Tuesday 02 January 2024 10:08 AM IST : By Manoj S Nair

വീട് വച്ചശേഷം വാസ്തു നോക്കുന്നവർക്ക് ഇത് തിരുത്താനാവില്ല; ഗൃഹങ്ങൾക്ക് ആകാവുന്നതും ഒഴിവാക്കേണ്ടതുമായ ആകൃതികൾ

vastu

ഗൃഹനിർമാണം കഴിഞ്ഞശേഷം വാസ്തുപരമായ തെറ്റുകൾ ഉണ്ടോ എന്നു പരിശോധിക്കുന്നവരാണ് അധികവും. ഒരിക്കൽ രൂപരേഖ തയാറാക്കി നിർമിച്ച ഗൃഹത്തിൽ വാസ്തുപരമായ തിരുത്തൽ നൂറു ശതമാനം ചെയ്യാൻ സാധിക്കാറില്ല. എന്നാൽ വീട് രൂപകൽപന ചെയ്യുമ്പോൾ വളരെ നിസ്സാരമായി വാസ്തുനിയമങ്ങൾ പാലിക്കാവുന്നതേയുള്ളൂ.

വളരെ അധികം ആളുകൾക്ക് തെറ്റിദ്ധാരണയുണ്ടാവുന്ന ഒന്നാണ് ഗൃഹത്തിന് ഒടിവുകളും കട്ടിങ്ങുകളും ഒരു കാരണവശാലും പാടില്ല എന്ന വിശ്വാസം. പരമ്പരാഗത വാസ്തു ആചാര്യന്മാർ സമചതുരത്തിലോ ദീർഘചതുരത്തിലോ മാത്രമേ ഗൃഹം നിർമിക്കാവൂ എന്ന് നിഷ്കർഷിക്കുകയും മൂലകളിൽ വരുന്ന കട്ടിങ്ങുകൾ അടച്ചുകെട്ടിയെടുക്കുകയും ചെയ്തിരുന്നത് പതിവാണ്. ഇത് വാസ്തുവിദ്യയുടെ വികലമായ ആവിഷ്കാരമാണ്.

സാധാരണയായി നാം നിർമിക്കുന്ന ഗൃഹം ഏകശാലയാണ്. ഇതിന് ദർശനം ഏതുഭാഗത്തേക്കായാലും തെക്കുപടിഞ്ഞാറേ കോണിൽ കട്ടിങ് ഒഴിവാക്കി രൂപകൽപന നടത്തിയാൽ മാത്രം മതിയാകും. മറ്റു കോണുകളിൽ കട്ടിങ് വരുത്തുന്നതിൽ തെറ്റില്ല.

വാസ്തുവിലെ ശാലാവിന്യാസത്തെക്കുറിച്ചും സ്ഥാന നിർണയത്തെക്കുറിച്ചും ശരിയായ പരി‍ജ്ഞാനമില്ലാത്തതു കൊണ്ടാണ് ഗൃഹങ്ങൾ എല്ലാം സമചതുരവും ദീർഘചതുരവും ആയിരിക്കണമെന്ന് ശഠിക്കുന്നത്. എന്നാൽ ഗൃഹത്തിന് വൃത്താകൃതി, ത്രികോണാകൃതി, നാലിൽ കൂടുതൽ വശങ്ങൾ ഉള്ള മുറികൾ എന്നിവ രൂപകൽപന ചെയ്യുന്നത് ഉചിതമല്ല.

ഗൃഹത്തിൽ നിന്ന് തെക്കുഭാഗത്തേക്കോ പടിഞ്ഞാറ് ഭാഗത്തേക്കോ ടോയ്‌ലറ്റ് പണിത് തെക്കുപടിഞ്ഞാറേ മൂല ഒഴിച്ചിടുന്ന രീതിയും ശരിയല്ല. തെക്കുഭാഗത്തും പടിഞ്ഞാറ് ഭാഗത്തും ഉണ്ടാക്കുന്ന അകത്തേക്കുള്ള കട്ടിങ്ങുകളും ഒഴിവാക്കുക. കാർപോർച്ചുകൾ തെക്കുഭാഗത്തേക്കോ പടിഞ്ഞാറുഭാഗത്തേക്കോ പൂർണമായും പുറത്തേക്ക് തള്ളിനിൽക്കുന്ന രീതിയിൽ പണിയുന്നത് വാസ്തുപരമായി തെറ്റല്ല. വാസ്തുപരമായാണ് ചെയ്യുന്നതെങ്കിൽ തെക്കുപടിഞ്ഞാറ് ഒഴിച്ച് ബാക്കിവരുന്ന കട്ടിങ്ങുകൾ ചുറ്റളവ് കണക്കാക്കി മാത്രം ക്രമീകരിച്ചാൽ മതിയാകും.

ഇരുനില ഗൃഹങ്ങളിൽ രണ്ടുനിലകളിലും തെക്കുപടിഞ്ഞാറേ കോൺ കട്ടിങ് ഇല്ലാതെ പൂർണമായിരിക്കുന്നതാണ് അഭികാമ്യം. ഏതേത് ദിക്കിലേക്കാണോ ഗൃഹം തിരിഞ്ഞിരിക്കുന്നത് അതിനനുസൃതമായ വിധത്തിലാകണം ഗൃഹത്തിന് കണക്കുകൾ നൽകുവാൻ എന്ന കാര്യം മറക്കാതിരിക്കുക.