Monday 08 February 2021 05:39 PM IST

‘മനസ്സിന് ഇഷ്ടപ്പെട്ട ബെഡ്ഷീറ്റ് കടയിൽ നിന്ന് വാങ്ങാന്‍ കിട്ടില്ല,’ ആവശ്യക്കാരുടെ ഇഷ്ടമറിഞ്ഞ് ബെഡ്ഷീറ്റ്, ടേബിൾ ക്ലോത്ത്, കർട്ടൻ, ബാത്ടവൽ ഡിസൈൻ ചെയ്തു നൽകി സജിമയും മരിയയും

Sunitha Nair

Sr. Subeditor, Vanitha veedu

hoby 1

പതിനാല് വർഷങ്ങൾക്കു മുൻപ് ചെന്നൈയിലെ െഎടി കമ്പനിയിൽ ജോലിക്കു ചേർന്ന രണ്ടു പെൺകുട്ടികൾ. ഭംഗിയും കുലീനതയും ഒത്തിണങ്ങിയ വസ്ത്രധാരണമായിരുന്നു ഇവരെ തമ്മിലിണക്കുന്ന ഘടകങ്ങളിൽ ഒന്ന്. റൂംമേറ്റ്സ് കൂടിയായ ഇവർ പതിയെ ഉറ്റ സുഹൃത്തുക്കളായി മാറി. കാലം കടന്നു പോയി. രണ്ടു പേരും രണ്ടിടങ്ങളിലായി, വിവാഹം കഴിഞ്ഞു; കുട്ടികളായി. പക്ഷേ, കാഞ്ഞിരപ്പള്ളിക്കാരി സജിമ ജോസഫിന്റെയും പാലാക്കാരി മരിയ ജോസിന്റെയും സൗഹൃദം മാത്രം നഷ്ടപ്പെട്ടിരുന്നില്ല. ഇനിയാണ് കഥയിലെ ട്വിസ്റ്റ്. രണ്ടുപേരും ഒടുവിൽ കുടുംബസമേതം കൊച്ചിയിൽ എത്തിപ്പെടുന്നു. അതോടെ വീണ്ടും സൗഹൃദം ശക്തമാകുന്നു. അമ്മമാരേക്കാൾ വലിയ കൂട്ടുകാരായി ഇവരുടെ മക്കൾ.

hoby 2

ഇതിനിടയിലെപ്പോഴോ സ്വന്തമായി ഒരു സംരംഭം തുടങ്ങണമെന്ന ആഗ്രഹം ഇരുവരിലും ഉടലെടുത്തു. ഹോം ഡെക്കർ രണ്ടു പേർക്കും ഇഷ്ടമാണ്. അതിനോടൊപ്പം രണ്ടുപേരുടെയും ഡ്രസ് സെൻസ് കൂടി ചേർത്തുവച്ചപ്പോൾ ബിസിനസ് െഎഡിയ ആയി. ‘‘മനസ്സിനിഷ്ടപ്പെട്ട ബെഡ്ഷീറ്റ് ഇതുവരെ കടയിൽ നിന്ന് വാങ്ങാൻ കിട്ടിയിട്ടില്ല. സ്വന്തമായി ഡിസൈൻ ചെയ്തതാണ് ഞങ്ങളുടെ കിടക്കവിരികളെല്ലാം. അതിന് ആവശ്യക്കാരുണ്ടാകുമെന്ന് തോന്നി,’’ സജിമയും മരിയയും പറയുന്നു. അങ്ങനെ ഹോം ഫർണിഷിങ്ങിലേക്കിറങ്ങാൻ തീരുമാനമായെങ്കിലും ബിസിനസ് തുടങ്ങാൻ പിന്നെയും മടിച്ചു. അപ്പോൾ ദാ വരുന്നു, അടുത്ത ട്വിസ്റ്റ്. ഈ ഓണത്തിന് നാട്ടിൽ പോയ സജിമയോട് സുഹൃത്ത് പുതിയ വീട്ടിലേക്ക് കുറച്ച് ബെഡ്‌ഷീറ്റുകൾ ചെയ്തു നൽകാൻ ആവശ്യപ്പെടുന്നു. അതു ചെയ്തു നൽകിയപ്പോൾ കിട്ടിയ പ്രതികരണം ഇരുവരെയും ഞെട്ടിച്ചു. ഇൻസ്റ്റയിലും എഫ്ബിയിലുമെല്ലാം ചിത്രങ്ങൾ കണ്ടവർ വളരെ നല്ല അഭിപ്രായം പറയുകയും കുറേ ഓർഡറുകൾ ലഭിക്കുകയും ചെയ്തു. അങ്ങനെ അവർ പോലുമറിയാതെ സജിമയും മരിയയും ഒരു സംരംഭത്തിനു തുടക്കം കുറിക്കുകയായിരുന്നു. ‘ടോഫ്റ്റ്’ എന്ന പേര് മൂന്നു വർഷം മുൻപേ കണ്ടുവച്ചതാണ്. 10 ദിവസങ്ങൾക്കുള്ളിൽ മുപ്പതോളം ഒാർഡർ കിട്ടി.

hoby3

ബെഡ്ഷീറ്റ്, ടേബിൾ ക്ലോത്ത്, കർട്ടൻ, ബാത്ടവൽ, ഹാൻഡ് ടവൽ, റണ്ണർ തുടങ്ങിയവയാണ് ടോഫ്റ്റിന്റെ ലേബലിൽ നിലവിൽ പുറത്തിറങ്ങുന്നത്. വിരികൾ ഈടുനിൽക്കാനുള്ള വഴിയും ഇവർ പറഞ്ഞു തരുന്നു. ‘‘മറ്റു തുണികൾക്കൊപ്പം നനയ്ക്കാതിരിക്കുക. കഴിവതും ആദ്യത്തെ കഴുകലിന് ഡ്രൈ വാഷ് ചെയ്യാം. അല്ലെങ്കിൽ ലിക്വിഡ് സോപ്പിൽ മുക്കിയെടുത്താലും മതി.’’കേരളത്തിനകത്തും പുറത്തും ഉല്‍പന്നങ്ങൾ എത്തിക്കും. കിടക്കവിരിക്ക് കിങ് സൈസിന് 1,500 രൂപ മുതലും സിംഗിളിന് 800 രൂപ മുതലും മേശവിരിക്ക് നാല് സീറ്ററിന് 500 രൂപ മുതലും വിലയുണ്ട്. അധികമാർക്കും ഇല്ലാത്ത ഉൽപന്നങ്ങൾ സ്വന്തമാക്കാം എന്നതാണ് ടോഫ്റ്റിന്റെ ഗുണം. പല സീരിസുകളായാണ് ഉൽപന്നങ്ങൾ അവതരിപ്പിക്കുന്നത്; രണ്ടാമത്തെ സീരിസ് പുറത്തിറക്കി കഴിഞ്ഞു. ഒരു സീരിസിൽ ആറേഴ് ഡിസൈനുകളുണ്ടാവും. ആവശ്യമനുസരിച്ച് കസ്റ്റമൈസ് ചെയ്തും നൽകും. സമ്മാനം നൽകാൻ വിരികളുടെ ഗിഫ്റ്റ് സെറ്റുകളും ചെയ്തു നൽകാറുണ്ട്. 


email: toft.store2020@gmail.com

Tags:
  • Vanitha Veedu