Wednesday 16 September 2020 12:16 PM IST : By സ്വന്തം ലേഖകൻ

അഞ്ച് ദിവസം പ്രായമുള്ള അവൾക്കു വേണ്ടി ആ വലിയ കരൾ തുന്നിച്ചേർത്തു, അവളിന്നും ജീവിക്കുന്നു; ആ കഥയാണ് ഈ ചിത്രം

dr

അവയവക്കച്ചവടത്തിനു വേണ്ടി ആളെക്കൊല്ലുന്നു എന്ന പ്രചരണത്തിന് കാലങ്ങളോളം പഴക്കമുണ്ട്. അവയവങ്ങൾ മാറ്റിവയ്ക്കുന്നവർ അധികകാലം ജീവിച്ചിരിക്കില്ല എന്നൊരു കഥയും മറുവശത്തുണ്ട്. ഇത്തരം ചോദ്യങ്ങൾക്കും ആരോപണങ്ങൾക്കും ജീവിതം കൊണ്ടും അനുഭവം കൊണ്ടും മറുപടി പറയുകയാണ് ഒരുഡോക്ടർ. 5 ദിവസം മാത്രം പ്രായമായ കുഞ്ഞിന് കരൾ മാറ്റിവച്ച പ്രൊഫസർ മുഹമ്മദ് റെലയുടെ ജീവിതാനുഭവങ്ങളാണ് ചോദ്യങ്ങൾക്കെല്ലാമുള്ള മറുപടി. 5 ദിവസം മാത്രം പ്രായമുള്ള കുഞ്ഞിന് പത്തു വയസുകാരന്റെ കരൾ വയ്ക്കണ്ടി വന്നതിലെ സങ്കീർണതയും പ്രൊഫസർ മുഹന്നദ് റെലയ്ക്ക് പറയാനുണ്ട്. ഇരുപത് വർഷത്തിനു ശേഷം തന്നെ കാണാനെത്തിയ ആ പഴയ അഞ്ചുവയസുകാരിയെ ചേർത്തു നിർത്തിയാണ് പ്രൊഫസർ മുഹമ്മദ് ആ കഥ പറയുന്നത്. ഡോ. നെൽസൺ ജോസഫാണ് കുറിപ്പിലൂടെ ഈ വിവരം സോഷ്യൽ മീഡിയക്ക് മുമ്പാകെ പങ്കുവയ്ക്കുന്നത്.

ഫെയ്സ്ബുക്ക് കുറിപ്പ് വായിക്കാം;

അവയവക്കച്ചവടത്തിനു വേണ്ടി ആളെ കൊല്ലുന്നു, വെറുതെ അവയവങ്ങൾ മാറ്റി വയ്ക്കുന്നു. മാറ്റിവയ്ക്കുന്നവർ ആറുമാസത്തിലധികം ജീവിക്കില്ല എന്ന് പാടിനടക്കുന്നവരറിയാൻ :

ഗിന്നസ് ബുക്ക് ഓഫ് വേൾഡ് റെക്കോഡിൽ കയറിപ്പറ്റിയ ഒരു സംഭവത്തെക്കുറിച്ചാണ്. കഥയിലെ നായകൻ ഇന്ത്യക്കാരനായ, തമിഴ് നാട്ടുകാരനായ ഡോക്ടറാണ്

ഇരുപത് വർഷങ്ങൾ മുൻപ് ലണ്ടനിലെ കിങ്ങ്സ് കോളജ് ഹോസ്പിറ്റലിൽ ഒരു കുഞ്ഞ് എത്തി. അഞ്ച് ദിവസം മാത്രം പ്രായമുള്ള ആ കുഞ്ഞിന്റെ കരളിനെ തകർക്കുന്ന ഒരു രോഗവുമായി. (ഹീമോക്രോമറ്റോസിസ്).

അവളുടെ അച്ഛനും അമ്മയ്ക്കും അവൾക്ക് മുൻപ് രണ്ട് കുഞ്ഞുങ്ങളെ നഷ്ടപ്പെട്ടുകഴിഞ്ഞിരുന്നു...അതേ രോഗം മൂലം.

അന്ന് അവിടത്തെ ഡോക്ടർ Professor Mohamed Rela ഒരു ധീരമായ തീരുമാനമെടുത്തു. ആ കുഞ്ഞിന് കരൾ മാറ്റ ശസ്ത്രക്രിയ നടത്താൻ.

അഞ്ച് ദിവസം പ്രായം. കരൾ അന്ന് ലഭ്യമായിരുന്നു. ആക്സിഡന്റിൽ മരിച്ച ഒരു പത്തുവയസുകാരന്റെ കരൾ.

പക്ഷേ അഞ്ച് ദിവസം മാത്രം പ്രായമുള്ള കുഞ്ഞിലെ ശസ്ത്രക്രിയ സങ്കീർണമാണ്. രക്തക്കുഴലുകൾ വളരെ ചെറുതായതിനാൽ മൈക്രോസ്കോപ്പ് വച്ച് വേണം തുന്നിച്ചേർക്കാൻ. .

പത്ത് വയസ് കാരന്റെ കരൾ അതേപടി അഞ്ച് ദിവസക്കാരിക്ക് പാകമാകില്ല.
അതിനു കരളിനെ മുറിച്ച് ചെറുതാക്കണം. വെറുതെ ഇറച്ചി നുറുക്കുന്നത് പോലെ അത് നടക്കില്ല.

അന്ന് വരേയ്ക്കും മാറ്റി വയ്ക്കപ്പെട്ട ഏറ്റവും ചെറിയ കരളിന്റെ ഭാഗം ആ കുഞ്ഞിനു തുന്നിച്ചേർത്തു.
എല്ലാ വിധികളെയും മാറ്റിമറിച്ച് അവൾ ജീവിച്ചു.

ഇരുപത് വർഷത്തിനു ശേഷമെത്തിയ ആ കുഞ്ഞും അവൾക്ക് കരൾ മാറ്റിവച്ച ഡോക്ടറുമാണ് ചിത്രത്തിൽ.