Wednesday 11 March 2020 02:49 PM IST : By സ്വന്തം ലേഖകൻ

അങ്ങനെ ഞാനുമൊരു ചെറിയ ‘കിളിനോട്ടക്കാരി’യായി; പക്ഷികളും കാടും നിറയുന്ന ടീച്ചറുടെ ‘ജംഗിൾബുക്ക്’ സ്റ്റോറി!

hyjukil689 Photo : C. R. Pushpa, പത്തനംതിട്ട സ്വദേശിയായ ഈ കാനന സഞ്ചാരി ഫൊട്ടോഗ്രഫി അധ്യാപിക കൂടിയാണ്..

അമ്മക്കിളിയെ കാണാതെ കൂട്ടിൽ ചുണ്ടു പിളർത്തി വിശന്നു കരയുന്ന പക്ഷിക്കുഞ്ഞുങ്ങളെ കാണണം. പെൺകിളി അടയിരിക്കുമ്പോൾ ശ്രദ്ധയോടെ കാവൽ നിൽക്കുന്ന വേഴാമ്പലിനോടു മിണ്ടണം. കാക്കയറിയാതെ കൂട്ടിൽ മുട്ടയിട്ട് പറന്നുപോകുന്ന കുയിലിനോടു പിണങ്ങണം...

പക്ഷികളുടെ ലോകത്തേക്കു പറന്നുയരാൻ കൊതിക്കുന്ന ഒരു പെൺയാത്രയുടെ അടയാളപ്പെടുത്തലാണ് ഇതെല്ലാം. വർണച്ചിറകിലൊളിപ്പിക്കുന്ന സൗന്ദര്യത്തെ ചിത്രങ്ങളാക്കി സൂക്ഷിക്കാൻ കാടുകൾ തോറും യാത്ര ചെയ്യുന്ന ഒരു അധ്യാപിക, പക്ഷികളുടെ കൂട്ടുകാരി സി.ആർ. പുഷ്പ. കൗതുകം നിറഞ്ഞ കണ്ണുകളോടെ തനിക്ക് സന്തോഷം തരുന്ന യാത്രകളുടെയും ആ യാത്രകളിൽ പകർത്തിയ ഓരോ ചിത്രങ്ങളുടെയും കഥ പറയുകയാണ്...

sarus-crane_uthar-pradesh

എന്നെ തേടി വന്ന കിളികൾ

മതിൽക്കെട്ടുകൾക്കപ്പുറത്ത് സ്വതന്ത്രമായി പാറിപ്പറക്കാൻ വിശാലമായ ആകാശമുണ്ടെന്ന് കാണിച്ചു തന്നത് എന്റെ ഫ്രെയിമുകളിലേക്കു പറന്നുവന്ന പക്ഷികളാണ്. ചിറകുവീശി കൊതിപ്പിക്കുന്ന പക്ഷിസുന്ദരികളെ നിരീക്ഷിക്കാൻ തുടങ്ങിയതിൽ പിന്നെ ഞാനുമൊരു െചറിയ ‘കിളി നോട്ടക്കാരി’യായി. പക്ഷികളോടുള്ള ഇഷ്ടം എപ്പോൾ തുടങ്ങിയെന്നതിനു കൃത്യമായൊരു ഉത്തരമില്ല. പക്ഷേ, ഇന്നത്തെ എന്റെ വലിയ സന്തോഷം അവരാണ്. പക്ഷികളെ തേടിയാണ് എന്റെ മിക്ക യാത്രകളും.

oriental-white-eye_ooty

കൊക്കുരുമ്മി പ്രണയം കൈമാറുന്ന ഇണക്കിളികളിലൊന്നിനെ അമ്പെയ്തു വീഴ്ത്തിയ കാട്ടാളന്റെ പിൻമുറക്കാരായതുകൊണ്ടാവണം പക്ഷികൾക്ക് മനുഷ്യരെ ഇത്രയും പേടി. സമയമെടുത്തുള്ള നിരീക്ഷണങ്ങളിലൂടെ മാത്രമേ പറവകളുടെ ലോകത്തേക്കു പ്രവേശിക്കാൻ കഴിയൂ. അതിന്റെ അടിസ്ഥാന യോഗ്യത എന്താണെന്നു ചോദിച്ചാൽ ഞാൻ പറയും ‘ക്ഷമ’. പക്ഷികളെ ക്യാമറക്കണ്ണിലൂടെ നോക്കിക്കാണാൻ ഒരു പ്രത്യേക ചേലാണ്. അതിങ്ങനെ കണ്ണു ചിമ്മുന്നതും തൂവൽ ചീകിയൊതുക്കുന്നതും ആസ്വദിച്ചു നിന്നു പോകും. കുരുവി പോലുള്ള ചെറിയകിളികളോട് ഇത്തിരി ഇഷ്ടക്കൂടുതലുണ്ട്. ശത്രുക്കൾ ഒരുപാടുള്ളതുകൊണ്ടു തന്നെ കിളികൾ എപ്പോഴും ജാഗരൂകരായിരിക്കും. ഉണർന്നിരുന്ന് പരിസരം നിരീക്ഷിക്കും. അതുനോക്കിയിരിക്കുമ്പോൾ അറിയാതൊരുണർവ് നമ്മിലേക്കും പടരും. എല്ലാ യാത്രകളിലും വിചാരിക്കുന്ന പക്ഷികളെ കാണാനോ കണ്ടാൽ തന്നെ പടമെടുക്കാനോ കഴിഞ്ഞെന്നു വരില്ല. കാണാനാഗ്രഹിക്കുന്ന പക്ഷികളെ കാണുക എന്നതു തന്നെ ഒരു ഭാഗ്യമാണ്. ആ കാഴ്ച ക്യാമറയില്‍ പകർത്താൻ കഴി‍ഞ്ഞാൽ മഹാഭാഗ്യമെന്നു വേണം കരുതാൻ. എന്റെ കടുത്ത പ്രണയം യാത്രയോടാണ്. ക്യാമറയ്ക്കു രണ്ടാം സ്ഥാനമേയുള്ളൂ. യാത്രയിൽ പക്ഷികളെ കാണാനും പടമെടുക്കാനും കഴിഞ്ഞില്ലെങ്കിലും നഷ്ടബോധം തോന്നാറില്ല. കാരണം യാത്ര എപ്പോഴും നല്ല അനുഭവങ്ങളായി മനസ്സിലുണ്ടാകും എന്നതു തന്നെ...

കിളിയെ തേടി നടന്നു, കിട്ടിയത് പുലി

DSC_5514

കഴിഞ്ഞ അവധിക്കാലത്താണ് മധ്യപ്രദേശിലെ സത്പുര വന്യജീവിസങ്കേതത്തിലേക്കു പോകാൻ ഒരു അവസരം കിട്ടുന്നത്. ഈ യാത്രയിൽ വ്യത്യസ്തമായൊരു ഫ്രെയിം കിട്ടാൻ സാധ്യതയുണ്ടെന്ന് മനസ്സു പറഞ്ഞുകൊണ്ടേയിരുന്നു. അവിടെ ജോലി ചെയ്യുന്ന സുഹൃത്ത് ഡേവിഡ് വന്യജീവിസങ്കേതത്തിലെ മൃഗങ്ങളെ കുറിച്ച് സഫാരി വാനിലിരുന്ന് വാതോരാതെ സംസാരിക്കുന്നുണ്ടായിരുന്നു. ആ സംസാരമായിരിക്കണം ഒരു വന്യജീവിയുടെ പടം കിട്ടിയെങ്കിൽ എന്ന ആഗ്രഹം മനസ്സിൽ തോന്നാൻ കാരണം.  

നേരം വെളുത്തതേയുള്ളൂ, അധികം കാത്തിരിക്കാതെ സഫാരി വാനിനു തൊട്ടടുത്തേക്ക് രണ്ട് കരടികൾ നടന്നു വന്നു. ആദ്യമായി, ഇത്ര തൊട്ടടുത്ത് കരടികളെ കണ്ടപ്പോൾ ക്യാമറ ക്ലിക്ക് ചെയ്യാൻ കൈ വിറച്ചു...

malabar-grey-hornbill_kannur

കരടിയുടെ ഫോട്ടോ കിട്ടിയപ്പോൾ എന്തെന്നില്ലാത്ത സന്തോഷം തോന്നി. വരൾച്ചയായതിനാൽ വെള്ളം കുടിക്കാൻ വന്യജീവികൾ സ്ഥിരമായി വരാറുള്ള കുളത്തെ കുറിച്ച് അപ്പോഴാണ് ഡേവിഡ് സൂചിപ്പിക്കുന്നത്. കുറച്ചു നേരം ക്ഷമയോടെ കാത്തിരുന്നാൽ ചിലപ്പോൾപുള്ളിപ്പുലിയുടെ ഫോട്ടോ കിട്ടാനുള്ള സാധ്യതയെ കുറിച്ചും ഡേവിഡ് സൂചിപ്പിച്ചു. അങ്ങനെ പുള്ളിപ്പുലി വരുന്നതും നോക്കി നീണ്ട കാത്തിരിപ്പ്...ഇരുട്ട് വീണു തുടങ്ങി. എന്നിട്ടും ഒരു രക്ഷയുമില്ല. അവസാനം തിരിച്ചുപോകാം എന്ന തീരുമാനത്തിൽ നിൽക്കുമ്പോഴാണ് ദൂരെ നിന്നും ഒരു ഇലയനക്കം. ദേ...പുള്ളിപ്പുലി, ഡേവിഡ് പതിഞ്ഞ സ്വരത്തിൽ പറഞ്ഞു. ഇരുട്ട് വീണ് തുടങ്ങിയിരുന്നു. വണ്ടിയുടെ ഹെഡ് ലൈറ്റിന്റെ പ്രകാശത്തിൽ ഞാൻ പുള്ളിപ്പുലിയുടെ പടമെടുത്തു. അങ്ങനെ കിളികൾ മാത്രം പറന്നു വരാറുള്ള എന്റെ ഫ്രെയിമിലേക്ക് രണ്ട് പുതിയ അതിഥികൾ വന്നെത്തി.

purple-sunbird2

പരീക്ഷണമാണ് ഓരോ ചിത്രവും...

കുട്ടിക്കാലം തൊട്ടേ യാത്രയോടായിരുന്നു ഇഷ്ടം. പക്ഷേ, പല കാരണങ്ങൾ കൊണ്ടും അന്നൊന്നും അതിനു കഴിഞ്ഞില്ല. പത്തനംതിട്ടയാണ് സ്വദേശം. പഠിച്ചിരുന്ന കാലത്ത് എല്ലാ പെൺകുട്ടികളെയും പോലെ വീട്ടിലും കോളജിലും മാത്രമായി ഒതുങ്ങിയ ഒരു പുസ്തകപ്പുഴു. പഠനം കഴിഞ്ഞ ശേഷം മൂന്നുവർഷക്കാലം ജയിൽ വാർഡനായി ജോലി നോക്കി. വീട്ടുമുറ്റത്ത് വിരുന്നെത്തുന്ന കിളികളെയും ചെറിയ ചെറിയ ജീവികളെയും മൊബൈൽ ക്യാമറയിൽ പകർത്തിയായിരുന്നു ഫൊട്ടോഗ്രഫിയിലേക്കുള്ള കാൽവയ്പ്പ്. ടീച്ചറായി ജോലികിട്ടിയത് തിരുവനന്തപുരത്ത്. പിന്നീട് മലപ്പുറത്തേക്ക് സ്ഥലമാറ്റം കിട്ടിയതിനു ശേഷമാണ് കാര്യമായി ഫൊട്ടോഗ്രഫിയിലേക്ക് തിരിയുന്നത്. കാനോൺ പവർഷോട്ട് sx 50 ക്യാമറ വാങ്ങി അതിലായിരുന്നു ഫൊട്ടോഗ്രഫിയിലെ പരീക്ഷണങ്ങളുടെ ആരംഭം. കണ്ണിൽ കാണുന്ന ജീവികളുടെ മുഴുവൻ പടവുമെടുത്ത് നടക്കും. എടുത്ത ചിത്രങ്ങളിൽ എനിക്കിഷ്ടപ്പെടുന്നവ ഫെയ്സ്ബുക്കിൽ പോസ്റ്റ് ചെയ്യും.

ഫൊട്ടോഗ്രഫിയെ കുറിച്ച് എന്തറിയാം എന്നു ചോദിച്ചാൽ ഇത്ര വർഷങ്ങൾക്കിപ്പുറം നിന്നും ഞാൻ പറയും. എനിെക്കാന്നും അറിയില്ല. എന്റെ ചിത്രങ്ങളൊക്കെ എന്റെ പരീക്ഷണങ്ങളാണ്. ഓരോ തവണയും പുതിയ തെറ്റുകൾ ചൂണ്ടിക്കാണിച്ചു തരുന്ന പാഠങ്ങള്‍. ഫെയ്സ്ബുക്കിലെ ഫോട്ടോകൾക്കു കിട്ടിയ അഭിനന്ദനങ്ങൾ ശരിക്കും പറഞ്ഞാൽ ഫൊട്ടോഗ്രഫിയിലേക്കു പൂർണമായും തിരിയാൻ ആവേശമുണർത്തി. ആ ആവേശമാണ് Nikon 7200 വാങ്ങാൻ പ്രേരണയായത്. ഇപ്പോൾ അതിൽ പരീക്ഷണങ്ങൾ നടത്തി വരുന്നു. ആദ്യമായി ഞാനെടുത്ത ചിത്രം ഒരു പെൺകുയിലിന്റേതാണ്. ഫൊട്ടോഗ്രഫിയെ കുറിച്ച് ഒന്നുമറിയാത്ത കാലത്ത് തിരുവനന്തപുരം മൃഗശാലയുടെ മുറ്റത്ത് നിന്നാണ് ആ ചിത്രം പകർത്തിയത്. അതിനു ശേഷം ഒരുപാടു േഫാട്ടോകൾ എടുത്തെങ്കിലും ഇന്നും ഞാൻ ഏറെ ഇഷ്ടപ്പെടുന്ന ചിത്രങ്ങളിലൊന്നാണത്. ഓരോ ചിത്രങ്ങളും ഒരു അടയാളപ്പെടുത്തലാണ്. പലപ്പോഴും ഒരൊറ്റ ചിത്രം മതിയാകും ഒരു യാത്ര മുഴുവനായി ഓർത്തെടുക്കാൻ.

tickells-blue-flycatcher-

കിളിമൊഴികൾക്ക് കാതോർത്ത്

പക്ഷികളുടെ ലോകം വളരെ രസകരവും അത്ഭുതകരവുമാണ്. ഒന്നു ശ്രദ്ധിച്ചാൽ മനസ്സിലാകും നമ്മുടെ ചുറ്റിലുമുള്ള കിളിക്കൂട്ടുകാരുടെ തിരക്ക്. അവ എപ്പോഴും എന്തെങ്കിലും ജോലിയിൽ ഏർപ്പെട്ടിരിക്കും. കൂടുണ്ടാക്കുന്നതും ഇണ ചേരുന്നതും, കുട്ടികളെ വളർത്തുന്നതും എല്ലാം കൗതുകകരമായ കാഴ്ചകളാണ്. എന്തിനധികം അവ പരസ്പരം വിനിമയം ചെയ്യുന്ന ഭാഷ പോലുമുണ്ട്. കിളികളെ ഇഷ്ടപ്പെട്ടു തുടങ്ങിയാൽ ഈ കാഴ്ചകളൊക്കെ നമുക്കു പരിചിതമായി തുടങ്ങും.

പക്ഷികളെ തേടിയുള്ള എന്റെ യാത്രകൾ കൂടുതലും കേരളത്തിനുള്ളിൽ തന്നെ. ജോലിത്തിരക്കിനിടയിൽ വീണുകിട്ടുന്ന ഒന്നോ രണ്ടോ അവധി ദിവസങ്ങളിൽ പോയിവരാവുന്ന സ്ഥലങ്ങളാണ് യാത്രയ്ക്കായി തിരഞ്ഞെടുക്കുന്നത്. മൂന്നാറാണ് ഇഷ്ടപ്പെട്ട സ്ഥലം. സുഹൃത്തായ ബിനു ആനമങ്ങാടാണ് എന്റെ യാത്രകളിലെ കൂട്ട്. സ്ത്രീ യാത്രക്കാരെ തെല്ലൊരു അത്ഭുതത്തോടെയാണ് ഇന്നും നമ്മുടെ സമൂഹം കാണുന്നത്. മോശമായ അനുഭവങ്ങൾ ഇതുവരെ നേരിടേണ്ടി വന്നിട്ടില്ല. ഒറ്റയ്ക്കുള്ള യാത്രകൾ ഒരുപാട് ആസ്വദിക്കാറുണ്ട്. എന്നാൽ, യാത്രയിലായാലും ജീവിതത്തിലായാലും സാഹസികതകൾക്കു മുതിരാറില്ല.

IMG_3340-Recovered-copy

സ്ത്രീകൾക്കു ചെയ്യാൻ പറ്റില്ലെന്നു പറയുന്ന കാര്യങ്ങൾ, ഇടങ്ങൾ ഒക്കെ എന്നെ മോഹിപ്പിക്കാറുണ്ട്. എങ്കിലും എനിക്കു ചെയ്യാൻ കഴിയുമെന്ന് നൂറുശതമാനം ഉറപ്പില്ലാത്ത കാര്യങ്ങൾ ചെയ്യാൻ ശ്രമിക്കാറുമില്ല. ജീവിതത്തിൽ ഞാെനാറ്റയ്ക്കാണെന്ന ബോധം എപ്പോഴും പിന്തുടരുന്നതാകാം കാരണം. കാട്ടിലേക്കുള്ള യാത്രകൾ മിക്കവാറും ഏതെങ്കിലും ടീമിനൊപ്പമാണ്. പോകും മുമ്പേ മനസ്സിലൊരു ചിത്രം കാണും. അതു ഫ്രെയിമിൽ കൊണ്ടുവരാൻ ശ്രമിക്കും. ഒരാൾക്കു കിട്ടിയ ഫ്രെയിം അതുപോലെ മറ്റൊരാൾക്ക് കിട്ടില്ലല്ലോ? ഓരോ ഫ്രെയിമും ഓരോരുത്തർക്കും വിധിച്ചതാണെന്ന് പലപ്പോഴും എനിക്കു തോന്നിയിട്ടുണ്ട്. ഫോട്ടോ എടുക്കാൻ പോകുമ്പോൾ ശ്രദ്ധിക്കേണ്ടതായ കാര്യങ്ങളെല്ലാം തന്നെ  അനുഭവങ്ങളിൽ നിന്നുമാണ് പഠിച്ചെടുത്തത്. വളരെയധികം ക്ഷമയോടും ശ്രദ്ധയോടും കൂടിയാവണം കിളികളോടുള്ള ഒരു ഫൊട്ടോഗ്രഫറുടെ സമീപനവും ചലനങ്ങളും.

ഫൊട്ടോഗ്രഫി വലിയൊരു അധ്യായമാണ്. എത്രയൊക്കെ പഠിച്ചെടുത്താലും തീരാത്തത്ര അറിവുകൾ അതൊളിപ്പിച്ചു വയ്ക്കുന്നുണ്ട്. ഓരോ യാത്രയും കഴിഞ്ഞ് വീട്ടിൽ തിരിച്ചെത്തി എടുത്ത ചിത്രങ്ങൾ നോക്കുമ്പോൾ ഞാനാഗ്രഹിക്കാറുണ്ട്, ഫൊട്ടോഗ്രഫിയെ കുറിച്ച് കൂടുതൽ കാര്യങ്ങൾ പഠിച്ചെടുത്ത് ഒരു ഫോട്ടോ എടുക്കാൻ കഴിഞ്ഞെങ്കിലെന്ന്...

DSC_9144

(2016 ഓഗസ്റ്റിൽ മനോരമ ട്രാവലറിൽ പ്രസിദ്ധീകരിച്ചത്)  

Tags:
  • Manorama Traveller
  • Wild Destination