Monday 02 January 2023 03:48 PM IST : By സ്വന്തം ലേഖകൻ

22 മിനിറ്റ് ജലപ്പരപ്പിൽ മലർന്നുകിടന്ന് മൂന്നു വയസ്സുകാരി ഇർഹാ സുഹൈൽ; ഏഴു മണിക്കൂർ നിർത്താതെ നീന്തി ഹൃദു കൃഷ്ണൻ, വിസ്മയ ചരിത്രം

ഹൃദു കൃഷ്ണൻ (11) ഇടിമുഴിക്കൽ പള്ളിക്കുളത്തിൽ 7 മണിക്കൂർ നിർത്താതെ നീന്തി റെക്കോർഡ് പുസ്തകത്തിലേക്ക്. 22 മിനിറ്റ് ജലപ്പരപ്പിൽ മലർന്നു കിടന്ന് ഇർഹാ സുഹൈൽ എന്ന മൂന്നു വയസ്സുകാരി സൃഷ്ടിച്ചതും വിസ്മയ ചരിത്രം. നിലവിലുള്ള ഇന്ത്യ ബുക് ഓഫ് റെക്കോർഡ്സ് തകർത്താണ് ഹൃദു കൃഷ്ണൻ നീന്തിക്കയറിയത്.

ഏഷ്യ ബുക് ഓഫ് റെക്കോർഡ്സിലാണ് ഇർഹാ സുഹൈൽ ഇടം നേടിയത്. പ്രോത്സാഹിപ്പിക്കാനായി ഒപ്പം നീന്തിയ ചില കൂട്ടുകാർ നൽകിയ കുപ്പി വെള്ളം നീന്തലിനിടെ കുടിച്ചതൊഴിച്ചാൽ ഒരു ഭക്ഷണവും ഇല്ലാതെയായിരുന്നു ഹൃദുവിന്റെ നീന്തൽ പ്രകടനം. ഇർഹാ സുഹൈൽ മുൻപ് 10 മിനിറ്റ് വെള്ളത്തിന് മീതെ കിടന്ന് ഇന്ത്യ ബുക് ഓഫ് റെക്കോർഡിൽ ഇടം നേടിയിട്ടുണ്ട്. ഹൃദു കൃഷ്ണൻ സംസ്ഥാന അക്വാറ്റിക് ചാംപ്യൻഷിപ്പിൽ 100 മീറ്റർ ബട്ടർഫ്ലൈ മത്സരത്തിലെ മെഡൽ ജേതാവാണ്.

ഇടിമുഴിക്കൽ പള്ളിക്കുളങ്ങര സന്തോഷ്– സുനിത ദമ്പതികളുടെ മകൻ. ഇടിമുഴിക്കൽ എഎൽ‌പി സ്കൂൾ അഞ്ചാം ക്ലാസ് വിദ്യാർഥിയാണ്. ഇടിമുഴിക്കൽ ചക്കുവളവിന് സമീപം താമസിക്കുന്ന തലശ്ശേരി സ്വദേശി സുഹൈൽ– അഫീദാ ദമ്പതികളുടെ മകളാണ് ഇർഫ സുഹൈൽ. ചേലേമ്പ്ര സിംഫിൻ സ്വിമ്മിങ് അക്കാദമിയിൽ നിന്ന് കോച്ച് ഹാഷിർ ചേലൂപാടത്തിന്റെ ശിക്ഷണത്തിൽ പരിശീലനം നേടിയ താരങ്ങളാണ് ഇരുവരും.

Tags:
  • Spotlight
  • Inspirational Story