Thursday 23 July 2020 12:17 PM IST : By സ്വന്തം ലേഖകൻ

‘ഞാൻ മൂലം ആർക്കും കോവിഡ് ബാധിച്ചിട്ടില്ല; രോഗം പകരാതെ തടയേണ്ടത് നമ്മുടെ ഉത്തരവാദിത്തം’; ഉമ്മർ ഫറൂഖ് വ്യക്തമായി പറയുന്നു

covidddd887655

"ലോക്ഡൗൺ നിർദേശങ്ങൾക്ക് ഇളവ് വന്നതോടെ മംഗളൂരുവിലേക്ക് ദിനംപ്രതി ജോലിക്ക് പോയി വരികയായിരുന്നു ഞാൻ. കുറച്ച് ദിവസം തുടർച്ചയായി പോയി വന്നതോടെ ചുമ, ശരീര വേദനയടക്കമുളള രോഗലക്ഷണങ്ങൾ കണ്ടുതുടങ്ങി. പിന്നെ ഞാൻ ഒട്ടും മടിക്കാതെ സർക്കാർ ആശുപത്രിയിൽ പോയി ഡോക്ടറെ കാണുകയും ഫലം വരുന്നതുവരെ റൂം ക്വാറന്റീനിൽ നിൽക്കുകയും ചെയ്തു."- ജൂലൈ 21 ന് കോവിഡ് രോഗവിമുക്തനായ കാസർകോട് സ്വദേശി ഉമ്മർ ഫറൂഖ് പറയുന്നു.

‘‘ജൂലൈ 4നാണ് എന്റെ പരിശോധനാ ഫലം വരുന്നത്. കോവിഡ് പോസിറ്റീവ് ആയതോടെ ഉക്കിനടുക്ക മെഡിക്കൽ കോളജിൽ അഡ്മിറ്റ് ചെയ്തു. ഈ സന്ദർഭത്തിൽ എന്നോട് ഇടപഴകിയ വീട്ടുകാരോടും കൂട്ടുകാരോടും സ്വയം നിരീക്ഷണത്തിൽ പോകാൻ ഞാൻ തന്നെ ആവശ്യപ്പെടുകയായിരുന്നു. ഈ കരുതൽ തന്നെയാണ് രോഗം വീട്ടുകാരിലേക്കും കൂട്ടുകാരിലേക്കും പകരാതെ തടഞ്ഞതും. നമ്മളിൽ നിന്നും മറ്റൊരാളിലേക്ക് രോഗം പകരാതെ തടയേണ്ടത് നമ്മുടെ ഉത്തരവാദിത്തമാണ്. എനിക്ക് രോഗം സ്ഥിരീകരിച്ചയുടനെ, ഞാനുമായി ഇടപഴകിയ മുഴുവൻ പേരുടെയും ഞാൻ പോയ മുഴുവൻ സ്ഥലങ്ങളുടെയും വിശദാംശങ്ങൾ ഹെൽത്ത് ഇൻസ്‌പെക്ടർക്ക് കൈമാറി. രോഗം സ്ഥിരീകരിച്ചാൽ നമ്മൾ എന്തിന് നമ്മുടെ വിശദാംശങ്ങൾ വെളിപ്പെടുത്താൻ മടിക്കണം’’– 24 വയസ്സുകാരനായ ഉമ്മർ ഫറൂഖ് ചോദിക്കുന്നു.

‘‘ഭൂമിയിലെ മാലാഖമാർ എന്ന് ഡോക്ടർമാരെയും നേഴ്‌സുമാരെയും കുറിച്ച് പറയുന്നത് ഞാൻ കേട്ടിട്ടുണ്ട്. അത് 100 ശതമാനം സത്യമാണെന്ന് തെളിയിച്ചതാണ് കോവിഡ് സ്ഥിരീകരിച്ച് ഞാൻ ആശുപത്രിയിൽ കഴിഞ്ഞ ദിനങ്ങൾ. ചെറിയ ശാരീരിക അസ്വസ്ഥ പ്രകടിപ്പിക്കുമ്പോഴേക്കും ഡോക്ടർമാരും നഴ്‌സുമാരും റൂമിലേക്ക് ഓടിയെത്തും. മാനസിക സമ്മർദ്ദം അനുഭവപ്പെടാതിരിക്കാൻ അവർ നൽകിയ പിന്തുണ വലുതാണ്.’’- ഉമ്മർ പറയുന്നു.

ആശുപത്രിയിൽ കഴിഞ്ഞിരുന്ന ദിനങ്ങളിലെ ഉമ്മർ ഫാറൂഖിന്റെ കൂട്ട് പുസ്തകങ്ങളായിരുന്നു. അജയ് കെ.പാണ്ഡെ എഴുതിയ പുസ്തകമായ 'ആൻ അൺ എക്‌സ്‌പെറ്റഡ് ഗിഫ്റ്റ്' ഈ കാലയളവിൽ വായിച്ചു തീർത്തു. ചേതൻ ഭഗത് ആണ് ഉമ്മർ ഫാറൂഖിന്റെ പ്രിയപ്പെട്ട എഴുത്തുകാരൻ. ചേതൻ ഭഗതിന്റെ മിക്കവാറും എല്ലാ പുസ്തകങ്ങളും വായിച്ചിട്ടുണ്ടെന്ന് ഉമ്മർ പറയുന്നു. വായനയും കോവിഡ് കാലത്തെ സമ്മർദ്ദത്തെ അതിജീവിക്കാൻ സഹായിച്ചു. ബന്തിയോട് അട്ക്ക സ്വദേശിയായ ഉമ്മർ ഫറൂഖ് സിടി സ്‌കാൻ ടെക്‌നോളജിസ്റ്റ് ആണ്.

Tags:
  • Spotlight