Saturday 04 May 2024 12:15 PM IST

‘ആ മാറി നിൽപ് പറ്റില്ലെന്ന അവസ്ഥയായി... മമ്മിയെ കൺവിൻസ് ചെയ്ത് എന്നെ കൊണ്ടുപോയി ജഗ്’: പ്രണയകഥ പറഞ്ഞ് അമല

V.G. Nakul

Sub- Editor

amala-paul-1

പ്രണയം മനുഷ്യരിൽ അതിന്റെ വസന്തം നിറയ്ക്കുമ്പോൾ ഓരോ നോട്ടത്തിലും സ്പർശത്തിലും സന്തോഷം എന്ന നദി പടർന്നൊഴുകും. ആ മനോഹരമായ അനുഭവം കണ്ടറിയുകയായിരുന്നു അമല പോളിനോടും ജീവിതപങ്കാളി ജഗത് ദേശായിയോടും സംസാരിച്ചിരുന്ന മണിക്കൂറുകളിൽ. പരസ്പരം ബഹുമാനിച്ചും ചേർത്തു പിടിച്ചും രണ്ട് മനുഷ്യർ അവരുടെ പ്രണയത്തെ ആഘോഷമാക്കുന്ന മാജിക്, അതാണ് ആ നിമിഷങ്ങളെ പകരം വയ്ക്കാൻ മറ്റൊന്നില്ലാത്ത വിധം സുന്ദരമാക്കിയത്.

തെന്നിന്ത്യയും കടന്ന് ബോളിവുഡ് നായികാപദവിയിലേക്കുയർന്ന അഭിനയചാരുതയാണ് അമല പോൾ. പക്ഷേ, വ്യക്തി ജീവിതത്തിൽ പലകാലങ്ങളിലായി നേരിട്ട ചില മോശം അനുഭവങ്ങൾ അമലയെ മൊത്തത്തിൽ ഉടച്ചു വാർത്തു.

വിവാഹമോചനത്തിന്റെയും വിഷാദത്തിന്റെയും തുരുത്തുകൾ പിന്നിട്ട്, ആത്മാനുരാഗത്തിന്റെ തുറസ്സിലേക്കെത്തിയ നിമിഷത്തിലാണ് ജഗത് ദേശായി എന്ന ഗുജറാത്തുകാരൻ സുന്ദരൻ അമലയുടെ ജീവിതത്തിലേക്ക് കടന്നു വന്നത്. ‘അൺകണ്ടീഷനൽ ലവ് എന്നാണ് ജഗത്തിനെ അമല വിശേഷിപ്പിക്കുക’. ‘ജഗ്’ എന്ന ചെല്ലപ്പേരിൽ ആ ഹൃദയത്തോടുള്ള മുഴുവൻ ഇഷ്ടവും അതിന്റെ പരമാവധിയിൽ അമല നിറച്ചു വച്ചിട്ടുണ്ട്.

2023 ഓഗസ്റ്റിൽ, ഗോവയിൽ ഒരു ഫാമിലി വെക്കേഷനിടെയാണ് അമല ജഗത്തിനെ കണ്ടത്. അമലയും കുടുംബവും താമസിച്ച വില്ല ജഗത്തിന്റെതായിരുന്നു. ആ പരിചയം സൗഹൃദമായി. അപ്പോഴേക്കും രണ്ടുപേർക്കും അതിനു മുകളിലുള്ള ഒരു ഇഷ്ടം പരസ്പരം തോന്നിത്തുടങ്ങിയിരുന്നു. ആ ഇഷ്ടമാണ് പ്രണയത്തിലേക്കും തുടർന്ന് വിവാഹത്തിലേക്കുമെത്തിയത്.

ഇപ്പോൾ തങ്ങളുടെ ആദ്യത്തെ കൺമണിയെ കാത്തിരിക്കുകയാണ് അമലയും ജഗത്തും. തന്റെ പുതിയ സിനിമ ‘ആടുജീവിത’ത്തിന്റെ പ്രമോഷൻ പരിപാടികൾക്ക് നിറവയറോടെയാണ് അമല എത്തിയത്. കരിയറിലും വ്യക്തിജീവിതത്തിലും പരിപൂർണ അർ‌പ്പണത്തോടെയുള്ള അമലയുടെ ഇടപെടലുകളെ ബഹുമാനത്തോടെയല്ലാതെ നോക്കിക്കാണാനാകില്ല.

‘‘ജഗിനെ പോലെ ഒരാൾക്കൊപ്പം ജീവിതം പങ്കിടാനായത് വലിയ അനുഗ്രഹമാണ്. ഫെയറി ടൈം റൊമാൻസിലും ടൈംലെസ് ക്ലാസിക്സിലുമൊക്കെ വിശ്വസിക്കുന്ന ആളാണ് ഞാൻ. പക്ഷേ, ജീവിതത്തിൽ ചില മോശം ബന്ധങ്ങളിലൂടെ കടന്നു പോയിക്കഴിയുമ്പോൾ, നമുക്ക് അതിനോടൊക്കെയുള്ള താൽപര്യം നഷ്ടപ്പെടും. എല്ലാം തീർന്നു എന്നു തോന്നുന്നിടത്ത് ശരിയായ ഒരാൾ വരും. നമ്മൾ എന്തിലാണോ വിശ്വസിച്ചിരുന്നത്, അതാണ് സത്യം എന്നു ബോധ്യപ്പെടുത്തും. ‘അൺകണ്ടീഷനൽ ലവ്’ എന്റെ മമ്മിക്കു ശേഷം ഒരാളിൽ നിന്നു ഞാൻ അനുഭവിക്കുന്നത് ജഗിലൂടെയാണ്’’. – അമല പറയുന്നു.

amala-paul-2

ഗർഭകാലം അമലയുടെയും ജഗത്തിന്റെയും ജീവിതത്തിലെ മനോഹരമായ ഒരു അധ്യായമാണ്. അതിനെക്കുറിച്ച് പറയവേ അമല ഒരു രസികൻ സംഭവം ഓർത്തു.

‘‘ഗർഭിണിയാണെന്നറിഞ്ഞപ്പോൾ ഞാൻ ഗോവയിൽ നിന്നു കൊച്ചിയിലേക്കു വന്നു. മമ്മി ഇവിടെയാണ്. കൂടുതൽ കെയർ ആവശ്യമുള്ളതിനാൽ അതാണ് നല്ലതെന്നു തോന്നി. ജഗിനാണെങ്കിൽ ബിസിനസിന്റെ തിരക്ക്. ഗോവയിൽ നിന്നു മാറി നിൽക്കാനാകുന്ന സാഹചര്യമല്ല. ഞാനിങ്ങ് പോന്ന് രണ്ട് ദിവസം കഴിഞ്ഞപ്പോഴേ കക്ഷിക്ക് ഈ മാറി നിൽപ്പ് പറ്റില്ലെന്ന അവസ്ഥയായി. നേരെ കൊച്ചിയിൽ വന്ന്, എന്റെ അമ്മയെ പറഞ്ഞ് കൺവിൻസ് ചെയ്ത് എന്നെ തിരിച്ച് ഗോവയ്ക്ക് കൊണ്ടു പോകാനുള്ള സമ്മതം നേടി. മമ്മി അപ്പോൾ ഒരു ഉപാധി വച്ചു. എല്ലാ ദിവസവും രാവിലെ ഒരു ഇളനീർ പൊട്ടിച്ച് എനിക്ക് വെള്ളം തരണം. ജഗിന് സമ്മതം. അങ്ങനെ മമ്മിയുടെ ശിഷ്യത്വം സ്വീകരിച്ച് ജഗ് കരിക്ക് വെട്ടാൻ പഠിച്ചു. ശേഷം ഒരു വെട്ടുകത്തി വാങ്ങി അതുമായാണ് ഞങ്ങൾ ഗോവയ്ക്ക് തിരിച്ചു പോയത്. പിറ്റേന്ന് രാവിലെ മുതൽ ഞാൻ ഉണരുന്നത് ബാൽക്കണിയിലിരുന്ന് ജഗ് കരിക്ക് വെട്ടുന്ന ശബ്ദം കേട്ടാണ്. ഒരു വലിയ വിദ്യ പഠിച്ചെടുന്ന സന്തോഷമായിരുന്നു പുള്ളിക്ക്. കരിക്ക് മുറിക്കുന്നതിന്റെ വിഡിയോ എടുത്ത് ഫ്രണ്ട്സിനൊക്ക അയച്ചു കൊടുത്ത് അതൊരു വലിയ സംഭവമാക്കി മാറ്റി’’.

അമല ഇതു പറയുമ്പോൾ ജഗിന്റെ മുഖത്ത് കൗതുകം നിറഞ്ഞ ഒരു ചിരി തെളിഞ്ഞു.

കേരളത്തോട് ഒരു പ്രത്യേക ഇഷ്ടമുണ്ട് ജഗത്തിന്. പ്രിയപ്പെട്ടവളുടെ നാടെന്നതിനൊപ്പം ഇവിടുത്തെ പുട്ടും പയറും പപ്പടവുമൊക്കെ ചേരുന്ന കോമ്പോ ജഗത്തിന്റെ പ്രിയവിഭവമാണ്. ജഗത് അതിന്റെ ചുരിയോർമകളിലേക്ക് കടന്നതും അമല വീണ്ടും ഇടപെട്ടു. ‘പുട്ടുമായി ബന്ധപ്പെട്ട് ജഗിന്റെ ഒരു രസികൻ കഥയുണ്ട് കേട്ടോ...’.

‘പറയട്ടേ’ എന്ന് അമല, ‘തീർച്ചയായും’ എന്ന് ജഗത്.

‘‘എനിക്കും പുട്ട് വലിയ ഇഷ്ടമാണ്. ഗോവയിൽ ചെന്നപ്പോൾ അത് കിട്ടാൻ പാട്. അങ്ങനെ വീട്ടില്‍ സഹായത്തിനു വരുന്ന ആളെ പുട്ടുണ്ടാക്കാൻ പഠിപ്പിക്കാമെന്നു തീരുമാനിച്ചു. അതിനായി മമ്മിയോട് പറഞ്ഞ് ഇവിടെ നിന്നൊരു ചിരട്ടപ്പുട്ടിന്റെ കുറ്റി വരുത്തിച്ചു. പിറ്റേന്ന് രാവിലെ പുട്ടുണ്ടാക്കാൻ കുറ്റി നോക്കിയപ്പോൾ കാണുന്നില്ല. സകലയിടത്തും പരതി. എവിടെയുമില്ല. ഒടുവിൽ തപ്പിത്തപ്പി പൂജമുറിയിലെത്തിയപ്പോൾ കുറ്റി അവിടെയിരിക്കുന്നു. അപ്പോഴല്ലേ സംഗതിയറിഞ്ഞത്. പാഴ്സൽ പൊട്ടിച്ചപ്പോൾ, അതിന്റെ രൂപവും ചെറിയ പിടിയും മുകളിലെ ഹോളുകളുമൊക്കെ കണ്ടപ്പോൾ ജഗ് കരുതി ഇത് ആരതിയുഴിയുന്ന തട്ടാണെന്ന്. കൂടുതലൊന്നും ചിന്തിക്കാതെ നേരെ പൂജാമുറിയിൽ കൊണ്ടു വച്ചു’’.– ഒരു പൊട്ടിച്ചിരിയിലേക്ക് ആ ‘പുട്ടുകുറ്റിക്കഥ’ പറഞ്ഞവസാനിപ്പിച്ച് അമല ജഗത്തിന്റെ തോളിലേക്കു ചാഞ്ഞു.

‘‘എന്നെ സംബന്ധിച്ച്, എത്ര കോടി രൂപ തരാം എന്നു പറഞ്ഞാലും, എത്ര ആഡംബരം ഉണ്ടെങ്കിലും സന്തോഷമില്ലാത്ത, സ്വാതന്ത്ര്യം ഇല്ലാത്ത ഒരു സാഹചര്യത്തിൽ മുന്നോട്ടു പോകാനാകില്ല. ഇപ്പോൾ ഞാൻ മനസ്സ് നിറഞ്ഞു ചിരിക്കുന്നു, ഏറ്റവും മികച്ച ഒരു ജീവിതം ജീവിക്കുന്നു... യേസ് ആം ഹാപ്പി!’.– അമല പോൾ പറഞ്ഞവസാനിപ്പിച്ചു.