Wednesday 27 January 2021 12:15 PM IST

ഫോൾസ് സീലിങ് ചെയ്യുന്നത് വീടിന് നല്ലതാണോ? ഗുണദോഷങ്ങൾ അറിയാം

Sunitha Nair

Sr. Subeditor, Vanitha veedu

cieling

മുറിക്കു കൂടുതൽ ഭംഗി നൽകാനായി സീലിങ്ങിന്റെ അടിയിൽ നിർമിക്കുന്ന കൃത്രിമ സീലിങ് ആണ് ഫോൾസ് സീലിങ്. നമ്മുടെ പഴയ മച്ചിന്റെ രൂപഭേദമാണ് ഇന്ന് ഫോൾസ് സീലിങ് എന്ന പേരിൽ  അറിയപ്പെടുന്നത്. ജിപ്സം ബോർഡ്, ഫൈബർ സിമന്റ് ബോർഡ്, പിവിസി, കാൽസ്യം സിലിക്കേറ്റ് ബോർഡ്, എംഡിഎഫ്, മൾട്ടിവുഡ്, പ്ലൈവുഡ്,റെഡിമെയ്ഡ് ഡെക്കറേറ്റീവ് സീലിങ് പാനൽ, ആർട്ടിഫിഷ്യൽ സ്റ്റോൺ ഷീറ്റ് തുടങ്ങിയവ കൊണ്ട് ഫോൾസ് സീലിങ് നിർമിക്കാം.

cieling 1

സീലിങ്ങിൽനിന്നു തൂങ്ങി നിൽക്കുന്നതോ അല്ലെങ്കിൽ ഭിത്തികളെ പരസ്പരം ബന്ധിപ്പിച്ചുകൊണ്ടു നൽകുന്നതോ ആയ ഫ്രെയിമുകളിലും പാനലുകളിലുമാണ് ഫോൾസ് സീലിങ് ഉറപ്പിക്കുന്നത്. സീലിങ്ങിനും ഫോൾസ് സീലിങ്ങിനും ഇടയിൽ കുറഞ്ഞത് ഏഴര–എട്ട് സെമീ അകലം ഉണ്ടായിരിക്കണം. തറനിരപ്പിൽനിന്ന് ഫോൾസ് സീലിങ്ങിലേക്ക് 260–265 സെമീ ഉയരവും വേണം. എന്നാൽ മുറിയുടെ ഉയരം, നീളം, വീതി എന്നിവയ്ക്ക് ആനുപാതികമായും ഫോൾസ് സീലിങ്ങിന്റെ ആവശ്യമനുസരിച്ചും ഇതിൽ മാറ്റം വരാം. ചുമരിൽ തൂങ്ങിനിൽക്കുന്ന രീതിയിൽ അലൂമിനിയം ചാനൽ കൊണ്ടുള്ള ഫ്രെയിം പിടിപ്പിച്ച് അതിൽ ഫോൾസ് സീലിങ് ഉറപ്പിക്കുന്ന രീതിയാണ് കൂടുതലും പിന്തുടരുന്നത്.

cieling 2

ഫോൾസ് സീലിങ് കൊണ്ടുള്ള ഉപയോഗങ്ങൾ പലതാണ്. മുറിയുടെ ഉയരം ക്രമീകരിക്കാനും ഇന്റീരിയറിന്റെ ഭംഗി കൂട്ടാനും ഫോൾസ് സീലിങ് ഉപകരിക്കും. ഇന്റീരിയറിന് ഇണങ്ങുന്ന നിറവും മെറ്റീരിയലും സീലിങ്ങിലും നൽകാനാകും. ഫോള്‍സ് സീലിങ് ചെയ്യാൻ ഉദ്ദേശിക്കുന്നുണ്ടെങ്കിൽ സീലിങ് തേക്കേണ്ട ആവശ്യമില്ല.ചൂട് കുറയ്ക്കാൻ സഹായിക്കുമെന്നതാണ് ഫോൾസ് സീലിങ്ങിന്റെ പ്രധാന ഗുണം. മേൽക്കൂരയ്ക്കും ഫോൾസ് സീലിങ്ങിനും ഇടയ്ക്കുള്ള സ്ഥലമാണ് ചൂടു കുറയ്ക്കാൻ സഹായിക്കുന്നത്. എസി പിടിപ്പിച്ചിട്ടുള്ള മുറികളിൽ ഫോൾസ് സീലിങ് ഉണ്ടെങ്കിൽ തണുപ്പിക്കേണ്ട സ്ഥലത്തിന്റെ അളവ് കുറഞ്ഞു കിട്ടും. മേൽക്കൂരയിലെ ട്രസ് മറയ്ക്കാനും ഫോൾസ് സീലിങ് ചെയ്യാം.

cieling 3

ലൈറ്റിങ് ആകർഷകമാക്കാൻ ഫോൾസ് സീലിങ് മികച്ച ഉപാധിയാണ്. ചുമര് കഴിവതും ഒഴിവാക്കി സീലിങ്ങിൽ ലൈറ്റ് നൽകുന്നതാണ് ട്രെൻഡ്. കോവ് ലൈറ്റിങ്, ടാസ്ക് ലൈറ്റിങ് എന്നിവയ്ക്കെല്ലാം ഫോൾസ് സീലിങ് ഉപകാരപ്രദമാണ്. ചുമരിലൂടെ നൽകുന്നത് ഒഴിവാക്കി ഇലക്ട്രിക് വയറുകൾ, ടെലിവിഷൻ, ടെലിഫോൺ തുടങ്ങിയവയുടെ കേബിളുകൾ എന്നിവയെല്ലാം ഫോൾസ് സീലിങ്ങിനുള്ളിൽ നൽകാം.ഗുണങ്ങൾ മാത്രമല്ല, ചില പോരായ്മകളും ഫോൾസ് സീലിങ്ങിനുണ്ട്. പൊടി പിടിക്കാനുള്ള സാധ്യത, വൃത്തിയാക്കാനുള്ള ബുദ്ധിമുട്ട്, പാറ്റ,പല്ലി, എലി മുതലായ ജീവികൾ കടക്കാനുള്ള സാധ്യത, അധികച്ചെലവ് എന്നിവയൊക്കെ അവയിൽ ചിലതാണ്. ഫോൾസ് സീലിങ് ഒരു നിർബന്ധമില്ല. ബജറ്റ് അനുവദിക്കുന്നില്ലെങ്കിൽ ഒഴിവാക്കാം.

cieling 4

വ്യത്യസ്തമായ ആകൃതിയും ഡിസൈനുമൊക്കെയാണ് സീലിങ്ങിലെ ട്രെൻഡ്. ഏതെങ്കിലും ഒരു മെറ്റീരിയൽ കൊണ്ട് ഫ്ലാറ്റ് ആയ സീലിങ് ഒരുക്കുന്നതിനു പകരം ഗ്ലാസ്, തടി, വെനീർ, മെറ്റൽ, വോൾപേപ്പർ തുടങ്ങി പല മെറ്റീരിയലുകളുടെ കോംബിനേഷൻ കൊണ്ടുള്ള അല്പം ആലങ്കാരികമായ വർക്കുള്ള സീലിങ് ആണ് ഇപ്പോൾ അകത്തളങ്ങൾക്ക് മോടി കൂട്ടുന്നത്. ലൈറ്റിങ്ങിന് മിഴിവേകുന്ന രീതിയിലുള്ള പല തട്ടുകളായുള്ള ഡിസൈനും ആരാധകരേറെയാണ്.

Tags:
  • Vanitha Veedu