായി ഇണങ്ങുന്ന ബ്രീഡ് ആണ് വേണ്ടതെങ്കിൽ ജർമൻ ഷെപേർഡ്, ഡോബർമാൻ പോലുള്ള വർക്കിങ് ഡോഗ്സിനെ വാങ്ങാം.

യജമാനനോട് സ്നേഹവും വിധേയത്വവും പുലർത്തുകയും മറ്റുള്ളവരുമായി അകന്നു നിൽക്കുകയും ചെയ്യുന്ന ബ്രീഡ് ആണ് റോട്ട് വീലർ. വ്യായാമം ഇഷ്ടപ്പെടുന്നവരാണെങ്കിൽ ബോക്സർ, ഗ്രേറ്റ് ഡെയിൻ മുതലായ അത്‌ലറ്റിക് ബ്രീഡ് തിരഞ്ഞെടുക്കാം. ഒറ്റയ്ക്ക് കഴിയുന്നവർക്കും മുഴുവൻ നേരവും കൂട്ട് ഇഷ്ടപ്പെടുന്നവർക്കും കംപാനിയൻ ഡോഗ് ഇനത്തിൽ പെട്ട പാപ്പിലോൺ, അമേരിക്കൻ ബുള്ളി,  ഗോൾഡൺ റിട്രീവർ, പഗ് എന്നിവയായിരിക്കും ചേരുക.

നായയുടെ സ്വഭാവത്തെക്കുറിച്ച് അറിവ് നൽകാൻ കഴിയുന്ന വെറ്ററിനേറിയൻ എക്സ്പർട്സ് ഉണ്ട്. അവരുടെ ഉപദേശം സ്വീകരിച്ച ശേഷം നായയെ വാങ്ങുക. വാക്സിനേഷൻ, ഡീ വേമിങ് (വിര നിവാരണം) എന്നിവ ചെയ്യുക. ജനിച്ച് രണ്ടാഴ്ച ആകുമ്പോൾ തന്നെ വിര നിവാരണം ചെയ്യണം.

നായയെ വാങ്ങും മുൻപ് നായയുടെ ആവശ്യങ്ങൾ, നിങ്ങളുടെ ആവശ്യങ്ങൾ, അവയെ പരിപാലിക്കേണ്ടത് എങ്ങനെ, അത് ശരിയായി ചെയ്യാൻ കഴിയുമോ, അതിന് വേണ്ട സാമ്പത്തിക ചുറ്റുപാടുണ്ടോ ഇവയെല്ലാം പരിഗണിക്കണം.

Just Kitty Things

Persian-kittens

നല്ല ഡോഗ് ലവേഴ്സ് നല്ല ക്യാറ്റ് ലവേഴ്സ് ആയിരിക്കണമെന്നില്ല. കാരണം ഒരു വയസ്സ് പ്രായമെത്തുമ്പോൾ നായ്ക്കളുടെ ചിന്ത നാലു വയസ്സായ കുട്ടിക്ക് സമാനമാണെങ്കിൽ ഒരു വയസ്സ് എത്തിയ പൂച്ച അൽപം കൂടി പക്വതയുള്ളതുപോലെയാണ് കാണപ്പെടാറ്.  ശ്രദ്ധ കിട്ടിയില്ലെങ്കിൽ നായ്ക്കൾക്ക് സങ്കടം വരും, വഴക്കു പറഞ്ഞാൽ പിണങ്ങിക്കിടക്കും, നമ്മൾ എവിടെയെങ്കിലും പോയാൽ കാത്തിരിക്കും. തീവ്രമായി സ്നേഹം പ്രകടിപ്പിക്കുകയും അതു തിരിച്ച് പ്രതീക്ഷിക്കുകയും ചെയ്യും.

 പൂച്ചകൾ അത്ര സ്നേഹപ്രകടനം ഉള്ളവരല്ല. നമ്മളെ ശ്രദ്ധിക്കുകയും, മടിയിൽ കയറി ഇരിക്കുകയും ചെയ്യും. എ ന്നാൽ സ്വതന്ത്രമായി നടക്കാനാണ് അവയ്ക്കിഷ്ടം. നായയെ പോലെ പരിശീലിപ്പിച്ച് നമ്മുടെ രീതിയിലേക്ക് കൊണ്ടുവരിക പ്രയാസമാണ്.  

വീട്ടിൽ ഇണക്കി വളർത്തിയാലും ഇരയെ കീഴടക്കുന്ന സ്വഭാവം പൂച്ചയ്ക്കുണ്ട്. എലി, പക്ഷികൾ എന്നിവയെ വേട്ടയാടി ആഹാരമാക്കും.  

കേരളത്തിൽ നാടൻ പൂച്ചയെ വളർത്തുന്നവർ ധാരാളമാണ്. ജനിച്ച് ഒൻപതോ പത്തോ ആഴ്ച പ്രായമാകുമ്പോ ൾ തന്നെ പൂച്ചക്കുഞ്ഞിനെ വാങ്ങുന്നതാണ് നല്ലത്. ആരോഗ്യമുണ്ടോ എന്നുറപ്പു വരുത്തി മാത്രം വാങ്ങുക. അവയെ യഥാസമയം വാക്സിനേറ്റ് ചെയ്യുക. വിര ശല്യം ഒഴിവാക്കാൻ ഡീവേമിങ് ചെയ്യുക.

  കണ്ണുകൾ കുഴിയുക, വയറ് വീർത്തിരിക്കുക വേച്ചു പോകുക തുടങ്ങിയ ലക്ഷണങ്ങൾ ആരോഗ്യ പ്രശ്നങ്ങളാണ്. രോഗമുള്ള പൂച്ചയെ കൈകാര്യം ചെയ്യുന്നത് രോഗമുള്ള നായയെ കൈകാര്യം ചെയ്യുന്നതിനെക്കാൾ ബുദ്ധിമുട്ടാണ്. കാരണം ചികിത്സയ്ക്ക് അവ വഴങ്ങില്ല. മരുന്നു കഴിപ്പിക്കുകയും പ്രയാസമാണ്.

പൂച്ചകൾക്ക് ജനിച്ച് രണ്ടാഴ്ച കഴിയുമ്പോൾ  വിരയെ അകറ്റാനുള്ള മരുന്ന് കൊടുക്കണം. മരുന്നിന്റെ ഡോസ് വെറ്ററിനറി ഡോക്ടറോട് ചോദിച്ച് മനസ്സിലാക്കുക.

 വില കൂടിയ ബ്രീഡ് പൂച്ചകളെ ഇപ്പോൾ ആളുകൾ വാങ്ങുന്നുണ്ട്. പേർഷ്യൻ ക്യാറ്റ്സ്, സയമീസ് ക്യാറ്റ്, ഹിമാലയൻ ക്യാറ്റ്, ബ്രിട്ടീഷ് ഷോര്‍ട്ട് ഹെയർ ക്യാറ്റ്, ബംഗാൾ ക്യാറ്റ് എന്നിവയാണ് വളർത്താൻ ആളുകൾ വാങ്ങുന്ന പ്രധാന ബ്രീഡ്. മുഖത്തിന്റെ ആകൃതി നോക്കിയാണ് കൂടുതൽ പേരും പൂച്ചയെ വാങ്ങുന്നത്. ഡോൾ ഫെയ്സ്, പഞ്ച് ഫെയ്സ് എന്നിങ്ങനെ രണ്ട് വിധത്തിലാണ് മുഖാകൃതി.

Cute Finches to Gentle Giants

Zebra-finches-sing-in-thei

കണ്ണിന് കണിയും കുളിർമയും പകരുന്ന അരുമകളാണ് കിളികൾ. വിരലോളം മാത്രം വലുപ്പമുള്ള സീബ്ര ഫിഞ്ചസ് എന്ന പക്ഷി മുതൽ മഴവിൽ നിറങ്ങളിലുള്ള മക്കാവൂ വരെ വളർത്തു പക്ഷികളിൽ പെടുന്നു. വലിയ രൂപമുണ്ടെങ്കിലും ശാന്ത സ്വഭാവിയായ മക്കാവൂവിന് ജെന്റിൽ ജയന്റ് എന്നൊരു വിളിപ്പേരുമുണ്ട്.

പ്രാവുകൾ മാത്രം പ്രത്യേക വിഭാഗമാണ്. അവയെ വള ർത്തുന്ന രീതി വ്യത്യസ്തമാണ്. പ്രാവിനെ വളർത്തുന്നവ ർക്കു മാത്രമായി പ്രത്യേക ക്ലബ്ബ്, പരിശീലന കേന്ദ്രങ്ങൾ ഇവയുണ്ട്.  

 കുരുവി ഇനത്തിൽ പെട്ട സീബ്ര ഫിഞ്ചസ്, ബംഗാളി ഫിഞ്ചസ്, ജാവാ ഫിഞ്ചസ്,  ബഡ്ജീസ് അഥവാ ബഡ്ജറീഗാർ എന്ന ലവ് ബേർഡ്സ്, അമേരിക്കൻ ലവ് ബേർഡ്സ്, കൊക്കാറ്റിയൽ, കൊക്കാറ്റൂ, പാരറ്റ്ലറ്റ്, ഹിയാസിന്ദ് മക്കാവു, ഗ്രീൻ ചീക്‌ഡ് മക്കാവൂ, ആഫ്രിക്കൻ ഗ്രേ പാരറ്റ് തുടങ്ങി വിവിധതരം പക്ഷികളെ വളർത്താൻ തിരഞ്ഞെടുക്കാറുണ്ട്. വളരെയധികം ശ്രദ്ധയും പരിപാലനവും വേണ്ടവ യാണ് കിളികൾ.

കിളികളെ രണ്ടു രീതിയിൽ വളർത്താം. കൂടുതൽ എണ്ണത്തിനെ ഒന്നിച്ചോ, ഒരു കൂട്ടിൽ ഒരു ജോഡി വീതമോ ആയി. ഒറ്റയ്ക്ക് വളർത്തുന്നതിനെക്കാൾ ഒരു ഇണയെക്കൂടി നൽകുന്നത് നന്നായിരിക്കും.

കോളനിയായി വളർത്തുമ്പോൾ വലിയ കൂട് വേണം. ഇണകളെ അവർ സ്വയം കണ്ടെത്തും. മുട്ടയിടുമ്പോൾ കൊത്തി പൊട്ടിക്കാനുള്ള സാധ്യത കരുതണം. അസുഖങ്ങൾ പടരാതെ നോക്കണം. പരിപാലിക്കേണ്ടത് എങ്ങനെ എന്ന് വെറ്ററിനറി വിദഗ്ധരോട് ചോദിച്ചു മനസ്സിലാക്കണം. പക്ഷികൾക്കും വാക്സിനേഷനും ഡീവേമിങും ചെയ്യണം.

Water Fairies

ഇണക്കി വളർത്തേണ്ടവയല്ലെങ്കിലും അരുമകളുടെ പട്ടികയിൽ അക്വേറിയം മത്സ്യങ്ങളും ഉണ്ട്. വിവിധ വർണങ്ങളിലും ആകൃതിയിലും, വരയും തിളക്കവും നീണ്ടുലയുന്ന വാലും ചിറകുകളുമായി അവ വീട്ടിലെ അക്വേറിയത്തിൽ നീന്തിനടക്കുന്നത് കണ്ണിനും മനസ്സിനും ആനന്ദം പകരും. അവ മനുഷ്യരോട് അടുപ്പം പുലർത്താറുമുണ്ട്.  

പരിപാലനത്തിൽ ഏറെ ശ്രദ്ധ വേണ്ടവയാണ് അക്വേറിയം മ ത്സ്യങ്ങൾ. ഗപ്പി, ഗോൾഡ് ഫിഷ്, ഒസ്ക്കർ ഫിഷ്, കാർപ്, ഫൈറ്റർ, ഫ്ളവർ‌ഹോൺ എന്നിവയാണ് പോപ്പുലർ ആയ ഇനങ്ങൾ. മിക്കി മൗസ് പ്ലാറ്റി, ഗപ്പി, സീബ്ര ഡാനിയോ, നിയോൺ ടെട്ര തുടങ്ങിയവ ചെറിയ അക്വേറിയങ്ങളിൽ വളർത്താവുന്നവയാണ്.

ഓക്സിജൻ നിറച്ച പോളിത്തീൻ കവറുകളിൽ വാങ്ങുന്ന മീനിനെ കവർ അടക്കം അ രമണിക്കൂർ അക്വേറിയം വെള്ളത്തിൽ ഇറക്കി വച്ചതിന് ശേഷമേ അക്വേറിയത്തിലേക്ക് തുറന്നു വിടാവൂ. അല്ലെങ്കിൽ താപനിലയിൽ വരുന്ന വ്യത്യാസം മത്സ്യങ്ങൾ ച ത്തു പോകാൻ കാരണമാകാം.

അഴുക്കില്ലാത്ത വെള്ളമാണ് മത്സ്യങ്ങൾക്ക് വേണ്ടത്. ക്ലോറിനും മറ്റുമുള്ള വെള്ളം ഉപയോഗിക്കരുത്. താപനിലയിലെ വ്യത്യാസം മത്സ്യങ്ങളെ ബാധിക്കുന്നതിനാൽ   അക്വേറിയത്തിലെ വെള്ളം  ഇടയ്ക്കിടെ മാറ്റുന്നതും നല്ലതല്ല.

Ra... Ra... Rabbits

image3

അരുമയായും മുയലുകളെ വളർത്താം. വെളുത്ത രോമങ്ങളും ചുവന്ന കണ്ണുകളുമുള്ള ന്യൂസിലൻഡ് വൈറ്റ്, കാട്ടു മുയലിനോട് സാമ്യമുള്ള ഗ്രേ ജയന്റ്, ചാര നിറമുള്ള സോവിയറ്റ് ചിഞ്ചില,  വെളുത്ത ചെറു മുയലായ ഹിമാലയൻ എന്നിവയാണ് പ്രധാന ബ്രീഡ്. ഇവയുടെയെല്ലാം സങ്കരയിനങ്ങളും നമ്മുടെ നാട്ടിൽ വളർത്താൻ യോജിച്ചവയാണ്. ഇവയ്ക്ക് രോഗപ്രതിരോധ ശേഷി കൂടുതലുണ്ട്.

ഇവയ്ക്ക് വിസ്താരമുള്ള കൂട് വേണം. താരതമ്യേന ചെലവ് കുറഞ്ഞ അരുമകളാണ് മുയല്‍.

മുയൽക്കുഞ്ഞുങ്ങളെ മറ്റ് മുയലുകൾ ഉപദ്രവിക്കുമെന്നതിനാൽ ശ്രദ്ധ വേണം.

Little Guine Pigs

മുയലുകളെപ്പോലെ അരുമയായി സ്ഥാനക്കയറ്റം കിട്ടിയ മൃഗമാണ് ഗിനി പിഗ്.  കാണാൻ ചന്തമുള്ള  സദാ ഊർജസ്വലതയോടെ ഇരിക്കുന്ന കുഞ്ഞു മൃഗമാണ് ഗിനി പിഗ്. സാമൂഹിക ജീവി ആയതിനാൽ ഒരു കൂട്ടിൽ തന്നെ കൂടുതൽ ഗിനി പന്നികളെ വളർത്താം. വീട്ടിനകത്തു വേണമെങ്കിലും ഇവയെ വളർത്താം. പുറത്താണ് കൂട് ഒരുക്കുന്നതെങ്കിൽ   കൂടിന് അധികം പൊക്കം ആവശ്യമില്ല, എന്നാൽ ഓടി നടക്കാനുള്ള സ്ഥലം ഉണ്ടാകണം. ഇല്ലെങ്കിൽ അവയുടെ ഊർജസ്വലമായ സ്വഭാവം നഷ്ടപ്പെട്ട് വിഷാദത്തിലാകാം. നായ്ക്കളും കീരികളും മറ്റും ഇവയെ ആക്രമിക്കുമെന്നതിനാൽ കൂട് പുറത്താണെങ്കിൽ കൂടിന് നല്ല ബലം വേണം. ഇഷ്ട ഭക്ഷണം പച്ചപ്പുല്ലും പച്ചക്കറികളും ആയതിനാൽ പരിപാലനം ഏറെ പ്രയാസകരമല്ല.

ഉത്തരവാദിത്തമാണ് മറക്കരുത്

ഓമന‌മൃഗങ്ങളെ വളർത്താൻ തീരുമാനിക്കുന്നവർ ഏറെയാണെങ്കിലും അവയുടെ പരിചരണം ചിട്ടയോടെ വേണ്ടവിധം ചെയ്യുന്നവർ കുറവാണ്.  

വളർത്താനായി മൃഗങ്ങളെ സ്വന്തമാക്കുക എന്നത് അവയുടെ ജീവിത കാലഘട്ടത്തോളം നീണ്ടു നിൽക്കുന്ന ഉത്തരവാദിത്തമാണ്. അവ കടന്നുപോകുന്ന എല്ലാ ജീവിതഘട്ടങ്ങളെയും ഒരേ സ്നേഹത്തോടെ കാണാനും പരിചരിക്കാനും കഴിയണം. ഇത് സാധ്യമല്ലെങ്കിൽ അരുമ മൃഗങ്ങളെ വളർത്താൻ തുനിയാതിരിക്കാം.

സ്നേഹമാണ്, ഉപേക്ഷിക്കരുത്

നിഷ്ക്കളങ്കമായി സ്നേഹിക്കുകയും സ്നേഹം ആഗ്രഹിക്കുകയും ചെയ്യുന്ന വളർത്തു മൃഗങ്ങൾ നമ്മളോട് തീവ്രമായി അടുക്കും. ഉപേക്ഷിക്കപ്പെടുകയും ഉപദ്രവിക്കപ്പെടുകയും ചെയ്യുമ്പോൾ അവ ഏറെ ഒറ്റപ്പെടുകയും സങ്കടപ്പെടുകയും ആശങ്കപ്പെടുകയും ചെയ്യുന്നുണ്ട്.  

രോഗമോ മറ്റു പ്രശ്നങ്ങളോ വരുമ്പോൾ സ്വന്തം കുഞ്ഞിനെ എങ്ങനെ കാത്തു സൂക്ഷിക്കുന്നോ,  അതുപോലെ ഓമനമൃഗങ്ങളെയും കരുതാൻ കഴിയുകയാണ് അവയെ വളർത്താനുള്ള നമ്മുടെ അർഹത.

അരുമ മൃഗങ്ങൾ ഉപേക്ഷിക്കപ്പെട്ടാൽ അവയ്ക്ക് ആഹാരം തേടിപ്പിടിക്കാനോ സുരക്ഷിത സ്ഥാനം കണ്ടെത്തി താമസിക്കാനോ ഉള്ള കഴിവ് തെരുവ് മൃഗങ്ങളെ അപേക്ഷിച്ച് കുറവായിരിക്കും. ലോക്ഡൗൺ കാലത്ത് ബോറടി മാറ്റാൻ വളർത്തു മൃഗങ്ങളെ വാങ്ങുകയും ജോലിത്തിരക്ക് കൂടിയപ്പോൾ അവയെ ഉപേക്ഷിക്കുകയും ചെയ്തവരുണ്ട്. ഒാർക്കുക, വളർത്തു മൃഗങ്ങളെ  ഉപേക്ഷിക്കുന്നതും പീഡിപ്പിക്കുന്നതും നിയപരമായി കുറ്റകൃത്യമാണ്.

മിണ്ടാപ്രാണികൾക്കും അവകാശങ്ങളുണ്ട്

പ്രിവൻഷൻ ഓഫ് ക്രുവൽറ്റി ടു ആനിമൽ ആക്ട് ( PCA  Act 1960 ) മറ്റും മൃഗങ്ങളുടെ സംരക്ഷണം  പല നിയമങ്ങളിലൂടെ ഉറപ്പാക്കുന്നു.

∙ എല്ലാ ജീവജാലങ്ങളോടും മനുഷ്യൻ ദയാലു ആയിരിക്കണം. ഇത് ഒരു പൗരൻ പാലിക്കേണ്ട ഭരണഘടനാപരമായ ചുമതലയാണ്. Article 51 A(g).

∙ മൃഗങ്ങളുടെ സ്വാഭാവിക ജീവിതരീതിക്ക് അനുസൃതമല്ലാത്ത കാര്യങ്ങൾ ചെയ്യുന്നതും മൃഗങ്ങളെ അടിക്കുക, ചവിട്ടുക, അവയ്ക്കു മേലെ വണ്ടി ഓടിക്കുക, അമിത ഭാരം ചുമപ്പിക്കുക, മറ്റു വിധത്തിൽ പീഡിപ്പിക്കുക, വേദനിപ്പിക്കുക തുടങ്ങിയ കാര്യങ്ങൾ ശിക്ഷാർഹമാണ്. Section 11(1)(a), PCA Act 1960.

∙ മ‍ൃഗങ്ങൾക്ക് അപകടകരമായ വസ്തുക്കൾ മനഃപൂർവം കഴിക്കാൻ നൽകുകയോ കഴിക്കത്തക്ക സാഹചര്യം ഉണ്ടാക്കുകയോ ചെയ്യുന്നത് ശിക്ഷാർഹമാണ്. Section 11(1)(c), PCA Act 1960.

∙ മൃഗങ്ങളെ വണ്ടിയിലും മറ്റും കൊണ്ടു പോകുമ്പോൾ അവയ്ക്ക് എന്തെങ്കിലും തരത്തിലുള്ള വേദനയോ പീഡനമോ ഉണ്ടാകാനിടയാകുന്നത് കുറ്റകരമാണ്. Section 11(1)(d) PCA 1960 (Transport of animal) Rules, 2001 And Motor Vehicle Act 1978.

∙ ആവശ്യത്തിന് സ്ഥലം ഇല്ലാത്ത കൂടുകളിൽ മ‍ൃഗങ്ങളെ അടയ്ക്കുന്നത് ശിക്ഷാർഹമാണ്. Section 11 (1)(e), PCA Act 1960.

∙ മൃഗങ്ങളെ  ഭക്ഷണമോ വെള്ളമോ പാർപ്പിടമോ നൽകാതെ മണിക്കൂറുകളോളം കെട്ടിയിടുന്നതും ഉപദ്രവിക്കുന്നതും മൂന്നു മാസം തടവ് കിട്ടത്തക്ക കുറ്റകൃത്യമാണ്. Section 11(1)(h), PCA Act 1960.

 ∙ രോഗമോ പകർച്ച വ്യാധിയോ പിടിച്ച മൃഗങ്ങളെ ഉപേക്ഷിക്കുന്നതും ഉപദ്രവിക്കുന്നതും മൂന്നു മാസം ത ടവ് ശിക്ഷ ലഭിക്കാവുന്ന കുറ്റകൃത്യമാണ്. Section 1191)(i) & Section (11)(J) PCA Act, 1960.

ഈ നിയമങ്ങൾ വേണ്ടവിധം പാലിക്കപ്പെടാറുണ്ടായിരുന്നില്ല. എന്നാൽ ഇന്ന് സോഷ്യൽ മീഡിയയും  പൊലീസും കോടതിയും ഉണർന്നു പ്രവർത്തിക്കുന്നുണ്ട്. നിയമത്തിലെ പഴുതുകൾ അടയ്ക്കാനുള്ള ശ്രമങ്ങൾ മൃഗസ്നേഹികളുടെ ഭാഗത്തു നിന്നുണ്ടാകുന്നുണ്ട്

വിവരങ്ങൾക്ക് കടപ്പാട്:

അഡ്വ. ഷഹീൻ ബക്കർ

എടപ്പാൾ

വിവരങ്ങൾക്ക് കടപ്പാട്:

ഡോ. അബ്ദുൾ ലത്തീഫ് കെ

എംവിഎസ്ഇ ക്ലിനിക്കൽ മെഡിസിൻ

വെറ്ററിനറി സർജൻ

ഡോ. ജോസ് ജോസഫ്

റിട്ട. ചീഫ് വെറ്ററിനറി ഓഫിസർ

കണ്ണൂർ

അമ്പിളി പുരയ്ക്കൽ

കോ ഓർഡിനേറ്റർ

ദയ ആനിമൽ വെൽഫെയർ

ഓർഗനൈസേഷൻ

Tags:
  • Vanitha Veedu