Friday 29 September 2023 02:37 PM IST

‘ശമ്പളം മുഴുവൻ ലോണടച്ചു തീർത്തു കളയാൻ മനസ്സില്ലായിരുന്നു’; അങ്ങനെ വീട് ചെറുതായി, ജീവിതം കുറച്ചുകൂടി സുന്ദരവും ചിട്ടയുള്ളതും..

Delna Sathyaretna

Sub Editor

thara-nandikkarahome

ലോകം ചുറ്റിക്കാണുന്നതിൽ ആവേശം കണ്ടെത്തുന്ന രണ്ടുപേർ, അതാണ് ഗൗതം രാജനും താര നന്ദിക്കരയും. 2015 മുതൽ രണ്ടാളുടെയും യാത്രകളും ജീവിതവും ഒന്നിച്ച്. ബെംഗളൂരു ടിവിഎസ്സിൽ ഉദ്യോഗസ്ഥനാണു ഗൗതം. താര ഫ്രീലാൻസ് എഴുത്തുകാരിയും. വാടകഫ്ലാറ്റിലെ ജീവിതത്തിനിടയിൽ 35 ലക്ഷത്തിന്റെ സ്റ്റുഡിയോ അപാർട്മെന്റ് വാങ്ങി സ്വപ്നവീട് ഒരുക്കിയതിനെക്കുറിച്ചു താരയും ഗൗതമും പറയുന്നു.

‘‘ഇഷ്ടങ്ങൾക്കനുസരിച്ചു മോഡിഫൈ ചെയ്യാനും ഡിസൈൻ ചെയ്യാനുമുള്ള സ്വാതന്ത്ര്യത്തിനു വേണ്ടിയാണു സ്വന്തമായൊരു വീടു വേണം എന്നു തോന്നിത്തുടങ്ങിയത്. ശമ്പളം മുഴുവൻ ലോണടച്ചു തീർത്തു കളയാൻ മനസ്സില്ലായിരുന്നു. അങ്ങനെയാണു ചെലവു കുറഞ്ഞ കോംപാക്ട് വീടിനെക്കുറിച്ചു ചിന്തിച്ചത്. 

താമസിച്ചു കൊണ്ടിരുന്ന വീടിനേക്കാൾ പകുതിയിൽ താഴെ വലുപ്പമുള്ള വീട്ടിലേക്കു മാറുന്നതിനെക്കുറിച്ച് ആശങ്കയുണ്ടായിരുന്നു. പക്ഷേ, ഈ വീട്ടിൽ വന്ന ശേഷം ജീവിതം കുറച്ചു കൂടി സുന്ദരവും ചിട്ടയുള്ളതുമായി.

കണ്ണെത്താത്ത എന്നാൽ കയ്യെത്തുന്ന ദൂരത്തിൽ എന്നതാണു ഞങ്ങളുടെ സ്റ്റോറേജ് പോളിസി. അപാർട്മെന്റ് വാങ്ങിയപ്പോൾ തന്നെ കട്ടിലും പുൾ ഔട്ട് ഡൈനിങ് ടേബിളും ഉണ്ടായിരുന്നു. ബെഡ് പൊക്കിയാൽ അടിയിൽ സ്റ്റോറേജ് സൗകര്യങ്ങളുള്ള കട്ടിലാണ്. ഫ്ലോർ തൊടുന്ന ഡിസൈനായതുകൊണ്ടു കട്ടിലിന്റെ അടിയിൽ പൊടിയും മാറാലയും അടിഞ്ഞുകൂടുന്ന ശല്യമില്ല.

DSCF4203

മിനിമലിസം പണ്ടേ ശീലം

മിനിമലായി ജീവിക്കാൻ ഇഷ്ടപ്പെടുന്നയാളാണ് ഗൗതം. ഉടുപ്പുകളോ ഷൂസുകളോ അധികം സാധനങ്ങളോ ഒന്നുമുണ്ടാകില്ല. താര ഇക്കാര്യത്തിൽ നേരേ തിരിച്ചും. കുറേയധികം സാധനങ്ങൾ വാങ്ങിക്കൂട്ടുന്ന ശീലക്കാരി. പുതിയ വീട്ടിലേക്കു മാറാനുള്ള ഡീ ക്ലട്ടറിങ് സമയത്ത് ആറു മാസത്തിലേറെയായി ഉപയോഗിക്കാതിരുന്ന സാധനങ്ങൾ താര ഉപേക്ഷിച്ചു. ‌

പുതിയ വീട്ടിലെ ഡൈനിങ് ടേബിൾ ചുവരിൽ ഹിഡൻ ആണ്. സോഫയ്ക്കടുത്തുള്ള ചുവരു കണ്ടാൽ ആരും പറയില്ല അവിടെ ഒരു പുൾ ഔട്ട് ഡൈനിങ് ടേബിളുണ്ടെന്ന്. ഡൈനിങ് ടേബിൾ ആവശ്യമുള്ളപ്പോൾ വലിച്ചു നിവർത്താം. പഴയ ടോപ് ലോഡ് വാഷിങ് മെഷീൻ ഉപേക്ഷിച്ച് ഫ്രണ്ട് ലോഡ് ആക്കി. ലോൺട്രി ബാസ്കറ്റ് വയ്ക്കാൻ സ്ഥലം വേറെ നോക്കേണ്ട. മെഷീന്റെ മുകളിൽത്തന്നെ. 

അടുക്കളയിൽ സ്ഥിരം ഉപയോഗമുള്ള സാധനങ്ങൾ പുൾ ഔട്ട് ട്രോളിയിലാക്കി ഫ്രിജിനും കൗണ്ടർ ടോപ്പിനും ഇടയിലുള്ള സ്ഥലത്തു വച്ചു. അങ്ങനെയൊരു സ്റ്റോറേജ് അവിടെയുണ്ടെന്ന് ആർക്കും മനസ്സിലാകില്ല. ആവശ്യമുള്ളപ്പോൾ പുറത്തേക്കു ട്രോളി വലിച്ചാൽ മതി. 

DSCF4149

താരയുടെ വർക്ക് ഡെസ്ക് ഭിത്തിയോടു ചേർന്നാണ്. അതു താഴേക്കു വലിച്ചാൽ കട്ടിലാകും. ബെഡ്റൂമിലെ സ്റ്റോറേജ് ബെഡും സോഫ കം ബെഡും വർക്ക് ഡെസ്ക് ബെഡും ചേർന്നു മൂന്നു കിടക്ക സംവിധാനങ്ങളുള്ളതുകൊണ്ട് അതിഥികൾ വന്നാലും ടെൻഷനില്ല. പല ഉപയോഗങ്ങളുള്ള ഫർണിച്ചറും ചുവരുകളും വന്നതോടെ മൂന്നു ലക്ഷത്തിനുള്ളിൽ ചെലവിട്ടു മോടിയാക്കിയ 470 സ്ക്വയർ ഫീറ്റ് അടിപൊളിയായി. 

വിവരങ്ങൾക്കു കടപ്പാട് : സോണിയ ലിജേഷ്

ക്രിയേറ്റീവ് ഇന്റീരിയോ

കൊടകര

Tags:
  • Vanitha Veedu