Saturday 17 July 2021 11:00 AM IST : By സ്വന്തം ലേഖകൻ

അണലിയെ പിടികൂടി തുടക്കം, പാമ്പുകളെ ചാക്കിലാക്കി ഈ അച്ഛനും മകളും: ഒറ്റ ഫോണ്‍കോളില്‍ പാഞ്ഞെത്തും ഇരുവരും

snake

പാമ്പുകളെ കണ്ടാല്‍ ഒറ്റ ഫോണ്‍ കോള്‍ മതി, ബൈക്കിലോ ഓട്ടോയിലോ അച്ഛനും മകളും സേവന തല്‍പരരായി പാഞ്ഞെത്തും. അതിനെ പിടികൂടി വനപാലകര്‍ക്കു കൈമാറും. പാമ്പു പിടിത്തത്തിനു വനം വകുപ്പിന്റെ ലൈസന്‍സ് നേടിയ അടൂര്‍ മണക്കാല തുവയൂര്‍ വടക്ക് ആലുവിള പുത്തന്‍ വീട്ടില്‍ വി.ടി.ചാര്‍ലിയും ഡിഗ്രി വിദ്യാര്‍ഥിനിയായ മകള്‍ ആഷ്ലിയുമാണ് ഭയം കൂടാതെ പാമ്പുകളെ പിടികൂടുന്നത്. ജില്ലയില്‍ വനം വകുപ്പിന്റെ ലൈസന്‍സുള്ള പാമ്പു പിടിത്തക്കാരുടെ പട്ടികയില്‍ ഇവരുമുണ്ട്.

കഴിഞ്ഞ മാര്‍ച്ചിലാണ് പാമ്പിനെ പിടിക്കാനുള്ള സര്‍ട്ടിഫിക്കറ്റ് ലഭിച്ചത്. തുടര്‍ന്ന് പെരുമ്പാമ്പ്, അണലി, മൂര്‍ഖന്‍ എന്നിവ ഉള്‍പ്പെടെ വിഷമുള്ളതും ഇല്ലാത്തതുമായ ഇരുപത്തിയഞ്ചോളം പാമ്പുകളെ ഇവര്‍ പിടികൂടി. അതിനു മുന്‍പും ഒട്ടേറെ പാമ്പുകളെ പിടികൂടി വനപാലകര്‍ക്ക് കൈമാറിയിരുന്നു. 10 വര്‍ഷം മുന്‍പ് സമീപത്തുള്ള വീട്ടില്‍ കയറിയ അണലിയെ പിടിച്ചാണ് ചാര്‍ലി പാമ്പു പിടിത്തം ആരംഭിച്ചത്. പിന്നീട് തൊഴിലുറപ്പു ജോലിക്കായി പോകുന്നിടത്ത് കാണുന്ന പാമ്പുകളെ പിടിച്ച് ചാക്കിലാക്കി വനപാലകര്‍ക്ക് കൈമാറിത്തുടങ്ങി. പാമ്പിനെ പിടിക്കാന്‍ പോകുമ്പോള്‍ ആഷ്ലിയെയും ഒപ്പം കൂട്ടിയിരുന്നു.അച്ഛന്‍ പാമ്പിനെ പിടിക്കുന്നത് മകള്‍ ഭയമില്ലാതെ അടുത്തുനിന്ന് കണ്ടുപഠിച്ചു. പിന്നെ മകള്‍ക്കും പാമ്പിനെ പിടിക്കണമെന്നായി. 

വിഷമില്ലാത്ത പാമ്പുകളെയാണ് ഈ പത്തൊമ്പതുകാരി ആദ്യം പിടികൂടിയത്. കഴിഞ്ഞ മാര്‍ച്ചില്‍ പാമ്പിനെ പിടിക്കുന്നതിനുള്ള പരിശീലനം ഉണ്ടെന്ന് അറിഞ്ഞ് ഇരുവരും വനം വകുപ്പിന്റെ കോന്നി ഓഫിസിലെത്തി. അവിടെ ഒരു ദിവസത്തെ പരിശീലനം പൂര്‍ത്തിയാക്കിയപ്പോള്‍ സര്‍ട്ടിഫിക്കറ്റും പാമ്പിനെ പിടിക്കാനുള്ള ഉപകരണങ്ങളും ലഭിച്ചു. അണലിയെ പിടിച്ചാണ് പരിശീലിച്ചത്. ഇപ്പോള്‍ ആരു വിളിച്ചാലും ഇരുവരും ചേര്‍ന്ന് പാമ്പിനെ പിടിച്ച് ചാക്കിലോ കുപ്പിയിലോ ആക്കി കൊണ്ടുപോകും, ഒരു പ്രതിഫലവും സ്വീകരിക്കാതെ.പാമ്പിനെ കാണുന്ന സ്ഥലത്തെത്തിയാല്‍ ആദ്യം ആളുകളെ മാറ്റും. പിന്നീടാണ് പിടികൂടുന്നത്. ഇതിന്റെ ചിത്രം മൊബൈലില്‍ എടുക്കാനോ വിഡിയോയില്‍ പകര്‍ത്താനോ അനുവദിക്കില്ല. 

വനം വകുപ്പിന്റെ 'സര്‍പ്പ ആപ്പി'ല്‍ റജിസ്റ്റര്‍ ചെയ്തിട്ടാണ് മിക്കവരും വിളിക്കുന്നത്. കൂടുതല്‍ വിളികള്‍ വരുന്നത് അടൂര്‍ മേഖലയില്‍ നിന്നാണെന്ന് ആഷ്ലി പറഞ്ഞു. ദൂരെ നിന്ന് വിളി വന്നത് കഴിഞ്ഞയാഴ്ച തിരുവല്ലയില്‍ നിന്നാണ്. അവിടെ അമ്മ മാത്രം താമസിക്കുന്ന വീട്ടില്‍ പാമ്പിനെ കണ്ടതായി അറിയിച്ചതനുസരിച്ച് 2 പേരും രാത്രി തന്നെ ബൈക്കില്‍ അവിടെയെത്തി. എന്നാല്‍ കണ്ടത്തിയത് ചേരയെ. അതിനെ പിടികൂടി ചാക്കിലാക്കി. ഏറത്ത് പഞ്ചായത്തിന്റെ കോവിഡ് ചികിത്സാ കേന്ദ്രത്തില്‍ താല്‍ക്കാലിക ജോലിക്കാരനാണ് ചാര്‍ലി. ആഷ്ലി പത്തനംതിട്ട കാതോലിക്കേറ്റ് കോളജില്‍ ബിഎ മലയാളം അവസാന വര്‍ഷ വിദ്യാര്‍ഥിനിയും.

More