Tuesday 26 March 2024 03:20 PM IST

‘ആ ദുരന്തം ജീവിതം മാറ്റിമറിച്ചു, കാലുകളുടെ ചലനശേഷി നഷ്ടപ്പെട്ടു, ഒരു വർഷത്തോളം ആശുപത്രിയിൽ’: വിധിയോട് പോരാടി സിദ്ധാർഥ

Rakhy Raz

Sub Editor

sidhartha

ശാരീരിക വെല്ലുവിളികളെ മറികടന്നു ദേശീയ ഷൂട്ടിങ് ചാംപ്യൻഷിപ്പിൽ ജനറൽ കാറ്റഗറിയിൽ സ്വർണം നേടി സിദ്ധാർഥ

ദേശീയ ഷൂട്ടിങ് ചാംപ്യൻഷിപ് ഡൽഹിയിൽ നടക്കുന്നു. 50 മീറ്റർ റൈഫിൾ വിഭാഗത്തിൽ പങ്കെടുക്കാനെത്തിയിരിക്കുന്നത് ഒളിംപിക് താരം ചെയ്ൻ സിങ് മുതൽ ഷാർപ് ഷൂട്ടർമാരായ സേനാ ഉദ്യോഗസ്ഥർ വരെ. ഏതു ഷൂട്ടറും ഒന്നു കിടുങ്ങിപ്പോകുന്ന മത്സരാർഥികളുടെ ഇടയിലേക്കാണു സിദ്ധാർഥ ബാബു എന്ന ചെറുപ്പക്കാരൻ പുഞ്ചിരിയോടെ കടന്നു ചെന്നത്.

അവൻ ലക്ഷ്യ സ്ഥാനത്തേക്കു നിറയൊഴിച്ചു. 10.9 എന്ന അതിസുന്ദരമായ കൃത്യതയെ തിര ചുംബിക്കുന്നതു കണ്ട് ആരവവും കയ്യടിയും ഉയർന്നു. കേരളത്തിന്റെ ഷാർപ് ഷൂട്ടറും കേരളത്തിന്റെയും ദക്ഷിണേന്ത്യയുടെയും അഭിമാനവുമായ സിദ്ധാർഥ് ബാബു ദേശീയ തലത്തിലും താരത്തിളക്കമായി.

സിവിലിയൻ – ഓപ്പൺ വിഭാഗങ്ങളിൽ സ്വർണവും വെള്ളിയും നേടിയ സിദ്ധാർഥയുടെ മെഡലുകളുടെ തങ്കത്തിളക്കം തീയാകുന്നത് അദ്ദേഹം ശാരീരിക വെല്ലുവികളെ മറികടന്നാണ് ഈ നേട്ടം കരസ്ഥമാക്കിയത് എന്നറിയുമ്പോഴാണ്. ശാരീരിക വെല്ലുവിളികളുള്ളവരുടെ ഒളിംപിക്സ് ആയ പാരാലിംപിക്സിൽ ഒതുങ്ങാതെ ജനറൽ കാറ്റഗറിയിലെ സിദ്ധാർഥ മാറ്റുരയ്ക്കുന്നതു കാണാൻ വേണ്ടി മാത്രം ഇന്ത്യയുടെ മികച്ച ഷൂട്ടിങ് താരങ്ങൾ ഡൽഹിയിൽ കൂടിയിരുന്നു.

‘‘ഇന്ത്യയിലേറ്റവും മികച്ച പ്രോൺ ഷൂട്ടർ ആകുകയായിരുന്നു എന്റെ ലക്ഷ്യം. ശാരീരിക വെല്ലുവിളികളുള്ളവർ സമൂഹത്തിലേക്കു സ്വാഭാവികമായി ചേർക്കപ്പെടണം എന്നതാണെന്റെ ലക്ഷ്യം.’’ ചിരിയോടെ സിദ്ധാർഥ് പറയുന്നു.

ആ പുലരി ഇല്ലായിരുന്നെങ്കിൽ

അന്ന് സിദ്ധാർഥയ്ക്ക് ഇരുപത്തിരണ്ടു വയസ്സ്. പാരാമെഡിക്കൽ പഠനത്തിനൊപ്പം കരാട്ടെയിലും കിക്ക് ബോക്സിങ്ങിലും മുൻനിരയിലേക്കു കുതിച്ചുകൊണ്ടിരിക്കുന്ന ജീവിതം.

ഇഷ്ടമേഖല എൻജിനീയറിങ്ങാണ് എന്ന തിരിച്ചറിവിൽ പുതിയ പഠനം തുടങ്ങാനുള്ള തയാറെടുപ്പിലായിരുന്നു. ഉശിരൻ പ്രാക്റ്റീസും, തിരുവനന്തപുരം ജവഹർ ബാലഭവനിലെ കരാട്ടെ മാസ്റ്റർ ജോലിയും റീജനൽ കാൻസർ സെന്ററിലെ റേഡിയേഷൻ ഫിസിസിസ്റ്റിന്റെ കൂടെയുള്ള ജോലിയും നന്നായി ആസ്വദിക്കുന്നുണ്ടായിരുന്നു.

sidhartha-2

അതിരാവിലെ കരാട്ടേ ക്ലാസിലേക്കു പതിവു പോലെ പുറപ്പെട്ടതായിരുന്നു. വൺവേയിലൂടെ അതിവേഗത്തിൽ കടന്നു വന്ന കാർ സിദ്ധാർഥയെ തട്ടി വീഴ്ത്തി.

‘‘വീണതേ ഓർമയുള്ളൂ. ഇടയ്ക്ക് നേർത്ത ബോധം വ രുമ്പോൾ ഓട്ടോയിൽ ആരുടെയോ മടിയിൽ കിടക്കുകയായിരുന്നു. എന്റെ അച്ഛനെയും അമ്മയെയും പോലുള്ള രണ്ടുപേർ സഞ്ചരിച്ചിരുന്ന കാറാണ് ഇടിച്ചത്.

‘കാറിൽ തന്നെ ആശുപത്രിയിലെത്തിക്കാം എന്നു ഞ ങ്ങൾ കേണപേക്ഷിച്ചെങ്കിലും ഓടിക്കൂടിയ ആളുകൾ സ മ്മതിച്ചില്ല’ എന്നവർ പറഞ്ഞു. ഇടിയുടെ ആഘാതവും ഓട്ടോയിലാണ് ആശുപത്രിയിലേക്കു കൊണ്ടു വന്നത് എ ന്നതും വിനയായി. കാലുകളുടെ ചലനശേഷി നഷ്ടപ്പെട്ടു. ഒരു വർഷത്തോളം ആശുപത്രിയിൽ കിടന്നു.

എല്ലാം ശരിയാകും എന്ന് അച്ഛനും അമ്മയുമടക്കം പലരും പറയുന്നുണ്ടെങ്കിലും ഒന്നും പഴയതുപോലെയാകില്ലെന്ന് ഉറപ്പായിരുന്നു. കരാട്ടെയിൽ രാത്രി പകലാക്കി നേടിയെടുത്ത സ്പിന്നിങ് – ഫ്ലൈയിങ് കിക്കുകളും ഫ്രണ്ട്– സൈഡ് സ്പ്ലിറ്റ്സും പോലുള്ള കഴിവുകളെല്ലാം ഒറ്റ ദിവസം കൊണ്ടു മാഞ്ഞുപോകുന്നതു കൗമാരക്കാരനായ എനിക്കു നൽകിയ വേദന ആശ്വാസവാക്കുകൾകൊണ്ടു ശമിച്ചില്ല. ആ കിടപ്പിലാണ് മുറിയുടെ ജനാല വഴി ആ കാഴ്ച കണ്ടത്.

ആശുപത്രിക്കു തൊട്ടടുത്ത് വീടാണ്. അഞ്ചോ ആറോ വയസ്സുള്ള കൊച്ചു പെൺകുട്ടി എന്നും ടെറസിൽ കളിക്കാൻ വരുന്നത് ജനലിലൂടെ കാണാം. അവളെ ഞാൻ ദിനവും കാത്തിരിക്കാൻ തുടങ്ങി.

ജനാലയ്ക്കപ്പുറത്തെ പെൺകുട്ടി

അവൾ ഒറ്റയ്ക്കാണു കളിക്കുന്നത്. ഒറ്റയ്ക്ക് സന്തോഷിക്കുന്നു. അവളെങ്ങനെ സന്തോഷം കണ്ടെത്തുന്നു എന്നു ചിന്തിച്ചു. അവൾക്കുള്ള എന്തെങ്കിലുമൊന്ന് എനിക്കുണ്ടോ എന്നും.

‘ജീവൻ’ എന്നാണ് ഉത്തരം കിട്ടിയത്. എന്റെയും അവളുടെയും ഉള്ളിൽ ജീവനുണ്ട്. ഞങ്ങൾക്കുചുറ്റും ജീവിതവുമുണ്ട്. പറ്റുന്നതെല്ലാം ചെയ്യുക, സന്തോഷമായിരിക്കുക എന്ന ചിന്തയിലേക്ക് ആ കാഴ്ച എന്നെ എത്തിച്ചു. ലക്ഷ്യങ്ങൾ, ജീവിതം, കാഴ്ചപ്പാട് എന്നിവയിലെല്ലാം മാറ്റം വന്നു. സിദ്ധാർഥ എന്ന എന്റെ പേര് എനിക്കേറ്റവും ചേർച്ചയുള്ളതായി തോന്നി.

ബിസിഎ കഴിഞ്ഞ് എൻട്രൻസ് എഴുതി തിരുവനന്തപുരം എൻജിനീയറിങ് കോളജിൽ എംസിഎയ്ക്ക് അഡ്മിഷൻ നേടി. മാർക്കിനു വേണ്ടിയല്ലാതെ പഠിച്ചു തുടങ്ങി.

ആശുപത്രിയിൽ നിന്നു തിരിച്ചെത്തിയ സമയത്തു ജീവിതം വേദനാജനകമായിരുന്നു. രാത്രി ജോലിയും രാവിലെ പഠനവുമായി ഞാനെന്നെ ‘ബിസി’ ആക്കി വച്ചു. സുഹൃത്തുക്കൾ, എൻജിനീയറിങ് കോളജിലെ അധ്യാപകർ, കരാട്ടെ മാസ്റ്ററായ സെൻസയ് ജി.എസ് ഗോപകുമാരൻ എന്നിവർ തന്ന ആത്മവിശ്വാസവും സ്നേഹവും അളക്കാനാകില്ല. എംസിഎ വിദ്യാർഥി ആയിരുന്നെങ്കിലും മെക്കാനിക്കൽ വിഭാഗത്തിലെ ലാബ് ഉപയോഗിക്കാനുള്ള അനുമതി അധ്യാപകർ തന്നു. എനിക്ക് വേണ്ട വീൽചെയർ ഞാൻ തന്നെ ഉണ്ടാക്കി. നടക്കാനാകാത്തവർക്കുള്ള ലെഗ് ബ്രേസസിനായുള്ള ‘നീ ജോയിന്റ്’ നിർമിച്ചു.

തിരുവനന്തപുരം പാങ്ങപ്പാറയാണു സ്വദേശം. അ ച്ഛൻ ജെ.സി ബാബു ഇലക്ട്രിസിറ്റി ബോർഡിലാണു ജോലി ചെയ്തിരുന്നത്. അമ്മ കൗസല്യ അക്കൗണ്ടന്റ് ജനറൽ ഓഫിസിലും. അച്ഛനും അമ്മയും ഇന്നില്ല. ചേച്ചി സുമിത്ര ഇപ്പോൾ ബിഎസ്‌എൻഎല്ലിൽ ജോലി ചെയ്യുന്നു. ഭർത്താവ് പ്രേം പ്രകാശ് ഐടി പ്രഫഷനൽ. അവരുടെ മകൻ അഡിൻ പ്ലസ് വൺ വിദ്യാർഥി.

ഷൂട്ടിങ്ങിന്റെ ലോകത്തേക്ക്

‘‘കുട്ടിക്കാലത്തേ ഒരു വ്യക്തിയോ ഒരു യന്ത്രമോ അതീവ പൂർണതയിലോ അല്ലെങ്കിൽ അതിനു വളരെയടുത്ത് എത്തിച്ചേരുന്നതോ എന്റെ കണ്ണു നനയിക്കുമായിരുന്നു. കൗതുകം കൊണ്ടു തോക്കു വിൽക്കുന്ന കടകളുടെ നമ്പർ സംഘടിപ്പിച്ച് അവരെ ഫോൺ വിളിക്കുകയും അവരെടുക്കുമ്പോൾ പേടിച്ചു ഫോൺ വയ്ക്കുകയും ചെയ്യുമായിരുന്നു. ഒൻപതാം ക്ലാസ് ആയപ്പോൾ പല നിരാ ഹാര സമരങ്ങൾക്കു ശേഷമാണ് ആദ്യമായി അമ്മ തോക്കു വാങ്ങിത്തരുന്നത്.

ആശുപത്രിയിൽ നിന്നു തിരികെ വന്ന ശേഷം ആ പഴയ തോക്കെടുത്തു പരിശീലിച്ചു തുടങ്ങി. തോക്കിനെക്കുറിച്ച് ആഴത്തിൽ പഠിച്ചു. ലൈബ്രറികളിൽ നിന്നു പുസ്തകങ്ങളെടുത്തു വായിച്ചു. അന്ന് ഇന്റർനെറ്റൊന്നും ഇതുപോലെ ലഭ്യമായിരുന്നില്ലല്ലോ.

ഷൂട്ടിങ്ങിലെ പുതിയ തലങ്ങളെ അറിയണം എന്ന ആഗ്രഹത്താലാണ് ഇടുക്കിയിലെ റൈഫിൾ ക്ലബ്ബിലേക്കു സ്വയം ഡ്രൈവ് ചെയ്തു പോകുന്നത്. അന്ന് ഇടുക്കിയിലേ റൈഫിൾ ക്ലബ്ബ് ഉണ്ടായിരുന്നുള്ളു. ആദ്യം എന്നെ നിരാകരിക്കുകയാണ് ചെയ്തത്. രണ്ടു മണിക്കൂറോളം കഴിഞ്ഞിട്ടും ഞാൻ തിരികെ പോകാതായതോടെ ഇൻസ്ട്രക്റ്റർ പറഞ്ഞു, ‘കൃത്യമായി ടാർഗറ്റിൽ കൊള്ളിച്ചാൽ ക്ലബ്ബിൽ പ്രവേശനം അനുവദിക്കാം.’

നിലത്തു കിടന്നു വേണം ഷൂട്ട് ചെയ്യാൻ എന്നറിഞ്ഞപ്പോൾ ഞാനൊന്ന് അന്ധാളിച്ചു. ഇരുന്നേ ഞാൻ ഷൂട്ട് ചെയ്തിട്ടുള്ളു. സാധിക്കില്ല എന്നു പറയാൻ മടിച്ച് എങ്ങനെയൊക്കെയോ ചെയറിൽ നിന്നും നിലത്തേക്കിരുന്നു. ശരീരത്തിൽ എവിടെയൊക്കെയോ കടച്ചിൽ അനുഭവപ്പെട്ടു. എങ്കിലും ആദ്യ ഷോട്ട് തന്നെ ടാർഗറ്റിന്റെ ഒത്ത മധ്യത്തി ൽ പതിഞ്ഞു. അതായിരുന്നു ഷൂട്ടിങ് രംഗത്തേക്കുള്ള ഔ ദ്യോഗിക പ്രവേശം.’’

റൈഫിൾ ക്ലബ് പിന്നീട് പല മത്സരങ്ങളിലേക്കും സിദ്ധാർഥിനെ അയക്കുകയും പാരാലിംപിക്സ് കാറ്റഗറിയിൽ ജില്ല, സംസ്ഥാന, ദേശീയ തലങ്ങളിൽ കേരളത്തിനു വേണ്ടി മെഡൽ നേടുകയും ചെയ്തു. ഏഷ്യൻ പാരാഗെയിംസിൽ ഏഷ്യൻ റെക്കോർഡോടെ സ്വർണം, പാരാഷൂട്ടിങ് ലോകകപ്പിൽ 50 മീറ്ററിൽ വെങ്കലം, ടോക്യോ പാരാലിംപിക്സ്, പാരിസ് പാരാലിംപിക്സ് എന്നിവിടങ്ങളിലേക്കു യോഗ്യത തുടങ്ങി ഷൂട്ടിങ്ങിൽ കേരളം ഉറ്റുനോക്കുന്ന താരമായി സിദ്ധാർഥ മാറി.

ആരുടെയും സഹായമില്ലാതെ ഒറ്റയ്ക്കു വീട്ടുകാര്യങ്ങൾ ചെയ്ത്, ഓമന നായ ക്രയോണിന്റെ എല്ലാ കാര്യങ്ങളും നോക്കി, തന്റെ ‘ഥാർ’ സ്വയം ഓടിച്ച്, ചിട്ടയോടെ ഓരോ ദിനവും ചെലവിടുന്ന ഈ ചെറുപ്പക്കാരനെ ചാംപ്യൻ എന്നല്ലാതെ മറ്റെന്താണ് വിളിക്കേണ്ടത്?

ദേശീയ ഷൂട്ടിങ്ങിൽ മെഡൽ നേട്ടം

ദേശീയ ഷൂട്ടിങ് ചാംപ്യൻഷിപ്പിൽ സിവിലിയൻ ഓ പ്പൺ വിഭാഗങ്ങളായാണു മത്സരങ്ങൾ നടക്കുക. ര ണ്ടു മത്സരങ്ങളിലും ഒളിംപ്യന്മാരടക്കമുള്ള പ്രഫഷനൽ ഷൂട്ടർമാർ പങ്കെടുക്കും. ഓപ്പൺ വിഭാഗത്തിൽ അതിവിദഗ്ധരായ കരസേന വായുസേന നാവിക സേനാംഗങ്ങളും പങ്കെടുക്കും. സിവിലിയൻ വിഭാഗത്തിൽ സ്വർണവും ഓപ്പൺ വിഭാഗത്തിൽ വെള്ളിയും സിദ്ധാർഥ് ബാബു നേടി. ഈ മത്സരങ്ങളിൽ വിജയിക്കുന്ന ആദ്യ പാരാലിംപിക്സ് താരം മലയാളിയാണ് എന്നതു തികച്ചും അഭിമാനാർഹമാണ്.

രാഖി റാസ്

ഫോട്ടോ: അരുൺ സോൾ