Wednesday 13 December 2023 09:28 AM IST

ലോട്ടറി വില്‍പ്പനക്കാരന്റെ മകള്‍ക്ക് സൈക്ലിങ് ചെയ്തൂടെ? ഒന്നുമില്ലായ്മയില്‍ നിന്ന് സ്വര്‍ണ്ണം വാരിക്കൂട്ടിയ സഞ്ജന വി എസ്! അഭിമാനതാരം

Priyadharsini Priya

Senior Content Editor, Vanitha Online

sanjana-cycle1

കൈനിറയെ പണമുള്ളവര്‍ക്ക് സ്പോര്‍ട്സ് എളുപ്പമാണ്, പക്ഷേ, ഒന്നുമില്ലാത്തവനെ സംബന്ധിച്ചിടത്തോളം അതൊരു കഠിന പാതയാണ്. എത്ര കഴിവുണ്ടായാലും, മികച്ച അവസരങ്ങള്‍ മുന്നില്‍ വന്നാലും സ്പോണ്‍സര്‍മാര്‍ക്ക് വേണ്ടി കാത്തുനില്‍ക്കേണ്ടി വരുന്ന ദുരവസ്ഥ. ഇവര്‍ക്ക് ആത്മവിശ്വാസം മാത്രമാണ് കൈമുതല്‍, പ്രതിസന്ധികളെ ചവിട്ടുപടിയാക്കി മുന്നോട്ടു കുതിക്കാനുള്ള ഊര്‍ജം ലഭിക്കുന്നത് സ്പോര്‍ട്സിനോടുള്ള അടങ്ങാത്ത അഭിനിവേശം ഒന്നുകൊണ്ടു മാത്രമാണ്. 

വിനോദത്തെ ജീവശ്വാസമായി കരുതിയ ഒരു പെണ്‍കുട്ടി, ഒന്നുമില്ലായ്മയില്‍ നിന്ന് സ്വര്‍ണ്ണം വാരിക്കൂട്ടി നാടിനും വീടിനും അഭിമാനമായി മാറിയിരിക്കുകയാണ്. കൊച്ചി സ്വദേശിയായ സഞ്ജന വി എസ് എന്ന പതിനാറുകാരിയാണ് ദേശീയതലത്തില്‍ നടന്ന മത്സരത്തില്‍ സൈക്ലിങ്ങില്‍ രണ്ടു സ്വര്‍ണ്ണവും വെള്ളിയും മെഡല്‍ നേടി കേരളത്തിന്റെ താരമായി മാറിയത്.

തെരുവോരത്ത് ലോട്ടറി വില്‍പ്പന നടത്തുന്ന ഒരച്ഛന്റെ മകള്‍ക്ക് ഒട്ടേറെ പരിമിതികളുണ്ട്. സ്വന്തമായി സൈക്കിളില്ല, മത്സരത്തിനു കൊണ്ടുപോകാന്‍ മതിയായ സ്പോണ്‍സര്‍മാരില്ല, കേരളത്തില്‍ പ്രാക്റ്റീസ് ചെയ്യാന്‍ ട്രാക്ക് പോലും കിട്ടാത്ത സാഹചര്യം.. പ്രിയപ്പെട്ട കോച്ച് അ‍ജയ് പീറ്റര്‍ എന്ന മനുഷ്യന്റെ പ്രയത്നം കൊണ്ടുമാത്രമാണ് ജാര്‍ക്കണ്ഡില്‍ നടന്ന നാഷണല്‍ ട്രാക്ക് സൈക്ലിങ്ങില്‍ ചാംപ്യന്‍ഷിപ് 2023 ല്‍ സഞ്ജനയ്ക്ക് പങ്കെടുക്കാന്‍ കഴിഞ്ഞത്. 

മകളുടെ നേട്ടത്തെ കുറിച്ച് സംസാരിക്കുമ്പോഴും മാതാപിതാക്കളുടെ കണ്ണു നിറയും. എത്ര നേരം വേണമെങ്കിലും അവള്‍ പ്രാക്റ്റീസ് ചെയ്യും, ഇഷ്ടമുള്ള കാര്യം ചെയ്യാന്‍ സഞ്ജനയ്ക്കു മടിയില്ല. സാമ്പത്തിക പ്രതിസന്ധിയൊന്നു മാത്രമാണ് മകളുടെ ലക്ഷ്യത്തിലേക്കുള്ള ഏക തടസം. സ്വപ്നം കാണാന്‍ പഠിപ്പിച്ച ദൈവത്തിന് അതു നടപ്പാക്കാനുള്ള പദ്ധതിയും ഉണ്ടാകുമെന്ന് അച്ഛന്‍ സുഭാഷ് പറയുന്നു. 

‘‘മോള്‍ക്ക് കുട്ടിക്കാലം തൊട്ടേ സ്പോര്‍ട്സിനോട് താല്‍പര്യമുണ്ട്. എറണാകുളം ജില്ലാ ഫുട്ബോള്‍ ടീമില്‍ കളിച്ചിരുന്നു. നാലു കൊല്ലമായി  സൈക്ലിങ്ങില്‍ പരിശീലനം കൊടുത്തു തുടങ്ങിയിട്ട്. ഇപ്പോള്‍ സൈക്ലിങ്ങിലാണ് കൂടുതലും ശ്രദ്ധ കേന്ദ്രീകരിക്കുന്നത്. രണ്ടു കൂടെ ഒരുമിച്ച് കൊണ്ടുപോകാന്‍ പറ്റാത്ത സാഹചര്യമായിരുന്നു. അതുകൊണ്ട് ഫുട്ബോള്‍ പരിശീലനം തല്‍ക്കാലത്തേക്ക് നിര്‍ത്തിവച്ചു. 

വീട്ടില്‍ ഗിയറുള്ള ഒരു സൈക്കിള്‍ ഉണ്ട്. മോള്‍ അത് ചവിട്ടുന്നത് കണ്ട എന്റെ കൂട്ടുകാരന്‍ അഫ്സലാണ് അവളുടെ കഴിവ് കണ്ടെത്തിയത്. അങ്ങനെ പരിശീലനം നല്‍കി തുടങ്ങി. ആദ്യത്തെ പ്രാവശ്യം നാഷണല്‍ മത്സരത്തിനു പോയപ്പോള്‍ മൂന്നാം സ്ഥാനം കിട്ടിയിരുന്നു. അന്ന് പരിചയക്കുറവ് കാരണം ട്രാക്കില്‍ വീണ് ചെറിയ പരുക്ക് ഒക്കെ പറ്റിയിരുന്നു. രണ്ടാമത്തെ പ്രാവശ്യം നന്നായി പെര്‍ഫോം ചെയ്തു. ഇതിപ്പോള്‍ മൂന്നാം തവണയാണ് നാഷണല്‍ മത്സരത്തില്‍ പങ്കെടുക്കുന്നത്. ഇത്തവണ രണ്ടു സ്വര്‍ണ്ണവും ഒരു വെള്ളിയും നേടി. 

sanjana-cycle3

നല്ല സ്നേഹവും ആത്മാര്‍ഥതയുമുള്ള മനുഷ്യനാണ് മോളുടെ കോച്ച് അ‍ജയ് പീറ്റര്‍. അദ്ദേഹം ഭാര്യയുടെ സ്വര്‍ണ്ണവും മറ്റും പണയപ്പെടുത്തി, സ്വന്തം കയ്യില്‍ നിന്ന് ലക്ഷങ്ങള്‍ മുടക്കിയാണ് കുട്ടികളെ മത്സരത്തിനു കൊണ്ടുപോയത്. മോള്‍ ടൈറ്റില്‍ വിജയിക്കണം എന്ന വാശി അദ്ദേഹത്തിനുണ്ടായിരുന്നു. പ്രൈവറ്റ് കോച്ച് ആയതു കൊണ്ട് അദ്ദേഹത്തെ അകത്തേക്ക് കടത്തിവിടാതെ സംഘാടകര്‍ ചില പ്രശ്നങ്ങള്‍ ഉണ്ടാക്കിയിരുന്നു. 

ഈ വിജയത്തിനു പിന്നില്‍ രണ്ടുപേരുടേയും കഠിനപ്രയത്നം തന്നെയാണ്. പുലര്‍ച്ചെ രണ്ടരയ്ക്ക് തുടങ്ങുന്ന പ്രാക്റ്റീസ് ആണ്, രാവിലെ ഏഴര, എട്ടു വരെ നീളും. 70, 80 കിലോമീറ്റര്‍ ദൂരം വരെ ഒരു ദിവസം സഞ്ചരിക്കും. അങ്കമാലി, ആലപ്പുഴ വരെയൊക്കെയാണ് ട്രെയ്നിങ്. തിരിച്ചെത്തിയാല്‍ ഫ്രഷ് ആയി സ്കൂളില്‍ പോകും. ബയോ മാത്സ് ഗ്രൂപ്പാണ്, തേവര സേക്രട്ട് ഹാര്‍ട്ട് ഹയര്‍ സെക്കന്ററി സ്കൂളിലാണ് പഠിക്കുന്നത്. വൈകുന്നേരം സ്കൂളില്‍ നിന്നെത്തിയാല്‍ ജിമ്മിനു പോകും. വിശ്രമം കുറവാണ്. 

ഒന്നര മാസം മുന്‍പ് തിരുവനന്തപുരത്ത് കെലോ ഇന്ത്യയുടെ മത്സരം ഉണ്ടായിരുന്നു. നാലു സ്വര്‍ണ്ണവും മൂന്നു വെള്ളിയും കേരളത്തിനു വേണ്ടി സഞ്ജന നേടിയിരുന്നു. ഒന്നാം സമ്മാനം പതിനായിരം രൂപയായിരുന്നു, അത് ഇതുവരെയും കിട്ടിയിട്ടില്ല. സത്യം പറഞ്ഞാല്‍ കേരളാ സര്‍ക്കാരില്‍ നിന്ന് ഒരു ആനുകൂല്യങ്ങളുമില്ല.

മോള്‍ക്ക് സ്വന്തമായിട്ട് സ്പോര്‍ട്സ് സൈക്കിളില്ല. ഏറ്റവും കുറഞ്ഞതിന് നാലര ലക്ഷം, അഞ്ചു ലക്ഷം രൂപ വേണം. നല്ല സൈക്കിളിന് ഏഴു ലക്ഷത്തോളം രൂപയാകും. സ്പോണ്‍സര്‍മാരുടെ ദയവിലാണ് ഓരോ മത്സരങ്ങള്‍ക്കും സൈക്കിളുമായി ഇറങ്ങുക. പ്രാക്റ്റീസ് ചെയ്യുന്നതെല്ലാം കോച്ചിന്റെ സ്വന്തം സൈക്കിളിലാണ്. നമുക്ക് വാങ്ങിച്ചു കൊടുക്കാനുള്ള സാമ്പത്തികസ്ഥിതിയില്ല. കേരളത്തിന്റെ സ്പോര്‍ട്സ് ഫെഡറേഷനില്‍ നിന്ന് ഒരു സഹായവും ലഭിച്ചിട്ടില്ല.

sanjana-cycle22

എനിക്ക് വഴിയോരത്ത് ലോട്ടറി വില്‍പ്പന നടത്തുന്ന ചെറിയൊരു തട്ടാണ്. അന്നന്ന് കിട്ടുന്നതു കൊണ്ട് വേണം വീട് കഴിഞ്ഞുപോകാന്‍. അതുകൊണ്ട് കച്ചവടം വിട്ട് മാറിനില്‍ക്കാന്‍ പറ്റില്ല. മൂത്തമകള്‍ സാനിയ എല്‍എല്‍ബിയ്ക്കുള്ള എന്‍ട്രന്‍സ് പരീക്ഷ കഴിഞ്ഞു നില്‍ക്കുകയാണ്. ഭാര്യ സബിതയാണ് മക്കളുടെ കാര്യങ്ങള്‍ നോക്കുന്നത്. മോളെ മത്സരങ്ങള്‍ക്കും പരിശീലനത്തിനുമൊക്കെ കൊണ്ടുപോകുന്നത് അവളാണ്.’’- സുഭാഷ് പറയുന്നു. 

മകളുടെ കാര്യങ്ങള്‍ക്കെല്ലാം ഓടി നടക്കുന്നത് സബിതയാണ്. സഞ്ജനയെ പുലരും മുന്‍പേ പ്രാക്റ്റീസിനു കൊണ്ടുപോകും, ദൂരസ്ഥലങ്ങളിലേക്ക് മത്സരങ്ങള്‍ക്കായി പോകുമ്പോഴും മകളുടെ കൈപിടിച്ച് സബിതയുണ്ടാകും. മകളുടെ കഷ്ടപ്പാടും കഠിനപ്രയത്നവും ഏറ്റവും അടുത്തറിയുന്നയാളും സബിത തന്നെ.   

‘‘ഇത്തവണ മോളെ ദേശീയതലത്തില്‍ മത്സരത്തിനു കൊണ്ടുപോകാന്‍ ഒരുപാട് ബുദ്ധിമുട്ടി. സ്പോണ്‍സര്‍മാര്‍ക്ക് വേണ്ടി നെട്ടോട്ടം ആയിരുന്നു. എംഎല്‍എ ടി ജെ വിനോദിന്റെ സഹായം വരെ തേടി. എംഎല്‍എ ടി ജെ വിനോദിന്റെ സഹായം വരെ തേടി. അദ്ദേഹത്തെ പോയി കണ്ടപ്പോള്‍ ഒരു സ്വകാര്യ ധനകാര്യസ്ഥാപനത്തിലേക്ക് കത്ത് തന്നുവിട്ടു. അവിടെ പോയി ആ കത്ത് കൊടുത്തെങ്കിലും, അവര്‍ പിന്നീട് വിളിക്കുകയോ, സഹായിക്കുകയോ ഒന്നും ചെയ്തില്ല. കോച്ച് തന്നെയാണ് എല്ലാ ചെലവും വഹിച്ചത്. കയ്യിലുള്ള സ്വര്‍ണ്ണവും പണവുമെല്ലാം കൂട്ടി ഏഴു ലക്ഷത്തോളം രൂപ കഷ്ടപ്പെട്ടാണ് അദ്ദേഹം ഉണ്ടാക്കിയത്. 

തിരുവനന്തപുരത്ത് പ്രാക്റ്റീസിനു ട്രാക്ക് കിട്ടാത്ത സാഹചര്യവും ഉണ്ടായിരുന്നു. ട്രാക്കിനുവേണ്ടി എറണാകുളത്തു നിന്നുള്ള കുട്ടികള്‍ കാത്തുനില്‍ക്കേണ്ടി വരുന്നത് സങ്കടകരമായിരുന്നു. ഒടുവില്‍ ആസമിലെ ട്രാക്കില്‍ കൊണ്ടുപോയാണ് കുട്ടികള്‍ക്ക് പരിശീലനം നല്‍കിയത്. കാരണം ജാര്‍ക്കണ്ഡില്‍ ആയിരുന്നു ദേശീയതല മത്സരം, നമുക്ക് മുന്നിലുള്ള സമയം കുറവായിരുന്നു. ഒരുപാട് ബുദ്ധിമുട്ടിയിട്ടാണ് കുട്ടികള്‍ മെഡലുകള്‍ വാരിക്കൂട്ടിയത്. ആറേഴു കുട്ടികളുണ്ട്, അവരുടെ ഭക്ഷണം, വണ്ടിക്കാശ്, താമസം എല്ലാം കോച്ച് തന്നെയാണ് വഹിച്ചത്. ഒരാളു പോലും സഹായിക്കാന്‍ ഉണ്ടായില്ല. എറണാകുളത്ത് സൈക്ലിങ് ട്രാക്ക് ഉണ്ടായിരുന്നെങ്കില്‍ ഇത്രയ്ക്ക് ചെലവ് വരില്ലായിരുന്നു. ആ സൗകര്യം ഇല്ലാത്തതു കൊണ്ടാണ് വല്ലയിടത്തും പോയി ഇരന്നു നില്‍ക്കേണ്ടി വരുന്നത്.

കടവന്ത്രയില്‍ വഴിയോരത്ത് ചായയും ലോട്ടറി ടിക്കറ്റും കച്ചവടമാണ്. കോര്‍പ്പറേഷന്‍കാര്‍ വന്ന് മാറ്റാന്‍ പറയുമ്പോള്‍ തട്ട് മാറ്റണം, അവര്‍ പോയി കഴിയുമ്പോള്‍ പിന്നേയും കൊണ്ടുവന്നു വയ്ക്കും. ഇങ്ങനെയൊക്കെയാണ് ഞങ്ങളുടെ ജീവിതം. മോള്‍ക്ക് സ്വന്തമായി ഒരു സൈക്കിള്‍ വേണം, അതുമാത്രമാണ് ഇപ്പോഴത്തെ ആഗ്രഹം.’’- സബിത പറയുന്നു. 

sanjana-cycllll777
Tags:
  • Spotlight
  • Motivational Story
  • Inspirational Story