Wednesday 03 April 2019 04:34 PM IST : By സ്വന്തം ലേഖകൻ

വീർപ്പുമുട്ടലില്ല, സൗകര്യങ്ങൾക്കും കുറവില്ല; നാല് സെന്റിലൊരുങ്ങിയ ‘പ്രാക്റ്റിക്കൽ ഹോം’

inesh

നഗരങ്ങളിൽ സ്ഥലം കിട്ടാനില്ല. അതുകൊണ്ട് രണ്ടും മൂന്നും സെന്റിലുള്ള വീടുകൾക്കാണ് ഇപ്പോൾ ആവശ്യക്കാർ കൂടുതൽ. ഇനിയുള്ള കാലം അത്തരം വീടുകളുടേതാണ്. ചെറിയ സ്ഥലത്ത് വീടു പണിയുമ്പോൾ ചില കാര്യങ്ങൾ ശ്രദ്ധിക്കണം.

ഈ വീടിന്റെ കാര്യത്തിൽ സംഭവിച്ചതുപോലെ ചിലപ്പോൾ അടുത്തടുത്ത് വീടുകളുണ്ടാകാം. അപ്പോള്‍ വീടിനുള്ളിൽ കാറ്റും വെളിച്ചവും നിറയ്ക്കുകയെന്നത് ശ്രമകരമാണ്. കോർട്‌യാർഡ്, വലിയ ജനാലകൾ തുടങ്ങിയ ചില മാർഗങ്ങളിലൂടെ ഇതിന് പോംവഴി കണ്ടെത്താം.

മുറ്റം കുറവായതുകൊണ്ട് ചെടികൾക്കും വീടിനുള്ളിൽ സ്ഥലം കണ്ടെത്തണം. പച്ചക്കറികൃഷിയോട് താൽപര്യമുള്ള കൂട്ടത്തിലാണെങ്കിൽ ടെറസ് അതനുസരിച്ച് ഒരുക്കാൻ ശ്രദ്ധിക്കണം.

ചെറിയ സ്ഥലത്തും വാസ്തുനിയമങ്ങൾ പാലിക്കാൻ സാധിക്കും. അതിന് ഈ വീടുതന്നെ ഉദാഹരണം. ഇവിടെ അടുപ്പിന്റെ സ്ഥാനമുൾപ്പെടെ എല്ലാം വാസ്തുവനുസരിച്ചാണ് നൽകിയത്.

സ്ഥലം കുറവായതിനാൽ ഉള്ള സ്ഥലം കൃത്യമായി വിനിയോഗിക്കണം. ഗോവണിയുടെ അടിഭാഗം, ലോഫ്റ്റുകൾ തുടങ്ങിയവ പ്രയോജനപ്പെടുത്താം. വാഡ്രോബിന്റെ വാതിലിൽ കണ്ണാടി സ്ഥാപിച്ചാൽ ഡ്രസ്സിങ് ഏരിയയ്ക്കായി സ്ഥലം മുടക്കേണ്ടതില്ല. പൊതുഇടങ്ങൾ പരസ്പരം തുറന്ന രീതിയിൽ നൽകുന്നതാണ് സ്ഥലം കൂടുതൽ തോന്നിക്കാൻ നല്ലത്. ആവശ്യമുള്ള ഫർണിച്ചറിന്റെ കൃത്യമായ അളവെടുത്ത് അതനുസരിച്ച് പണിയിക്കുകയോ വാങ്ങുകയോ ആകാം.

വാഡ്രോബുകൾ, പൂജ ഏരിയ തുടങ്ങിയവ ചുമരിന് അകത്തേക്ക് ഒതുങ്ങിയിരിക്കുന്ന വിധത്തിൽ ക്രമീകരിച്ചാൽ വീടിനുള്ളിലെ സ്ഥലം നഷ്ടപ്പെടുകയില്ല. കഴിവതും രണ്ടു നിലകളിൽ നിന്നും പരസ്പരം കാണാൻ സാധിക്കുന്നതുപോലെ പണിയുക. കുടുംബാംഗങ്ങൾ തമ്മിൽ ആശയവിനിമയം മികച്ചതാക്കാൻ സഹായിക്കുമെന്നു മാത്രമല്ല, ഇത്തരം ‘വിഷ്വൽ കണക്ടിവിറ്റി’ വീട് വിശാലമെന്ന് തോന്നിക്കുകയും ചെയ്യും.

****************************************

വീട്ടിൽ എന്തൊക്കെ വേണമെന്ന് ആബിക്ക് കൃത്യമായ ബോധ്യം ഉണ്ടായിരുന്നു. ആർക്കിടെക്ട് ഇനേഷിനോട് അവയെല്ലാം അ ക്കമിട്ടു നിരത്തി പറയുകയും ചെയ്തു. എന്നുമാത്രമല്ല, കൂടുതൽ വ്യക്തതയ്ക്കായി പടം വരച്ചു വരെ കാണിച്ചു.

ഒരിഞ്ച് പോലും വെറുതെ കളയാത്ത, പ്രായോഗികതയ്ക്ക് മൂൻതൂക്കം നൽകുന്ന വീട്. അതായിരുന്നു ആബിയുടെ ആഗ്രഹം. നാല് സെന്റിലെ ഈ വീട്ടിൽ ഭംഗിയേക്കാൾ പ്രാധാന്യം ഉപയോഗത്തിനാണ്. കൊച്ചി കളമശേരിയിൽ അടുത്തടുത്തു വീടുകളുള്ള ഇടത്താണ് 2130 ചതുരശ്രയടിയുള്ള ‘ആരാമം’. നിറയെ വീടുകളായതിനാൽ ചെറിയ സ്ഥലമെന്നതിലുപരി കാറ്റും വെളിച്ചവും വീടിനുള്ളിൽ ലഭിക്കണമെന്നതാണ് ഇനേഷിന് വെല്ലുവിളിയായി തോന്നിയത്.

സ്ഥലം ലാഭിക്കാം

സമ്മർദങ്ങളെല്ലാമകറ്റി ശാന്തി പകരുന്നതാകണം വീട് എന്ന നയമാണ് ഇവിടെ സ്വീകരിച്ചത്. പച്ചപ്പിന്റെ തണുപ്പ് ഉള്ളിൽ നിറയ്ക്കുക എന്ന ഉദ്ദേശ്യത്തിലാണ് എക്സ്റ്റീരിയറിന് പച്ച നിറം നൽകിയത്. മാത്രമല്ല, തൊട്ടടുത്തുള്ള കെട്ടിടങ്ങളിൽ നിന്ന് വീട് വേറിട്ട് നിൽക്കുകയും ചെയ്യും. പ്രകൃതിയോട് അടുത്തുനിൽക്കാൻ വീട്ടിൽ ‘എർത്തി’ നിറങ്ങൾക്ക് പ്രാമുഖ്യം നൽകി. എക്സ്റ്റീരിയറിൽ കർവ്ഡ് ഫിനിഷുകൾ ഉപയോഗിച്ചിരിക്കുന്നതും മനഃപൂർവമാണ്. കൂർത്ത ഫിനിഷുകളേക്കാൾ കാഴ്ചയ്ക്കും ഉപയോഗത്തിനും സുഖപ്രദം കർവ്ഡ് ഫിനിഷുകളാണ്.

ലിവിങ് റൂമിലെ കോർട്‌യാർഡ് ഉൾപ്പെടെ വീടിനകത്തും പുറത്തും ചെടികളുടെ സജീവ സാന്നിധ്യമറിയാം. വീട്ടുകാരി ഗീത, കൃഷി ഓഫിസറാണ്. ആബിക്കും കൃഷി ഇഷ്ടമാണ്. അപ്പോൾപിന്നെ ചെടികൾ വീടിന്റെ ഭാഗമായില്ലെങ്കിലേ അദ്ഭുതമുള്ളൂ. കോർട്‌യാർഡിന്റെ ചുമരിൽ നാച്വറൽ സ്റ്റോൺ ക്ലാഡിങ് ചെയ്തു. ഫ്ലോറിങ്ങിന് മണൽ തൂവിയതു പോലെ തോന്നിക്കുന്ന ഡിസൈനിലുള്ള ടൈൽ തിരഞ്ഞെടുത്തതും പ്രകൃതിയോട് അടുത്തുനിൽക്കാനാണ്. ഗോവണിയുടെ പടികൾ കോട്ടാ സ്റ്റോൺ ആണ്.

ഊണുമുറിയിലെ ചുമരിലാണ് പൂജ ഏരിയ ഒരുക്കിയിരിക്കുന്നത്. പുറത്തേക്ക് തള്ളിനിൽക്കാത്ത വിധം അകത്തേക്ക് കട്ടിങ് കൊടുത്തതിനാൽ പൂജ ഏരിയക്കായി സ്ഥലം കളയേണ്ടി വന്നില്ല. കിടപ്പുമുറികളിലെ വാഡ്രോബുകൾക്കും ഇതേ മാർഗം അവലംബിച്ചു. കിടപ്പുമുറികളിലെല്ലാം ഇൻബിൽറ്റ് ആയി സ്റ്റഡി സ്പേസും നൽകിയിട്ടുണ്ട്.

സ്ഥലം ലാഭിക്കുന്നതിന്റെ മറ്റൊരുദാഹരണമാണ് ഗോവണി. സ്റ്റെയർകെയ്സിന് അടിഭാഗം രണ്ട് രീതിയിൽ പ്രയോജനപ്പെടുത്തി. അടുക്കളയോടു ചേർന്നുവരുന്ന ഭാഗം സ്റ്റോറേജ് ആയും മറുഭാഗം ഷൂറാക്ക് ആയും ഉപയോഗിക്കുന്നു. റെയ്‍‌ലിങ്ങിന് റെക്ടാംഗുലർ ഹോളോസെക്‌ഷൻ മൈൽഡ് സ്റ്റീൽ ഉപയോഗിച്ചതും സ്ഥലം പാഴാക്കാതിരിക്കാനാണ്. കാർപോർച്ച് കാന്റിലിവർ ആക്കി നിർമിച്ചതുകൊണ്ട് മാസ്റ്റർ ബെഡ്റൂമിനോടു ചേർന്ന് ഡ്രസ്സിങ് ഏരിയയ്ക്കും ബാത്റൂമിനും സ്ഥലം കിട്ടി.

വെളിച്ചത്തിനെത്ര വഴികൾ

വീടിനുള്ളിൽ വെളിച്ചം നിറയ്ക്കാനുമുണ്ട് ചില ഡിസൈൻ വിദ്യകൾ! വീട്ടുകാരുടെ ആഗ്രഹം എ ക്സ്റ്റീരിയറുമായി ബന്ധിപ്പിച്ചുകൊണ്ടുള്ള കോർട്‌യാർഡ് ആയിരുന്നു. എന്നാൽ സെൻട്രലൈസ്ഡ് കോർട്‌യാർഡ് എന്ന ഇനേഷിന്റെ നിർദേശം സ്വീകരിച്ചത് എന്തുകൊണ്ടും നന്നായി എന്നാണ് ഇപ്പോൾ വീട്ടുകാരുടെ പക്ഷം.

രണ്ടു നിലകളെ തമ്മിൽ കൂട്ടിയിണക്കുന്നതിലും വീടിനുള്ളിൽ വെളിച്ചം നിറയ്ക്കുന്നതിലും നടുമുറ്റത്തിന്റെ പങ്ക് ചെറുതല്ല. നടുമുറ്റത്തിനു മുകളിലെ സ്കൈലൈറ്റിനു ചുറ്റും ചൂടുവായു പുറത്തേക്കു പോകാൻ ദ്വാരങ്ങളും നൽകിയിട്ടുണ്ട്. വീട്ടിലെ വലിയ ജനാലകളും വെളിച്ചത്തെ സ്വാഗതം ചെയ്യുന്നു. അടുക്കളയിൽ ലിന്റൽ ലെവലിനു മുകളിലായും ജനാലകൾ കൊടുത്തിട്ടുണ്ട്.

പ്രധാനവാതിൽ മാത്രം തേക്കും ബാക്കി ജനലും വാതിലുമെല്ലാം പൂവരശും കൊണ്ടാണ് നിർമിച്ചിരിക്കുന്നത്. അടുക്കളയിലെ കാബിനറ്റുകൾ പ്ലൈവുഡ് കൊണ്ടാണ്. വാഡ്രോബുകൾക്ക് പ്ലൈവുഡും മൾട്ടിവുഡും ഉപയോഗിച്ചു. ഗുണനിലവാരമുള്ള പ്ലൈവുഡ് ഉപയോഗിച്ചതിനാൽ ഇക്കഴിഞ്ഞ വെള്ളപ്പൊക്കത്തിൽ വാതിലിന്റെ ഉയരത്തോളം വെള്ളം പൊങ്ങിയെങ്കിലും പ്രത്യേകിച്ച് നാശനഷ്ടങ്ങളൊന്നും ഉണ്ടായില്ല.

പാരമ്പര്യമായി ലഭിച്ച, നൂറു വർഷങ്ങൾക്കു മുകളിൽ പഴക്കമുള്ള ചില ഫർണിച്ചർ കൈവശം ഉണ്ടായിരുന്നു. അത് ആദ്യം തന്നെ ആർക്കിടെക്ടിനെ അറിയിച്ചതിനാൽ അവയുടെ അളവെടുത്ത് പ്ലാനിൽ തന്നെ കൃത്യമായ സ്ഥാനം നൽകി. മുറ്റം കുറവായതിനാൽ ടെറസിൽ കൃഷിക്കുള്ള സൗകര്യങ്ങൾ ചെയ്തു. മേൽക്കൂര നിരപ്പായി വാർത്തത് അതിനാണ്. പ്ലമിങ് ചെയ്തപ്പോള്‍ തന്നെ കൃഷിക്കാവശ്യമായ പൈപ്പ് ലൈനുകളും സ്ഥാപിച്ചു.

കൃത്യമായ ആസൂത്രണം, ഉപയോഗക്ഷമതയ്ക്കുള്ള പ്രാധാന്യം... ഇതു രണ്ടുമാണ് ഈ ആരാമത്തിന്റെ സൗന്ദര്യം. ■