Friday 28 September 2018 05:34 PM IST : By സ്വന്തം ലേഖകൻ

ആർത്തവ രക്തത്തിന്റെ നിറം നോക്കി രോഗനിർണ്ണയം നടത്താം, ചികിത്സ തേടാം!

periods-blood-colour

ആർത്തവം സ്ത്രീയെ സംബന്ധിച്ചിടത്തോളം സ്വാഭാവികമായ പ്രക്രിയയാണ്. എങ്കിലും, ഈ ദിവസങ്ങളിൽ മാനസികമായും ശാരീരികമായും ചില അസ്വസ്ഥതകൾ സ്ത്രീക്കുണ്ടാകും. മൂഡ് മാറ്റം, അമിത ദേഷ്യം, വയറുവേദന, അമിത രക്തസ്രാവം, നടുവേദന, കാൽ കടച്ചിൽ, മുഖക്കുരു എന്നിവയെല്ലാം ആർത്തവ ദിവസങ്ങളിലെ സ്ഥിരം ’ശല്യക്കാരാണ്.’ അതേസമയം ആർത്തവ രക്തത്തിന്റെ നിറവ്യത്യാസം സ്ത്രീകൾ പലപ്പോഴും കാര്യമാക്കി എടുക്കാറില്ല. എന്നാൽ ഇനിയെങ്കിലും മനസ്സിലാക്കിക്കോളൂ, ആർത്തവ രക്തവും അതിന്റെ നിറ വ്യത്യാസവും നിങ്ങളുടെ ആരോഗ്യസ്ഥിതിയെ എടുത്തു കാണിക്കുന്നവയാണെന്ന്.

ചെറിപ്പഴത്തിന്റെ ചുവപ്പുനിറം

ചെറിപ്പഴത്തിന്റെ പോലെ നല്ല ചുവപ്പുനിറത്തിലാണ് നിങ്ങളുടെ ആർത്തവ രക്തം പോകുന്നതെങ്കിൽ വളരെ നല്ല ലക്ഷണമാണ്. കാരണം, നിങ്ങളുടെ ശരീരം പൂർണ്ണ ആരോഗ്യസ്ഥിതിയിലാണ് എന്നാണ് ഇതിന്റെ അർത്ഥം. അതുകൊണ്ട് ഭക്ഷണകാര്യത്തിൽ വലിയ മാറ്റങ്ങളൊന്നും വരുത്താതെ ഇതേ ദിനചര്യയിൽ തന്നെ മുന്നോട്ടു പോകുക.

ഇളം ചുവപ്പുനിറം

ഇളം ചുവപ്പുനിറത്തിലോ പിങ്ക് നിറത്തിലോ ആണ് ആർത്തവ രക്തമെങ്കിൽ നിങ്ങളുടെ ശരീരത്തിൽ ഈസ്ട്രജൻറെ അളവ് കുറവാണെന്ന് വ്യക്തമാണ്. സാധാരണയായി സ്പോർട്സ് താരങ്ങൾക്കാണ് ഈ അവസ്ഥയുണ്ടാകാറുള്ളത്. അമിത വ്യായാമത്തിലൂടെ രക്തത്തിൽ ഈസ്ട്രജന്റെ അളവ് കുറയുന്നു. ഇങ്ങനെ കൂടുതൽ ഈസ്ട്രജന്റെ അളവ് കുറയുന്നത് ഓസ്റ്റിയോപൊറോസിസിനു കാരണമാകും. എത്രയും പെട്ടെന്ന് ഡോക്ടറുടെ സഹായം തേടേണ്ടതാണ്.   

ഇളം പിങ്ക് നിറം അല്ലെങ്കിൽ നിറമില്ലാതെ

നിറമില്ലാതെ വെള്ളം പോലെയോ, ഇളം പിങ്ക് നിറത്തിലോ ആർത്തവ രക്തം കാണപ്പെട്ടാൽ ഉടൻതന്നെ ഡോക്ടറെ സമീപിക്കുക. ഒവേറിയൻ ക്യാൻസറിന്റെ ലക്ഷണമാണിത്. കൂടാതെ ശരീരത്തിൽ നിന്ന് ന്യൂട്രിയന്റ്സ് അമിതമായി നഷ്ടപ്പെട്ടാലും ഈ അവസ്ഥയുണ്ടാകും. രണ്ടായാലും അപകടകരമായ അവസ്ഥയാണ്.

ബ്രൗൺ നിറം

ബ്രൗൺ നിറത്തിൽ ആർത്തവ രക്തം കാണപ്പെടുന്നത് സർവ സാധാരണമാണ്. ആർത്തവ ചക്രത്തിന്റെ തുടക്കത്തിലും അവസാന കാലഘട്ടത്തിലുമാണ് സാധാരണയായി ബ്രൗൺ നിറത്തിൽ കാണപ്പെടുന്നത്. ഇതൊരു രോഗ ലക്ഷണമൊന്നുമല്ലാത്തതിനാൽ ഭയക്കേണ്ട കാര്യമില്ല.  

കടും ചുവപ്പുനിറത്തിൽ കട്ട പിടിച്ച്

കടും ചുവപ്പുനിറത്തിൽ ജാം പോലെ രക്തം കട്ട പിടിച്ച് കാണപ്പെട്ടാൽ സ്ത്രീ ഹോർമോണായ ഈസ്ട്രജന്റെ അളവ് കൂടുതലാണെന്ന് ഉറപ്പിക്കാം. അതേസമയം പ്രൊജസ്റ്റിറോണിന്റെ അളവ് കുറവായിരിക്കും. ഇത്തരക്കാർക്ക് രക്തസ്രാവം കൂടുതലായിരിക്കും. എന്നാൽ വലിയ രീതിയിൽ രക്തം കട്ട പിടിച്ചത് ശ്രദ്ധയിൽപ്പെട്ടാൽ ഡോക്ടറെ കാണിക്കണം. ഗർഭപാത്രത്തിൽ മുഴയുള്ളതിന്റെ ലക്ഷണം കൂടിയാവാം ഇത്.

ഓറഞ്ച് നിറം

സാധാരണയായി ചുവന്ന നിറത്തിലുള്ള ആർത്തവ രക്തത്തിൽ സെർവിക്കൽ ഫ്ലൂയിഡ് കലരുമ്പോൾ ഓറഞ്ച് നിറത്തിൽ കാണപ്പെടും. ഇങ്ങനെ നിറ വ്യത്യാസത്തിനൊപ്പം ദുർഗന്ധം കൂടി അനുഭവപ്പെട്ടാൽ ഡോക്ടറെ കാണിക്കണം. ഗർഭപാത്രത്തിലോ യോനിയിലോ ഇൻഫെക്ഷന് സാധ്യതയുണ്ട്.

ചാര നിറം

ചാര നിറത്തിൽ ആർത്തവ രക്തം കാണപ്പെടുന്നത് ലൈംഗിക രോഗങ്ങളുടെ ലക്ഷണമാവാം, ഗർഭാവസ്ഥയിൽ അല്ലെങ്കിൽ മാത്രം. അതേസമയം ഗർഭാവസ്ഥയിലാണെങ്കിൽ ഇങ്ങനെ ചാര നിറത്തിൽ ഡിസ്ചാർജ് ഉണ്ടാകുന്നതെങ്കിൽ ഗർഭം അലസിയതായി ഉറപ്പാക്കാം. രണ്ടായാലും വളരെ പെട്ടെന്നുതന്നെ ഡോക്ടറെ കാണിച്ചു ചികിത്സ തേടേണ്ടതാണ്.