Friday 31 July 2020 04:21 PM IST : By സ്വന്തം ലേഖകൻ

‘ചേച്ചീ... ഇനി ഞാൻ നെവിന്റെ കൂടെപ്പോയാൽ എന്റെ ഡെഡ് ബോഡി കാണേണ്ടി വരും’- അന്ന് മെറിൻ പറഞ്ഞത്; വെളിപ്പെടുത്തി സഹപ്രവര്‍ത്തക

melkey-baiju112

യുഎസിലെ മയാമിയില്‍ കുത്തേറ്റു മരിച്ച മലയാളി നഴ്‌സ് മെറിന്‍ ജോയിയെ ഭർത്താവ് ഫിലിപ് മാത്യു (നെവിന്‍) നിരന്തരം ഭീഷണിപ്പെടുത്തിയിരുന്നുവെന്ന് സഹപ്രവര്‍ത്തക മിനിമോളുടെ വെളിപ്പെടുത്തൽ. മെറിന്റെ സഹോദരിയുടെ കുട്ടികള്‍ക്കു നേരെയും നെവിൻ നേരത്തേ കത്തിവീശിയിട്ടുണ്ട്. കൊലപാതക ശ്രമത്തിന് കഴിഞ്ഞയാഴ്ച പൊലീസില്‍ പരാതി നല്‍കിയിരുന്നു. ശാരീരികമായും മാനസികമായും നെവിൻ മെറിനെ ആക്രമിച്ചിരുന്നു. മുൻപും മെറിനെതിരെ കൊലപാതക ശ്രമം ഉണ്ടായിട്ടുണ്ട്. സമൂഹമാധ്യമങ്ങളില്‍ മെറിനെതിരെ കേരളത്തില്‍നിന്ന് മോശമായ പ്രതികരണം നടക്കുന്നത് വേദനിപ്പിക്കുന്നുവെന്നും മിനിമോള്‍ പറഞ്ഞു. ഫെയ്സ്ബുക് ലൈവിലൂടെ മെറിനുമായി ബന്ധപ്പെട്ട കാര്യങ്ങൾ മിനിമോൾ പങ്കുവച്ചു.

"ഞാൻ ജോലി ചെയ്യുന്ന ഹോസ്പിറ്റലിലെ പുതിയ നഴ്സ് ആയിട്ടാണ് മെറിൻ അവിടെ ജോയിൻ ചെയ്യുന്നത്. പുതിയതായി ജോയിൻ ചെയ്ത ആളായത് കൊണ്ട് മെറിന്റെ മെന്റർ ഞാനായിരുന്നു. അതുകൊണ്ടുതന്നെ മെറിനുമായി പ്രത്യേക അടുപ്പം എനിക്കുണ്ടായിരുന്നു. അവരുടെ കുടുംബം എന്റെ വീട്ടിലൊക്കെ വരാറുണ്ടായിരുന്നു. ഡ്യൂട്ടിയുടെ ഭാഗമായി പലപ്പോഴും മെറിനെ കാണേണ്ടതായും സംസാരിക്കേണ്ടതായും വരാറുണ്ട്. മെറിനോട് കൂടുതൽ സംസാരിച്ചിട്ടുണ്ട്, അവരെ അറിഞ്ഞിട്ടുണ്ട്. അവരുടെ പ്രയാസങ്ങൾ പലപ്പോഴും എന്നോട് പറഞ്ഞിട്ടുണ്ട്. കുടുംബത്തിലെ പ്രശ്നങ്ങൾ പരിഹരിച്ചു മുന്നോട്ടുപോകാൻ ഒരു ഭാര്യയെന്ന നിലയിൽ അമ്മയെന്ന നിലയിൽ മെറിൻ പരമാവധി പരിശ്രമിച്ചിരുന്നു. അവൾ വളരെയേറെ ത്യാഗങ്ങൾ സഹിച്ചാണ് മുന്നോട്ടു പോയി കൊണ്ടിരുന്നത്.

ഒരിക്കൽ നാട്ടിൽ പോയപ്പോൾ ഇരുവരും തമ്മിൽ കുറേ പ്രശ്നങ്ങൾ ഉണ്ടായി. ഒരുവിധത്തിലും നെവിനുമായി മുന്നോട്ടുപോകാൻ പറ്റുന്നില്ലെന്ന് മെറിൻ വിളിച്ചുപറഞ്ഞിരുന്നു. അന്ന് ഡിവോസിനു വരെ ശ്രമിച്ചു. ഇക്കാര്യങ്ങളൊക്കെ അവൾ വിശദീകരിച്ചു പറഞ്ഞു. തിരിച്ചുവരുമ്പോൾ താമസിക്കാൻ സൗകര്യം ഒരുക്കി തരണമെന്നും ആവശ്യപ്പെട്ടിരുന്നു. എന്റെ വീട്ടിൽ താമസിക്കാനുള്ള സൗകര്യം ഞാൻ ഒരുക്കി നൽകി. പിന്നീട് ഞങ്ങളിൽ ഒരാളായിട്ടാണ് അവൾ ജീവിച്ചത്. എനിക്കെന്റെ സ്വന്തം അനിയത്തിയായിരുന്നു മെറിൻ. അവളോട് ദേഷ്യപ്പെട്ടു സംസാരിക്കേണ്ട സാഹചര്യം പോലും ഉണ്ടായിട്ടില്ല. കാരണം അത്രയ്ക്ക് സ്വീറ്റായ പെൺകുട്ടിയായിരുന്നു അവൾ.

പിന്നീട് നെവിന്റെ ഭീഷണിയൊക്കെ വന്നിരുന്നു. കുഞ്ഞിന് ഒരിക്കലും അച്ഛനില്ലാതാകരുത് എന്ന നിർബന്ധം മെറിനും എനിക്കുമുണ്ടായിരുന്നു. പ്രശ്നങ്ങൾ സോൾവ് ചെയ്യണമെന്ന ആഗ്രഹം ഞങ്ങൾക്കുണ്ടായിരുന്നു. പക്ഷെ, ഒരു ഭാര്യയ്ക്ക് ഒരിക്കലും ക്ഷമിക്കാൻ പറ്റാത്ത തെറ്റുകൾ നെവിൻ അവളോട് ചെയ്തിരുന്നു. ‘ചേച്ചീ... ഇനി ഞാൻ നെവിന്റെ കൂടെപ്പോയാൽ എന്റെ ഡെഡ് ബോഡി കാണേണ്ടി വരും’- ഒരിക്കൽ മെറിൻ പറഞ്ഞു. ഒരാഴ്‌ച മുൻപും നെവിന്റെ ഉപദ്രവത്തെക്കുറിച്ച് അവൾ സൂചിപ്പിച്ചിരുന്നു. പൊലീസിൽ പരാതിപ്പെടാൻ ഞാൻ അന്ന് പറഞ്ഞു."- മിനി പറയുന്നു.

വിഡിയോ കാണാം... 

Tags:
  • Spotlight
  • Social Media Viral