Friday 24 February 2023 11:24 AM IST

‘നൊമ്പരക്കൂടി’ലെ നീതുമോൾ... കലയുടെ സ്നേഹക്കൂട്ടിൽ നിന്നും ഹർഷിത പിഷാരടിയും കുടുംബവും

Ammu Joas

Sub Editor

harshitha-story അച്ഛൻ ജയൻ പിഷാരടിക്കും അമ്മ ഡോ.സ്മിത എം. പിഷാരടിക്കുമൊപ്പം

ശ്രുതി അമ്മ, ലയം അച്ഛൻ, മകളുടെ പേരോ സംഗീതം... ഈ വരികൾ ഓർമ വരും ഹർഷിത പിഷാരടിയുടെ കുടുംബത്തോടൊപ്പം ഇരിക്കുമ്പോൾ. നൊമ്പരക്കൂട് എന്ന ആദ്യ ചിത്രത്തിലെ നായികാവേഷത്തിലൂടെ തന്നെ മലയാളസിനിമയുടെ പുത്തൻ പ്രതീക്ഷയായി മാറി ഈ താരം.ചിത്രത്തിലെ മികച്ച പ്രകടനത്തിനു ജയ്പൂർ ഇന്റർനാഷനൽ ഫിലിം ഫെസ്റ്റിവലിൽ ‘ബെസ്റ്റ് ആക്ട്രസ് ഇന്‍ സപ്പോർട്ടിങ് റോൾ’ അവാർഡ് നേടിയ ഈ മിടുക്കിക്കു സിനിമയും പാട്ടുമെല്ലാമാണ് ഇഷ്ടം.

കലയുടെ സ്നേഹക്കൂടായ ഹർഷിതയുടെ കോ ട്ടയം കളത്തിപ്പടിയിലെ വീട്ടിലെ വിശേഷങ്ങൾ.

സന്തോഷത്തിന്റെ കൂട്

നിരവധി അവാർഡുകൾ നേടിയ സംവിധായകൻ ജോഷി മാത്യുവിന്റെ നൊമ്പരക്കൂട് എന്ന ചിത്രത്തിൽ നായികയായപ്പോൾ തന്നെ അവാർഡു കിട്ടിയ സന്തോഷമായിരുന്നെന്നു ഹർഷിത പറയുന്നു.

‘‘ജോഷി സാറിന്റെ നവയുഗ് ചിൽഡ്രൻസ് തിയറ്ററിൽ പത്തു വയസ്സു മുതൽ പോകാറുണ്ട്. വേനലവധിക്കാലം മുഴുവൻ ചെലവിടുന്നത് ആ അഭിനയക്കളരിയിലായിരുന്നു.

പ്ലസ് ടുവിന് പഠിക്കുമ്പോഴാണു മുത്തച്ഛനും കൊച്ചുമകളും തമ്മിലുള്ള ആത്മബന്ധത്തിന്റെ കഥ പറയുന്ന സിനിമയിലേക്ക് ജോഷി സർ വിളിച്ചത്. അങ്ങനെ ‘നൊമ്പരക്കൂടി’ലെ നീതുമോളായി.

ഒരു ടേക്കിൽ തന്നെ മൂന്ന് ഇമോഷൻസിലൂടെ കടന്നു പോകുന്ന ചാലഞ്ചിങ് അഭിനയമുഹൂർത്തങ്ങളൊക്കെ ഈ സിനിമയിലുണ്ട്. വലിയ എക്സൈറ്റ്മെന്റോടെയാണ് ഇതെല്ലാം ചെയ്തത്. സീരിയ സ്സായി അഭിനയത്തെ കൊണ്ടുപോകാമെന്ന ആത്മവിശ്വാസം ഇപ്പോൾ വന്നിട്ടുണ്ട്.’’ മമ്മൂട്ടി നായകനായ ‘പരോൾ’ ആണ് ഹർഷിതയുടെ ആദ്യ ചിത്രം.

പാട്ടിന്റെ പിന്നണിയിൽ

നൊമ്പരക്കൂട് സിനിമ ഹർഷിതയുടെ ഹൃദയത്തോടു ചേരുന്നതിനു മറ്റൊരു കാരണമുണ്ട്. ഇതിലെ ‘കാലങ്ങളേറെ...’ എന്ന പാട്ട് എഴുതിയിരിക്കുന്നതു ഹർഷിതയുടെ അമ്മ ഡോ. സ്മിത എം. പിഷാരടിയാണ്. സംഗീതം അച്ഛൻ ജയൻ പിഷാരടിയും. ‘‘ജോഷി സർ തന്നെയാണു പാട്ടിന്റെ കാര്യം അച്ഛനോടും അമ്മയോടും പറഞ്ഞത്. അപ്പോൾ തന്നെ ഞങ്ങളുടെ കണ്ണും മനസ്സും നിറഞ്ഞു. വരികളെഴുതി നൽകിയപ്പോൾ ഒന്നു രണ്ടു വാക്കുകൾ മാറ്റാൻ പറഞ്ഞതല്ലാതെ ബാക്കിയെല്ലാം ഇഷ്ടമായി.

ഈ സിനിമയിൽ ഈയൊരു പാട്ടേയുള്ളൂ. അതിൽ ഞ ങ്ങൾ മൂന്നു പേരും ഭാഗമായി എന്നതു ഭാഗ്യവും സന്തോഷവുമാണ്.’’

ഡോ. സ്മിത എം. പിഷാരടി മാധ്യമപ്രവർത്തക ആയിരുന്നു. പിന്നീട് മ്യൂസിക് തെറപ്പിയിൽ പിഎച്ച്ഡി നേടി. ഇ പ്പോൾ മ്യൂസിക് തെറപ്പിസ്റ്റും എംജി യൂണിവേഴ്സിറ്റിയി ൽ ഇന്റർയൂണിവേഴ്സിറ്റി സെന്റർ ഫോർ സയൻസ് ഓഫ് മ്യൂസിക്കിൽ അസിസ്റ്റന്റ് പ്രഫസറുമാണ്.

ജയൻ പിഷാരടി 20 വർഷമായി സംഗീത മേഖലയിലുണ്ട്. 15 സിനിമകളിൽ സംഗീതസംവിധായകനുമായി. 2012ൽ ഹ്രസ്വചിത്ര വിഭാഗത്തിൽ പശ്ചാത്തല സംഗീതത്തിനുള്ള സംസ്ഥാന അവാർഡും ലഭിച്ചിട്ടുണ്ട്.

‘‘സാൻവിച്ച് ആണ് അമ്മ എഴുതി അച്ഛൻ മ്യൂസിക് ചെയ്ത ആദ്യ സിനിമ. ഡിവോഷനൽ ആൽബങ്ങളും കുട്ടികളുടെ ആൽബങ്ങളുമൊക്കെ അച്ഛനും അമ്മയും ഒന്നിച്ചു ചെയ്തിട്ടുണ്ട്. ചിലതിൽ ഞാൻ പാടിയിട്ടുമുണ്ട്. കലാധരൻ സാറിന്റെ ഗ്രാനി സിനിമയിലും ഞാൻ പാടിയിട്ടുണ്ട്. വെസ്റ്റേൺ മ്യൂസിക്കിനോടാണ് കൂടുതലിഷ്ടം.’’ പാട്ടു പോലെ വിശേഷം പറഞ്ഞിരിക്കുന്ന മകളെ നോക്കി പുഞ്ചിരിച്ച് അച്ഛനും അമ്മയും അരികിലുണ്ട്.

സിനിമ തന്നെ മോഹം

‘‘അമ്മയുടെയും അച്ഛന്റെയും ആഗ്രഹം കൊണ്ടാണ് അവരെന്നെ തിയറ്ററിൽ പോയിത്തുടങ്ങിയത്. പക്ഷേ, അ ന്നു മുതൽ അഭിനയം തന്നെ മോഹം. ബിഎസ്‌സി ആന്ത്രപോളജി പഠിക്കാൻ തിരുവനന്തപുരം മാർ ഇവാനിയോസിൽ ചേർന്നു ക്ലാസ് തുടങ്ങാൻ കാത്തിരിക്കുകയാണ്. കൂടാതെ അനിമേഷനും പഠിക്കണം.

രണ്ടു സിനിമകളുടെ ചർച്ചകളും നടക്കുന്നുണ്ട്. പഠനവും സിനിമയും ഒന്നിച്ചു കൊണ്ടുപോകാനാണു പ്ലാൻ. വരട്ടെ, നോക്കാം.’’ ഹർഷിത സ്വപ്നക്കൂട്ടിലേക്ക് പറന്നു.

അമ്മു ജൊവാസ്

ഫോട്ടോ: ശ്രീകാന്ത് കളരിക്കൽ