Tuesday 09 June 2020 04:56 PM IST

2 കോടി ചെലവ്, ഉള്ളിൽ കരിങ്കൽ ഗുഹ! ആ വൈറൽ ബുക് സ്റ്റാൾ ‘വല്യ കഥയാണ്’

Sunitha Nair

Sr. Subeditor, Vanitha veedu

book-shop

ആലുവയിൽ ഉദ്ഘാടനത്തിന് ഒരുങ്ങുന്ന ബുക്സ്റ്റാൾ ലോക പ്രശസ്തിയിലേക്ക്. മാധ്യമങ്ങളിലെ താരം ഇപ്പോൾ ഈ ബുക്ക്സ്റ്റാൾ ആണ്. ബ്രസീലിയൻ എഴുത്തുകാരൻ പൗലോ കൊയ്ലോയുടെ ഇൻസ്റ്റഗ്രാം പേജിൽ സ്ഥാനം പിടിച്ചതോടെ ലോകമെമ്പാടുമുള്ള വായനക്കാർ ആവേശപൂർവം സ്ഥാപനത്തെക്കുറിച്ച് തിരക്കുന്നു. അദ്ദേഹം പോസ്റ്റ് ചെയ്ത 'വൺസ് അപ്പോൺ എ ടൈം' എന്ന ബുക്സ്റ്റാൾ കെട്ടിടത്തിന്റെ ചിത്രം 17 മണിക്കൂറിനുള്ളിൽ ലക്ഷക്കണക്കിന് ആൾക്കാരാണ് കണ്ടത്.

പൗലോ കൊയ്‌ലോയുടെ ബെസ്റ്റ് സെല്ലറായ ആൽകെമിസ്റ്റ് അടക്കമുള്ള നാല് പുസ്തകങ്ങൾ ഷെൽഫിൽ അടുക്കി വച്ച ആകൃതിയിലാണ് നിർമാണം. ബെന്യാമിന്റെ ആടുജീവിതവും ഇതിൽ ഉൾപ്പെടുന്നു. ബെന്യാമിനും ചിത്രം ഷെയർ ചെയ്തിട്ടുണ്ട്. നോർത് പറവൂരിലെ ആർ.ടി. ഗ്രൂപ്പിലെ റോയി തോമസും കെ.കെ. വിനോദുമാണ് കെട്ടിടത്തിന്റെ രൂപകൽപനയും നിർമാണവും നിർവഹിച്ചത്. അഞ്ച് സെന്റിൽ 3,400 ചതുരശ്രയടി വിസ്തീർണമുള്ള നാല് നില കെട്ടിടത്തിന്റെ താഴത്തെ നില ഭൂമിക്കടിയിലാണ്. നാല് നിലയ്ക്കും നാല് നിറമാണ്. കന്റെംപ്രറി ശൈലിയിൽ ഒരുക്കിയ കെട്ടിടം പുസ്തകശാലയെക്കുറിച്ചുള്ള പരമ്പരാഗത സങ്കല്‌പങ്ങൾ പൊളിച്ചെഴുതുന്നു. 40 അടി നീളത്തിൽ കുത്തനെയുള്ള സ്റ്റീൽ ഗോവണിയുടെ കൈവരികളിൽ പോലും പുസ്തകങ്ങൾ വയ്ക്കാനുള്ള സജ്ജീകരണങ്ങളുണ്ട്. പുസ്തക രൂപത്തിലുള്ള ലാംപ് ഷെയ്ഡുകൾ, കരിങ്കൽ ഗുഹ തുടങ്ങിയ പ്രത്യേകതകളുമുണ്ട്. ചൂണ്ടി സ്വദേശി എ.അജികുമാറും ഭാര്യ വി.എം. മഞ്ജുവുമാണ് രണ്ടു കോടി രൂപ മുതൽ മുടക്കുള്ള ബുക്ക്സ്റ്റാളിന്റെ സാരഥികൾ. ജൂലൈയിൽ തുറക്കുന്ന സ്റ്റാളിൽ മലയാളം, ഇംഗ്ലിഷ്, ഹിന്ദി പുസ്തകങ്ങളാണുള്ളത്.