Tuesday 04 August 2020 04:00 PM IST : By സ്വന്തം ലേഖകൻ

നയാപ്പൈസ വാങ്ങിയില്ല, നാണയം വിഴുങ്ങിയ കുഞ്ഞിനേയും കൊണ്ട് നിര്‍ത്താതെ 200 കി.മീ ഓട്ടം! ബാബു വര്‍ഗീസ് എന്ന നന്മ

babu-v

സ്വാര്‍ത്ഥതയുടെ ലോകത്ത് നന്മയുടെ വെളിച്ചം വീശുന്ന ചിലരുണ്ട്. മറ്റുള്ളനവരുടേയും തങ്ങളുടേയും ജീവനുകള്‍ ഒന്നാണെന്നും അതിനു വിലയുണ്ടെന്നും പഠിപ്പിക്കുന്നവര്‍. ബാബു വര്‍ഗീസ് എന്ന ഓട്ടോക്കാരനും അത്തരത്തിലൊരു നന്മയുടെ കണ്ണിയിലെ മുത്താണ്. ആലപ്പുഴയില്‍ നാണയം വിഴുങ്ങി അപകടാവസ്ഥയിലായ കുഞ്ഞിനെ ആശുപത്രിയിലെത്തിച്ചാണ് ബാബു നന്മയുടെ നല്ലപാഠം പങ്കുവച്ചത്. പണമില്ലാത്ത പാവങ്ങളുടെ കരച്ചില്‍ കേട്ട ബാബു ഒരു രൂപ പോലും വാങ്ങാതെ 200ല്‍ പരം കി. മീ. ദൂരം ഓടി. പലരും സൗകര്യപൂര്‍വം ആ കുരുന്നിനെ കയ്യൊഴിഞ്ഞപ്പോള്‍ ഹൃദയത്തോട് ചേര്‍ത്ത് നിര്‍ത്തിയ ബാബുവിനെ ഹൃദയം നിറഞ്ഞ ഭാഷയില്‍ അഭനന്ദിക്കുകയാണ് സാംസ്‌കാരിക കേരളം. സ്വന്തം മകന്‍ തളര്‍ന്ന് വീട്ടില്‍ കിടക്കപ്പായില്‍ കിടന്ന് മുക്കിയും, മൂളിയും, നിരങ്ങിയും കഴിയുമ്പോഴും , ചികിത്സിക്കാന്‍ കടമെടുത്തു നട്ടം തിരിയുമ്പോഴും അങ്ങയുടെ മന:സാക്ഷി മരവിച്ചില്ല എന്നത് ശ്രദ്ധേയമാണെന്ന് ബിജെപി നേതാവ് കുമ്മനം രാജശേഖരന്‍ ഫെയ്‌സ്ബുക്കില്‍ കുറിച്ചു. തിരുവല്ലയില്‍ വണ്ടിയിടിച്ചു മാരകമായ പരിക്കുകളോടെ രക്തം വാര്‍ന്നൊലിച്ചു കിടന്ന ബൈക്ക് യാത്രക്കാരനെ സഹായിക്കാന്‍ കൂട്ടം കൂടിനിന്നവരാരും തയ്യാറായില്ലെന്ന വാര്‍ത്ത കേട്ട് ഇന്നലെ തരിച്ചു നിന്ന 'പ്രബുദ്ധ കേരളം ' ഇന്ന് അങ്ങയെ ഓര്‍ത്തു അഭിമാനിക്കുന്നുവെന്നും കുമ്മനം കുറിച്ചു. ബാബു വര്‍ഗീസിന്റെ മകന്റെ ചികിത്സാര്‍ത്ഥം സഹായഹസ്തവും കുമ്മനം രാജശേഖരന്‍ ഫെയ്‌സ്ബുക്കിലൂടെ അഭ്യര്‍ത്ഥിച്ചു. 

ഫെയ്‌സ്ബുക്ക് കുറിപ്പ് വായിക്കാം; 

ബാബു വറുഗീസ്, ഒപ്പം നമ്മളുണ്ട്.

ബാബു വറുഗീസ് , നിങ്ങളാണ് നാടിന്റെ മാതൃക. കുട്ടി നാണയം വിഴുങ്ങിയതുമൂലം ചികിത്സക്ക് വേണ്ടി കണ്ണീരൊഴുക്കി നിസഹായരായി നിന്ന 

അമ്മയെയും അമ്മുമ്മയെയും ആലുവായില്‍ നിന്ന് ഓട്ടോറിക്ഷയില്‍ കയറ്റി എറണാകുളത്തു എത്തിച്ചു. തിരിച്ച് ആലപ്പുഴ ആശുപത്രിയില്‍ നിന്ന് വീട്ടില്‍ എത്തിച്ചു പണമില്ലാത്ത പാവങ്ങളുടെ കരച്ചില്‍ കേട്ടു. ഒരു രൂപ പോലും വാങ്ങാതെ 200ല്‍ പരം കി. മീ. ദൂരം ഓടി. അഭിനന്ദനങ്ങള്‍. നാടിന്റെ അഭിമാനമാണ് അങ്ങ്. സ്വന്തം മകന്‍ തളര്‍ന്ന് വീട്ടില്‍ കിടക്കപ്പായില്‍ കിടന്ന് മുക്കിയും, മൂളിയും, നിരങ്ങിയും കഴിയുമ്പോഴും , ചികിത്സിക്കാന്‍ കടമെടുത്തു നട്ടം തിരിയുമ്പോഴും അങ്ങയുടെ മന:സാക്ഷി മരവിച്ചില്ല. ആ അമ്മമാരുടെ കണ്ണീര്‍ ബാബുവിന്റെ മനുഷ്യത്വത്തെ ഉണര്‍ത്തി.

തിരുവല്ലയില്‍ വണ്ടിയിടിച്ചു മാരകമായ പരിക്കുകളോടെ രക്തം വാര്‍ന്നൊലിച്ചു കിടന്ന ബൈക്ക് യാത്രക്കാരനെ സഹായിക്കാന്‍ കൂട്ടം കൂടിനിന്നവരാരും തയ്യാറായില്ലെന്ന വാര്‍ത്ത കേട്ട് ഇന്നലെ തരിച്ചു നിന്ന 'പ്രബുദ്ധ കേരളം ' ഇന്ന് അങ്ങയെ ഓര്‍ത്തു അഭിമാനിക്കുന്നു.

കോവിഡ്കാലത്ത് ഓട്ടോറിക്ഷാ െ്രെഡവര്‍ ജോലിക്ക് ഒന്നും കിട്ടാനില്ല എന്ന എല്ലാവര്ക്കും അറിയാം. എന്നിട്ടും ത്യാഗത്തിന് തയ്യാറായി. ജീവിതത്തിന്റെ പരിക്കന്‍ യാഥാര്‍ത്ഥ്യങ്ങളെ നേരില്‍ കണ്ടതിന്റെ അനുഭവസമ്പത്ത് അങ്ങയെ മഹാനാക്കുന്നു.

ബാബു വറുഗീസ്, പ്രത്യാശയും പ്രതീക്ഷയുമാണ് അങ്ങ്. സ്വന്തം കുടുംബം കഷ്ടപ്പെടുമ്പോഴും ആ അമ്മയും കുഞ്ഞും അമ്മുമ്മയും അനുഭവിച്ച വേദന സ്വന്തം നെഞ്ചിലേറ്റുവാങ്ങിയ അങ്ങേയ്ക്ക് അനന്തകോടി നമസ്‌കാരം!

അങ്ങ് ഉണര്‍ത്തിവിട്ട സേവന സന്നദ്ധതയുടെ പ്രചോദനാത്മകമായ ഉജ്ജ്വല വികാരം ഏവരുടേയും ഹൃദയത്തില്‍ ഒരു പ്രചോദനമായി എന്നെന്നും ത്രസിക്കും, തുടിക്കും!

ബാബു വറുഗീസ്, അങ്ങ് തനിച്ചല്ല. മകന്റെ ചികിത്സയ്ക്ക് ആവുന്ന എല്ലാ സഹായവും നല്‍കാന്‍ ഈ നാട്ടില്‍ ജീവകാരുണികരായ സുമനസുകള്‍ മുന്നോട്ട് വരും ..ഒപ്പം നമ്മള്‍ ഉണ്ട്.