Thursday 13 January 2022 03:03 PM IST : By സ്വന്തം ലേഖകൻ

‘ജാൻ ബീവിയെ ഏറെ ഇഷ്ടപ്പെട്ടിരുന്നു, ഒരുമിച്ച് ജീവിക്കാനുള്ള ആഗ്രഹത്തിൽ മതം മാറി; യുവാവുമായുള്ള സൗഹൃദം വിലക്കിയിട്ടും അനുസരിച്ചില്ല’: ബഷീറിന്റെ മൊഴി

jan-bheevi-bhasheer

"ജാൻ ബീവിയെ ഏറെ ഇഷ്ടപ്പെട്ടിരുന്നു. ഒരുമിച്ച് ജീവിക്കാനുള്ള ആഗ്രഹത്തിലാണ് മതം മാറിയത്. വിവാഹം കഴിക്കാമെന്ന് പറയുമ്പോഴെല്ലാം അവർ ഒഴിഞ്ഞുമാറി. ഇത് പരപുരുഷ ബന്ധമെന്ന സംശയം കൂട്ടി. ഫോണിലെ വിവരങ്ങൾ പരിശോധിക്കുമ്പോഴാണ് യുവാവുമായുള്ള ബന്ധം തെളിഞ്ഞത്. ഈ സൗഹൃദം ഒഴിവാക്കണമെന്ന് നിരവധി തവണ വിലക്കിയിട്ടും അനുസരിച്ചില്ല. പിന്നീട് കൊലപ്പെടുത്തുക മാത്രമായി ലക്ഷ്യം. പത്തു വർഷം ഒരുമിച്ചുണ്ടായിട്ടും കബളിപ്പിക്കുകയാണെന്ന തിരിച്ചറിവാണ് കൊലയ്ക്ക് കാരണമായത്. കൊലപാതകത്തിൽ കുറ്റബോധമില്ല, ചതിച്ചതിലുള്ള അരിശം മാത്രം."- പാലക്കാട് പെരുവെമ്പ് കൊലപാതക കേസിലെ തെളിവെടുപ്പിനിടെ ബഷീർ എന്ന അയ്യപ്പൻ പറഞ്ഞു. 

ആലത്തൂര്‍ ഡിവൈഎസ്പിയുടെ നേതൃത്വത്തിലായിരുന്നു കൊലയുണ്ടായ സ്ഥലത്ത് എത്തിച്ചുള്ള വിശദമായ തെളിവെടുപ്പ് പൂര്‍ത്തിയാക്കിയത്. മുൻപും കൊലപാതകത്തിന് ശ്രമിച്ചെങ്കിലും സാഹചര്യം അനുകൂലമായില്ല. ജോലിക്കായി സഞ്ചിയിൽ കരുതിയിരുന്ന വെട്ടുകത്തിയാണ് കൊലയ്ക്ക് ഉപയോഗിച്ചതെന്നും ബഷീർ പൊലീസിന് മൊഴി നൽകി. ആക്രമിക്കുമെന്ന് ജാൻ ബീവിക്കും സംശയമുണ്ടായതിനാൽ അവരും കരുതലോടെയാണ് നീങ്ങിയത്.

വെള്ളിയാഴ്ച രാത്രിയിൽ ചോറക്കോട് കനാൽ കരയിൽ ഇരുന്ന് മദ്യപിച്ചു. പിന്നാലെ തർക്കമായി. അടിച്ച് വീഴ്ത്തി ജാൻ ബീവിയുടെ കഴുത്ത് മണ്ണിൽ അമർത്തി തുരുതുരെ വെട്ടുകയായിരുന്നു. കൊലയുണ്ടായ വെള്ളിയാഴ്ച രാത്രി തന്നെ ഇരുചക്ര വാഹനത്തിൽ ഗോവിന്ദാപുരം ചെക്പോസ്റ്റ് വഴി അതിർത്തി കടന്നു. പിന്നാലെ മധുരയിലെത്തി ഒളിച്ചു താമസിച്ചു. പൊലീസ് പിന്നാലെയുണ്ടെന്ന് മനസിലാക്കി പിന്നീട് പിടികൂടട്ടെയെന്ന മാനസികാവസ്ഥയിലേക്ക് മാറിയെന്നും ബഷീര്‍ മൊഴി നല്‍കിയിട്ടുണ്ട്. 

Tags:
  • Spotlight