Saturday 14 October 2023 01:59 PM IST : By സ്വന്തം ലേഖകൻ

‘ഓക്സലേറ്റ്, വൈറ്റമിൻ കെ സമൃദ്ധം; സൂപ്പ്, ചപ്പാത്തി, ദോശ എന്നിവയില്‍ ചേർക്കാം’; സ്വിസ് ചാർഡ് പരിപാലിക്കേണ്ട രീതി അറിയാം

swiss-chard445

ബീറ്റ്റൂട്ട് കുടുംബത്തിൽപ്പെട്ട സ്വിസ് ചാർഡിന്റെ ഇലകളും തണ്ടുകളുമാണു ഭക്ഷ്യയോഗ്യം. വെള്ള, മഞ്ഞ, ഓറഞ്ച്, ചുവപ്പ് നിറങ്ങളിൽ തണ്ടുള്ള ഇനങ്ങളുണ്ട്.

∙ പ്രകാശം ലഭിക്കുന്ന തുറസ്സായ സ്ഥലമാണ് അനുയോജ്യം. ഭാഗിക തണലിലും വളരും. ജൈവാംശമുള്ളതും നീർവാർച്ചയും ഈർപ്പവുമുള്ള മണ്ണാണ് ഉത്തമം. നിലം കിളച്ച്  ഇലപ്പൊടി കംപോസ്റ്റ്, ചാണകപ്പൊടി, മണ്ണിര കംപോസ്റ്റ് ഇവ ചേർത്തു യോജിപ്പിക്കണം. നനച്ച ശേഷം ഒരു ലീറ്റർ വെള്ളത്തിൽ 20 ഗ്രാം സ്യൂഡോമോണാസ് ചേർത്ത് തളിക്കുക. വിത്തുകൾ 10 സെന്റിമീറ്റർ അകലത്തിൽ പാകാം.

∙ 12 ദിവസത്തിനു ശേഷം ആരോഗ്യമുള്ള ചെടികൾ തമ്മിൽ 30 സെന്റിമീറ്റർ അകലത്തിലും വരികൾ തമ്മിൽ 40 സെന്റിമീറ്റർ അകലത്തിലും നടുക. ഒന്നര മാസമാകുമ്പോൾ താഴെയുള്ള ഇലകൾ വിളവെടുക്കുക. 10 ദിവസം കൂടുമ്പോൾ  വിളവെടുക്കാം. തുടർന്നു നേർപ്പിച്ച ഗോമൂത്രമോ ചാണക സ്ലറിയോ തളിക്കുക.

∙ ഇളം ഇലകൾ സാലഡ്, സ്മൂത്തി ഇവയിലും മറ്റ് ഇലകൾ സൂപ്പ്, ചപ്പാത്തി, ദോശ എന്നിവയിലും ചേർക്കാം. ഓക്സലേറ്റ്, വൈറ്റമിൻ കെ സമൃദ്ധമായതിനാൽ വൃക്കരോഗമുള്ളവരും രക്തം കട്ട പിടിക്കാതിരിക്കാൻ മരുന്ന് കഴിക്കുന്നവരും ഇത് ഒഴിവാക്കണം.

∙ രോഗബാധയുള്ള ഇലകളും തണ്ടുകളും നശിപ്പിക്കുക. രണ്ടാഴ്ചയിലൊരിക്കൽ ഒരു ലീറ്റർ വെള്ളത്തിൽ 20 ഗ്രാം സ്യൂഡോമോണാസ് ചേർത്തു തളിക്കുക. ഒരു ലീറ്റർ വെള്ളത്തിൽ 20 ഗ്രാം ബ്യൂേവറിയ ചേർത്തു തളിച്ചാൽ കീടശല്യം കുറയും.

കടപ്പാട്: റോസ്മേരി ജോയ്സ്, മുൻ ഡെപ്യൂട്ടി ഡയറക്ടർ, കൃഷി വകുപ്പ്, എറണാകുളം

Tags:
  • Vanitha Veedu