വർഷങ്ങൾക്കു മുമ്പുള്ള സുഹൃത്തിനെ തിരഞ്ഞ് പ്രവാസി മലയാളി ഹരിപ്പാട്ടെത്തി. മുംബൈയിൽ ഒന്നിച്ചു താമസിച്ചിരുന്ന ഹരിപ്പാട് സ്വദേശിയായ ജയചന്ദ്രനെ(ഉണ്ണിപ്പിള്ള-62) കണ്ടു പിടിക്കാനുള്ള ശ്രമത്തിലാണ് സുഹൃത്തായ അടൂർ സ്വദേശി ജയിംസ് രാജൻ(55). വിദേശത്തു ജോലി ചെയ്തിരുന്ന ജയിംസ് രാജൻ നാട്ടിൽ എത്തിയപ്പോഴാണ് 30 വർഷം മുൻപ് മുംബൈയിലെ ഫ്ലാറ്റിൽ ഒന്നിച്ചു താമസിച്ചിരുന്ന സുഹൃത്തുക്കളെ കണ്ടെത്തുന്നതിനുള്ള ശ്രമം തുടങ്ങിയത്. ജയചന്ദ്രൻ ഒഴികെ മറ്റ് എല്ലാവരെയും കണ്ടെത്തി.
അവരുടെയല്ലാം ആവശ്യവും ജയചന്ദ്രനെ കണ്ടെത്തുക എന്നതായിരുന്നു. ഹരിപ്പാട് ക്ഷേത്രത്തിനു സമീപമാണ് താമസിക്കുന്നതെന്നും അച്ഛൻ കണ്ണുവൈദ്യൻ ആണെന്നുമുള്ള അറിവു മാത്രമേയുള്ളൂ. നല്ലൊരു വോളിബോൾ കളിക്കാരനായിരുന്നു ജയചന്ദ്രൻ. മുംബൈയിൽ നിന്നു 1991ൽ ജയചന്ദ്രൻ വിദേശത്തേക്ക് പോയിരുന്നു. പിന്നീട് വിവരമൊന്നുമില്ലായിരുന്നു. ഇപ്പോൾ 62 വയസ് പ്രായം കാണുമെന്നു ജയിംസ് രാജൻ പറഞ്ഞു.
എങ്ങനെയും സുഹൃത്തിനെ കണ്ടെത്തുക എന്നതിന്റെ ഭാഗമായി ജയിംസ് രാജൻ കഴിഞ്ഞ ആഴ്ച ഹരിപ്പാട് സുബ്രഹ്മണ്യ ക്ഷേത്രത്തിനു സമീപമെത്തി അന്വേഷണം നടത്തിയിരുന്നു. എന്നാൽ ഹരിപ്പാട്ടെ ഏത് ക്ഷേത്രത്തിനു സമീപമാണ് താമസിച്ചിരുന്നത് എന്നറിയാത്തതിനാൽ അന്വേഷണം ഫലം കണ്ടില്ല. ഇതേ തുടർന്നാണ് ഫെയ്സ്ബുക്കിൽ ഇത് സംബന്ധിച്ച് പോസ്റ്റ് ഇട്ടത്. ഇതിലൂടെ സുഹൃത്തിനെ കണ്ടെത്താൻ കഴിയുമെന്ന പ്രതീക്ഷയിലാണ് ജയിംസ് രാജൻ.