Friday 16 February 2024 04:05 PM IST

‘അവൾ അയാളെ തിരിച്ചറിയുന്നില്ല, മറ്റൊരാളുമായി പ്രണയത്തിലുമാണ്’: ചങ്കിൽക്കൊണ്ട പ്രണയം: ലാൽ ജോസ് പറയുന്നു

V.G. Nakul

Sub- Editor

lal-jose-love-scene

ഹൃദയത്തിൽ ഒരു പൂവ് വിരിയും പോലെ യാണത്, അത്രമേൽ നേർത്ത, മനോഹരമായ അനുഭവം – പ്രണയം!

‘ഭൂമിക്കടിയിൽ വേരുകൾ കൊണ്ടു കെട്ടിപ്പിടിക്കുന്നു, ഇലകൾ തമ്മിൽ തൊടുമെന്നു പേടിച്ചു നാം അ കറ്റിനട്ട മരങ്ങൾ’ എന്നു വീരാൻകുട്ടി കവിതയിലെഴുതിയതു പോലെ, അകറ്റിയാലും അകലാതെ, അടുപ്പത്തിന്റെ പുതിയ വഴികൾ തേടുമത്.

മഴയായും മഞ്ഞായും കാറ്റായും പ്രകൃതി നമുക്കു പകരുന്നതും അതു തന്നെ. ഹൃദയമർപ്പിക്കുന്ന എന്തിലും വിരിയുന്ന മോഹനരാഗം. രുചിയും കാഴ്ചയും കഥയും ഗാനവുമായി അതു മനസ്സുകളിലേക്കുപടരുന്നു. ഇവിടെയിതാ, തനിക്കു പ്രിയപ്പെട്ട പ്രണയരംഗം പങ്കുവയ്ക്കുന്നു പ്രിയ സംവിധായകൻ‌ ലാൽ ജോസ്.

ഇന്നലെയിൽ നിന്നൊരാൾ– ലാൽ ജോസ് (സംവിധായകൻ)

കാണാതായ ഭാര്യ ഗൗരിയെ തേടിയാണ് ഡോ.നരേന്ദ്രന്‍ തമ്പുരാൻ കുന്നിലെത്തുന്നത്. എ ന്നാൽ, അപകടത്തെത്തുടർന്ന് ഓർമ ന ഷ്‍‍ടമായ അവൾ അയാളെ തിരിച്ചറിയുന്നില്ല. മാത്രമല്ല, ശരത് മേനോൻ എന്ന ചെറുപ്പക്കാരനുമായി പ്രണയത്തിലുമാണ്. ആ സത്യം തിരിച്ചറിഞ്ഞ്, നീറുന്ന മനസ്സോടെ കുന്നിറങ്ങിപ്പോകുന്ന നരേന്ദ്രന്‍.

‘ഇന്നലെ’ സിനിമയുടെ ക്ലൈമാക്സ് രംഗം സംവിധായകൻ ലാൽ ജോസിന്റെ ഹൃദയത്തിലൊരു നോവായി ഇപ്പോഴുമുണ്ട്, ആദ്യം കണ്ട നിമിഷം മുതൽ...

‘‘പ്രണയത്തിന്റെ ഏറ്റവും തീവ്രമായ തലം വിട്ടുകൊടുക്കലാണെന്നും വിരഹത്തിലാണതിന്റെ നിറവെന്നും മലയാളികൾ കണ്ടറിഞ്ഞ നിമിഷം. അതായിരുന്നു ‘ഇന്നലെ’യുടെ ക്ലൈമാക്സ്. എന്റെ ഏറ്റവും പ്രിയപ്പെട്ട പ്രണയരംഗവും അതാണ്. ഗൗരി തന്നെ തിരിച്ചറിയുന്നില്ലെന്നു മനസ്സിലാക്കി, അവളെ ശരത്തിനു വിട്ടു കൊടുത്ത്, നരേന്ദ്രൻ കാറിൽക്കയറിപ്പോകുന്ന നിമിഷം. ആ തീവ്രത മറ്റൊരു സിനിമയിലും അ നുഭവിക്കുവാനായിട്ടില്ല’’ ലാൽ ജോസ് പറയുന്നു.

‘ഒരു പി. പത്മരാജൻ മാജിക്’ – അതാണ് ‘ഇന്നലെ’! തമിഴ് എഴുത്തുകാരി വാസന്തിയുടെ ‘പിറവി’ എന്ന കഥയിൽ നിന്നാണു പത്മരാജൻ ‘ഇന്നലെ’ ഒരുക്കിയത്. ഡോ. നരേന്ദ്രനായി സുരേഷ് ഗോപിയും ഗൗരിയും മായയുമായി ശോഭനയും ശരത് മേനോനായി ജയറാമും നിറഞ്ഞാടിയ മനോഹരമായൊരു ത്രികോണ പ്രണയകഥ. വറ്റാത്ത അനുരാഗത്തിന്റെ വിവിധ തലങ്ങളിലെ മൂന്നു മനുഷ്യർ.

‘‘മായയുടെയും ശരത്തിന്റെയും പ്രണയമാണു സിനിമയുടെ കഥയെന്നു തോന്നിപ്പിക്കുന്ന ഘട്ടത്തിലാണ്, അവളുടെ ഭൂതകാലത്തിൽ നിന്നൊരാൾ വരുന്നത് – തന്റെ ഭാര്യയായ ഗൗരിയെ തേടി! ഹൃദയം തകർക്കുന്നൊരു നിമിഷം.

ഒടുവിൽ അയാൾ മനസ്സിലാക്കുന്നു, അ വൾ തന്നെ തിരിച്ചറിയുന്നില്ല. മറ്റൊരാളുമായി പ്രണയത്തിലുമാണ്.

ആ ബന്ധത്തിന്റെ ആഴം അറിയുന്നതോടെ നരേന്ദ്രന്‍ തീരുമാനിക്കുകയാണ്. ഒന്നും പറയാതെ, തെളിവുകൾ നിരത്താതെ, മടങ്ങിപ്പോകാം. ഒരിക്കലും അവസാനിക്കാത്ത പ്രണയമാണു നരേന്ദ്രന്റേത്. സത്യത്തിൽ, ആ ക്ലൈമാക്സ് കണ്ടപ്പോൾ ചങ്കത്തൊരു ഇരുമ്പു കട്ടി എടുത്തുവച്ച അനുഭവമായിരുന്നു. ഞാൻ സഹസംവിധായകനായി പ്രവർത്തിച്ച രണ്ടാമത്തെ സിനിമയാണ് ‘പാവം പാവം രാജകുമാരൻ’. അതിൽ അതിഥിവേഷത്തിൽ അഭിനയിക്കാൻ ജയറാമേട്ടൻ വന്നത് ‘ഇന്നലെ’യുടെ സെറ്റിൽ നിന്നാണ്. അതേ പോലെ ‘തൂവൽസ്പർശം’ എന്ന സിനിമയു‍‍ടെ ഡബ്ബിങ്ങിന് വന്നപ്പോൾ സുരേഷേട്ടനും വളരെ ആവേശത്തോടെ ‘ഇന്നലെ’യെക്കുറിച്ചു സംസാരിച്ചു.

പപ്പേട്ടന്റെ സിനിമയെന്നതിനൊപ്പം അവർ പകർന്ന പ്രതീക്ഷകൾ കൂടിയുണ്ടായിരുന്നു റിലീസ് ദിവസം ചിത്രം കാണുമ്പോൾ. എല്ലാ അർഥത്തിലും പ്രണയത്തിന്റെയൊരു പിടപ്പായി ഇന്നലെ. ഇരുപതിലേറെത്തവണ ഞാൻ കണ്ടിട്ടുണ്ടാകും, ആ സിനിമ. ഓരോ തവണ കാണുമ്പോഴും ആദ്യം കണ്ട അതേ അനുഭവം, തീവ്രത. എന്നെങ്കിലും അങ്ങനെയൊരു പ്രണയ സിനിമ ഒരുക്കണം – ‘ഇന്നലെ’ പോലെ.