Saturday 04 September 2021 02:47 PM IST : By സ്വന്തം ലേഖകൻ

‘കുറവുമല്ല, കൂടുതലുമല്ല.. എല്ലാം മതിയായ അളവിൽ മാത്രം’; ഉള്ളതുകൊണ്ട് ആനന്ദത്തോടെ കഴിയാൻ ലോഗം രീതി പിന്തുടരാം

shutterstock_1206967648

ലോകം ഇപ്പോൾ ലോഗത്തിന് പിന്നാലെയാണ്. സ്വീഡനിലെ വൈകിങ് സംസ്കാരം പിന്തുടരുന്ന ജനങ്ങളുടെ ജീവിതശൈലിയാണ് ലോഗം. കുറവുമല്ല, കൂടുതലുമല്ല.. മതിയായ അളവിൽ മാത്രം എന്നതാണ് ലോഗം (Lagom) എന്ന സ്വീഡിഷ് വാക്കിന്റെ അർഥം. ലോകത്തിലെ ഏറ്റവും സന്തോഷമുള്ള രാജ്യങ്ങളുടെ ലിസ്റ്റിൽ മുൻനിരയിലെത്താൻ സ്വീഡനെ ഈ ജീവിതശൈലി സഹായിച്ചെന്നാണ് കരുതപ്പെടുന്നത്. എപ്പോഴും ജീവിതത്തിൽ സന്തോഷം നിറയുന്നതിന് ലോഗം ജീവിതശൈലി പിന്തുടരാം.

ഉള്ളത് കൊണ്ട് ആനന്ദിക്കാം

സ്വീഡനിലെ ജനങ്ങൾ  ജോലി ചെയ്യുന്നതും വീട് അലങ്കരിക്കുന്നതും ഭക്ഷണം കഴിക്കുന്നതും പരിസ്ഥിതിയെ പരിപാലിക്കുന്നതുമെല്ലാം ലോഗം രീതിയിലാണ്.

ജീവിതവും ജോലിയുമായുള്ള ബാലൻസ് ക്രമീകരിക്കുക പ്രധാനമാണ്. പണത്തിനും പ്രശസ്തിക്കും വേണ്ടി ജീവിക്കുന്നതല്ല, ഉള്ളത് കൊണ്ട് ആനന്ദത്തോടെ കഴിയുകയാണ് ലോഗം രീതി. കരിയറിനൊപ്പം ജീവിതത്തിനും പ്രാധാന്യമേകണം. പ്രിയപ്പെട്ടവർക്കൊപ്പം സമയം ചെലവഴിക്കുകയും ഇഷ്ടമുള്ള കാര്യങ്ങൾക്ക് സമയം കണ്ടെത്തുകയും ചെയ്യണമെന്നത് ലോഗം രീതി നിർദേശിക്കുന്നു.

ലോഗം ശൈലിയുടെ ഏറ്റവും വലിയ പ്രത്യേകത മൈൻഡ്ഫുൾനെസ് അഥവാ മനോനിറവ് ആണ്. എന്ത് കാര്യവും മനസ്സ് അർപ്പിച്ചു ചെയ്യാൻ ഈ രീതി പിന്തുടരുന്നവർക്ക് കഴിയും. ഓരോ നിമിഷവും ആസ്വദിച്ചു വേണം ജീവിക്കേണ്ടത്. ഈ മനോഭാവം സമ്മർദം അകറ്റും.

∙ മിനിമലിസം വളരെ പ്രധാനമാണ്. അനാവശ്യമായി സാധനങ്ങൾ വാങ്ങിക്കൂട്ടുന്നത് ഒഴിവാക്കണം. പണം ലാഭിക്കുന്നതിനൊപ്പം കൂടുതൽ ബോധപൂർവം തിരഞ്ഞെടുക്കാനും മിനിമലിസം സഹായിക്കും. കൂടുതൽ അളവിൽ വാങ്ങിക്കൂട്ടുന്നതിനേക്കാൾ ഗുണമേന്മയുള്ളത് വാങ്ങാൻ ശ്രദ്ധിക്കണം. മനസ്സിന് ഇഷ്ടം തോന്നുന്നതും അണിയാൻ സുഖകരവുമായ വസ്ത്രങ്ങൾ മാത്രമുള്ള ക്യാപ്സൂൾ വാഡ്രോബ് (മിതമായ അളവിൽ വസ്ത്രങ്ങൾ ഉള്ള വാഡ്രോബ്) ഒരുക്കുക. എന്ത് വാങ്ങുന്നതിന് മുൻപും ഇത് വേണ്ടത് തന്നെയാണോ എന്ന് വിലയിരുത്തുക.

വസ്തുക്കൾ മാത്രമല്ല ഈ വിലയിരുത്തലിന്റെ പരിധിയിൽ വരേണ്ടത്. എന്ത് കാര്യം ചെയ്യുമ്പോഴും ലോഗം എന്ന മനോഭാവത്തോെട സമീപിക്കാം.

 ∙ മിതമായ അളവിൽ ജോലി ചെയ്താൽ മതി എന്നതല്ല ലോഗം മനോഭാവം. കൂടുതൽ ജോലി ചെയ്യേണ്ടി വരുന്ന സാഹചര്യങ്ങളിൽ ഇടയ്ക്കിടെ കുറച്ച് നേരം ഇടവേളയെടുക്കാം.  ആ സമയത്ത് ഉന്മേഷം നൽകുന്ന പാനീയം കുടിക്കാം. പാട്ട് കേൾക്കാം.  ഇങ്ങനെ ചെയ്യുമ്പോൾ  ജോലിയുടെ ബുദ്ധിമുട്ട് അറിയില്ല. രാവിലെയും വൈകുന്നേരവും ഉന്മേഷം പകരുന്ന പാനീയവുമായി അൽപനേരം ചെലവഴിക്കുന്നത് ലോഗം രീതിയിൽ പ്രധാനമാണ്.

∙ ലോഗം രീതിയിൽ ആരോഗ്യകരമായ ഭക്ഷണക്രമം പിന്തുടരേണ്ടതുണ്ട്. മിതമായ അളവിലേ ഭക്ഷണം കഴിക്കാവൂ. വളരെ കുറഞ്ഞ അളവിലോ കൂടുതൽ അളവിലോ ആവരുത് ഭക്ഷണം. ആരോഗ്യപ്രശ്നങ്ങളില്ലെങ്കിൽ ഇഷ്ടമുള്ളവ ഒഴിവാക്കണമെന്നില്ല. മധുരം കഴിക്കാൻ ഇഷ്ടമാണെങ്കിൽ വളരെ കുറഞ്ഞ അളവിൽ മധുരം കഴിക്കാം.  

∙ ഏത് കാര്യത്തിനും മുൻകൂട്ടിയുള്ള തയാറെടുപ്പിന് പ്രാധാന്യമേകണമെന്നാണ് ലോഗം രീതി പറയുന്നത്. ജോലിയിലായാലും ജീവിതത്തിലായാലും ശരിയായ തയാറെടുപ്പ് വിജയത്തിലേക്കുള്ള വഴി തെളിക്കും.

∙ മനസ്സിൽ ആർദ്രതയും ദയയും ഉള്ളവരാകുക. ഉള്ളിൽ തെളിയുന്ന സന്തോഷം ചുറ്റുമുള്ള ലോകമാകെ പകരുന്നത് കാണാം.